ദുബായിലെ ദേശീയ ദിനാഘോഷത്തിന്റെ പേരിൽ  ഇന്ത്യയിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നവർ  

ദുബായിലെ ദേശീയ ദിനാഘോഷത്തിന്റെ പേരിൽ  ഇന്ത്യയിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നവർ  

ദീപാവലി പോലെ ആഹ്ളാദകരമായ ഒരു സന്ദർഭം പോലും അപരവിദ്വേഷം   പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിലെ വലതുപക്ഷ അക്കൗണ്ടുകൾ. ലോകം മുഴുവനും ദീപാവലി ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാജ പ്രചാരണം നടത്തുന്ന തിരക്കിലായിരുന്നു. 

ദുബായില്‍ നിന്നുള്ള ഒരു ‘ദീപാവലിയാഘോഷ’ത്തിന്റെ വീഡിയോയാണ് ഇത്തരത്തിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കരിമരുന്ന് പ്രയോഗത്തിനിടെ ആളുകള്‍ നില്‍ക്കുന്ന ഒരു വീഡിയോ ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ദുബായില്‍ മുസ്ലിങ്ങള്‍ ദീപാവലിയാഘോഷങ്ങളില്‍ പങ്കുചേരുമ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക്  അത് ഹറാം ആകുന്നു  എന്നുപറഞ്ഞുകൊണ്ടാണ് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഒബിസി ഇത് ഫാക്റ്റ് ചെക്ക് ചെയ്തു. 

ദുബായിലെ ദീപാവലി ആഘോഷം

ദുബായിലെ മുസ്ലിങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു, അതേസമയം ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് അതെങ്ങനെ ഹറാമായി മാറുന്നു? എന്ന ക്യാപ്ഷന്‍ ആണ് ഈ പോസ്റ്റിനു കൊടുത്തിട്ടുള്ളത്. Sunny Kavalakat എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

Sunny Kavalakat എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

39,000 ല്‍ അധികം ഫോളോവേഴ്സ് ഉള്ള ‘Hit Janta’ എന്ന അക്കൗണ്ടിലും ഇതിനു സമാനമായ ക്യാപ്ഷനില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

‘Hit Janta’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഒരു ലക്ഷത്തില്‍ അധികം ആളുകളാണ് ഈ അക്കൗണ്ടില്‍ നിന്നും ഇതുവരെ (10/11/26) പോസ്റ്റ്‌ കണ്ടിട്ടുള്ളത്. 12,000 ല്‍ അധികം പേര്‍ ലൈക്ക് ചെയ്തിട്ടുമുണ്ട്.

“Muslims in Dubai are celebrating Diwali too, so why do converted Muslims in India have a problem with Diwali” എന്ന ക്യാപ്ഷനോട് കൂടി മറ്റു ചില വലതുപക്ഷ അക്കൗണ്ടുകളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 

വീഡിയോയുടെ ഉറവിടം 

ഇപ്പോള്‍ വൈറലായ വീഡിയോ മൂന്നു വര്‍ഷം മുന്‍പ് തന്നെ പ്രചരിച്ചിരുന്നുവെന്ന്  റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ ഞങ്ങൾ കണ്ടെത്തി. ഇപ്പോഴത്തെ ദീപാവലി ആഘോഷങ്ങളുമായി ഈ വീഡിയോക്ക് ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു.

2023 ല്‍ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നു, സ്ക്രീന്‍ഷോട്ട്  

UAE 52 National Day Celebration എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ അബുദാബിയുടെ ഔദ്യോഗിക ചിഹ്നമായ ഫാല്‍ക്കണിന്റെ ചിത്രത്തിന് മുകളിലായി 52 എന്ന് എഴുതിയിരിക്കുന്നത് കാണാം. 

റോഡ്‌ സൈഡില്‍ ഫാല്‍ക്കണിന്‍റെ ചിത്രത്തിന് മുകളിലായി 52 എന്ന് എഴുതിയിരിക്കുന്നു  

അതായത്, യു എ ഇയുടെ അന്‍പത്തി രണ്ടാമത്തെ ദേശീയ ദിനാഘോഷവുമായി  ബന്ധപ്പെട്ട വീഡിയോ ആണിത്. 

എല്ലാ വർഷവും ഡിസംബർ 2 നാണ് ഔദ്യോഗികമായി യു എ ഇയില്‍ ദേശീയ ദിനം  ആഘോഷിക്കുന്നത്. ഇനി ആഘോഷിക്കാന്‍ പോകുന്നത് അന്‍പത്തിയഞ്ചാമത്തെ നാഷണല്‍ ഡേ ആണ്.  

അബുദാബിയിലെ കോർണിഷ് സ്ട്രീറ്റ് ; പക്ഷേ ദീപാവലി ആഘോഷമല്ല

ഗൂഗിൾ സ്ട്രീറ്റ് വ്യൂ പരിശോധനയിൽ, ഈ സ്ഥലം അബുദാബിയിലുള്ള കോർണിഷ് സ്ട്രീറ്റ് ആണെന്ന് കണ്ടെത്തി. വർണ്ണ പടക്കങ്ങൾ പൊട്ടുന്ന സ്ഥലത്ത് ആളുകൾ നിൽക്കുന്ന നടപ്പാതയാണ് പ്രധാന ഫ്രെയിം. ഇത് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ കൃത്യമായി കാണുന്നുണ്ട്. 

വൈറല്‍ വീഡിയോയിലെ നടപ്പാതയും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവും താരതമ്യം, സ്ക്രീന്‍ഷോട്ട് 

ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂവില്‍ കോർണിഷ് സ്ട്രീറ്റിന്റെ ബോര്‍ഡ് വ്യക്തമായി കാണാം. 

ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂവില്‍ കോർണിഷ് സ്ട്രീറ്റിന്റെ ബോര്‍ഡ്, സ്ക്രീന്‍ഷോട്ട് 

അതായത്, അബുദാബിയിലെ കോർണിഷ് സ്ട്രീറ്റില്‍ നടന്ന അന്‍പത്തി രണ്ടാമത് ദേശീയ ദിനാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ദുബായില്‍ നിന്നുള്ള ദീപാവലി ആഘോഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി കാണാമെങ്കിലും ഈ വീഡിയോ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top