
കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര : കോൺഗ്രസ്സ് ഗ്യാരണ്ടിയുടെ നെല്ലും പതിരും
സ്ത്രീകൾക്ക് KSRTC ബസുകളിൽ യാത്ര സൗജന്യമാക്കുമെന്ന കോൺഗ്രസ്സ് പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാണ്? കർണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതി ലക്ഷ്യം നിറവേറ്റിയിട്ടുണ്ടോ? സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും സഞ്ചാരശേഷിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? പ്രഖ്യാപനത്തിനപ്പുറം പദ്ധതിയുടെ പ്രയോഗികതയെ കുറിച്ച് കോൺഗ്രസ്സ് പ്രതികരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിലെ അനുഭവങ്ങൾ മുൻനിർത്തി സൗജന്യയാത്രാ പദ്ധതിയുടെ സാധ്യതകളും വെല്ലുവിളികളും ഒബിസി പരിശോധിക്കുന്നു.
“ശമ്പളത്തിന്റെ നല്ലൊരു പങ്കും ബസ്സിന് കൊടുക്കാനേ തികയുള്ളൂ. ഒന്നുകിൽ വരുമാനം കൂടണം ഇല്ലെങ്കിൽ ഈ ചെലവ് കുറയണം. എന്നാലെ പിടിച്ചു നിക്കാൻ പറ്റൂ” തിരക്കേറിയ കെഎസ്ആർടിസി ബസ്സിലെ നിത്യ യാത്രയ്ക്കിടെ ഒബിസിയുമായി ഫോണിൽ സംസാരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിധി ജെ മധു. കിഴക്കേക്കോട്ടയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന നിധി വെഞ്ഞാറമൂട്ടിലെ സ്വന്തം വീട്ടിൽ നിന്ന് ഒന്നരമണിക്കൂറോളം യാത്ര ചെയ്താണ് ജോലി സ്ഥലത്തെത്തുന്നത്. എന്നാൽ ബസ്സിലെ തിരക്കിനും യാത്ര ചെയ്യേണ്ട ദൂരത്തിനുമൊക്കെയപ്പുറം നിധിയെ അലട്ടുന്ന മറ്റൊരു പ്രശ്നമുണ്ട്. നിത്യേനെയുള്ള യാത്രാക്കൂലി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന ദിവസം ദേശീയ നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ ‘സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര’ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ രണ്ട് വർഷങ്ങളായി നടത്തി വരുന്ന ഈ പദ്ധതി പ്രശംസയും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയതാണ്. സ്ത്രീകളുടെ സഞ്ചാര ശേഷി മെച്ചപ്പെടുത്തുന്നത് മൊത്തം തൊഴിൽശക്തിയുടെ വികാസത്തിന് കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതേ സമയം, കേരളത്തിന്റെ സവിശേഷ സാമ്പത്തിക ഘടനയ്ക്ക് താങ്ങാനാവുന്നതാണോ ഈ പദ്ധതി എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ എന്തൊക്കെയാണ്?
സൗജന്യ യാത്ര : ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പാഠങ്ങൾ
കർണാടക ട്രാൻസ്പോർട്ട് ബസ്സിന്റെ പടികളിൽ കുമ്പിട്ടിരുന്ന് നന്ദി അറിയിക്കുന്ന സ്ത്രീ – 2023 ൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയതിന് പുറകെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ചിത്രം. ചിത്രത്തിലുള്ളത് കർണാടകയിലെ സൻഗോലി ഗ്രാമത്തിലെ നിൻഗവ ശിഗ്ഗഡി എന്ന സ്ത്രീയാണ്. രണ്ട് മണിക്കൂറിലേറെ കാത്ത് നിന്ന് കിട്ടിയ ബസ്സിൽ ടിക്കറ്റ് സൗജന്യമാണെന്ന് കേട്ടപ്പോഴുള്ള ശിഗ്ഗഡിയുടെ നന്ദി പ്രകടനമാണ് ചിത്രത്തിൽ. “ഇത്രയും നാൾ ടിക്കറ്റ് പൈസയ്ക്ക് വേണ്ടി എനിക്കെന്റെ മക്കളോട് ചോദിക്കണമായിരുന്നു. ഇനി എനിക്ക് അവരെ ആശ്രയിക്കേണ്ട.” എന്നാണ് ശിഗ്ഗഡി മാധ്യമങ്ങളോട് പറഞ്ഞത്.

