സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന ദളിത് വർത്തമാനവും ചരിത്രവും 

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന ദളിത് വർത്തമാനവും ചരിത്രവും 

സാമൂഹ്യമാധ്യമങ്ങള്‍ ജാതി നിരപേക്ഷമാണോ? പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ അല്‍ഗോരിതങ്ങള്‍ക്കും നിയന്ത്രണസംവിധാനങ്ങള്‍ക്കും ജാതിക്കതീതമായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ഇല്ലെന്നാണ് യുകെ യിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്ത്, സ്വീഡനിലെ ജോൺകോപിങ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെ ചരിത്രവും ജീവിതാനുഭവങ്ങളും വ്യവസ്ഥാപിതമായി മറച്ചുവെക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നുവെന്ന് ഗവേഷകർ പറയുന്നു. 

 “എത്ര സമ്പാദിച്ചാലും ആ പഴയ കോളനി സ്വഭാവം മാറില്ല” 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട ജാതി അധിക്ഷേപമാണിത്. മകന്റെ വിവാഹവേദിയിൽ, ഐ എം വിജയൻ നിൽക്കുന്ന ദൃശ്യങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ കിട്ടിയ കമന്റാണിത്. നിലവിളക്ക് കത്തിച്ചു വെച്ചിരിക്കുന്ന വേദിയിൽ ചെരിപ്പിട്ട് കയറിയതാണ് കുറ്റം.

സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം നടക്കുന്ന ജാതി അധിക്ഷേപങ്ങളിൽ ഏറ്റവും സമീപകാലത്തുണ്ടായ ഒന്ന് മാത്രമാണിത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു വരെ സാമൂഹ്യമാധ്യമങ്ങളിലെ ജാതിവെറിക്ക് ഇരയായിട്ടുണ്ട്. ഭരണകൂടത്തിനെതിരെയുള്ള പോസ്റ്റുകളും റീലുകളും നീക്കം ചെയ്യാൻ ഔത്സുക്യം കാട്ടുന്ന സാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾക്ക് എന്ത് കൊണ്ട് ജാതിയധിക്ഷേപങ്ങൾക്കെതിരെ അത്തരമൊരു നിലപാടെടുക്കാൻ സാധിക്കുന്നില്ല എന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ട്. നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തന സംവിധാനം തന്നെ അടിമുടി ദളിത് വിരുദ്ധമാണെന്ന് പുതിയ പഠനം അടിവരയിടുന്നു.

നിഷ്കാസനം ചെയ്യപ്പെടുന്ന ചരിത്രം 

സാമൂഹ്യ മാധ്യമങ്ങൾ ഇന്ത്യയിലെ ദളിത് സമൂഹത്തിന്റെ ചരിത്രവും ജീവിതാനുഭവങ്ങളും വ്യവസ്ഥാപിതമായി മറച്ചുവെക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതായി “യു ബിലോങ് ടു ഗട്ടേഴ്സ്, നോട്ട് ഫേസ്ബുക്ക് ഓർ ട്വിറ്റർ: റിക്കവറിങ് ദളിത് ഹിസ്റ്ററീസ് ഫ്രം ദി ഷാഡോസ് ഓഫ് സോഷ്യൽ മീഡിയ” എന്ന തലക്കെട്ടിലുള്ള ഈ പഠനം വ്യക്തമാക്കുന്നു. നിരന്തരമായ സൈബർ ആക്രമണങ്ങളും അൽഗോരിതത്തിന്റെ പക്ഷപാതിത്വവും കാരണം ദളിത് ഉപഭോക്താക്കൾ സാമൂഹ്യ മാധ്യമങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണെന്നാണ് പഠനം പറയുന്നത്. വിദ്വേഷ പ്രചാരണങ്ങളെ തടയാൻ സാധിക്കാത്തതും അതിനുള്ള സംവിധാനങ്ങള്‍ പോലുമില്ലാത്തതും ദളിതരെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നകറ്റുന്നുവെന്നും ഈ പഠനം പറയുന്നു. ‘ബിസിനസ് ആൻഡ് സൊസൈറ്റി’ എന്ന പ്രമുഖ അക്കാദമിക് ജേണലിലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സവര്‍ണ്ണാധിപത്യം സാമൂഹ്യമാധ്യമങ്ങളില്‍

