വീട് എന്ന കൊലക്കളം 

വീട് എന്ന കൊലക്കളം 

വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം പെരുകുന്നത് എന്ത് കൊണ്ടാണ് ? വിവാഹം കഴിക്കാൻ താല്പര്യമില്ലാത്ത പെൺകുട്ടികളുടെ എണ്ണം കൂടുന്നത് എന്ത് കൊണ്ടാണ് ? കണക്കുകൾ മറുപടി പറയും.  ലോകത്താകമാനം കൊല്ലപ്പെടുന്ന സ്ത്രീകളിൽ 60 ശതമാനം പേരും ജീവിതപങ്കാളികളാൽ അല്ലെങ്കിൽ സ്വന്തം വീട്ടുകാരാൽ കൊല്ലപ്പെടുന്നവരാണ്. ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ 30 ശതമാനവും ഭർതൃഗൃഹങ്ങളിൽ നിന്നാണ്.

ഭർത്താവിന്റെ നിരന്തര പീഡനം കാരണം 2025 ജൂലൈയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി അതുല്യയുടെ പ്രായം മുപ്പതാണ്. അതുല്യയുടെ മരണത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന ഭർത്താവ് സതീഷ് ശങ്കർ താൻ ചെയ്ത അക്രമങ്ങളെല്ലാം സ്നേഹം കൊണ്ടായിരുന്നുവെന്നാണ് ന്യായീകരിച്ചത്. അതുല്യയുടേത് ഒറ്റപ്പെട്ട സംഭവമല്ല. 2025 ൽ കേരളത്തിൽ മാത്രം ആറ് സ്ത്രീകളാണ് ഭർതൃ ‘ഭവന’ങ്ങളിലെ ക്രൂരതയ്ക്കിരയായി മരണപ്പെട്ടത്. ഇത് കേരളത്തിലെ മാത്രം സ്ഥിതിയാണോ? ജീവിത പങ്കാളികളുടെ തന്നെ ഇരയായി കൊല്ലപ്പെടുന്ന സ്ത്രീകളെ ലോകത്താകമാനം നമുക്ക് കാണാം. എങ്ങനെയാണ് സ്ത്രീകൾ  ലോകത്തെവിടെയും ഇത്തരത്തിൽ സമാനമായ അതിക്രമങ്ങൾക്കിരയാകുന്നത്? ഒബിസി അന്വേഷിക്കുന്നു..

ഐക്യരാഷ്ട്ര സഭയ്ക്ക് (UN) കീഴിൽ ലിംഗ നീതിക്കും സ്തീ ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ‘യുഎൻ വുമൺ’ എന്ന സംഘടന വർഷം തോറും ലോകത്താകമാനം പങ്കാളിയുടെയോ കുടുംബാംഗങ്ങളുടെയോ അക്രമത്തിനിരയായി കൊല്ലപ്പെടുന്ന സ്ത്രീകളുടെ കണക്ക് വിവരങ്ങൾ പുറത്ത് വിടാറുണ്ട്. ‘ഫെമിസൈഡ്സ്’ (Femicides) എന്നറിയപ്പെടുന്ന ഈ റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്താകമാനം കൊല്ലപ്പെട്ട സ്ത്രീകളിൽ ഏതാണ്ട് 60 ശതമാനത്തോളം പേർ ജീവിതപങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെട്ടവരാണ്. അതായത്, സുരക്ഷിതമെന്ന് കരുതുന്ന ബന്ധങ്ങൾ തന്നെയാണ് സ്ത്രീകളുടെ കരുതി കൂട്ടിയുള്ള കൊലപാതകങ്ങൾക്ക് കാരണമാകുന്നത് ‘ഫെമിസൈഡ്സ്’ റിപ്പോർട്ടനുസരിച്ച് ലോകത്ത് ദിവസേന 137 സ്ത്രീകളോ കുട്ടികളോ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. ഓരോ പത്ത് മിനുറ്റിലും ഒരാൾ.