രാജ്യത്ത് സ്ത്രീകൾക്ക് സൗജന്യ ബസ്സ് യാത്ര പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമല്ല കർണാടകം. അതേ സമയം ആഡംബര ബസുകളെ ഒഴിവാക്കി എന്നതൊഴിച്ചാൽ മറ്റ് നിബന്ധനകളൊന്നുമില്ലാതെ ഏറ്റവും ആദ്യം പദ്ധതി നടപ്പാക്കിയത് കർണാടകത്തിലാണ്. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിക്കൊണ്ടുള്ള ‘ശക്തി’ പദ്ധതി കർണാടകത്തിൽ നിലവിൽ വന്നത് 2023 ജൂൺ 11 നാണ്. സംസ്ഥാനത്തെ നാല് പ്രധാന സർക്കാർ നിയന്ത്രിത പൊതുഗതാഗത കോർപ്പറേഷനുകൾ വഴിയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കിയത്. രണ്ടര വർഷങ്ങൾക്കിപ്പുറം, ഈ വർഷം ഫെബ്രുവരിയിലെ കണക്കനുസരിച്ച് 667 കോടിയോളം സൗജന്യ ടിക്കറ്റുകളാണ് പദ്ധതിക്ക് കീഴിൽ വിതരണം ചെയ്തത്. ഏതാണ്ട് 17,271 കോടി രൂപ മൂല്യം വരും ഇത്രയും യാത്രകൾക്ക്. ഏറ്റവും കൂടുതൽ സ്ത്രീ യാത്രക്കാരുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് സംവിധാനമെന്ന റെക്കോഡും പദ്ധതിക്ക് പിന്നാലെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നേടി.
ശക്തി പദ്ധതിയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ആദ്യഘട്ടത്തിൽ പൂജ്യം രൂപ വിലയുള്ള ടിക്കറ്റും പിന്നീട് യാത്ര ചെയ്യാൻ അർഹരായ സ്ത്രീകൾക്ക് ‘ശക്തി സ്മാർട്ട് കാർഡും’ നൽകുമെന്നായിരുന്നു കർണാടക സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ ഓരോ കോർപ്പറേഷനുകളും വിറ്റ ടിക്കറ്റുകൾ കണക്കാക്കി സംസ്ഥാന സർക്കാർ അർഹമായ പണം നൽകുകയാണ് ചെയ്യുന്നത്.
കേരളമൊഴികെയുള്ള മറ്റെല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും നിലവിൽ ഭാഗികമായോ പൂർണമായോ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ‘വിടിയൽ പയനം’ എന്ന പേരിൽ 2021 ൽ തമിഴ്നാട് സർക്കാർ നടപ്പാക്കിയ പദ്ധതിയിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലുള്ളവർക്കും സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ദീർഘ ദൂര യാത്രകൾ ഉൾപ്പെടുന്നില്ല. കർണാടകത്തിന് ശേഷം ‘സ്ത്രീ ശക്തി’ എന്ന പേരിൽ ആന്ധ്രപ്രദേശും ‘മഹാലക്ഷ്മി’ എന്ന പേരിൽ തെലങ്കാനയും സ്ത്രീകൾക്ക് സൗജന്യ ബസ്സ് യാത്ര പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത് 2019 ൽ ഡൽഹിയിലാണ്. പഞ്ചാബിലും സംസ്ഥാന സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.
സൗജന്യ യാത്രയും സാമ്പത്തിക വെല്ലുവിളികളും
സൗജന്യ ബസ് യാത്രാപദ്ധതി സ്ത്രീകളുടെ സഞ്ചാര ശേഷി വലിയ തോതിൽ കൂട്ടിയിട്ടുണ്ട് എന്നത് അവിതർക്കമായ കാര്യമാണ്. എന്നിരുന്നാലും ഈ പദ്ധതിയുടെ പ്രായോഗികതയെപ്പറ്റിയുള്ള തർക്കങ്ങൾ ഇത് നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ വർഷങ്ങൾക്കിപ്പുറവും തുടരുകയാണ്.
