‘ബിജെപി വന്നു ; ബംഗാളിനെ വൃത്തിയാക്കാൻ തുടങ്ങി’ ഒരു വ്യാജ എൻകൗണ്ടർ കഥ 

‘ബിജെപി വന്നു ; ബംഗാളിനെ വൃത്തിയാക്കാൻ തുടങ്ങി’ ഒരു വ്യാജ എൻകൗണ്ടർ കഥ 

ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ സുവേന്ദു അധികാരിയുടെ സെക്രട്ടറിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളെ, പോലീസ് എൻകൗണ്ടർ നടത്തി കൊന്നുവെന്ന് സംഘപരിവാർ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് സത്യമാണോ? ഫാക്ട് ചെക്ക്.

2026 മെയ് 9. ചരിത്രത്തിലാദ്യമായി പശ്ചിമ ബംഗാളിൽ ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തി. 294 ൽ 207 സീറ്റുകളും നേടികൊണ്ട് ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ, സാമൂഹ്യ മാധ്യങ്ങളിൽ വലത് – ഹിന്ദുത്വ ഹാൻഡിലുകൾ വ്യാജ/വിദ്വേഷ പ്രചാരണങ്ങളും ശക്തമാക്കുകയാണ്. പുതുതായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ (PA – Personal Assistant) ചന്ദ്രനാഥ് റാത്ത് മെയ് ആറിന് രാത്രി വെടിയേറ്റ് മരിച്ചിരുന്നു. ചന്ദ്രനാഥ് റാത്തിനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ചു കൊന്നുവെന്നാണ് പുതിയ ആരോപണം. കൊലപാതകത്തിന് സഹായിച്ചവരെ പോലീസ് ലാത്തി ഉപയോഗിച്ച് അടിക്കുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ കൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാദങ്ങൾ വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.

‘ക്രൈം തനി നിറം’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ച ഒരു വീഡിയോയാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ബഹളത്തിനിടയില്‍ നിന്ന് കുറച്ചുപേരെ ലാത്തികൊണ്ട് അടിക്കുന്നതും കസ്റ്റഡിയില്‍ എടുക്കുന്നതും ദൃശ്യത്തില്‍ കാണാം.

സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ചു കൊന്ന പ്രതിയെ പോലീസ് എൻകൗണ്ടറിൽ വധിച്ചു 

എന്നെഴുതിയ ഒരു പോസ്റ്ററും എഡിറ്റ് ചെയ്തു വീഡിയോയിൽ ചേർത്തിട്ടുണ്ട്. മെയ് 9 ന് രാത്രിയോട് കൂടി പങ്കുവെച്ച വീഡിയോ ഇതുവരെ (മെയ് 12) പതിനാറായിരം പേര് കണ്ടിട്ടുണ്ട്. 88 പേർ ലൈക്ക് ചെയ്ത വീഡിയോ 157 പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

Fact check of a viral Facebook post by Crime Thaniniram claiming a police encounter of the accused in the murder of Suvendu Adhikari’s PA in West Bengal.
‘ക്രൈം തനിനിറം’ എന്ന ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ച പോസ്റ്റ്.

പോസ്റ്റിലെ കീവേർഡുകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ നടത്തിയ പരിശോധനയിൽ നിരവധിപേർ ഇതേ വീഡിയോ പങ്ക് വച്ചിട്ടുള്ളതായി കണ്ടെത്തി. കണ്ടെത്തിയ എല്ലാ പോസ്റ്റുകളും മെയ് 9 ന് രാത്രി ഒൻപത് മണിക്ക് ശേഷമാണ് പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് കാണാം. ഇതേ ദിവസമാണ് സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

പ്രാഥമിക പരിശോധനയിൽ തന്നെ വീഡിയോ പോസ്റ്റ് ചെയ്ത പതിനാല് അക്കൗണ്ടുകൾ കണ്ടെത്താനായി. കണ്ടെത്തിയ മറ്റ് അക്കൗണ്ടുകളിൽ നിന്നെല്ലാം പോസ്റ്റർ ഒഴിവാക്കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സുവേന്ദു അധികാരിയുടെ പിഎ യെ കൊന്നയാളെ, പോലീസ് ‘എൻകൗണ്ടറിൽ’ കൊന്നുവെന്നാണ് എല്ലാ പോസ്റ്റുകളിലെയും ആദ്യ വാദം. പ്രതിയുടെ സഹായികളെ പോലീസ് മർദിക്കുന്നുവെന്നാണ് വീഡിയോയെ കുറിച്ച് പോസ്റ്റുകളിൽ പറയുന്നത്.

