ഒരു യുദ്ധവിമാനവും രണ്ട് ബാലിസ്റ്റിക് മിസൈലുകളും: പശ്ചിമേഷ്യൻ സംഘർഷത്തിലെ അവസാനിക്കാത്ത ദുരൂഹതകൾ

ഒരു യുദ്ധവിമാനവും രണ്ട് ബാലിസ്റ്റിക് മിസൈലുകളും: പശ്ചിമേഷ്യൻ സംഘർഷത്തിലെ അവസാനിക്കാത്ത ദുരൂഹതകൾ

ട്രംപിന്റെ നാടകീയമായ വെടിനിർത്തൽ പ്രഖ്യാപനവും അതിനോടുള്ള ഇറാന്റെ പ്രതികരണവും പശ്ചിമേഷ്യൻ സംഘർഷങ്ങൾ വീക്ഷിക്കുന്നവർക്ക് കൗതുകവും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു .ഇതിനിടെ നടന്ന രണ്ട്  സംഭവങ്ങൾ ആഴത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനം .വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടുന്ന ഇക്കാലത്തും യുദ്ധസാങ്കേതിക വിദ്യയെ സംബന്ധിച്ച് പ്രബല രാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും തീർത്തിട്ടുള്ള ഇരുമ്പുമറ എത്രത്തോളം ശക്തമാണെന്ന് ഈ ലേഖനം സൂചിപ്പിക്കുന്നു.

മാർച്ച് 19ന് ഇറാനിൽ നടത്തിയ ഒരു ദൗത്യത്തിനിടെ യുഎസിന്റെ ലോക്ഹീഡ് മാർട്ടിൻ F-35 ലൈറ്റ്‌നിംഗ് II വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ വന്നതാണ് ആദ്യത്തേത്. മറ്റൊന്ന്, മാർച്ച് 20ന് ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് – യുകെ സൈനിക താവളമായ ഡീഗോ ഗാർഷ്യയ്ക്ക് നേരെ ആക്രമണം നടന്നതായി പറയുന്ന റിപ്പോര്‍ട്ടുകള്‍. ഈ വാർത്തകളിൽ എത്രത്തോളം വസ്തുതയുണ്ട്? ഈ രണ്ട് പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ഒബിസിയുടെ വസ്തുതാടിസ്ഥാനത്തിലുള്ള വിശകലനമാണ് ഈ റിപ്പോർട്ട്.

എന്താണ് F-35?

അഞ്ചാം തലമുറ (Fifth-generation) മൾട്ടി – റോൾ യുദ്ധവിമാനമാണ് ലോക്ഹീഡ് മാർട്ടിൻ F-35 ലൈറ്റ്‌നിംഗ് II. അതായത്, ഒരേസമയം വ്യോമപ്പോരാട്ടങ്ങൾക്കും (Air combat), ശത്രുതാവളങ്ങളിൽ കൃത്യമായ ആക്രമണം നടത്തുന്നതിനും (Precision strikes), നിരീക്ഷണ ദൗത്യങ്ങൾക്കും (Surveillance) ഒരുപോലെ ഉപയോഗിക്കുന്നു.

ഖംനെയി അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്‌ക്രീന്‍ഷോട്ട്

സ്റ്റെൽത്ത് സാങ്കേതികവിദ്യ (Stealth Technology) ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അതായത്, വിമാനത്തിന്റെ രൂപകൽപ്പനയും പുറത്തെ പ്രത്യേക ആവരണവും കാരണം ശത്രു രാജ്യങ്ങളുടെ റഡാറുകൾക്ക് ഇതിനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല. ഇത് അതീവ സുരക്ഷയുള്ള വ്യോമമേഖലകളിൽ പോലും കടന്നുചെന്ന് ആക്രമണം നടത്താൻ സഹായിക്കുന്നു.

കീ ഫ്രെയിം വിശകലനം, സ്‌ക്രീന്‍ഷോട്ട്

 ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫൈറ്റർ എഞ്ചിനുകളിൽ ഒന്നായ പ്രാറ്റ് & വിറ്റ്‌നി F135 (Pratt & Whitney F135) ടർബോഫാൻ എഞ്ചിനാണ് ഇതിൽ ഉപയോഗിക്കുന്നത്. മികച്ച കുതിപ്പ് (Thrust) നൽകുന്നുണ്ടെങ്കിലും, വലിയ തോതിൽ താപം പുറത്തുവിടാൻ ഇത് കാരണമാകുന്നുണ്ട്. ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിച്ച് വിമാനത്തെ കണ്ടെത്താൻ ഇത് ശത്രുക്കളെ സഹായിച്ചേക്കാം എന്നത് ഒരു പരിമിതിയാണ്. 

