
‘കോടികള്‍ ചിലവഴിച്ചു നായയായി മാറി യുവാവ്’- സോഷ്യൽ മീഡിയ കഥയുടെ യാഥാർഥ്യം
കോടിക്കണക്കിന് രൂപ മുടക്കി ഒരു യുവാവ് നായയായി മാറി എന്ന പ്രചാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ റീലുകളായും പോസ്റ്റുകളായും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജപ്പാനില്‍ നിന്നുള്ള 26 വയസുകാരനാണ് കോടികള്‍ മുടക്കി നായ ആയത്! ഇന്‍സ്റ്റഗ്രാമിലും എക്സിലും യു ട്യൂബിലും മനുഷ്യ രൂപത്തിലുള്ള ഒരു ‘നായയുടെ’ വീഡിയോ വൈറല്‍ ആകുന്നു. ഈ സംഭവം സത്യമാണോ എന്ന സംശയം ഉയര്‍ത്തിക്കൊണ്ടുള്ള വീഡിയോയും ഇത് യാഥാര്‍ത്ഥ്യം തന്നെയെന്ന് ഉറപ്പിച്ചു പറയുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ? കോടികള്‍ മുടക്കി മനുഷ്യന്‍ പട്ടിയായ ഈ സോഷ്യല്‍ മീഡിയ കഥയുടെ പിന്നിലെന്താണ്?
വൈറലാകുന്ന ഓണ്‍ലൈന്‍ പ്രചാരണം
“ജപ്പാനില്‍ നിന്നുള്ള 26 വയസുകാരനായ ഒരു കോടീശ്വരന്‍, നായയെ പോലെയാകാന്‍ 220 കോടി രൂപ മുടക്കി നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായെന്ന് അവകാശവാദം” എന്ന ക്യാപ്ഷനില്‍ ഒരു വീഡിയോ പ്രചരിക്കുന്നു. ഫേസ് ബുക്കിൽ മാത്രമല്ല ഇൻസ്റ്റയിലും.
cluster_talk എന്ന ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോക്ക് താഴെ, വ്യാജമാണെന്ന് ആളുകൾ കമന്റിടുന്നുണ്ട്.

ഇതേ വിഷയം പറയുന്ന നിരവധി പോസ്റ്റുകളുണ്ട് ഇന്‍സ്റ്റയിലും എക്സിലും. മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ഹിന്ദിയിലും പോസ്റ്റുകളുണ്ട്.

200 കോടി മുടക്കി യുവാവ് നായയായി മാറി എന്നാണ് ഈ പോസ്റ്റ് പറയുന്നത്. വീഡിയോ സഹിതമുള്ള ഇത്തരം നിരവധി പോസ്റ്റുകള്‍ കാണാം.
എന്താണ് സത്യവസ്ഥ?
വീഡിയോയില്‍ കാണുന്ന ഈ ‘ജീവി’യുടെ കൈകളും മൂക്കും കണ്ണും മനുഷ്യന്റേത് പോലെ തന്നെയാണുള്ളത്. ഒരു ബെല്‍ട്ടുപയോഗിച്ച് കെട്ടിയിട്ട നിലയില്‍ കാണുന്നു. ഇതേ അവകാശവാദം ഉന്നയിക്കുന്ന സോഷ്യല്‍ മീഡിയയിലെ എല്ലാ പോസ്റ്റുകളിലും ഷെയര്‍ ചെയ്യുന്നത് ഈ വീഡിയോ തന്നെയാണ്. ചില അസ്വാഭാവികമായ ചലനങ്ങള്‍ ഈ വീഡിയോയില്‍ കാണാം.
ആദ്യം ഒബി സി പരിശോധിച്ചത് ഈ വീഡിയോ എ ഐ നിര്‍മിതം ആണോ എന്നാണ്. അതിനായി Truth Scan, matrix.tencent എന്നീ എ ഐ വീഡിയോ ഡിറ്റക്ഷന്‍ ടൂളുകള്‍ ആണ് ഉപയോഗിച്ചത്.

വീഡിയോ 85 ശതമാനം എ ഐ നിര്‍മിതമാണ് എന്നായിരുന്നു ടൂളിന്റെ ഫലം.

Matrix.tencent എന്ന ടൂളില്‍ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ വീഡിയോ 83.88 ശതമാനം എ ഐ നിര്‍മിതമാണ് എന്നായിരുന്നു ഫലം.
വീഡിയോയെ കുറിച്ചുള്ള കീ വേര്‍ഡ് അന്വേഷണം
ഉചിതമായ കീ വേര്‍ഡ് അന്വേഷണത്തില്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നു വ്യക്തമായി. പക്ഷെ നായയുടെ വസ്ത്രം ഡിസൈന്‍ ചെയ്യിപ്പിച്ച ഒരു വ്യക്തിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഒബിസിക്ക് ലഭിച്ചു. ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയിലും ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ഉണ്ട്.
ഒരു നായയായി ജീവിക്കണമെന്ന കുട്ടിക്കാലത്തെ ആഗ്രഹം സാധിക്കാൻ ടോക്കോ എന്ന യുവാവ് 2 ദശലക്ഷം യെൻ (ഏകദേശം 10.8 ലക്ഷം ) മുടക്കി, ‘Collie’ ഇനത്തിൽപ്പെട്ട നായയുടെ ഹൈപ്പർ – റിയലിസ്റ്റിക് വസ്ത്രം നിർമ്മിക്കുകയായിരുന്നു.

ഫിലിം പ്രോപ്പുകൾ നിർമ്മിക്കുന്ന ഒരു കമ്പനിയാണ് 4 കിലോഗ്രാം ഭാരമുള്ള ഈ കസ്റ്റം – മേഡ് ഡ്രസ്സ് നിർമ്മിച്ച് നൽകിയത്. ഇതിന്റെ കൈകാലുകളും വാലുമൊക്കെ യഥാർത്ഥ നായയുടേത് പോലെ ചലിപ്പിക്കാൻ സാധിക്കും.മറ്റുള്ളവർക്കും ഇത് ലഭ്യമാക്കാൻ വേണ്ടി ടോക്കോ ഈ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന ഒരു ബിസിനസ്സ് ആരംഭിച്ചു.
സോഷ്യൽ മീഡിയയിൽ നേരത്തേ ഇത് ചർച്ചയായിരുന്നു.

അതായത്, കോടികള്‍ ചെലവാക്കി ഒരു യുവാവ് നായയായി മാറി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡികളും പോസ്റ്റുകളും പൂർണ്ണമായും തെറ്റാണ്. എഐ നിർമ്മിത വിഡിയോ ആണ് പ്രചാരണത്തിനായി ആളുകള്‍ ഉപയോഗിക്കുന്നത്.
ഒറ്റ കാഴ്ചയിൽ തന്നെ അവിശ്വസനീയമാണെങ്കിലും ഇത്തരം വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ നല്ല പ്രചാരമാണ് ലഭിക്കുന്നത്. ശാസ്ത്ര വിരുദ്ധമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.
