
ഹിന്ദുത്വ വിദ്വേഷത്തിന് കീഴടങ്ങുന്ന കോർപറേറ്റുകൾ: ബഹിഷ്കരണത്തിന്റെ രാഷ്ട്രീയം
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ നിരവധി ഇന്ത്യൻ കമ്പനികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയ വിദ്വേഷ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം, കോർ റേറ്റുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് മുൻകാലങ്ങളിൽ ബഹിഷ്കരണ ആഹ്വാനങ്ങൾ നടന്നിരുന്നത്. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം ഈ സാഹചര്യം മാറിയിരിക്കുന്നു. മത വികാരം, വർഗീയത, ഹോമോഫോബിയ, തീവ്ര ദേശീയത തുടങ്ങിയ കാരണങ്ങളാലാണ് കമ്പനികൾ ബഹിഷ്കരണം നേരിടുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലെൻസ് കാർട്ടിന്റെ പേര് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഐവെയർ കമ്പനിയാണ് ലെൻസ്‌കാർട്ട് സൊല്യൂഷൻസ് ലിമിറ്റഡ്.
ഏപ്രിൽ 15 ന്, ലെൻസ്‌കാർട്ടിലെ ജീവനക്കാരുടെ ഡ്രസ്സ് കോഡിനെ കുറിച്ചുള്ള ഒരു പോസ്റ്റ് വൈറലായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. തിലകം, പൊട്ട്, സിന്ദൂരം തുടങ്ങിയ ഹൈന്ദവ ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കുന്ന ഒരു സ്റ്റൈൽ ഗൈഡ് ലെൻസ്‌കാർട്ട് പുറത്തിറക്കി എന്നായിരുന്നു പ്രചാരണം. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
ലെൻസ് കാർട്ടിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ സംഘടിതമായ വിദ്വേഷ പ്രചാരണങ്ങളാണ് നടന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലെ വലതുപക്ഷ അക്കൗണ്ടുകളിൽ നിന്ന്. #nobindinobusiness, #BoycottLensKart, #AntiHinduLenskart തുടങ്ങിയ ഹാഷ്‌ടാഗുകൾ കഴിഞ്ഞ ദിവസങ്ങളിൽ ട്രെൻഡിംഗായിരുന്നു. ഈ ഓൺലൈൻ പ്രചാരണം കമ്പനിയുടെ ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചു. ലെൻസ്കാർട്ട് ഓഹരികൾക്ക് ചെറിയതോതിൽ ഇടിവുണ്ടായി.
ലെൻസ്‌കാർട്ടിനെതിരെയുള്ള വിദ്വേഷ പ്രചാരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല; കോർപറേറ്റുകൾക്കെതിരായ ഹേറ്റ് ക്യാമ്പയിൻ ഇന്ത്യയിൽ ഒരു വലിയ സാമൂഹ്യവിപത്തായി മാറിയിരിക്കുന്നു.
2000 മുതൽ 2026 വരെയുള്ള കാലയളവിൽ, ഓൺലൈൻ വഴിയോ പരമ്പരാഗത മാധ്യമങ്ങൾ വഴിയോ പ്രത്യേക ബ്രാൻഡുകളെ ലക്ഷ്യം വച്ചുള്ള ബഹിഷ്കരണങ്ങൾ, ഏകോപിതമായ പ്രചാരണങ്ങൾ, പൊതുവിമർശനങ്ങൾ ഒബിസി സമഗ്രമായി പരിശോധിച്ചു . . 2014ന് മുൻപും ശേഷവും കോര്‍പറേറ്റുകള്‍ക്ക് എതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങളെ കുറിച്ചും അവയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമാണ് ഈ റിപ്പോർട്ട് പരിശോധിക്കുന്നത്.