എന്തായിരുന്നു ആക്രമണം?

തങ്ങൾ ആക്രമിച്ച F-35 വിമാനം തകർന്നു വീണിട്ടുണ്ടാകുമെന്നാണ് ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മാർച്ച് 19 ന് അവകാശപ്പെട്ടത്. എന്നാൽ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഈ അവകാശവാദം നിഷേധിച്ചു.വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വക്താവ് സ്ഥിരീകരിച്ചു.  

യു എസ് എയര്‍ഫോഴ്സ് F-35 (U.S. Air Force Photo)

എയർ & സ്പേസ് ഫോഴ്‌സ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം, ആക്രമണത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ഷ്രപ്നൽ (Shrapnel) അഥവാ ചില്ല് കഷണങ്ങൾ/ലോഹക്കഷണങ്ങൾ തറച്ചു കയറി പൈലറ്റിന് പരിക്കേൽക്കുകയും ചെയ്തു. പൈലറ്റിന്റെ നില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.

ഇറാന്റെ ഇൻഫ്രാറെഡ്-ഗൈഡഡ് സർഫേസ്-ടു-എയർ മിസൈൽ സംവിധാനങ്ങളാണ് ഈ പട്ടികയിൽ കാണിച്ചിരിക്കുന്നത്.

വിഭാഗം (Category)സിസ്റ്റത്തിന്റെ പേര് (System Name)തരം / വിവരണം (Type / Description)ടാർഗെറ്റിംഗ് (Targeting / Key Feature)
ഷോർട്ട് റേഞ്ച് / തോളിൽ നിന്ന് തൊടുക്കാവുന്നത്മിസാഘ്-2 (Misagh-2)പ്രാദേശികമായി വികസിപ്പിച്ച മാൻപാഡ്‌സ് (MANPADS)ഇൻഫ്രാറെഡ് (താപം തിരിച്ചറിയുന്നത്)
ഷോർട്ട് റേഞ്ച് / തോളിൽ നിന്ന് തൊടുക്കാവുന്നത്മിസാഘ്-1 / മിസാഘ്-3മുൻപത്തെതും പരിഷ്കരിച്ചതുമായ വകഭേദങ്ങൾഇൻഫ്രാറെഡ് (താപം തിരിച്ചറിയുന്നത്)
പോയിന്റ് ഡിഫൻസ് സിസ്റ്റംമജിദ് (Majid)ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനംഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് ട്രാക്കിംഗ്
പാസീവ് എയർ ഡിഫൻസ്ഹെർസ്-9 (Herz-9)മൊബൈൽ വ്യോമ പ്രതിരോധ സംവിധാനംപാസീവ് ട്രാക്കിംഗ് (റഡാർ തരംഗങ്ങൾ പുറപ്പെടുവിക്കില്ല)
വിമാന വിരുദ്ധ മിസൈൽസയ്യാദ്-1എ
(Sayyad-1A)
പരിഷ്കരിച്ച വിമാന വിരുദ്ധ മിസൈൽഇൻഫ്രാറെഡ് ട്രാക്കിംഗ് ശേഷി ഉൾപ്പെടാൻ സാധ്യതയുണ്ട്

ഈ സംഭവത്തിന് പിന്നാലെ, വിമാനം തങ്ങൾ തകർത്തു എന്നവകാശപ്പെടുന്ന വീഡിയോകൾ ഇറാൻ അനുകൂലികളായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പങ്കുവെച്ചു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് മാർച്ച് 19ന് കൊല്ലപ്പെട്ട ഇറാൻ നേതാവ് അലി ഖംനെയിയുടെ  ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റാണ്. ഇപ്പോഴും സജീവമായ ഈ അക്കൗണ്ടിലൂടെ, യുഎസ് F-35 വിമാനത്തിന് നേരെ ആക്രമണം നടത്തുന്നതിന്റെ എട്ട് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യമാണ്  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാൽ, ഈ വീഡിയോയിൽ എ ഐ ഉപയോഗിച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിദഗ്ധർ സംശയം ഉന്നയിക്കുന്നുണ്ട്.

