
മുട്ടയല്ല വ്യാജം, വാർത്തയാണ്! വിപണിയിലെ ‘പ്ലാസ്റ്റിക് മുട്ടകൾ’
കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ കൃത്രിമ വസ്തുകള്‍ ചേര്‍ക്കുന്നുണ്ടോ എന്ന ഉൽക്കണ്ഠ എല്ലാവർക്കുമുണ്ടാവും. മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നത് അടിക്കടി സംഭവിക്കുന്നുമുണ്ട്. എന്നാൽ ഈ ഭീതിക്ക് ആക്കം കൂട്ടാൻ ‘മായംകലർന്ന’ വാർത്തകളും ഉണ്ടായാലോ? അത്തരമൊരു വാർത്തയെ കുറിച്ചാണ് ഈ റിപ്പോർട്ട്.
വിപണിയിൽ കൃത്രിമ മുട്ടകൾ യഥേഷ്ടം ലഭ്യമാണെന്ന രീതിയിൽ പ്രചരിക്കുന്ന ഒരു വീഡിയോ നിങ്ങളും കണ്ടുകാണും. ‘ഇനി ഈ ലോകത്ത് ഒന്നും വിശ്വസിച്ച് വാങ്ങി കഴിക്കാൻ പറ്റില്ല’ എന്ന മുന്നറിയിപ്പോടെ ഒരു ‘മുട്ട ഫാക്ടറി’യില്‍ നിന്നുള്ള വീഡിയോ ദൃശ്യമാണ് ഇപ്പോൾ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. എന്നാൽ, ഭീതിജനകമായ ഈ ദൃശ്യങ്ങൾക്ക് പിന്നിലെ യഥാർത്ഥ വസ്തുത എന്താണ്? ഒബിസി ഫാക്ട് ചെക്ക്.
‘കൃത്രിമ മുട്ടകള്‍ നിര്‍മിക്കുന്ന ഫാക്ടറി’
അയ്യായിരത്തിലധികം (5.5K) ഫോളോവേഴ്സ് ഉള്ള ഒരു വ്യക്തിഗത പ്രൊഫൈലിലാണ് ഈ വീഡിയോ പ്രചരിക്കുന്നതായി ഒബിസിയുടെ മോണിറ്ററിങ്ങ് ടീം കണ്ടെത്തിയത്. വിപണിയില്‍ നമ്മള്‍ക്ക് ലഭിക്കുന്നത് കൃത്രിമമായി നിര്‍മിക്കപ്പെട്ട മുട്ടകളാണ് എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. “ ഈ ലോകത്ത് ഒരു സാധനവും വാങ്ങിക്കഴിക്കാന്‍ പറ്റില്ല” എന്ന തലക്കെട്ടോടെ പ്രചരിച്ച 28 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ ആറു ലക്ഷത്തിലധികം പേരാണ് ഇതുവരെ (3/7/26) കണ്ടിട്ടുള്ളത്. മൂവായിരത്തിലധികം പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

മലയാളത്തില്‍ ഈ വീഡിയോ വൈറല്‍ ആണ്. ആയിരത്തിലധികം ഫോളോവേഴ്സ് ഉള്ള മറ്റൊരു ഫേസ്ബുക്ക് പേജില്‍ നിന്നും ഒരു ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും എക്സിലു മെല്ലാം ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്താണ് സത്യാവസ്ഥ?
28 സെക്കന്റ് ദൈര്‍ഘ്യം ഉള്ള ഈ വീഡിയോയില്‍ നാല് ഭാഗത്താണ് കട്ട് വരുന്നത്. അതായത്, നാല് വ്യത്യസ്ത ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ചേര്‍ത്തിട്ടുള്ളത്. വീഡിയോ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കുന്നതിനായി റിവേഴ്സ് ഇമേജ് സേര്‍ച്ച് ചെയ്തു. വീഡിയോയുടെ ആദ്യത്തെ ഭാഗം, ഒരു കളിപ്പാട്ട നിര്‍മാണ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും എടുത്തിട്ടുള്ള ഒരു വീഡിയോ ആണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

Tongle Squishy Toys എന്ന ഒരു കളിപ്പാട്ട നിര്‍മ്മാണ കമ്പനിയുടെ tongle.fidgettoy.factory എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ മുട്ടയുടെ രൂപത്തിലുള്ള ഈ കളിപ്പാട്ടം നിര്‍മിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ഇത് കട്ട് ചെയ്ത് മാറ്റിയാണ് വ്യാജ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
വീഡിയോയുടെ അടുത്ത ഭാഗം, മറ്റൊരു വീഡിയോയില്‍ നിന്നുള്ള ക്ലിപ്പ് ആണ്. മുട്ടയില്‍ മഞ്ഞയും വെള്ളയും നിറയ്ക്കുന്ന ഒരു വീഡിയോ ക്ലിപ്പിംഗ് ആണ്.