ഇന്ത്യൻ സമൂഹത്തിലെ സവർണ്ണാധിപത്യം സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു. അതിനാൽ തന്നെ സമൂഹ്യ മാധ്യമങ്ങളുടെ അൽഗോരിതങ്ങൾ സവർണ്ണ സ്വഭാവമുള്ള ‘കണ്ടന്റുകൾ’ കൂടുതൽ പ്രചരിപ്പിക്കുന്നു. ഇതിനോടൊപ്പം ദളിതരുടെ ജീവിതാനുഭവങ്ങളും ചരിത്രവും സാമൂഹ്യ മാധ്യമങ്ങളുടെ അൽഗോരിതങ്ങൾ തമസ്കരിക്കുന്നെന്ന് പഠനം വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ദളിത് ഉപഭോക്താക്കളുടെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളുടെ ‘വ്യവസ്ഥാപിത മറവി’ യെന്നാണ് (Systematized forgetting) എന്നാണ് പഠനം ഇതിനെ വിശേഷിപ്പിച്ചത്.

സമ്മിശ്രചരിത്രം അദൃശ്യവത്കരിക്കപ്പെടുമ്പോള്‍ 

സാമൂഹ്യ മാധ്യമങ്ങൾ ചരിത്ര വിവരങ്ങളുടെ ‘മധ്യസ്ഥരായാണ്’ പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഓൺലൈനിൽ ലഭ്യമായുള്ള വിവിധ ചരിത്ര രേഖകളെ കൂട്ടിയിണക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തങ്ങൾക്ക് ലഭ്യമായ ചരിത്ര രേഖകൾ കൊണ്ട് ഉപഭോക്താക്കൾ തന്നെ ചരിത്രത്തെ അവരവരുടെ കാഴ്ചപ്പാടുകളിൽ പുനർനിർവചിക്കുന്നു. ഇതിനെ സമ്മിശ്ര ചരിത്രം (mélange history) എന്ന് വിളിക്കാവുന്നതാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് തങ്ങളുടെ ചരിത്രപരമായ അറിവുകൾ വീണ്ടെടുക്കാനും അതിലൂടെ ഭാവി രൂപപ്പെടുത്താനും ഈ ഡിജിറ്റൽ സംസ്കാരം സഹായിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന കടുത്ത ജാതി വിവേചനം ഡിജിറ്റൽ ലോകത്തേയും പൂര്‍ണ്ണമായി ഗ്രസിച്ചിരിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. തുല്യ പ്രാതിനിധ്യത്തിന് പകരം, ദളിതരുടെ ചരിത്രപരവും സമകാലികവുമായ അനുഭവങ്ങളെ മറച്ചുവെക്കാനും തെറ്റായി ചിത്രീകരിക്കാനും ഇല്ലാതാക്കാനുമാണ് സാമൂഹ്യ മാധ്യമങ്ങൾ വഴിയൊരുക്കുന്നതെന്ന് പഠനം പറയുന്നു. മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകള്‍, എക്സ് (ട്വിറ്റർ) തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെയാണ് ഇവർ പഠനത്തിനായി തെരഞ്ഞെടുത്തത്. ദളിത് സമൂഹം സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മൂന്ന് കാരണങ്ങളാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്.