58 ലക്ഷം പേരാണ് ഈ പോസ്റ്റ് ഇതുവരെ (മാർച്ച് 25) കണ്ടത്. 78,000 ലൈക്കുകളും, 13,000 റീപോസ്റ്റുകളും ഇതിനു ലഭിച്ചിട്ടുമുണ്ട്. അമേരിക്കയുടെ സ്റ്റെൽത്ത് യുദ്ധവിമാനത്തെ കണ്ടെത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് ഈ പോസ്റ്റുകൾ പറയുന്നത്. ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ ഇറാന് തകർക്കാൻ കഴിയുമെന്നതിന്റെ തെളിവായിട്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കപ്പെട്ടത്. എക്‌സിലുള്ള ഈ വീഡിയോയുടെ കീഫ്രെയിമുകൾ പരിശോധിക്കുമ്പോൾ, വിമാനത്തിന്റെ വാൽ ഭാഗത്ത് ഒരു മിസൈൽ പതിക്കുന്നത് കാണാൻ സാധിക്കും.

ലോകത്തെ ഏറ്റവും അത്യാധുനികമായ സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള വിമാനമാണ് F-35. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പറക്കാൻ ഇതിന് സാധിക്കുമെങ്കിലും, ഇൻഫ്രാറെഡ് സ്പെക്ട്രത്തിൽ ഇത് പൂർണ്ണമായും അദൃശ്യമല്ല എന്നതാണ് വസ്തുത.

വിമാനത്തിന്റെ എഞ്ചിനിൽ നിന്നുള്ള താപം എളുപ്പത്തിൽ മനസ്സിലാക്കാൻ   സാധിക്കും. റഡാർ ഉപയോഗിക്കാതെ തന്നെ, ഇൻഫ്രാറെഡ് സെൻസറുകൾ വഴി ഇങ്ങനെ  താപം തിരിച്ചറിയാൻ ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കും. വിമാനത്തിൽ നിന്നുള്ള താപ തരംഗങ്ങളെ പിന്തുടർന്ന് ആക്രമണം നടത്താൻ ഹ്രസ്വദൂര മിസൈലുകൾക്ക് (short-range missiles) കഴിയും. 

മിസൈലുകളെ വഴിതിരിച്ചുവിടാൻ വിമാനത്തിൽ നിന്ന് തീജ്വാലകൾ പുറപ്പെടുവിച്ചാലും, വിമാനത്തിന് തൊട്ടടുത്ത് വെച്ച് മിസൈൽ പൊട്ടിത്തെറിക്കുന്നത് കേടുപാടുകൾക്ക് കാരണമായേക്കാം. വിമാനം പൂർണ്ണമായും തകരാതെ തന്നെ അതിന് ആഘാതമേറ്റത് ഇങ്ങനെയാകാം എന്ന് നിരീക്ഷിക്കാം. 

വിമാനത്തിന്റെ താപ തരംഗങ്ങളെ തിരിച്ചറിഞ്ഞ് ലക്ഷ്യം വെക്കുന്ന, ഇറാന്റെ പക്കലുള്ള ഇൻഫ്രാറെഡ് – ഗൈഡഡ് സർഫസ് -ടു – എയർ മിസൈൽ (SAM) സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്നാകാം F-35 നെതിരെ ഉപയോഗിച്ചതെന്ന് ഡിഫൻസ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

അമേരിക്കയുടെ F-35 വിമാനം തകർന്നു എന്ന് ഇറാനും, ഇല്ല എന്ന് അമേരിക്കയും അവകാശപ്പെടുമ്പോൾ സത്യാവസ്ഥ ഇതിനിടയിലാണ്. അമേരിക്കൻ പൈലറ്റിന് പരിക്കേറ്റതും വിമാനത്തിന് കേടുപാടുകൾ പറ്റിയതും ഔദ്യോഗിക റിപ്പോർട്ടുകൾ ശരിവെക്കുന്നുണ്ട്. എന്നാൽ വിമാനം പൂർണ്ണമായും ഇറാന്‍ ആക്രമണത്തില്‍ തകർന്നു വീണു എന്നതിന് തെളിവുകളില്ല. 

ഡീഗോ ഗാർഷ്യ: ഇറാൻ ലക്ഷ്യം വെച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്

മാർച്ച് 20ലെ റിപ്പോർട്ടുകൾ പ്രകാരം ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിന് നേരെയും ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായി പ്രചരണമുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ സമുദ്രാതിർത്തിയുടെ (BIOT) ഭാഗമായ ഈ ദ്വീപ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുഎസ് – യുകെ സൈനിക താവളമാണ്.