ലോകബാങ്ക് കണക്കുകളനുസരിച്ച്, ഇന്ത്യയിലെ സ്ത്രീകൾ 84 ശതമാനം യാത്രകൾക്കും പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നു. പൊതുഗതാഗത വിപണിയിലെ ഇത്രയും പ്രധാന ഉപഭോക്താക്കൾക്ക് ഒറ്റ ദിവസം കൊണ്ട് യാത്രകൾ മുഴുവൻ സൗജന്യമാക്കുന്നതിലൂടെ, ഈ വിപണിയിലേക്ക് എത്തേണ്ട പണം നിലച്ച് പോകുകയാണ് ചെയ്യുന്നതെന്ന് പദ്ധതിയെ എതിർക്കുന്നവർ വാദിക്കുന്നു. സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളിൽ സ്വകാര്യ ബസ്സുകളിൽ യാത്രക്കാർ കുറയുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഓട്ടോ തൊഴിലാളികളെയും പദ്ധതി പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിൽ സ്ത്രീശക്തി പദ്ധതികാരണമുണ്ടായ വരുമാനനഷ്ടത്തിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളി യൂണിയനുകൾ 2025 സെപ്റ്റബറിൽ സമരം ചെയ്തിരുന്നു. എഐടിയുസി യുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ പ്രധാന ആവശ്യം ഓട്ടോ തൊഴിലാളികളുടെ വരുമാന നഷ്ടം സർക്കാർ വഹിക്കണമെന്നായിരുന്നു.
ഇത് വരെ 11,748 കോടി രൂപയാണ് ‘ശക്തി’ പദ്ധതിക്കായി കർണാടക സർക്കാർ ചെലവാക്കിയത്. എന്നിട്ടും നാല് കോർപറേഷനുകൾക്കായി 4,006 കോടി രൂപ കുടിശ്ശികയുണ്ട്. പദ്ധതിക്ക് ശേഷം വർഷങ്ങളായി പൊതുഗതാഗത കോർപ്പറേഷനുകൾ നഷ്ടത്തിലാണെന്നും സർക്കാരിൽ നിന്നുള്ള തിരിച്ചടവ് വൈകുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
“കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ആദ്യം മുതൽക്കേ നഷ്ടത്തിലാണ്. ഈ പദ്ധതി പ്രഖ്യാപിച്ചതിലൂടെ സാമ്പത്തിക കെണിയിൽ നിന്ന് രക്ഷിക്കുന്നതിന് പകരം കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിൽ തള്ളിയിടുകയാണ് സർക്കാർ ചെയ്തത്”. എന്നാണ് സാമ്പത്തിക ബാധ്യതയെ ചൂണ്ടിക്കാട്ടി കർണാടക പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി നിയമസഭയിൽ പറഞ്ഞത്.
സർക്കാർ ബസ്സുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് ശേഷം സ്വകാര്യ ബസ്സുകളിൽ സ്ത്രീ യാത്രക്കാരില്ലാതാവുന്നതായി കർണാടകയിലെ സ്വകാര്യ ബസ്സ് ഉടമകൾ തന്നെ മാധ്യമങ്ങളോട് പറയുന്നു. സർക്കാർ സൗജന്യമായി കൊണ്ട് പോകുമ്പോൾ സ്ത്രീകളെന്തിന് ഞങ്ങളെ ആശ്രയിക്കണം എന്നാണ് ശിവമോഗ യിലെ പ്രൈവറ്റ് ബസ്സ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ദ ഹിന്ദുവിനോട് പറഞ്ഞത്. കർണാടകയിൽ മാത്രമല്ല, പദ്ധതി നടപ്പാക്കിയ തമിഴ് നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സ്വകാര്യ ബസ്സ് ഓട്ടോ ഉടമകൾ ഇത്തരം ഈ ആശങ്ക മാധ്യമങ്ങളോട് പങ്ക് വെച്ചിട്ടുണ്ട്.