‘ഫെമിസൈഡ് ഇൻ 2024’ റിപ്പോർട്ടിന്റെ കവർ ചിത്രം

ആഫ്രിക്കൻ ഭൂഖണ്ഡമാണ് സ്ത്രീഹത്യ കണക്കുകളിൽ മുന്നിൽ. 2024 ൽ പങ്കാളി/കുടുംബാംഗങ്ങളുടെ അക്രമങ്ങൾക്കിരയായി ആകെ കൊല്ലപ്പെട്ടവരിൽ 45.2%  പേരും ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ലക്ഷത്തിൽ മൂന്ന് സ്ത്രീകൾ. ഇന്ത്യയുൾപ്പെടുന്ന ഏഷ്യൻ ഭൂഖണ്ഡമാണ് രണ്ടാം സ്ഥാനത്ത്. 34.8% സ്ത്രീകളാണ് ഏഷ്യയിൽ ഇത്തരത്തിൽ കൊല്ലപ്പെട്ടത്. മൊത്തം സ്ത്രീകളുടെ എണ്ണത്തിലുള്ള വർദ്ധനവാകാം ആഫ്രിക്കയെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചതെന്ന് ‘ഫെമിസൈഡ്സ്’ പഠനം തന്നെ വ്യക്തമാക്കുന്നുണ്ട്. ആഫ്രിക്കയിലെ 62 ശതമാനം രാജ്യങ്ങളുടെയും ജനസംഖ്യയിൽ അൻപത് ശതമാനമോ അതിൽ കൂടുതലോ സ്ത്രീകളാണ്. വിവിധ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ മാത്രമാണിത്. അമേരിക്ക,യൂറോപ്പ് ഭൂഖണ്ഡങ്ങളൊഴികെ മറ്റൊരിടത്തെയും വിവരങ്ങൾ പൂർണമല്ലെന്നും ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

ലോകത്താകെ നടന്ന കൊലപാതകങ്ങൾ താരതമ്യം ചെയ്താലും ‘വീട്’ തന്നെയാണ് സ്ത്രീകൾ ഏറ്റവും ഭയക്കേണ്ട സ്ഥലം. 2024 ൽ ആകെ കൊല്ലപ്പെട്ടതിൽ 80 ശതമാനവും പുരുഷന്മാരാണ്. പക്ഷേ പുരുഷന്മാരുടെ കൊലപാതകങ്ങളിൽ 11 ശതമാനത്തിൽ  മാത്രമേ പങ്കാളികളോ വീട്ടുകാരോ കാരണക്കാരാകുന്നുള്ളൂ. സ്ത്രീകളുടെ കാര്യത്തിൽ ഇത് 60 ശതമാനത്തോളമാണ്.

ലോകാരോഗ്യ സംഘടനയുടെ (WHO) സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടിൽ, ലോകത്താകെ പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള 84 കോടിയോളം സ്ത്രീകൾ പങ്കാളിയുടെയോ അല്ലാത്തവരുടെയോ ഭാഗത്ത് നിന്ന് ലൈംഗിക/ശാരീരിക അതിക്രമം നേരിട്ടിട്ടുണ്ട്. 2026 ലെ ലോക ബാങ്ക് കണക്കുകൾ പ്രകാരം പതിനഞ്ച് വയസ്സിൽ കൂടുതൽ ഉള്ള സ്ത്രീകളുടെ ആകെ ജനസംഖ്യ 307 കോടിയാണ്. ഇതിൽ 27 ശതമാനത്തോളം പേരും ജീവിതത്തിലൊരിക്കലെങ്കിലും ലൈംഗിക /ശാരീരിക അതിക്രമം നേരിട്ടതായി WHO പറയുന്നു. ഐക്യരാഷ്ട്രസഭ പഠനമനുസരിച്ച് 2024- 2025 കാലയളവിൽ 15 നും 49 നുമിടയിൽ പ്രായമുള്ള എട്ടിൽ ഒരു സ്ത്രീയെങ്കിലും പങ്കാളികളിൽ നിന്ന് അതിക്രമം നേരിട്ടിട്ടുണ്ട്.