ഡീഗോ ഗാർഷ്യയുടെ ഗൂഗിൾ മാപ്‌സ് ഉപഗ്രഹ ചിത്രം, സ്‌ക്രീൻഷോട്ട്

ബോംബർ വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്കും, നാവികസേനാ നീക്കങ്ങൾക്കും, ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കുമായാണ് ഈ താവളം പ്രധാനമായും ഉപയോഗിക്കുന്നത്. പശ്ചിമേഷ്യയിൽ മുൻപ് നടന്ന പല യുദ്ധങ്ങളിലും ഈ താവളം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇറാന്റെ മിസൈൽ പരിധിക്കും ഡ്രോൺ ആക്രമണങ്ങൾക്കും അപ്പുറത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നേരിട്ടുള്ള ആക്രമണങ്ങൾ ബാധിക്കാനുള്ള സാധ്യത ഇവിടെ കുറവാണ്. ബി- 52, ബി -2 തുടങ്ങിയ കരുത്തുറ്റ ബോംബർ വിമാനങ്ങൾക്ക് ഇവിടുന്ന് പറന്നുയർന്ന് നേരിട്ട് ഇറാനിലെ ലക്ഷ്യങ്ങളിൽ ബോംബിംഗ് നടത്താൻ സാധിക്കും. പശ്ചിമേഷ്യയിലേക്കുള്ള കടൽമാർഗമുള്ള വിതരണ ശൃംഖലയെയും ഇന്ധന ടാങ്കറുകളെയും സംരക്ഷിക്കാൻ ഈ താവളം സഹായിക്കുന്നു. 

ഡീഗോ ഗാർഷ്യ നേവൽ സപ്പോർട്ട് ഫെസിലിറ്റിയുടെ (NSF) ആകാശ കാഴ്ച, സ്ക്രീൻഷോട്ട്

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ സന്നാഹമായും സൈനികർക്ക് ആവശ്യമായ ഇന്ധനം, ആയുധങ്ങൾ, മറ്റ് സഹായങ്ങൾ എന്നിവ നൽകുന്ന കേന്ദ്രമായും ഈ താവളം പ്രവർത്തിക്കുന്നു.

ഡീഗോ ഗാർഷ്യയ്ക്ക് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കപ്പെട്ടു എന്നാണ് യുഎസ് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു മിസൈൽ പാതിവഴിയിൽ തകരാറിലായെന്നും രണ്ടാമത്തേത് സൈനിക താവളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ തകർക്കപ്പെട്ടു എന്നുമാണ്. എന്നാൽ, ഈ സംഭവത്തെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതൊരു ഇറാനിയൻ നടപടിയാണെന്ന് യുകെ വിശേഷിപ്പിച്ചപ്പോൾ, ഈ സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ഇത്തരം റിപ്പോർട്ടുകൾ തങ്ങളെ കുടുക്കാനുള്ള കപട നീക്കമാണെന്നുമാണ് ഇറാൻ പറഞ്ഞത്. എന്നാൽ മിസൈൽ ആക്രമണത്തെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഇറാനും ഡീഗോ ഗാർഷ്യയും തമ്മിലുള്ള ദൂരം ഏകദേശം 4,000 കിലോമീറ്ററാണ്. തങ്ങളുടെ മിസൈലുകളുടെ ദൂരപരിധി ഏകദേശം 2,000 കിലോമീറ്റർ വരെ മാത്രമാണെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ഇതിനുമുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇറാനും ഡീഗോ ഗാർഷ്യയും തമ്മിലുള്ള ഏകദേശ ആകാശ ദൂരം

അപ്പോൾ മിസൈലുകൾ എവിടെ നിന്നാണ് വന്നതെന്നും അവയുടെ വിക്ഷേപണം എങ്ങനെയാണ് നടന്നതെന്നുമുള്ള ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്. എന്നാൽ, ഈ സംഭവത്തെക്കുറിച്ച്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഒരു വാദമുയർത്തിയിരുന്നു. 

 ഇറാന്റെ ശക്തമായ ആയുധശേഷിയാണ് ഡീഗോ ഗാർഷ്യയെ ലക്ഷ്യം വെക്കാൻ കാരണമെന്നാണ് നെതന്യാഹു പറഞ്ഞത്. ഈ ദൂരപരിധിയുള്ള മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെങ്കിൽ, മധ്യേഷ്യയിൽ നിന്ന് വിക്ഷേപിച്ചാൽ അവയ്ക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങളെ ലക്ഷ്യം വെക്കാൻ കഴിയുമെന്നാണ് നെതന്യാഹു ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തിൽ, ഇറാന്റെ മിസൈൽ ഭീഷണി ഇപ്പോൾ ഇസ്രായേലിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് യൂറോപ്പിന് വലിയ സുരക്ഷാ വെല്ലുവിളിയാണെന്നുമാണ് നെതന്യാഹു സ്ഥാപിക്കാൻ ശ്രമിക്കുന്നത്. 