അൽഗോരിതത്തിന്‍റെ പക്ഷപാതം

സാമൂഹ്യ മാധ്യമങ്ങളുടെ ‘ഉള്ളടക്ക വിതരണ സംവിധാനം’ തന്നെ (Content Distribution) ദളിത് സമൂഹങ്ങളെ അവഗണിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പഠനം പറയുന്നു. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ നിഷ്പക്ഷമല്ല. കൂടുതൽ ആളുകളിലേക്ക് എത്തുന്ന ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വാഭാവികമായും ഭൂരിപക്ഷമുള്ള സവർണ്ണ വിഭാഗങ്ങളുടെ ഉള്ളടക്കങ്ങൾക്ക് ഇത് കൂടുതൽ പ്രചാരം നൽകുന്നു. ഇതിനാൽ പ്രധാനപ്പെട്ട ഹിന്ദു ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളെ (ഉദാഹരണത്തിന് #diwali) അൽഗോരിതം കൂടുതൽ ആളുകളിലേക്ക് എത്തിക്കും. എന്നാൽ ദളിത് ചരിത്രവുമായി ബന്ധപ്പെട്ട #DalitHistoryMonth അല്ലെങ്കിൽ #AmbedkarJayanti തുടങ്ങിയ ഹാഷ്‌ടാഗുകൾ ട്രെൻഡിംഗിൽ വരാതിരിക്കുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി. ‘ഘടനാപരമായ അദൃശ്യ വൽക്കരണ’മെന്നാണ് (Structural Invisibility) ഇതിനെ പഠനം വിശേഷിപ്പിക്കുന്നത്.

ദളിതർ നേരിടുന്ന അതിക്രമങ്ങളെ തെറ്റായി പ്രചരിപ്പിക്കാൻ വരെ അൽഗോരിതത്തിന്റെ ഈ പക്ഷപാതം കാരണമാകുന്നുണ്ട്. പഠനമനുസരിച്ച്, ഒരു ദളിത് വിവാഹഘോഷയാത്രയ്ക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ചുള്ള വാർത്ത എക്സിന്‍റെ (X) നിർമിത ബുദ്ധി (AI) ‘ഫാഷൻ’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. ജാതീയ അധിക്ഷേപങ്ങളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ നിർമിത ബുദ്ധിക്ക് നൽകാത്തത് കൊണ്ടാകാം ഇതെന്ന് പഠനം പറയുന്നു.

ജാത്യാധിക്ഷേപത്തിന്‍റെ മറുഭാഷ 

ജാതീയ അധിക്ഷേപങ്ങൾക്കായി ചില സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പലതരം മറുഭാഷകള്‍ ഉപയോഗിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ദളിത് (Dalit) എന്ന വാക്കിന് പകരം ‘D@lit’ അല്ലെങ്കിൽ ‘Dolit’ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവർ ‘ഹേറ്റ് സ്പീച്ച് ഫിൽട്ടറുകളെ’ മറികടക്കുന്നത്. ഡോ. ബി.ആർ. അംബേദ്കറെ സൂചിപ്പിക്കാൻ ‘BRA’ എന്ന വാക്കും, അംബേദ്കർ വാദികളെ സൂചിപ്പിക്കാൻ ‘ഭീംതേ’ (Bhimte) എന്ന വാക്കും സൈബർ ഇടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ‘ഹിംഗ്ലീഷിലുള്ള’ (ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷ) ഇത്തരം അധിക്ഷേപങ്ങളുടെ സാംസ്കാരിക പശ്ചാത്തലം തിരിച്ചറിയാൻ സാമൂഹ്യ മാധ്യമങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുന്നില്ല.

Compilation of screenshots from X showing targeted casteist slurs and hate speech using terms like Bhimte and Bhimtas against the Dalit community, mocking reservations and scholarships
‘Bhimte’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്ന എക്സ് പോസ്റ്റുകൾ

ദളിത് പ്രതിരോധങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നെന്നും പഠനം പറയുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകൾ ‘അശ്ലീല ഉള്ളടക്ക’മെന്ന് പറഞ്ഞ് നീക്കം ചെയ്യുന്നുമുണ്ട്.

