ടെൽ അവീവിലെ സ്റ്റോക്ക് മാർക്കറ്റ് കെട്ടിടത്തിൽ ഇറാൻ ആക്രമണം? പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്ത്?

ടെൽ അവീവിലെ സ്റ്റോക്ക് മാർക്കറ്റ് കെട്ടിടത്തിൽ ഇറാൻ ആക്രമണം? പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്ത്?

മാർച്ച് ആദ്യവാരത്തിൽ, ഇറാനും ഹിസ്ബുള്ളയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ്  റിപ്പോർട്ടുകൾ പറയുന്നത്. മാർച്ച് പത്തിലെ അൽ ജസീറ റിപ്പോർട്ട് പ്രകാരം, മധ്യ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് ആസ്ഥാനം ലക്ഷ്യമാക്കി ആക്രമണം നടത്തി എന്ന് ഇറാൻ അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.  ഇറാന്റെ ഈ നീക്കത്തെ തുടർന്ന്  ലബനനിൽ നിന്ന് ഹിസ്ബുള്ളയും ഇസ്രായേലിലെ വിവിധ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടയിലാണ്, ഇസ്രയേലിലെ ടെൽ അവീവിലുള്ള പ്രധാന ഓഹരി വിപണി  കെട്ടിടം ഇറാൻ ആക്രമണത്തിൽ തകർന്നു എന്ന അവകാശവാദം  പ്രചരിക്കുന്നത്. അറബിയിലും മറ്റു ഭാഷകളിലും ഒട്ടേറെ പോസ്റ്റുകളാണ് ഈ അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നത്. എന്താണ് ഈ പോസ്റ്റിന്റെ സത്യാവസ്ഥ? യഥാർത്ഥത്തിൽ ഇസ്രായേലിലെ സ്റ്റോക്ക് മാർക്കറ്റ് കെട്ടിടം ആക്രമിക്കപ്പെട്ടു എന്ന വിവരം വിശ്വസനീയമാണോ ? പരിശോധിക്കാം.

16.4 K ഫോളോവേഴ്സ് ഉള്ള ‘World update Hindi’ എന്ന ഒരു എക്സ് അക്കൗണ്ടിലൂടെ ഈ പോസ്റ്റ് പ്രചരിക്കുന്നതായി ഒബിസിയുടെ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. 1500 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച ഇറാൻ്റെ മിസൈൽ, ടെൽ അവീവിൽ പതിച്ചു എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. ഒന്നര ലക്ഷത്തോളം ആളുകൾ ഈ പോസ്റ്റ് ഇതുവരെ (13/3/26) കണ്ടിട്ടുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

സ്പാനിഷിലും അറബിയിലും ടർക്കിഷിലും നിരവധി പോസ്റ്റുകളാണ് ഇതേ അവകാശവാദത്തോട് കൂടി പ്രചരിക്കുന്നത് എന്നാണ് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ മനസ്സിലാക്കിയത്. മറ്റു ചില ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും ഈ പോസ്റ്റ് പ്രചരിക്കുന്നതായി കണ്ടു. മാർച്ച് മാസം ആദ്യവാരം മുതലാണ് കൂടുതലായി പ്രചരിക്കുന്നത്.

അറബിക്കിലുള്ള ഒരു എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

റിവേര്‍സ് ഇമേജ് സേര്‍ച്ച്‌ ചെയ്തപ്പോള്‍ ഇതേ വീഡിയോ കഴിഞ്ഞ വർഷവും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മനസിലായി. ജൂൺ മാസത്തിലാണത്. ടെൽ അവീവിലെ ദൃശ്യങ്ങൾ എന്നുതന്നെയാണ് ഈ പോസ്റ്റിലും ക്യാപ്‌ഷൻ കൊടുത്തിട്ടുള്ളത്. ഇതോടുകൂടി ഈ സംഭവം ഇപ്പോൾ നടന്നതല്ല എന്ന് മനസിലായി.

കഴിഞ്ഞ വർഷത്തെ (JUNE 19) എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ടെൽ അവീവിലെ സ്റ്റോക്ക് മാർക്കറ്റ് കെട്ടിടത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി എന്ന് പറയുന്ന റിപ്പോർട്ടുകൾ ഉണ്ടോ എന്നാണ്  ആദ്യം പരിശോധിച്ചത്. അതിനായി, Iran attack in israel എന്ന് കീ വേര്‍ഡ്‌ സേര്‍ച്ച്‌ ചെയ്തു. അപ്പോൾ കഴിഞ്ഞ വർഷം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ സ്റ്റോക്ക് മാർക്കറ്റ് കെട്ടിടത്തിൽ നാശ നഷ്ടങ്ങള്‍ ഉണ്ടായതായി പറയുന്ന വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. 

ഇസ്രായേലിന്റെ സാമ്പത്തിക സിരാകേന്ദ്രമായ ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി പറയുന്ന, ‘എക്കണോമിക്ക്സ് ടൈംസി’ന്റെ 2025 ജൂൺ 19 ലെ ഒരു റിപ്പോർട്ട് കണ്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ കെട്ടിടത്തിൽ പതിക്കുന്നതിന്റെയും നാശനഷ്ടങ്ങൾ സംഭവിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഈ ആക്രമണം നടത്തിയത്.

ഇക്കണോമിക്ക്സ് ടൈംസ് റിപ്പോർട്ട്, സ്ക്രീൻഷോട്ട്

ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന പേരിൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്ക് നിലവിലെ യുദ്ധ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് ഒബിസിയുടെ ഫാക്ട് ചെക്കിങ് ടീം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇപ്പോള്‍ ഇറാനും ഇസ്രായേലും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, 2025 ൽ നടന്ന പഴയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുതിയതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നത്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top