 2023 ലെ കണക്ക് പ്രകാരം ലോകത്താകമാനം, പങ്കാളികളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ഉള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 51,100 സ്ത്രീകളാണ്. 2024 ൽ ഇങ്ങനെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 2.2 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും ഇത് സൂചിപ്പിക്കുന്നത് കുറ്റകൃത്യങ്ങളിലെ കുറവല്ല, മറിച്ച് രാജ്യങ്ങളിലെ കണക്കെടുപ്പിലുള്ള വീഴ്ചയാണെന്ന് ‘ഫെമിസൈഡ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. പങ്കാളികളിൽ നിന്നുള്ള അതിക്രമങ്ങൾ തടയാൻ ആഗോളതലത്തിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിക്രമങ്ങളെ കാര്യക്ഷമമായി തടയാൻ സാമൂഹിക ഘടനയിൽ മാറ്റമുണ്ടാവണമെങ്കിലും ഇത്തരം പദ്ധതികളെല്ലാം അതിജീവിതമാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎൻ വുമൺ ഔദ്യോഗിക വെബ്സൈറ്റ് തന്നെ വ്യക്തമാക്കുന്നു. കണക്കുകളിൽ ഈ വിടവ് പ്രതിഫലിക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ റിപ്പോർട്ടുകളിൽ, പങ്കാളികളിൽ നിന്ന് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ 0.2 ശതമാനത്തിന്റെ കുറവേ ഉണ്ടായിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നു.

ലോകത്ത് ഒരു രാജ്യം പോലും പങ്കാളികളിൽ നിന്നുള്ള അതിക്രമങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിൽ  വിജയിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നു. 2025 ലെ ആഗോള സുസ്ഥിര വികസന സൂചികയിലെ പുരോഗതി (PROGRESS ON THE SUSTAINABLE DEVELOPMENT GOALS) വിലയിരുത്തുന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിലാണ് ഈ പരാമർശം ഉള്ളത്. ഈ റിപ്പോർട്ട് പ്രകാരം, പങ്കാളികളിൽ നിന്ന് അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് സബ് സഹാറൻ ആഫ്രിക്കയിലെ സ്ത്രീകളാണ്. അതേ സമയം വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ പ്രദേശങ്ങളിലെ രാജ്യങ്ങൾ ഈ വിഷയത്തിൽ കണക്കുകൾ പോലും സൂക്ഷിക്കുന്നില്ല.

വിവിധ രാജ്യങ്ങളിലെ പങ്കാളികളിൽ നിന്ന് സ്ത്രീകൾ നേരിടുന്ന അതിക്രമത്തിന്റെ തോത്. വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ പ്രദേശങ്ങളിലെ കണക്കുകളൊന്നും ലഭ്യമല്ല.
/PROGRESS ON THE SUSTAINABLE DEVELOPMENT GOALS ; THE GENDER SNAPSHOT 2025

ഇന്ത്യയിൽ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള ഔദ്യോഗിക കണക്കുകൾ പുറത്ത് വിടുന്നത് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (NCRB) വർഷം തോറും പുറത്തിറക്കുന്ന ‘ക്രൈംസ് ഇൻ ഇന്ത്യ’ (Crimes in India) എന്ന റിപ്പോർട്ടിലാണ്. പങ്കാളികളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും  സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെപ്പറ്റിയുള്ള ഏകീകരിച്ച കണക്കുകളൊന്നും ഇതിൽ നൽകിയിട്ടില്ല. എന്നാൽ ഗാർഹിക പീഡന പരാതികൾ, സ്ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങൾ എന്നിവയുടെ കണക്കുകൾ ലഭ്യമാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ NCRB റിപ്പോർട്ട് പ്രകാരം  2023 ൽ മാത്രം രാജ്യത്ത് സ്ത്രീകൾക്കെതിരായി 4,48,211 അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ  ഐപിസി വകുപ്പ് 498 A പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് 1,33,676 കേസുകളാണ്. ഭർത്താവിന്റെയോ അയാളുടെ ബന്ധുക്കളുടെയോ ഭാഗത്ത് നിന്നുണ്ടാക്കുന്ന അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള വകുപ്പാണിത്. അതായത്, രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന മൊത്തം അതിക്രമങ്ങളിൽ 30 ശതമാനത്തോളവും ഉണ്ടാകുന്നത് ഭർതൃ ഗൃഹങ്ങളിൽ നിന്നാണ്. 

സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശാണ്. 2023 ൽ ഉത്തർപ്രദേശിൽ ഐപിസി വകുപ്പ് 498 A ക്ക് കീഴിൽ രജിസ്റ്റർ ചെയ്തത് 19,889 കേസുകളാണ്. രാജ്യത്തെ ഏറ്റവും ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമായതിനാൽ കണക്കിലെ ഈ വലുപ്പം സ്വാഭാവികമായി കാണാം. നിരക്കടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത് തെലങ്കാനയാണ്. ഒരു ലക്ഷത്തിൽ 55.5 സ്ത്രീകൾ തെലങ്കാനയിൽ ഭർതൃ വീടുകളിൽ നിന്ന് ആക്രമണം നേരിടുന്നുവെന്ന് NCRB റിപ്പോർട്ട് പറയുന്നു. ഈ നിരക്കുകൾ പരിശോധിച്ചാൽ ഭർതൃ ഗൃഹങ്ങളിൽ നിന്നുള്ള അതിക്രമങ്ങളിൽ കേരളത്തിന് ആറാം  സ്ഥാനമാണ്. 25.3 ആണ് ഒരു ലക്ഷത്തിൽ കേരളത്തിൽ ഈ അതിക്രമങ്ങളുടെ നിരക്ക്.

സ്ത്രീധനത്തെ ചൊല്ലിയുള്ള മരണങ്ങളും ‘വീടി’നകത്തെ സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടി കാണിക്കുന്നു. 2023 ൽ സ്ത്രീധനത്തിന്റെ പേരിൽ രാജ്യത്തുണ്ടായത് 6,156 മരണങ്ങളാണ്. സ്ത്രീധന മരണ നിരക്കിൽ ഒന്നാംസ്ഥാനത്ത് ഉത്തർപ്രദേശാണ് (1.9). ഈ കണക്കിൽ രാജ്യത്ത് ഇരുപത്തിമൂന്നാം സ്ഥാനത്താണ് കേരളം. കേരളത്തിന് കീഴിലായി നാല് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തമിഴ്നാടും മാത്രമാണുള്ളത്.

വീടുകളിൽ നിന്ന് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെപ്പറ്റി ദേശീയ കുടുംബാരോഗ്യ  സർവേ (NFHS) റിപ്പോർട്ടും വിവരിക്കുന്നുണ്ട്. 2020 -2021 ൽ പുറത്തിറങ്ങിയ അഞ്ചാം NFHS റിപ്പോർട്ട് രാജ്യത്തെ വിവാഹം കഴിഞ്ഞതോ വിവാഹമോചിതരോ ആയ സ്ത്രീകളിൽ 44.4 ശതമാനം പേരും പതിനഞ്ച് വയസ്സിന് ശേഷം ഒരിക്കലെങ്കിലും ശാരീരികാതിക്രമം നേരിട്ടിട്ടുണ്ട്. ഇവരിൽ  91.7 ശതമാനവും അതിക്രമം നേരിട്ടുണ്ടാവുക  ഭർത്താക്കന്മാരിൽ നിന്നാണെന്നും NFHS കണക്കുകൾ പറയുന്നു. ഈ സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ ഗാർഹിക പീഡനം നേരിട്ട 86 ശതമാനം പേരും താൻ നേരിട്ട  അക്രമത്തെ കുറിച്ച് മറ്റൊരാളോട് പറഞ്ഞിട്ടില്ല .

  ഗാർഹിക പീഡനങ്ങളുടെ കാരണങ്ങളെപ്പറ്റി പഠനങ്ങൾ മൂന്ന് സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

  1. രാജ്യങ്ങളുടെ നിയമനിർമ്മാണത്തിലെ അപര്യാപ്തത 
  2. ഇരകളുടെ സാമ്പത്തിക സുസ്ഥിരതയുടെ അഭാവം .
  3. പ്രതികൂല  സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ.