ജാതീയതയെ പ്രോത്സാഹിപ്പിക്കുന്ന കോർപ്പറേറ്റ് ‘നയം’

രണ്ടാമത്തെ പ്രതിസന്ധി സോഷ്യൽ മീഡിയ കമ്പനികളുടെ നയപരമായ പോരായ്മകളാണെന്ന് പഠനം വ്യക്തമാക്കുന്നു. ജാതീയ അധിക്ഷേപങ്ങൾക്കെതിരെ കമ്പനികൾക്ക് വ്യക്തമായ നയങ്ങളില്ലാത്തത് കാരണം ദളിത് ശബ്ദങ്ങൾ ഡിജിറ്റൽ ലോകത്ത് കേൾക്കപ്പെടാതെ (unheard) പോകുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. പ്രമുഖസാമൂഹ്യ മാധ്യമ സ്ഥാപനങ്ങൾക്കൊന്നും ‘ജാതിവിവേചനം’ തിരിച്ചറിയാനുള്ള പ്രത്യേക വകുപ്പുകളില്ല. ഇതിനാൽ തന്നെ ഉപയോക്താക്കൾക്ക് ജാതി അധിക്ഷേപങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നില്ല.

മറുഭാഷകൾ ഉപയോഗിച്ചിരിക്കുന്ന എക്സ് പോസ്റ്റുകൾ

മറ്റേതെങ്കിലും കാരണങ്ങൾ കാണിച്ച് ജാതി അധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും, മോഡറേറ്റർമാർ ആ പരാതികൾ നിരസിക്കുകയാണ് പതിവ്. ഈ ഉള്ളടക്ക നിരീക്ഷകര്‍ക്ക് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ കുറിച്ചോ അതിന്‍റെ ‘സാംസ്കാരിക പശ്ചാത്തല’ ത്തെ കുറിച്ചോ അടിസ്ഥാന ധാരണ പോലും ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് പഠനം പറയുന്നു.

പേരു നോക്കി പക്ഷപാതം 

ഇതിനുദാഹരണമായി ചില ഉപഭോക്താക്കളുടെ അനുഭവങ്ങളെപ്പറ്റിയും പഠനത്തിൽ പരാമർശമുണ്ട്. മതഗ്രന്ഥങ്ങളിലെ വിവേചനപരമായ ഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് പോസ്റ്റിട്ട പ്രവീൺ എന്ന ദളിത് ഉപയോക്താവിനെ, ഫേസ്ബുക്ക് വിലക്കിയിട്ടുണ്ട്. സവർണ്ണ ഗ്രൂപ്പുകളുടെ കൂട്ടത്തോടെയുള്ള റിപ്പോർട്ടിംഗിനെ തുടർന്നാണ് ഇതുണ്ടായത്. ഇതേസമയം, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ സംവരണ നയങ്ങളെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനെതിരെ നടപടിയെടുത്തില്ല എന്ന് മാത്രമല്ല, പോസ്റ്റിന് നേരെ ദളിത് വിഭാഗങ്ങളിൽ നിന്നുണ്ടായ വിയോജിപ്പുകൾ തമസ്കരിക്കപ്പെടുകയാണ് ചെയ്തത്. 

ഇത്തരത്തിൽ ഡിജിറ്റൽ ചരിത്രരേഖകൾ സവർണ്ണ കാഴ്ചപ്പാടുകൾക്ക് അനുകൂലമായി മാറുന്നുവെന്ന് പഠനം പറയുന്നു.

ദളിതരുടെ നിര്‍ബന്ധിത പിന്മാറ്റം 

തുടർച്ചയായ സൈബർ ആക്രമണങ്ങളും വിദ്വേഷവും ഭയന്ന് ദളിത് ഉപയോക്താക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ബോധപൂര്‍വം പിന്മാറുന്ന (participatory withdrawal) അവസ്ഥയുമുണ്ട്. സോഷ്യൽ മീഡിയയിൽ നേരിടുന്ന മാനസിക അതിക്രമങ്ങൾ കാരണം പല ദളിത് ഉപയോക്താക്കളും സ്വയം സെൻസർഷിപ്പിന് വിധേയരാകുന്നുവെന്ന് പഠനം പറയുന്നു. സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പലരും തങ്ങളുടെ യഥാർത്ഥ പേരുകൾ മാറ്റി സവർണ്ണ പേരുകൾ സ്വീകരിക്കുന്നതായും ഗവേഷകർ കണ്ടെത്തി. ചിലർ പ്രൊഫൈൽ ചിത്രങ്ങൾ മറച്ചു വച്ചാണ് ആക്രമണങ്ങളിൽ നിന്ന് ‘രക്ഷപ്പെടുന്നത്’. 