2019 ലാണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയ്ക്കെതിരെ പ്രചാരണമുണ്ടാകുന്നത്. ശ്രവണ മാസം ആയതിനാൽ, ഭക്ഷണവുമായി വന്ന മുസ്ലിമായ ഡെലിവറി ജീവനക്കാരനിൽ നിന്ന് ഭക്ഷണം വാങ്ങിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു കൊണ്ട് ഒരാൾ എക്സിലിട്ട പോസ്റ്റാണ് സംഭവങ്ങളുടെ തുടക്കം. സൊമാറ്റോയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. അയാളെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ നടന്നു.
ഇതിന് മറുപടിയായി ‘ഭക്ഷണത്തിന് മതമില്ല’ എന്ന സൊമാറ്റോയുടെ പ്രതികരണം ഓൺലൈനിൽ വലിയ പ്രശംസ പിടിച്ചുപറ്റി.
സർഫ് എക്സൽ: ഹോളി ആഘോഷ പരസ്യവും വർഗീയ പ്രതികരണങ്ങളും
2019 മാർച്ചിലാണ് സർഫ് എക്സലിന്റെ ഒരു പരസ്യം സോഷ്യൽ മീഡിയയിൽ പ്രതിഷേധം നേരിട്ടത്. “രംഗ് ലായേ സംഗ്” (നിറങ്ങൾ നമ്മെ ഒന്നിപ്പിക്കുന്നു) എന്ന് പേരിട്ടിരുന്ന ഈ പരസ്യം, ഹോളി ആഘോഷങ്ങൾക്കിടയിലൂടെ തന്റെ മുസ്ലിം സുഹൃത്തിനെ സുരക്ഷിതമായി പള്ളിയിലെത്താൻ സഹായിക്കുന്ന ഒരു ഹിന്ദു പെൺകുട്ടിയെയാണ് ചിത്രീകരിച്ചത്. സാമുദായിക സൗഹാർദ്ദത്തിന്റെ സന്ദേശമാണ് ഇത് നൽകിയത്.
എന്നാൽ പരസ്യം പുറത്തിറങ്ങിയ ഉടൻ തന്നെ, ഇത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ‘ലവ് ജിഹാദ്’പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് തീവ്ര വലതുപക്ഷ അനുഭാവികൾ രംഗത്തെത്തി. ഇതേ ത്തുടർന്ന് എക്സിൽ #BoycottSurfExcel എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗ് ആയി. അതേസമയം, ഒട്ടനവധി ആളുകൾ പരസ്യത്തിന് പിന്തുണയുമായും മുന്നോട്ടുവന്നു.
തനിഷ്ക്: ‘ഏകത്വം’ പരസ്യവും ലവ് ജിഹാദ് ആരോപണവും
2020 ഒക്ടോബറിൽ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് പുറത്തിറക്കിയ ഒരു പരസ്യം വലിയ രീതിയിലുള്ള ഓൺലൈൻ ബഹിഷ്കരണ ആഹ്വാനങ്ങൾ നേരിട്ടു. ബ്രാൻഡ് ‘ലവ് ജിഹാദി’നെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. മിശ്രവിവാഹിതരായ ഹിന്ദു മുസ്ലിം ദമ്പതികളെയാണ് പരസ്യത്തിൽ ചിത്രീകരിച്ചിരുന്നത്. ഗർഭിണിയായ ഹിന്ദു മരുമകൾക്കായി ഹൈന്ദവ ആചാര പ്രകാരം ആഘോഷം നടത്തുന്ന ഒരു മുസ്ലിം കുടുംബമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്.
അവരുടെ വിശ്വാസത്തിന്റെ ഭാഗമല്ലാത്ത ഈ ചടങ്ങ് എന്തിനാണ് ആഘോഷിക്കുന്നത് എന്ന് അത്ഭുതത്തോടെ ചോദിക്കുന്ന മരുമകളോട്, അവൾക്ക് പരിചിതവും അർത്ഥവത്തുമായ രീതിയിൽ അവളുടെ സന്തോഷം ആഘോഷിക്കാൻ കുടുംബം ആഗ്രഹിക്കുന്നു എന്നാണ് അമ്മായിയമ്മ മറുപടി നൽകുന്നത്. എന്നാൽ ഈ പരസ്യ ചിത്രം കടുത്ത ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളാണ് നേരിട്ടത്. തുടർന്ന് തനിഷ്ക് പരസ്യം പിൻവലിച്ചു.