തെക്കൻ ഇസ്രായേൽ നഗരമായ അരാദിൽ (Arad) ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പതിച്ച പ്രദേശം നേരിട്ട് സന്ദർശിച്ചുകൊണ്ടാണ് നെതന്യാഹു ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

മിസൈലുകൾ കൃത്യമായി എവിടെ നിന്നാണ് വന്നതെന്നോ അല്ലെങ്കിൽ അവയുടെ വിക്ഷേപണത്തിന് പിന്നിലെ സാങ്കേതിക വിദ്യ എന്താണെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തമായഉത്തരങ്ങളില്ല .

ഡീഗോ ഗാർഷ്യയ്ക്ക് നേരെയുള്ള ആക്രമണവാർത്ത, ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവായ ഇസ്മായിൽ ബഖാഇ പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്, അൽ ജസീറ റിപ്പോർട്ട് പറയുന്നു. ഇറാന്റെ മേൽ കുറ്റം ചുമത്തി ലോകരാജ്യങ്ങളെ അവർക്കെതിരെ തിരിക്കാനുള്ള ഇസ്രായേലിന്റെ നീക്കമാണിതെന്നാണ് ഇറാന്റെ വാദം. തങ്ങളെ അനാവശ്യമായി ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമമാണിതെന്ന് ഇറാൻ ഇതിലൂടെ വ്യക്തമാക്കുന്നു.

ഡീഗോ ഗാർഷ്യയ്ക്ക് നേരെയുള്ള മിസൈൽ ആക്രമണം നിലവിൽ സ്ഥിരീകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നുമാണ് നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട് പറഞ്ഞത്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണിത്.

എങ്കിലും, ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ അത് അതീവ ഗൗരവകരമാണെന്നാണ് അദ്ദേഹം പറയുന്നുണ്ട്.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷിയും ആണവ പദ്ധതികളും തടയേണ്ടത് അത്യന്താപേക്ഷിതമാണെന്ന യുഎസ് പ്രസിഡന്റിന്റെ നിലപാടിന് ഇത് കൂടുതൽ കരുത്ത് പകരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉത്തര കൊറിയയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ, ചർച്ചകൾ നീണ്ടുപോയാൽ കൈവിട്ടുപോകുന്ന ഒരു സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.  

“ഉത്തരകൊറിയയ്ക്ക് ഇപ്പോൾ ആണവശേഷിയുണ്ട്. ഇറാന്റെ മിസൈൽ കരുത്തിനൊപ്പം ആണവശേഷി കൂടി ചേർന്നാൽ, അത് ഇസ്രായേലിനും ആ പ്രദേശത്തിനും യൂറോപ്പിനും, അതുപോലെ ലോകസമാധാനത്തിനും തന്നെ നേരിട്ടുള്ള ഭീഷണിയായി മാറും. അതുകൊണ്ട് തന്നെ പ്രസിഡന്റ് ഇപ്പോൾ ചെയ്യുന്ന നീക്കങ്ങൾ അതീവ നിർണ്ണായകമാണ്. ഇതുമായി ബന്ധപ്പെട്ട ജനഹിതപരിശോധനകൾ ഞാൻ കണ്ടിട്ടുണ്ട്, എങ്കിലും അമേരിക്കൻ ജനത അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു; കാരണം ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാനാണ് അദ്ദേഹം ഇത് ചെയ്യുന്നത്”, മാർക്ക് റൂട്ട് പറഞ്ഞു.

ചുരുക്കത്തിൽ, അമേരിക്കയുടെ F-35 യുദ്ധവിമാനത്തിന് കേടുപാടുകൾ സംഭവിച്ചു എന്ന വാർത്തകളും ഡീഗോ ഗാർഷ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ മിസൈൽ നീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇറാന്റെ മിസൈൽ പ്രഹരശേഷി നമ്മൾ കരുതിയതിലും എത്രയോ മുകളിലാണെന്ന വാദങ്ങൾ ഒരുവശത്ത് ഉയരുമ്പോൾ, ഇതൊക്കെ വെറും കെട്ടിച്ചമച്ച കഥകൾ മാത്രമാണെന്ന വാദത്തിൽ ഇറാൻ ഉറച്ചുനിൽക്കുന്നു. ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഇല്ലാത്തതിനാൽ തന്നെ ഈ രണ്ട് സംഭവങ്ങളും ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. എങ്കിലും, യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ ഇത്തരം റിപ്പോർട്ടുകൾ ലോകസമാധാനത്തിന് വലിയ വെല്ലുവിളി തന്നെയാണ്.


 



സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top