ചൈനീസ് വിപണിയിലെ ‘പ്ലാസ്റ്റിക് മുട്ട നിർമ്മാണം’ എന്ന പേരിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ വീഡിയോ പ്രചരിച്ചിരുന്നു. ചൈനീസ് മാധ്യമമായ ‘Sina Finance’ 2017ൽ പ്രസിദ്ധീകരിച്ച ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതിന്റെ സത്യാവസ്ഥ എഴുതിയിട്ടുണ്ട്.

വ്യാജ മുട്ടകള്‍ ആണെന്ന അവകാശ വാദത്തോടെ, ഈ വീഡിയോ 2017 ലും വൈറലായിരുന്നു. ഇതിന്റെ വസ്തുതാ പരിശോധനയാണ് ചൈനയിലെ ഓണ്‍ലൈന്‍ മാധ്യമമായ Sina Finance ചെയ്തത്.
വീഡിയോയിൽ കാണിക്കുന്നത് വിൽക്കാനുള്ള കോഴിമുട്ടയല്ല, മറിച്ച് കോഴിമുട്ട പോലിരിക്കുന്ന കളിപ്പാട്ടം നിർമ്മിക്കുന്ന ദൃശ്യങ്ങളാണ് എന്നാണ് അവര്‍ പറയുന്നത്.
മുട്ടകള്‍ അടുക്കി വച്ചിരിക്കുന്ന ഒരു ദൃശ്യം വൈറല്‍ വീഡിയോയുടെ ഏറ്റവും ഒടുവില്‍ കാണിക്കുന്നുണ്ട്. അത് മുട്ട വിപണിയെ കുറിച്ചുള്ള ഒരു വെബ്‌സൈറ്റില്‍ നിന്നും എടുത്തിട്ടുള്ള ചിത്രമാണെന്നാണ് ഒബിസിയുടെ അന്വേഷണത്തില്‍ മനസിലായത്.
ഇന്ത്യയിലെ പൗൾട്രി ബിസിനസ്സിനെക്കുറിച്ച് പ്രതിപാദിക്കുന്ന ‘Banking Inputs’ എന്ന വെബ്‌സൈറ്റിലെ Egg Business Advantages and Disadvantages എന്ന ആർട്ടിക്കിളിൽ നൽകിയിട്ടുള്ള ചിത്രമാണിത്.

ഇക്കഴിഞ്ഞ മെയ്യിലാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.
Banking Inputs എന്ന വെബ്‌സൈറ്റ് പ്രകാരം, ഇന്ത്യയിൽ ഒരു യഥാർത്ഥ കോഴിമുട്ടയുടെ വില 5-7 രൂപ മാത്രമാണ്. എന്നാൽ കെമിക്കലുകളോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് കൃത്രിമമായി ഒരു മുട്ടയുടെ തോടും മഞ്ഞക്കരുവും അതേ രൂപത്തിൽ ലാബുകളിൽ നിർമ്മിച്ചെടുക്കണമെങ്കിൽ അതിന്റെ എത്രയോ ഇരട്ടി ചിലവ് വരും. അതുകൊണ്ട് തന്നെ കൃത്രിമ മുട്ട നിർമ്മിച്ച് വിൽക്കുന്നത് സാമ്പത്തികമായി വൻ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്.
മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക് മുട്ടകൾ വിൽക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ചൈനയിലെ ഒരു കളിപ്പാട്ട നിർമ്മാണ യൂണിറ്റിൽ നിന്നുള്ള ദൃശ്യങ്ങളും, ഇന്ത്യയിലെ മുട്ട വിപണിയെക്കുറിച്ചുള്ള വെബ്‌സൈറ്റിലെ ചിത്രങ്ങളും ഒന്നിച്ച് ചേർത്ത് എഡിറ്റ് ചെയ്താണ് ഈ വ്യാജ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