കേരളത്തിലെ സ്വകാര്യ ബസ്സ് ഉടമകളും ഇതേ ആശങ്ക പങ്കുവയ്ക്കുന്നു. “സർക്കാർ നിയമമനുസരിച്ച് തന്നെ ഞങ്ങളുടെ ബസ്സുകളിൽ സ്ത്രീകൾക്കായി സീറ്റ് സംവരണമുണ്ട്. ഈ പദ്ധതി നടപ്പിലാക്കിയാൽ ഞങ്ങൾ അത്രയും സീറ്റിലുള്ളവരെ സൗജന്യമായി കൊണ്ട് പോകണമെന്നാണോ പറയുന്നത്? കർണാടകത്തിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ പദ്ധതിയാണിത്” എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ്സ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഒബിസിയോട് പറയുന്നു.
കണക്കുകളനുസരിച്ച് 7,000 ത്തോളം സ്വകാര്യ ബസ്സുകളാണ് കേരളത്തിലാകെ സർവീസ് നടത്തുന്നത്. ഒരു ദിവസം 40 ലക്ഷത്തോളം യാത്രക്കാർ ഈ ബസ്സുകളെ ആശ്രയിക്കുന്നു. ഇതിൽ അമ്പത് ശതമാനത്തോളം സ്ത്രീയാത്രക്കാരാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാൽ കർണാടകയിൽ സംഭവിച്ചത് പോലെ കേരളത്തിലും സ്വകാര്യ ബസ്സുകളിൽ സ്ത്രീ യാത്രക്കാർ ഇല്ലാകുമോയെന്ന സംശയം അവർ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി ‘പ്രസംഗത്തിൽ പ്രഖ്യാപിച്ചതാണെന്നും’ അതിന്റെ ഭാവിയെ പറ്റി ആലോചിക്കുന്നില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചതായി ഒബിസിയോട് സംസാരിച്ച എറണാകുളം ജില്ല പ്രൈവറ്റ് ബസ്സ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി വ്യക്തമാക്കി. “പ്രഖ്യാപനം വന്നതിന് പിന്നാലെ ഞങ്ങൾ കെപിസിസി യെ ബന്ധപ്പെട്ടിരുന്നു. പ്രസംഗത്തിൽ പറഞ്ഞു പോയതാണെന്നും പദ്ധതിയെ പറ്റി കൂടുതലൊന്നും ആലോചിക്കുന്നില്ലെന്നും അവർ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും സഞ്ചാര ശേഷിയും
“മാസം 14,000 രൂപയാണ് എന്റെ ശമ്പളം. ഒരു ദിവസം ബസ്സിന് മാത്രം 70 രൂപയോളം ചെലവാകും. മാസം 2000 രൂപ. ഇത്രയും ചെലവ് താങ്ങാനാകാതെ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.” ശമ്പളത്തിന്റെ 14 ശതമാനത്തോളം യാത്രയ്ക്ക് തന്നെ ചെലവാക്കുന്നത് ജോലി നിർത്താൻ വരെ പ്രേരിപ്പിക്കുന്നുവെന്നാണ് നിധി ഒബിസിയോട്പറഞ്ഞത്. ഇത് നിധിയുടെ മാത്രം പ്രശ്നമല്ല.
സ്വന്തന്ത്ര ഗവേഷണ സംഘടനയായ ഓബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ (ORF) 2021 ലെ സർവേയനുസരിച്ച് രാജ്യത്ത് 52 ശതമാനം സ്ത്രീകളും നിത്യ യാത്ര സുരക്ഷിതമല്ലാത്തതിന്റെ പേരിൽ മാത്രം വിദ്യാഭ്യാസമോ ജോലി സാധ്യതകളോ നിരസിക്കുന്നു.

തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ യാത്രാ സംവിധാനങ്ങൾക്ക് പ്രാധാന്യമുണ്ട്. ലോക ബാങ്ക് പഠനമനുസരിച്ച് തൊഴിൽ മേഖലയിൽ ഏറ്റവും കുറവ് സ്ത്രീ പങ്കാളിത്തമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകബാങ്കിന്റെ 2025 കണക്കുകൾ പ്രകാരം 32 ശതമാനം സ്ത്രീകൾ മാത്രമേ മൊത്തം തൊഴിൽ ശക്തിയുടെ ഭാഗമാകുന്നുള്ളൂ. എന്നാൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ (NSO) 2025 ഡിസംബറിലെ കണക്കുകളിൽ, മൊത്തം സ്ത്രീകളിൽ 25.3 ശതമാനം മാത്രമേ തൊഴിൽ സംഘാടനത്തിൽ പങ്കാളികളാകുന്നുള്ളൂ. രാജ്യത്തെ നഗര-ഗ്രാമീണ മേഖലകളിലെ സ്ത്രീ തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കണക്കാണിത്. എല്ലാ കണക്കുകളിലും ഭൂരിപക്ഷം സ്ത്രീകളും തൊഴിൽ മേഖലകൾക്ക് പുറത്താണ്. സഞ്ചാര ശേഷിയുടെ പരിമിതി തന്നെയാണ് കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉയർന്ന നിത്യ യാത്രാ ചെലവുകൾ മൂലം സ്ത്രീകൾ നടന്നെത്താവുന്ന ദൂരങ്ങളിൽ മാത്രം ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു. ബാക്കിയുള്ള ഭൂരിപക്ഷം സ്ത്രീകളും സ്വന്തമായി വരുമാനമില്ലാത്തവരാണ്. ഇവർ യാത്രാ ചെലവുകൾക്കായി പൊതുവേ കുടുംബത്തിലെ പുരുഷന്മാരെയാണ് ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെ സ്വന്തം യാത്രാ താൽപര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അവകാശം റദ്ദാക്കപ്പെടുകയും ചെയ്യുന്നു.
‘സൗജന്യമല്ല, വേണ്ടത് തൊഴിൽ മേഖല തിരിച്ചുള്ള ഇടപെടൽ‘
‘സൗജന്യ’ പദ്ധതികൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂട്ടുന്നതിന് പകരം, അവരുടെ തൊഴിൽ സംഭാവനയെ വിലകുറച്ച് കാണിക്കുകയാണ് ചെയ്യുന്നതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. “സ്ത്രീകളെ അവരുടെ തൊഴിൽ മേഖലയനുസരിച്ച് തരംതിരിച്ച്, അതിൽ പരിഗണനയർഹിക്കുന്ന വിഭാഗങ്ങൾക്ക് ആവശ്യമായ യാത്രാ ഇളവുകൾ നൽകുകയാണ് ചെയ്യേണ്ടത്. അങ്ങനെയാണ് യാത്രാ സംവിധാനങ്ങൾ സ്ത്രീ തൊഴിലാളികൾക്ക് അനുകൂലമാക്കുക. സൗജന്യം നൽകുന്നതിലൂടെ സ്ത്രീകൾ അത് കൊണ്ട് മാത്രം നിലനിൽക്കുന്ന വർഗ്ഗമാണെന്ന പൊതുബോധമേ സൃഷ്ടിക്കൂ” ആക്ടിവിസ്റ്റായ സോണിയ ജോർജ് ഒബിസിയോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വനിതാ സ്വതന്ത്ര ട്രേഡ് യൂണിയനായ, ‘സെൽഫ് എംപ്ലോയ്ഡ് വുമൺസ് അസോസിയേഷന്റെ’ (SEWA) ജനറൽ സെക്രട്ടറി കൂടിയാണ് സോണിയ.
ഇന്ത്യയിൽ സർക്കാർ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ ഏറിയ പങ്കും അസംഘടിത മേഖലയിലെ തൊഴിലാളികളാണെന്ന് സോണിയാ ജോർജ് പറയുന്നു. ഇവരെ സംബന്ധിച്ച വ്യക്തമായ കണക്കുകളൊന്നും സർക്കാരുകളുടെ കൈവശമില്ല. ഇത്തരം അസംഘടിത സ്ത്രീ തൊഴിലാളികളെ കണ്ടെത്തി അവർക്ക് ആവശ്യമായ യാത്രാ ഇളവുകൾ നൽകുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് സോണിയാ ജോർജ് പറയുന്നു. “ഈ സമീപനം, അസംഘടിത മേഖലയിലുള്ളവരുടെ തൊഴിൽ സംഭാവനയ്ക്കുള്ള അംഗീകാരം കൂടിയായി മാറും” അവർ കൂട്ടിച്ചേർത്തു.