ഒരു ഭിന്നശേഷിക്കാരനായ ദളിത് ഉപയോക്താവ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ ‘ലംഗ്ഡാ’ (വൈകല്യമുള്ളയാൾ) എന്ന് വിളിച്ചാണ് വലതുപക്ഷ അക്കൗണ്ടുകൾ അയാളെ അധിക്ഷേപിച്ചത്. കേവലം ശാരീരിക വൈകല്യത്തെ പരിഹസിക്കുന്നതിലുപരി, ദളിത് ശരീരങ്ങൾ അശുദ്ധമാണെന്ന സന്ദേശമാണ് ഈ വാക്ക് നൽകുന്നതെന്ന് പഠനത്തിൽ പറയുന്നു. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ കാരണം പലരും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ (digital detox) നിർബന്ധിതരാകുന്നു. ഇത് ഭാവിയിലെ ഡിജിറ്റൽ ചരിത്രരേഖകളിൽ നിന്ന് ദളിതരുടെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കാൻ കാരണമാകുന്നതായും ഇവർ പറയുന്നു.

ദളിത് സ്ത്രീകള്‍ നേരിടുന്ന ഇരട്ട പ്രഹരം

ഡിജിറ്റൽ ലോകത്ത് ദളിത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അതിരൂക്ഷമാണെന്ന് പഠനം പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. ജാതിവ്യവസ്ഥയുടെയും പുരുഷാധിപത്യത്തിന്റെയും ഇരട്ട വിദ്വേഷമാണ് ഇവർക്ക് നേരെയുണ്ടാകുന്നത്. ‘ഭംഗി’ (തോട്ടിപ്പണിയുമായി ബന്ധപ്പെട്ട ജാതി അധിക്ഷേപം) പോലുള്ള വാക്കുകളും, ‘മുലക്കരം’ പോലുള്ള ചരിത്രപരമായ പീഡനങ്ങളെ ഓർമ്മിപ്പിക്കുന്ന പരാമർശങ്ങളും നടത്തിയാണ് ഇവരെ കടന്നാക്രമിക്കുന്നത്. ദളിത് സ്ത്രീകളെ സാംസ്കാരികമായി തരംതാഴ്ത്താൻ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ അവരുടെ വലിയ തോതിലുള്ള ഡിജിറ്റൽ പിന്മാറ്റത്തിന് കാരണമാകുന്നു.

പാർശ്വവത്കൃതർ നേരിടുന്ന ഡിജിറ്റൽ അന്തരം 

ഇന്ത്യയിലെ ഗ്രാമീണ ദളിത് മേഖലകളിൽ നിലനിൽക്കുന്ന ഡിജിറ്റൽ അന്തരവും (Digital Divide) ദളിതർക്ക് നേരെയുള്ള ഈ അന്യവൽക്കരത്തിന് ആക്കം കൂട്ടുന്നതായി പഠനം വ്യക്തമാക്കുന്നു. കുറഞ്ഞ ഡാറ്റാ പ്ലാനുകളും വിലകുറഞ്ഞ മൊബൈൽ ഫോണുകളുമാണ് ഇവരുപയോഗിക്കുന്നത്. ഇതുപയോഗിച്ച് സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്ക് പ്രിയപ്പെട്ട രീതിയിലുള്ള ഹൈ-ക്വാളിറ്റി വീഡിയോകളോ ഉള്ളടക്കങ്ങളോ നിർമ്മിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. ഇന്ത്യയിൽ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഓഫ് ലൈന്‍ ജാതി അധിക്ഷേപങ്ങൾക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഡിജിറ്റൽ ലോകത്തെ കുറ്റകൃത്യങ്ങളിൽ ഈ നിയമം ഫലപ്രദമാകുന്നില്ലെന്നാണ് പഠനത്തിൽ പങ്കെടുത്ത ഉപഭോക്താക്കളുടെ അനുഭവം. ഡിജിറ്റൽ ഇടങ്ങളിലെ കേസുകളിൽ ശിക്ഷാനിരക്ക് വളരെ കുറവായതിനാൽ നിലവിലെ നിയമവ്യവസ്ഥയിൽ ഇവർക്ക് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും പഠനത്തിൽ പറയുന്നു. 