ഫാബ് ഇന്ത്യ: ഉത്സവകാല ബ്രാൻഡിംഗും ഹിന്ദുത്വ വിദ്വേഷവും
2021 ഒക്ടോബറിൽ ഇന്ത്യയിലെ പ്രമുഖ വസ്ത്രബ്രാൻഡായ ഫാബ് ഇന്ത്യയും കടുത്ത ഓൺലൈൻ വിദ്വേഷം നേരിട്ടു. തങ്ങളുടെ ദീപാവലി സ്പെഷ്യൽ കളക്ഷന് ‘ജശ്ൻ-ഇ-രിവാസ്’ (ആചാരങ്ങളുടെ ആഘോഷം) എന്ന ഉറുദു പേര് നൽകിയതായിരുന്നു ഇതിന് കാരണം. പരസ്യചിത്രങ്ങളിൽ മോഡലുകൾ സാരിയും കുർത്തയും ഉൾപ്പെടെയുള്ള പരമ്പരാഗത വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത്. ഉത്സവകാലത്തെ ഇന്ത്യൻ സംസ്‌കാരത്തോടുള്ള ആദരവായാണ്, ബ്രാൻഡ് ഈ കളക്ഷനെ വിശേഷിപ്പിച്ചത്.
എന്നാൽ , ഹിന്ദു ആഘോഷങ്ങളെ ഇസ്ലാമുമായി ബന്ധിപ്പിക്കുന്നു എന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ പ്രചാരണം ശക്തമായി. ദീപാവലി സമയത്ത് പുറത്തിറക്കിയ കളക്ഷന് ഉറുദു പേര് നൽകിയത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. തുടർന്ന് ഫാബ് ഇന്ത്യ ആ പരസ്യം പിൻവലിച്ചു. ഇന്ത്യയുടെ മതേതര സ്വഭാവം ഉയർത്തിപ്പിടിക്കാൻ ഈ ബ്രാൻഡുകൾ ശ്രമിച്ചെങ്കിലും, ആസൂത്രിതമായ ബഹിഷ്കരണ പ്രചാരണങ്ങൾ ആ ശ്രമങ്ങളെ തകിടം മറിച്ചു.
ഐഡി ഫ്രഷ് ഫുഡ്: തെറ്റായ വിവരങ്ങളും വിദ്വേഷ പ്രചാരണവും
2021 സെപ്റ്റംബറിൽ, ഐഡി ഫ്രഷ് ഫുഡിനെ ലക്ഷ്യം വെച്ചുകൊണ്ട് വർഗീയ സ്വഭാവമുള്ള ഒരു സന്ദേശം വാട്ട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ചു. കമ്പനിയുടെ ഇഡ്ഡലി, ദോശ മാവുകളിൽ മൃഗങ്ങളിൽ നിന്നുള്ള ചേരുവകൾ (animal extracts) അടങ്ങിയിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം. കൂടാതെ, കമ്പനിയുടെ സ്ഥാപകരുടെ മത പശ്ചാത്തലം മുൻനിർത്തി, അവർ ‘ഹലാൽ രീതികൾ’ പിന്തുടരുന്നുവെന്നും മുസ്ലീങ്ങളെ മാത്രമേ ജോലിക്ക് എടുക്കുന്നുള്ളൂവെന്നും സന്ദേശത്തിൽ ആരോപിച്ചു. ഈ പ്രചാരണം ഓൺലൈനിൽ വ്യാപകതോടെ, ആരോപണങ്ങൾ ‘തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന്’ വ്യക്തമാക്കി കമ്പനിക്ക് പ്രസ്താവന ഇറക്കേണ്ടി വന്നു. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ വെജിറ്റേറിയൻ ചേരുവകൾ മാത്രമാണ് അടങ്ങിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.
ലുലു മാളും മലബാർ ഗോൾഡും: വ്യാജപ്രചാരണങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും
2022ൽ, ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ലുലു മാളിനുള്ളിൽ ചിലർ നമസ്‌കരിക്കുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നത് ആ ബ്രാൻഡിനെതിരെയുള്ള ബഹിഷ്കരണ പ്രചാരണത്തിന് കാരണമായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന്, മാൾ പരിസരത്ത് മതപരമായ പ്രാർത്ഥനകൾ നിരോധിച്ചുകൊണ്ട് മാൾ അധികൃതർ നോട്ടീസ് പുറപ്പെടുവിച്ചു.
2025ൽ, കേരളം ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും ബഹിഷ്കരണ ഭീഷണി നേരിട്ടു. ഒരു പാകിസ്താനി ഇൻഫ്ലുവൻസറുമായുള്ള ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടർന്നാണിത്. കൂടാതെ, ഈ ബ്രാൻഡ് , മുസ്ലിം പെൺകുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പ് നൽകുന്നത് എന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി.
ഇന്ത്യയിലെ ആദ്യകാല കോർപ്പറേറ്റ് വിരുദ്ധ പ്രതിഷേധങ്ങൾ
ഇന്ത്യയിൽ കോര്പറേറ്റുകൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ദീർഘമായ ചരിത്രമുണ്ട്. 1984 ഡിസംബറിൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് പ്ലാന്റിലുണ്ടായ വിഷവാതക ചോർച്ച ആയിരക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായി. ലക്ഷക്കണക്കിന് ആളുകൾക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് ഇടയാക്കി. ദുരന്തത്തിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ പ്രതിഷേധങ്ങളും നിയമനടപടികളുമുണ്ടായി . വർഷങ്ങളോളം നീണ്ടുനിന്ന വലിയ ജനകീയപോരാട്ടമായി ഈ പ്രതിഷേധങ്ങൾ മാറി .
പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കക്കോളയ്‌ക്കെതിരെ 2002 ൽ തുടങ്ങിയ പ്രതിഷേധമാണ് മറ്റൊരു ശ്രദ്ധേയമായ സമരം . കമ്പനി വൻതോതിൽ ജലചൂഷണവും മലിനീകരണവും നടത്തുന്നു എന്നാരോപിച്ച് നാട്ടുകാർ നടത്തിയ സമരം വര്ഷങ്ങളോളം നീണ്ടു നിന്നു . നീണ്ടകാലത്തെ സമരങ്ങൾക്കൊടുവിൽ 2004ൽ പ്ലാന്റ് അടച്ചുപൂട്ടി. 2026 ഏപ്രിൽ 22ന് ആ പോരാട്ടത്തിന്റെ 24-ാം വാർഷികമായിരുന്നു.
2014-ന് മുൻപും ശേഷവുമുള്ള കോർപ്പറേറ്റ് പ്രതിഷേധങ്ങൾ
ഇന്ത്യയിൽ സോഷ്യൽ മീഡിയയുടെ വരവിനു മുൻപ് തന്നെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. മിക്കപ്പോഴും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ആശങ്കകളോ മറ്റു തർക്കങ്ങളോ ആയിരുന്നു ഇതിന് കാരണമായിരുന്നത്. പൊതുജനങ്ങളിൽ നിന്നുള്ള പെട്ടെന്നുള്ള വിമർശനങ്ങൾക്ക് പകരം ടെലിവിഷൻ, പത്രങ്ങൾ തുടങ്ങിയ ഔദ്യോഗിക മാധ്യമങ്ങളിലൂടെയായിരുന്നു ഇത്തരം പ്രതിഷേധങ്ങൾ അക്കാലത്ത് പ്രചരിച്ചിരുന്നത്.
2001ൽ, അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സ് തങ്ങളുടെ ഫ്രഞ്ച് ഫ്രൈസിൽ പശുവിന്റെ കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. ഇത് മുംബൈയിൽ മക്ഡൊണാൾഡ്സിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായി.