യാത്രാ ചെലവുകൾ താങ്ങാൻ കെൽപ്പുള്ള സ്ത്രീകൾക്ക് സൗജന്യം നൽകേണ്ട ആവശ്യമില്ല എന്നാണ്, കോൺഗ്രസ്സിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചു കൊണ്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞത്. ‘കോൺഗ്രസ് പ്രഖ്യാപനം നടപ്പാക്കാൻ നിന്നാൽ രണ്ട് മാസത്തിൽ കൂടുതൽ കെഎസ്ആർടിസി നിലനിൽക്കില്ല’ എന്നാണ് മറുപടിയായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
യാത്രാ സംവിധാനങ്ങൾ സൗജന്യമാക്കുന്നതിലൂടെ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് കൂടുതലായി ആകർഷിക്കാൻ കർണാടകത്തിനായിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. ശക്തി പദ്ധതി തുടങ്ങിയതിന് ശേഷം രണ്ട് വർഷം കൊണ്ട് ബാംഗ്ലൂർ നഗരത്തിൽ മാത്രം 23 ശതമാനം സ്ത്രീകൾക്ക് അധികമായി തൊഴിൽ സാധ്യതയുണ്ടായി. കർണാടകയിലെ തന്നെ ഹുബ്ലി നഗരത്തിൽ 21 ശതമാനം സ്ത്രീകളാണ് അധികമായി ജോലി നേടിയത്.

പദ്ധതികൾ ലക്ഷ്യം നിറവേറ്റിയോ?
വലിയവിഭാഗം സ്ത്രീകളുടെ യാത്രാ സംവിധാനം സ്ഥിരപ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും, ‘സൗജന്യ യാത്രാ പദ്ധതികൾ’ സത്യത്തിൽ ലക്ഷ്യം വയ്ക്കുന്ന വിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന ചോദ്യം നിലനിൽക്കുന്നു. 2019-2021 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സർവേ (NFHS) റിപ്പോർട്ട്, 15 നും 49 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ചന്തകളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ നാടിന് പുറത്തേക്കോ ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തെ പറ്റി പഠിച്ചിട്ടുണ്ട്. ഈ പഠന പ്രകാരം രാജ്യത്തെ 58 ശതമാനം സ്ത്രീകൾക്കും ഈ പറഞ്ഞതിൽ മൂന്ന് സാഹചര്യങ്ങളിലും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ഭർത്താവിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ അനുവാദം ലഭിക്കില്ല എന്നത് തന്നെ കാരണം.
ഔപചാരിക വിദ്യാഭ്യാസം നേടാത്തവരോ പ്രൈമറി വിദ്യാഭ്യാസം മാത്രം ഉള്ളവരോ ആയ സ്ത്രീകൾക്കാണ് കൂടുതലും ഒറ്റയ്ക്കുള്ള യാത്രകൾ അപ്രാപ്യമാകുന്നത്. വിദ്യാഭ്യാസമില്ലാത്ത 66 ശതമാനം സ്ത്രീകൾക്കും പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള 62 ശതമാനം സ്ത്രീകൾക്കും റിപ്പോർട്ടിൽ പരാമർശിക്കുന്ന മൂന്ന് സാഹചര്യങ്ങളിൽ ഒന്നിലെങ്കിലും ഒറ്റയ്ക്ക് പോകാൻ അനുവാദം ലഭിക്കുന്നില്ല.
സൗജന്യ ബസ്സ് യാത്രാ പദ്ധതികൾക്കും ഈ വിഭാഗം സ്ത്രീകളെ യാത്രയ്ക്ക് പ്രാപ്തരാക്കുവാൻ പൂർണമായും സാധിക്കുന്നില്ല. കർണാടകത്തിൽ ശക്തി സ്കീമിന്റെ ഭാഗമായി യാത്ര ചെയ്യുന്നവരിൽ പത്ത് ശതമാനം മാത്രമാണ് വിദ്യാഭ്യാസമില്ലാത്തവർ. പ്രൈമറി വിദ്യാഭ്യാസം നേടിയത് 18.5 ശതമാനം പേരും.
