യേശുവിന്റെ ചിത്രമേന്തിയ തെരഞ്ഞെടുപ്പ് വിജയാഘോഷം? ഫാക്ട് ചെക്ക്

യേശുവിന്റെ ചിത്രമേന്തിയ തെരഞ്ഞെടുപ്പ് വിജയാഘോഷം? ഫാക്ട് ചെക്ക്

ദ്രാവിഡ രാഷ്ട്രീയത്തിലെ  പ്രബല ശക്തികളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ കക്ഷികളെ പരാജയപ്പെടുത്തിക്കൊണ്ട് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) വെന്നിക്കൊടി പാറിച്ചത് രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏവരെയും ഞെട്ടിച്ച ഒന്നാണ്. 108 സീറ്റ്  നേടിയ  ടിവികെ  ഇപ്പോൾ  സർക്കാർ രൂപീകരണത്തിനുള്ള  ഒരുക്കത്തിലാണ്. 108 സീറ്റ് നേടിയ ടി.വി.കെക്ക് കേവല ഭൂരിപക്ഷത്തിലേക്കെത്താൻ 11 എം എൽ എ മാരുടെ പിന്തുണ ആവശ്യമുണ്ട്. വിവിധ കക്ഷികളുമായി ചർച്ചകൾ നടക്കുകയാണ്.

എന്തായാലും തെരഞ്ഞെടുപ്പാനന്തരം വ്യാജവാർത്തകളും വ്യാജ ദൃശ്യങ്ങളും പ്രചരിക്കുന്നത് കുറവല്ല. വിജയ്‌ യേശുവിന്റെ ചിത്രവുമേന്തി ആഹ്ളാദപ്രകടനം നടത്തിയെന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. വിജയ്‌ക്കെതിരെ വലിയ തോതിലുള്ള വർഗീയ പ്രചാരണമാണ് നടക്കുന്നത്.

റോഡ് ഷോയ്ക്കിടെ വിജയ്, യേശുവിൻ്റെ പടം ഉയർത്തിക്കാണിക്കുന്ന വീഡിയോ ആണിത്. ബിജെപി പ്രവർത്തകർ ജയ് ശ്രീറാം വിളിക്കുമ്പോൾ മതേതരത്വം അപകടത്തിലാണെന്ന് പറയുന്നവർ, വിജയ് യേശുവിന്റെ ചിത്രം പിടിക്കുമ്പോൾ എന്തുകൊണ്ട് മിണ്ടുന്നില്ല എന്നാണ് ഈ പോസ്റ്റുകൾ ചോദിക്കുന്നത്. എക്സ് പേജുകളിൽ വൈറലായ ഈ വീഡിയോയുടെ സത്യാവസ്ഥയെന്താണെന്ന്  ഒബിസി പരിശോധിച്ചു.

എക്സില്‍ വൈറലാകുന്ന വീഡിയോ

മെയ് അഞ്ചാം തീയതി മുതലാണ് വീഡിയോ മേൽ പറഞ്ഞ ക്യാപ്ഷനുകളോടെ എക്സിൽ പ്രചരിച്ചു തുടങ്ങിയത്. അതായത്, ഇലക്ഷൻ ഫലം വന്നതിന്റെ പിറ്റേ ദിവസം മുതല്‍.

48,000 ൽ അധികം (48.2K) ഫോളോവർസ് ഉള്ള ‘The Story Teller’ എന്ന എക്സ് അക്കൗണ്ടിലൂടെ ഈ വീഡിയോ പ്രചരിക്കുന്നതായി ഒബിസിയുടെ മോണിറ്ററിങ് ടീം കണ്ടെത്തി. ദിനംപ്രതി പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ഈ അക്കൗണ്ടിന് ഒരു വലതുപക്ഷ അനുകൂല സ്വഭാവം പ്രകടമാണ്. 