ഇക്കൂട്ടത്തിൽ ഏറ്റവുമധികം തവണ ആളുകൾ കണ്ടിരിക്കുന്നത് ‘ഹിന്ദു സേവാ സമിതി’ (Hindu Seva Samithi – HSS) എന്ന അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ചിരിക്കുന്ന പോസ്റ്റാണ്. മെയ് 10 ന് രാവിലെ 12 മണിക്ക് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ (മെയ് 12) 12,000 തവണയാണ് കണ്ടിരിക്കുന്നത്. 

ബംഗാളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികരമേറ്റു മണിക്കൂറുകള്‍ക്കുള്ളില്‍ സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥിനെ വെടിവച്ചു കൊന്ന ഒരു പ്രതിയെ പോലീസ് എന്‍കൗണ്ടറില്‍ കൊന്നു.

അക്രമത്തിനു ഗൂഢാലോചന നടത്തിയ നേതാക്കളെ അറസ്റ്റു ചെയ്തു വഴിനീളെ തല്ലുന്നു..!!!!ബിജെപി ബംഗാളിനെ വൃത്തിയാക്കാൻ തുടങ്ങി!!!.

എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ച പോസ്റ്റിന് 720 പേർ ലൈക്കും 138 ഷെയറും ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ കമന്റ് ചെയ്ത അൻപത് പേരും ‘പോലീസ് പ്രവൃത്തിയെ’ അഭിനന്ദിക്കുകയാണ് ചെയ്തിരിക്കുന്നത്.

Screenshots of a viral Facebook post by Hindu Seva Samithi claiming West Bengal police killed the accused in Chandranath Rath's murder in an encounter.
Hindu Seva Samithi – HSS’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

പല വ്യാജ വാർത്തകളും പോസ്റ്റ് ചെയ്യുന്നതായി ഒബിസി കണ്ടെത്തിയിട്ടുള്ള ‘അജീഷ് കോട്ടയം’ (Ajish Kottayam) എന്ന അക്കൗണ്ടും ഈ വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്. ഇതുൾപ്പെടെ വീഡിയോ പങ്ക് വെച്ച മറ്റെല്ലാ അക്കൗണ്ടുകളും ‘ഹിന്ദു സേവാ സമിതി’ പങ്ക് വെച്ച അതേ അടിക്കുറിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 

എന്താണ് സത്യം?

രണ്ട് തരം പ്രചാരണങ്ങളാണ് ഈ പോസ്റ്റുകളിലുള്ളത്. ഒന്ന്, ചന്ദ്രനാഥ് റാത്തിന്റെ കൊലപാതകികളെ പോലീസ് വെടിവെച്ച് കൊന്നുവെന്നുള്ള ആരോപണം. രണ്ട്, വീഡിയോയിൽ പോലീസ് തല്ലുന്നത് കൊല്ലപ്പെട്ട പ്രതിയുടെ സഹായികളെയാണ് എന്നത്. 

ആദ്യത്തെ വാദത്തെപ്പറ്റി. ബംഗാൾ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം, മെയ് ആറിന് രാത്രി 10 മണിക്ക് ശേഷമാണ് സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് റാത്ത് വെടിയേറ്റ് മരിച്ചത്. കൊലപാതകം നടന്ന ദിവസം രാത്രി തന്നെ കൊൽക്കത്തയിലെ മധ്യംഗ്രാം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മെയ് പത്തിനാണ് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി പോലീസ് പിടികൂടിയത്. മെയ് പതിനൊന്നിന് അറസ്റ്റും രേഖപ്പെടുത്തി. 