പക്ഷേ തമിഴ്നാട്ടിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ സൗജന്യമായി യാത്ര ചെയ്യുന്നതിൽ 23 ശതമാനവും ഔപചാരിക വിദ്യാഭ്യാസം നേടാത്ത സ്ത്രീകളാണ്. സമൂഹത്തിലെ ആണധികാര ഘടനയെ അഴിച്ചു പണിയാതെയുള്ള സൗജന്യ പ്രഖ്യാപനങ്ങൾ ഒരു പരിധിക്കപ്പുറം ലക്ഷ്യം തൊടുന്നില്ല എന്ന് വേണം ഈ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ.
വേണ്ടത് സൗജന്യമോ സുരക്ഷിതത്വമോ?
സാമ്പത്തിക സ്വാതന്ത്ര്യം കഴിഞ്ഞാൽ, പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷിതത്വമില്ലയ്മയാണ് സ്ത്രീകളെ തൊഴിലുകളിൽ നിന്ന് അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) പറയുന്നു. തൊഴിലുകളിൽ നിന്ന് മാത്രമല്ല സ്ത്രീകളുടെ മൊത്തം യാത്രകളെ തടസ്സപ്പെടുത്തുന്നതിലും ഇതിന് പങ്കുണ്ട്. യാത്ര ചെയ്യുന്നതിൽ 56 ശതമാനം സ്ത്രീകളും ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ നിന്ന് ലൈംഗിക അതിക്രമങ്ങൾ നേരിട്ടുണ്ട്.
സൗജന്യ യാത്ര പദ്ധതികൾക്കും പൊതുഗതാഗതങ്ങളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ മുഴുവനായും സാധിക്കുന്നില്ല. ബാംഗ്ലൂരിലെ ‘ശക്തി’ സ്കീം ഗുണഭോക്താക്കളിൽ നടത്തിയ പഠനങ്ങളിൽ, 83 ശതമാനം സ്ത്രീകൾ ബസുകളിലെ സുരക്ഷിതത്വത്തിൽ വ്യത്യാസമൊന്നും തോന്നുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു. ബാംഗ്ലൂരിൽ മാത്രം ശക്തി പദ്ധതിയുടെ ഗുണഭോക്താക്കളിൽ 17.5 ശതമാനം പേരും എന്തെങ്കിലും തരത്തിലുള്ള ശാരീരിക അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്.

Beyond Free Rides എന്ന പഠനത്തിൽ നിന്ന്
സ്ത്രീകളുടെ സുരക്ഷാപ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം കേരളം 2017 ൽ സ്ത്രീകൾക്ക് മാത്രമായി ‘പിങ്ക് ബസ്സുകൾ’ നിരത്തിലിറക്കിയിരുന്നു. സാമ്പത്തിക ബാധ്യത താങ്ങാനാവാതെ 2018 ൽ കെഎസ്ആർടിസി ഇത് നിർത്തലാക്കി. ഈ വർഷം മുതൽ പദ്ധതി വീണ്ടും തുടങ്ങുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഈയിടെ അറിയിച്ചിരുന്നു. എന്നാൽ പിങ്ക് ബസ്സുകളെ ഒരു ശാശ്വത പരിഹാരമായി കാണാൻ സാധിക്കില്ലെന്നും സോണിയാ ജോർജ് സൂചിപ്പിക്കുന്നു. “നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ പിങ്ക് ബസ്സുകൾ ഒരാശ്വാസമായി കണക്കാക്കാം. പക്ഷേ അത് സ്ത്രീ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള ഒരു സമ്പൂർണ്ണ പരിഹാരമല്ല. അതിന് പൊതു യാത്രാ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന തൊഴിലാളി സ്ത്രീകളെ കണ്ടെത്തി അവർക്കാവശ്യമുള്ള ഇളവുകൾ പ്രത്യേകമായി നടപ്പാക്കുക തന്നെ വേണം” സോണിയ പറഞ്ഞു.