‘The Story Teller’ അക്കൗണ്ട്, സ്ക്രീന്‍ഷോട്ട്

“തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള റോഡ് ഷോയിൽ യേശുവിൻ്റെ ചിത്രം ഉയർത്തിപ്പിടിക്കുന്ന ടി.വി.കെ അധ്യക്ഷൻ വിജയ്. എന്നാൽ ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാൽ ഉടൻ മതേതരത്വവും ഭരണഘടനയും അപകടത്തിലാകും! മതേതര ഇടതുപക്ഷ കപട വേഷധാരികൾ അവരുടെ പ്രചാരണങ്ങളെ ന്യായീകരിക്കുന്നത് ഇങ്ങനെയാണ് ” എന്നാണ് ഈ പോസ്റ്റിലെ ഇംഗ്ലീഷ് ക്യാപ്ഷൻ്റെ തർജ്ജമ. 

‘The Story Teller’ അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

ഇതുവരെ (6/5/26)  ഒരു ലക്ഷത്തിലധികം (134.6K) പേരാണ് ഈ പോസ്റ്റ് കണ്ടിട്ടുള്ളത്. നാലായിരത്തിലധികം (4.2K) ലൈക്കും ഈ പോസ്റ്റിനുണ്ട്. ആയിരത്തിലധികം പേർ (1.4K) ഇത് റീ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

 ‘Aakansha’ എന്ന് പേരുള്ള മറ്റൊരു വലതുപക്ഷ അക്കൗണ്ടും ഈ പോസ്റ്റ് പങ്കുവച്ചിട്ടുള്ളതായി റിവേഴ്സ് ഇമേജ് സെർച്ചിലൂടെ കണ്ടെത്തി. മെയ് അഞ്ചിനാണ് ഈ അക്കൗണ്ടിൽ നിന്നും ഈ വീഡിയോ പങ്ക് വെച്ചിട്ടുള്ളത്. ഈ അക്കൗണ്ടിൽ നിന്ന് മാത്രം ഇതുവരെ (6/5/26) രണ്ടു ലക്ഷത്തിലധികം പേർ (276.4K) ഈ വീഡിയോ കണ്ടിട്ടുള്ളതായി മെട്രിക്സ് വിവരങ്ങള്‍ കാണിക്കുന്നു. 

‘Aakansha’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

ഇതുവരെ (6/5/26) 4,000 ല്‍ അധികം പേർ (4.3K) ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. 272 പേർ ഇതിന് കമന്‍റും ഈ വീഡിയോയ്ക്കുണ്ട്. 1800 ൽ അധികം പേർ (1.8K) ഇത്  റീ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

‘t7 news’ ൻ്റെ പോസ്റ്റ് ആണ് രണ്ട് അക്കൗണ്ടുകളും വ്യത്യസ്ത ദിവസങ്ങളിലായി പങ്കുവച്ചിട്ടുള്ളത്. വീഡിയോയിൽ നിന്ന് തന്നെ അത് മനസ്സിലാകും. ഷില്ലോങ് കേന്ദ്രീകരിച്ചുള്ള ഒരു ഓൺലൈൻ മീഡിയ കമ്പനിയാണ് t7 എന്നാണ് അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് മനസ്സിലാകുന്നത്. 

‘t7 news’ ന്‍റെ മേയ് 4 ലെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

  ‘Vijay Thalapathy Seen Carrying Portrait of Jesus After Strong Debute in Tamil Nadu Polls ‘ എന്നാണ് ഇവരുടെ വീഡിയോയ്ക്ക് അടിക്കുറിപ്പ്. 

ഒരുപാട് പേര്‍ ഈ പോസ്റ്റുകളുടെ കമന്റ്‌ സെക്ഷനില്‍ വിജയ്‌യെ അധിക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ പുതിയതല്ല എന്ന് പറയുന്നവരെയും കമന്റ്‌ സെക്ഷനില്‍ കാണാം.

വീഡിയോ പുതിയതോ? 

പ്രചരിക്കുന്ന വീഡിയോകള്‍ കീ ഫ്രെയിമുകള്‍ വച്ച് റിവേഴ്സ്‌ ഇമേജ് സേര്‍ച്ച്‌ ചെയ്തപ്പോള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം തന്നെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ട് എന്ന് മനസിലായി. തമിഴ്നാട് തെരഞ്ഞെടുപ്പിന് മുൻപേയുള്ള ടി.വി.കെയുടെ പ്രചാരണ വീഡിയോ ആണിത്.

ഈ വീഡിയോ, ഏപ്രില്‍ മാസത്തില്‍ തന്നെ, ‘galattadotcom’ പോലുള്ള തമിഴ്നാട്ടിലെ ചില എന്റർടൈൻമെന്റ് പേജുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘galattadotcom’ എപ്രിലില്‍ വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍, സ്ക്രീന്‍ഷോട്ട്

പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ വീഡിയോ വന്നിട്ടുണ്ടോയെന്നു പരിശോധിച്ചു. 

23,000 ഫോളോവേഴ്സ് ഉള്ള Tvk_kanyakumari എന്ന ഫേസ്ബുക്ക്‌ പേജില്‍ ഈ വീഡിയോ ഏപ്രില്‍ മാസം ഒന്‍പതാം തിയതി പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ കണ്ടെത്തി.

ഏപ്രില്‍ 9 ലെ പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

ഇത് 60,000 ല്‍ (61K) അധികം പേര്‍ കണ്ടിട്ടുണ്ട്. 3,000 ല്‍ അധികം പേര്‍ ലൈക്ക് ചെയ്തതായും കാണുന്നു. പ്രത്യേകിച്ച് തലക്കെട്ടോ അടിക്കുറിപ്പോ ഒന്നും തന്നെ ഈ പോസ്റ്റില്‍ കാണുന്നില്ല.

chengalpattu_tyv_tn19_o എന്ന മറ്റൊരു ഇൻസ്റ്റാഗ്രാം പേജിലും ഈ വീഡിയോ മുന്നേ വന്നിട്ടുണ്ട്.

ഏപ്രില്‍ 8 ലെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഈ പോസ്റ്റിലും ക്യാപ്ഷന്‍ ഒന്നുമില്ലെങ്കിലും actorvijay, voice of tvk, tvk എന്നീ പേജുകളെ മെന്‍ഷന്‍ ചെയ്തിട്ടുള്ളതായി കാണുന്നു.

ഇതില്‍ നിന്നും മനസിലാകുന്നത്, ഇപ്പോള്‍ വിജയുടെതായി പ്രചരിക്കുന്ന ഈ വീഡിയോ, വിജയാഘോഷത്തില്‍ നിന്നുള്ള വീഡിയോ അല്ല. ഇത് ഏപ്രില്‍ മാസത്തെ ടി.വി.കെയുടെ പ്രചാരണ വീഡിയോ ആണ്. 

പ്രചാരണ വേളയില്‍, ജനങ്ങള്‍ വാഹനത്തിലിരിക്കുന്ന വിജയ്‌ക്ക് ഫോട്ടോകളും മറ്റ് വസ്തുക്കളും  കൊടുക്കുന്നത് പതിവായിരുന്നു. ഭരണഘടനാ ശില്പി അംബേദ്‌ക്കറിന്റെ ഫോട്ടോയും പ്രചാരണ സമയത്ത് വിജയ്‌ ഉയര്‍ത്തിപ്പിടിച്ചിരുന്നു. റോഡില്‍ നില്‍ക്കുന്ന ചില യുവാക്കളാണ് വിജയ്ക്ക് അംബേദ്‌ക്കറിന്റെ ഫോട്ടോ നല്‍കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, വിജയ്‌ തന്റെ മാതാപിതാക്കളെ സന്ദർശിക്കാനും ആരാധകരെ അഭിവാദ്യം ചെയ്യാനും ചെന്നൈയിൽ വന്നിരുന്നു എന്നതല്ലാതെ, ഔദ്യോഗികമായി റോഡ്‌ഷോകളോ  വിജയാഘോഷമോ നടത്തിയതായി വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തതായി കാണുന്നില്ല.

  


 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top