പ്രതിരോധവും ബദൽ ഡിജിറ്റൽ ലൈബ്രറികളും

കടുത്ത വിവേചനങ്ങൾക്കിടയിലും ദളിത് സമൂഹം ഡിജിറ്റൽ ലോകത്ത് ശക്തമായ പ്രതിരോധം തീർക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അൽഗോരിതങ്ങളുടെ പക്ഷപാതം മറികടക്കാൻ അവർ സ്വന്തമായി ഡിജിറ്റൽ ലൈബ്രറികളും ബദൽ ആർക്കൈവുകളും രൂപീകരിക്കുന്നു. ‘വെളിവട’ (Velivada), ‘റൗണ്ട് ടേബിൾ ഇന്ത്യ’ (RTI), ‘ബാവ്സ്’ (BAWS), ‘ദി മൂക്നായക്’ (The Mooknayak) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ദളിത് ചരിത്രവുംപഠനങ്ങളും സൂക്ഷിക്കുന്ന ‘ആർക്കൈവുക’ളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഡിജിറ്റൽ പ്രതിരോധങ്ങൾ അന്താരാഷ്ട്ര തലത്തിൽ പോലും ചലനങ്ങളുണ്ടാക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ഇതിൽ പറയുന്നതനുസരിച്ച്, ‘ഇക്വാലിറ്റി ലാബ്സ്’ എന്ന ഡിജിറ്റൽ കൂട്ടായ്മ തയ്യാറാക്കിയ റിപ്പോർട്ടുകളാണ് അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റ് സെനറ്റിൽ ജാതിവിവേചനം നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് അടിസ്ഥാനമായത്.

കൂടാതെ, അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ്മകളിലൂടെ ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടം ആഗോള ശ്രദ്ധ നേടുന്നുണ്ട്. 2020-ലെ ഹഥ്‌റാസ് ബലാത്സംഗ കേസിന് ശേഷം ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ (#Blacklivesmatter) പ്രസ്ഥാനത്തിന് സമാനമായി ഉയർന്നുവന്ന #DalitLivesMatter ഹാഷ്‌ടാഗ് ഇതിനൊരു ഉദാഹരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 2018-ൽ മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി ‘സ്മാഷ് ബ്രാഹ്മിണിക്കൽ പേട്രിയാർക്കി’ (#smashbrahminicalpatriarchy) എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച ചിത്രം ആഗോളതലത്തില്‍ ദളിത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ചർച്ചക്ക് വഴിവച്ചതായി പഠനത്തിൽ പറയുന്നു.

Protesters holding signs that read "Dalit Lives Matter" and "Murdered by the Caste System" during a demonstration.
2020 ൽ ഉത്തർ പ്രദേശിലെ ഹത്രയിൽ നടന്ന ഒരു സമരത്തിൽ നിന്ന്. Credits: PTI

നിഷ്പക്ഷത എന്ന ‘തോല്‍വി’

ഗവേഷണ സംഘം വ്യക്തമാക്കുന്നത് സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളുടെ നിലവിലെ ‘നിഷ്പക്ഷ’ നയങ്ങൾ പൂർണ്ണ പരാജയമാണെന്നാണ്. വിദ്വേഷ പ്രചാരണത്തിനായുള്ള നിയന്ത്രണങ്ങളിൽ പ്രാദേശികവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. കമ്പനികളുടെ ഡയറക്ടർ ബോർഡുകളിൽ ജാതിവിവേചനങ്ങളെക്കുറിച്ച് ധാരണയുള്ള വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ജാതി അധിക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംവിധാനങ്ങൾ വേണമെന്നും പഠനം ശുപാർശ ചെയ്യുന്നു. ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വരുംതലമുറകളിലും ദളിത് ചരിത്രത്തെ വിസ്മൃതിയിലേക്ക് തള്ളിവിടുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top