‘ശക്തി’ പദ്ധതിയെത്തുടർന്ന് ബാംഗ്ലൂർ നഗരം നേരിട്ട മറ്റൊരു പ്രതിസന്ധി ബസ്സുകളിലെ അമിത തിരക്കാണ്. ഗ്ലോബൽ അലയൻസ് ഫോർ ഫെമിനിസ്റ്റ് ട്രാൻസ്പോർട്ടിന്റെ റിപ്പോർട്ടനുസരിച്ച്, ബാംഗ്ലൂരിൽ മാത്രമുള്ള 1.2 കോടി ജനസംഖ്യക്കായി ആകെയുള്ളത് 6,500 ബസ്സുകളാണ്. ആനുപാതികമായി നോക്കിയാൽ ഇത്രയും ആളുകൾക്കായി 14,000 ബസ്സുകളെങ്കിലും വേണം. പ്രധാന നഗരഭാഗങ്ങളിൽ ആവശ്യത്തിന് ബസ് സർവീസുകൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പലപ്പോഴും തിരക്കേറിയ സമയങ്ങളിൽ ബസുകൾ ലഭ്യമല്ല. ഇത് കാരണം യാത്രക്കാർ ബസ്സ് സമയത്തിന് അനുസരിച്ച് തങ്ങളുടെ യാത്രകൾ ക്രമീകരിക്കാൻ നിർബന്ധിതരാകുന്നു. ബസുകളുടെ എണ്ണം കൂട്ടുന്നത് റോഡിലെ തിരക്കിനെ ബാധിക്കുന്ന അവസ്ഥയും നിലവിലുണ്ട്. സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ ‘പിങ്ക്’ ബസ്സ് സേവനങ്ങളുടെ സാമ്പത്തിക ഭാരം പോലും താങ്ങാനാകാതിരുന്ന കെഎസ്ആർടിസി, സൗജന്യ യാത്രകൾ തുടങ്ങിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കോൺഗ്രസ്സ് തയ്യാറായിട്ടില്ല.
കെ എസ് ആർ ടി സിക്കുണ്ടാകാവുന്ന സാമ്പത്തിക ബാധ്യത
റിപോർട്ടുകളനുസരിച്ച് ദിവസേന 20.5 ലക്ഷം പേരാണ് കെഎസ്ആടിസിയിൽ യാത്ര ചെയ്യുന്നത്. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുന്നതിലൂടെ പണം നൽകി യാത്ര ചെയ്യേണ്ടവർക്ക് കെഎസ്ആർടിസിയിൽ യാത്രാ സൗകര്യം ലഭിക്കില്ലെന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറയുന്നു. “കേരളത്തിലെ മൊത്തം ബസ് യാത്രയിൽ ഇരുപത്തിയഞ്ച് ശതമാനം മാത്രമാണ് കെഎസ്ആർടിസിയുടെ പങ്ക്. ഇതിൽ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാൽ തിരക്ക് കാരണം ബാക്കിയുള്ളവർ മറ്റ് ഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കും. വരുമാനം പിന്നെയും കുറയാൻ മാത്രമേ ഇത് സഹായിക്കൂ” കെഎസ്ആർടിസി തൊഴിലാളികളുടെ സംഘടനയായ കെഎസ്ആർടിഇഎ (KSRTEA) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ഒബിസിയോട് പറഞ്ഞു.
ഈ സാമ്പത്തിക വർഷം 1,399 കോടി രൂപയാണ് സംസ്ഥാന സർക്കാർ പെൻഷനുകൾക്കും മറ്റുമായി കെഎസ്ആർടിസിക്ക് അനുവദിച്ചത്. നിലവിൽ 8.5 കോടിയോളം രൂപയാണ് ശരാശരി പ്രതിദിന വരുമാനം. ഹരികൃഷ്ണൻ പറയുന്നതനുസരിച്ച് കെസ്ആർടിസി യാത്രക്കാരിൽ പകുതിയോളം സ്ത്രീകളാണ്. ഇവർക്ക് സൗജന്യം നൽകിയാൽ ഇപ്പോൾ നൽകുന്നതിന് പുറമെ ദൈന്യംദിന വരുമാനത്തിന്റെ ഈ പകുതിയും സർക്കാർ നൽകേണ്ടി വരും.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ വളരെ പിന്നിൽ നിൽക്കുന്ന രാജ്യത്ത്, നിധിയെ പോലുള്ള തൊഴിലാളിസ്ത്രീകളുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. എന്നാൽ അത്തരം പ്രവർത്തനങ്ങൾ സാമ്പത്തിക ഘടനയെ തകർക്കാത്തതും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക