
ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന ഇസ്രയേല്‍? വ്യാജവാർത്തകൾ കൊണ്ട് സയണിസത്തെ നേരിടുമ്പോൾ
പശ്ചിമേഷ്യയില്‍ സൈനിക നീക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, തെറ്റായ ദൃശ്യങ്ങളും വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ, ഇസ്രായേലിലെ കെട്ടിടങ്ങളും നഗരങ്ങളും തകർന്നടിഞ്ഞു എന്ന അവകാശവാദത്തോടെയുള്ള ഒരു വീഡിയോ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “ഇത് ഗസയല്ല, ഇറാൻ തരിപ്പണമാക്കിയ ഇസ്രായേലാണ്’” എന്ന അടിക്കുറിപ്പോടെടെയാണ് ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഒരു മിനിറ്റിൽ താഴെയുള്ള ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
അമേരിക്കൻ പിന്തുണയോടെ ഇറാനെതിരെ നീങ്ങിയ ഇസ്രായേൽ ഇപ്പോൾ തകർന്നു തരിപ്പണമായിരിക്കുകയാണെന്നും മറ്റു രാജ്യങ്ങളുടെ മധ്യസ്ഥത തേടുകയാണെന്നും ഈ പോസ്റ്റുകൾ വാദിക്കുന്നു. യുദ്ധഭൂമിയിൽ നിന്നുള്ള ഏത് ദൃശ്യവും നിലവിലെ സംഘർഷത്തിന്റേതാണെന്ന് വിശ്വസിക്കുന്ന രീതിയിലേക്ക് സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. എന്നാൽ, ഈ വീഡിയോ യഥാർത്ഥത്തിൽ ഇസ്രായേലിൽ നിന്നുള്ളതാണോ? പരിശോധിക്കാം.
ഇറാൻ്റെ ആക്രമണത്തിൽ തകർന്നടിഞ്ഞ ഇസ്രയേലിലെ കെട്ടിടങ്ങൾ എന്ന് കാണിക്കുന്ന ഒരു വീഡിയോ ‘Haskerbabu’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രചരിക്കുന്നതായി ഒബിസിയുടെ ഫാക്ട് ചെക്കിങ് ടീം കണ്ടെത്തി.
‘ഇത് ഗസയല്ല, ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രമാണ്’ എന്ന് വീഡിയോയ്ക്ക് മുകളിലായി എഴുതിയിരിക്കുന്നു. 24.7K ഫോളോവേഴ്സ് ഉളള ഈ അക്കൗണ്ടിൽ നിന്ന് മാത്രം 29,000 ൽ അധികം പേർ ഈ വീഡിയോ ഇതുവരെ (9/3/26) കണ്ടിട്ടുണ്ട്. ഈ വീഡിയോ വേറെയും ചില ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളും വലിയ തോതിൽ പ്രചരിക്കുന്നുണ്ടെന്ന് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ മനസിലായി.

മാർച്ച് അഞ്ചിന് anver _resheed _jifry എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം പേരാണ് അക്കൗണ്ടിൽ നിന്നും വീഡിയോ കണ്ടത്. 836 പേർ കമൻ്റ് ചെയ്തിട്ടുമുണ്ട്.
ഫേസ്ബുക്കിൽ ഈ വീഡിയോ വൈറൽ ആണ്. മാർച്ച് മൂന്ന് മുതലാണ് വീഡിയോ പ്രചരിച്ചു തുടങ്ങുന്നത്. 62,000 ഫോളോവേഴ്സ് ഉള്ള ‘Badusha Vettiyar’ എന്ന ഫേസ്ബുക്ക് അക്കൗണ്ടും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടിലൂടെ ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്. 649 പേരാണ് ഈ വീഡിയോ ഇതുവരെ (9/3/26) ഷെയർ ചെയ്തിട്ടുള്ളത് എന്ന് ഫേസ്ബുക്ക് പോസ്റ്റ് മെട്രിക്സ് കാണിക്കുന്നു.
“ഇറാനോട് കളിച്ചാൽ ഇങ്ങനെയിരിക്കും”, “ഇനി അമേരിക്കയിലും വേണം ഇതുപോലെ” എന്ന് തുടങ്ങിയ കമൻ്റുകളാണ് ഈ വീഡിയോയുടെ കമന്റ് സെക്ഷനില്‍ ഉള്ളത്.

“ഇത് ഗസയല്ല ഗസയെ ഇത് പോലെ ആക്കിയ ഇസ്രയേലിന്റെ ഇപ്പഴത്തെ അവസ്ഥയാണ്” എന്ന അടിക്കുറിപ്പോടെ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലും വീഡിയോ പ്രചരിക്കുന്നതായി കണ്ടു.
കൂടുതൽ അന്വേഷണത്തിൽ ഇതേ വീഡിയോ മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒബിസി കണ്ടെത്തി.
തുർക്കി കേന്ദ്രമായ സ്കൈ ന്യൂസിൻ്റെ ഫോറിൻ കറസ്പോണ്ടൻ്റ് ആയ അലക്സ് ക്രോഫോഡിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ വീഡിയോ കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.
“The Gaza ‘peace’ deal. Via Gaza Notifications.” എന്ന് ക്യാപ്‌ഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അതോടൊപ്പം, Khames.alrefi എന്ന് Video courtesy ഉം കൊടുത്തിരിക്കുന്നു.

സൂക്ഷിച്ച് നോക്കിയാൽ, Khames. alrefi എന്ന് വീഡിയോയിൽ വാട്ടർ മാർക്ക് ആയും കൊടുത്തിട്ടുള്ളത് കാണാം.
ഇൻസ്റ്റഗ്രാമിൽ Khames.alrefi എന്ന അക്കൗണ്ട് തിരഞ്ഞ് കണ്ടെത്തി.
ഖമീസ് അൽറേഫി എന്ന ഫോട്ടോ ജേർണലിസ്റ്റിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആണ് അത്. ഇസ്രയേൽ – ഗസ സംഘർഷവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഫോട്ടോകളും ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷം മാർച്ച് 23 ന് (2025 മാർച്ച് 23) ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘Jabaliya’ എന്നാണ് വീഡിയോക്ക് ക്യാപ്ഷൻ.
ഗസയിലെ എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഏറ്റവും വലുതും ജനസാന്ദ്രതയേറിയതുമായ ജബലിയയിൽ ആക്രമണം നടന്നതിന് ശേഷമുള്ള ദൃശ്യങ്ങൾ ആണ് അത് എന്ന് ഇതോടെ വ്യക്തമായി. അതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ മറ്റൊരു സംഘര്‍ഷം നടക്കുന്നതിനിടയില്‍ പ്രചരിപ്പിക്കുന്നത്.
അയത്തൊള്ള അലി ഖംനേയിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി പുതിയ സുപ്രീം ലീഡറായി ചുമതലയേറ്റതിനു പിന്നാലെ ഇസ്രായേലിനും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേലിൽ നിന്നല്ല.

ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവ് ലക്ഷ്യമാക്കി നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി അമേരിക്കൻ വാർത്താ മാധ്യമമായ NPR റിപ്പോർട്ട് പറയുന്നു. ഇതിനു മുൻപ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചതായി മറ്റു റിപ്പോർട്ടുകളില്ല.