യുഎൻ വുമൺ റിപ്പോർട്ടനുസരിച്ച്, പങ്കാളിയിൽ നിന്ന് അക്രമം നേരിടുന്ന സ്ത്രീകളുടെ ആഗോള ശരാശരി 11 ശതമാനമാണ്. സുസ്ഥിര വികസന സൂചികയിൽ ഏറ്റവും കുറവ് വികസനം രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ ഈ നിരക്ക് കൂടുതലാണെന്ന് കാണാം . ഏതാണ്ട്   18 ശതമാനം . ആഗോള സുസ്ഥിര വികസന സൂചികയിലെ പുരോഗതി റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ശക്തമായ നിയമ സംവിധാനങ്ങളുള്ള രാജ്യങ്ങളിലേക്കാൾ 2.5 മടങ്ങ് അധികം അക്രമമാണ് അതില്ലാത്ത രാജ്യത്തെ സ്ത്രീകൾ പങ്കാളികളിൽ നിന്ന് നേരിടുന്നത്.  സ്ത്രീ ശരീരത്തെയും അതിന്റെ പരമാധികാരത്തെയും നിയന്ത്രിക്കുന്ന സ്വഭാവങ്ങളുള്ള സമൂഹത്തിൽ പങ്കാളികളിലെ അതിക്രമത്തിന്റെ തോതും അതനുസരിച്ച് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പഠനം പറയുന്നു.

 പങ്കാളികൾക്കിടയിൽ സമത്വം ഉണ്ടാവുന്നതിൽ  സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം പ്രധാന ഘടകമാണ്. സാമ്പത്തിക സുസ്ഥിരത പത്ത് ശതമാനം കൂടുംതോറും സ്ത്രീകൾക്ക് പങ്കാളികളിൽ നിന്ന് അക്രമമേൽക്കുന്നതിന്റെ തോത് രണ്ട് ശതമാനം കുറയുമെന്ന് ഐക്യരാഷ്ട്ര സഭ തന്നെ പറയുന്നുണ്ട്.

സ്ത്രീകൾ എല്ലായിടത്തും ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും സാമൂഹിക സാഹചര്യങ്ങളനുസരിച്ച് ഇതിന്റെ സാധ്യതകളിൽ മാറ്റം വരുന്നുണ്ട്. ഏറ്റവും കുറഞ്ഞ വരുമാനമുള്ള, സംഘർഷ സാധ്യത നിലനിൽക്കുന്ന, രൂക്ഷമായ കലാവസ്ഥാവ്യതിയാനങ്ങളുള്ള രാജ്യങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ന്യൂസ്ലാൻഡ്,ഓസ്ട്രേലിയ രാജ്യങ്ങൾ ഒഴികെയുള്ള ഓഷ്യാന പ്രദേശങ്ങളിൽ ഈ വ്യത്യാസം പ്രകടമാണ്. പങ്കാളികളിൽ നിന്നുള്ള അക്രമത്തിന്റെ ആഗോള ശരാശരി 11 ശതമാനമായപ്പോൾ, മുകളിൽ പറഞ്ഞ പ്രശ്നങ്ങളിലേതെങ്കിലും ബാധിക്കുന്ന ഓഷ്യാന പ്രദേശത്ത് ഈ നിരക്ക് 38 ശതമാനമാണ്.

ഇതിനൊക്കെ പുറമേ സ്ത്രീകളുടെ വിദ്യാഭ്യാസവും പ്രധാന ഘടകമാണെന്ന് NFHS റിപ്പോർട്ടിൽ വ്യക്തമാവുന്നുണ്ട്. പങ്കാളികളിൽ നിന്ന് ഒരിക്കലെങ്കിലും അതിക്രമം അനുഭവിച്ചിട്ടുള്ളതിൽ 72.2 ശതമാനവും പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരോ അഞ്ച് വർഷത്തിൽ താഴെ മാത്രം വിദ്യാഭ്യാസം കിട്ടിയിട്ടുള്ളവരോ ആണ്.

സ്ത്രീഹത്യകളും,അതിക്രമങ്ങളും തടയാൻ യുഎൻ വുമൺ ആവശ്യപ്പെടുന്നത്, അക്രമങ്ങൾക്കെതിരെയുള്ള നിയമ സംവിധാനങ്ങൾ, പ്രത്യേക കോടതികൾ, അതിജീവിതരെ കേന്ദ്രീകരിച്ചുള്ള സഹായ സംവിധാനങ്ങൾ, ക്യാംപെയ്നുകൾ എന്നിവയൊക്കെയാണ്. ഇന്ത്യയിൽ ഇതിൽ ഭൂരിഭാഗവും നിലവിലുണ്ടായിട്ടും അതിക്രമങ്ങളുടെ എണ്ണത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാവുന്നില്ല എന്നതാണ് യാഥാർഥ്യം. 

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top