അതായത്, ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്ത മെയ് 9 ന് പോലീസ് പ്രതികളെ പിടികൂടിയിട്ടില്ലായിരുന്നു. ആദ്യത്തെ ആരോപണം വ്യാജമാണെന്ന് വ്യക്തം.

വീഡിയോയിൽ അടികൊള്ളുന്നത് റാത്തിന്റെ കൊലപാതകിയുടെ സഹായികളാണെന്നാണ് രണ്ടാമത്തെ വാദം. പ്രചരിക്കുന്ന വീഡിയോയുടെ വലത് മൂലയിൽ ഏറ്റവും മുകളിലായി ‘DNN’ എന്നെഴുതിയിരിക്കുന്നത് കാണാം. ഇത് ‘ഡിഎൻഎൻ ബംഗ്ലാ’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ചിഹ്നമാണ്. പശ്ചിമ ബംഗാളിലെ ഔദ്യോഗിക ഭാഷയാണ് ‘ബംഗ്ലാ’.

വീഡിയോയിലുള്ള ചിഹ്നം

ഇത് വഴി ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച്, വീഡിയോയുടെ ആദ്യ ഉറവിടം കണ്ടെത്താനായി. ഡിഎൻഎൻ ബംഗ്ലാ യുടെ യൂട്യൂബ് ചാനലിൽ മെയ് ഏഴിന് പോസ്റ്റ് ചെയ്ത വീഡിയോയാണിത്. 

ശ്രീരാംപൂരില്‍ തൃണമൂല്‍ കൗൺസിലറെ കേന്ദ്ര സേന ലാത്തിച്ചാർജ് ചെയ്തു, മർദ്ദനത്തിന്റെ വീഡിയോ പുറത്ത്; കാണാം.’

എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ഇതിലെ കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, സംഭവത്തെ പറ്റിയുള്ള കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമായി. കൊൽക്കത്തയിലെ സെറാംപൂരില്‍ (Serampore) ഒരു അടച്ചിട്ട അംഗനവാടി കേന്ദ്രം തുറക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനെ മർദ്ദിച്ച ടിഎംസി കൗണ്‍സിലറെ കേന്ദ്ര സേന അറസ്റ്റ് ചെയ്യുന്ന ദൃശ്യം എന്നാണ് മെയ് എട്ടിന് ആജ്തക് ബംഗ്ല നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വീഡിയോ ചുവടെ കാണാം.

ദ വാൾ’ (the wall) എന്ന മാധ്യമത്തിൽ പറയുന്നതനുസരിച്ച്, സെറാംപൂർ മുൻസിപ്പാലിറ്റിയിലെ അഞ്ചാം വാർഡ് കൗൺസിലർ രാജേഷ് ഷായെയും കൂട്ടരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീരാംപൂരിലെ ടിൻ ബസാർ ഭാഗത്തെ പൂട്ടിക്കിടന്ന അംഗൻവാടി തുറക്കുന്നതിന് സംബന്ധിച്ച് പോലീസും രാജേഷ് ഷായും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടയിൽ രാജേഷ് ഷാ പോലീസ് എഎസ്ഐ നടരാജിന്റെ മൂക്കിൽ ഇടിച്ചു. എഎസ്ഐയുടെ മൂക്ക് പൊട്ടി ചോരയൊലിച്ചതിനെ തുടർന്ന് രാജേഷ് ഷായെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ‘എബിപി ന്യൂസ്’ എന്ന മാധ്യമവും ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചുരുക്കത്തിൽ, ചന്ദ്രനാഥ് റാത്തിന്റെ കൊലപാതകികളെ പോലീസ് വെടിവെച്ചു കൊന്നു എന്ന പ്രചാരണം വസ്തുത വിരുദ്ധമാണ്. കൂടെ പ്രചരിക്കുന്ന വീഡിയോയ്ക്കും റാത്തിന്റെ കൊലപാതകവുമായി ബന്ധമൊന്നുമില്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top