2003ൽ കാഡ്‌ബറിയുടെ ഉല്പന്നങ്ങൾക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധം ഉണ്ടായി. ഇതേ കാലയളവിൽ തന്നെയാണ് പെപ്‌സി, കൊക്കക്കോള എന്നീ കമ്പനികൾ കീടനാശിനി ആരോപണങ്ങളിൽ കുടുങ്ങിയത്. ഇത് പ്രതിഷേധങ്ങൾക്കും നിയന്ത്രണങ്ങൾക്കും ചിലയിടങ്ങളിൽ നിരോധനത്തിനും വഴിതെളിച്ചു.
എന്നാൽ 2014ന് ശേഷം കോർപ്പറേറ്റ് പ്രതിഷേധങ്ങളുടെ സ്വഭാവം മാറാൻ തുടങ്ങി. ഒരു ചെറിയ പോസ്റ്റോ, വീഡിയോയോ അല്ലെങ്കിൽ ഒരു രേഖയോ തന്നെ വലിയ വൈകാരിക പ്രതികരണങ്ങൾ ഉളവാക്കുന്ന സാഹചര്യത്തിലേക്ക് രാജ്യം നീങ്ങി . പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് അതിവേഗം പ്രചരിക്കുകയും, കമ്പനികൾക്ക് പ്രതികരിക്കാൻ പോലും സമയം ലഭിക്കുന്നതിന് മുൻപ് വലിയൊരു വിദ്വേഷ പ്രചാരണമായി മാറുകയും ചെയ്യുന്നു. ഇതിന്റെ വേഗത വർദ്ധിക്കുകയും കമ്പനികൾക്ക് വിഷയത്തിൽ ഇടപെടാനുള്ള സമയം പരിമിതമാവുകയും ചെയ്തു.
ഓൺലൈൻ പ്രതിഷേധങ്ങളുടെ ആദ്യകാല ലക്ഷണങ്ങൾ 2018ലെ ഭാരതി എയർടെൽ വിവാദത്തിൽ കാണാൻ കഴിയും. ഒരു മുസ്ലിം കസ്റ്റമർ സർവീസ് പ്രതിനിധിയിൽ നിന്ന്, സേവനം സ്വീകരിക്കാൻ ഒരു ഉപഭോക്താവ് വിസമ്മതിച്ചതായിരുന്നു ആ സംഭവം.
2019 മുതൽ 2021 വരെ സൊമാറ്റോ സർഫ് എക്സൽ, തനിഷ്ക്, മലബാർ ഗോൾഡ്, ലുലു ഗ്രൂപ്പ്, ഐഡി ഫ്രഷ് ഫുഡ്, ഫാബ് ഇന്ത്യ എന്നിങ്ങനെ നിരവധി ബ്രാൻഡുകൾ തുടർച്ചയായി വിദ്വേഷ പ്രചാരണവും ബഹിഷ്കരണവും നേരിട്ടു . ഉത്പന്നങ്ങളുടെ ഗുണനിലവാരമോ , പാരിസ്ഥിതിക പ്രശ്നങ്ങളോ അല്ല ,മറിച്ച് മത വൈകാരികത മാത്രമാണ് ഈ ബഹിഷ്കരണങ്ങൾക്ക് പിറകിലെ ചാലകശക്തി .
ഇത്തരം സംഭവങ്ങളിൽ മിക്കപ്പോഴും സോഷ്യൽ മീഡിയയിലെ ഒരു ചെറിയ അഭിപ്രായമായാണ് ബഹിഷ്കരണ പ്രവണത തുടങ്ങുന്നത്. വൈകാതെ തന്നെ നെറ്റിസൺസ് ഇത് ഏറ്റെടുക്കുകയും പൂർണ്ണമായ വർഗീയ വിദ്വേഷമായി വളർത്തുകയും ചെയ്യുന്നു. എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇത്തരം ട്രെൻഡുകളുടെ പ്രഭവകേന്ദ്രങ്ങളായി മാറി.
2021ൽ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഡാബറിനെതിരെ ഉണ്ടായ സോഷ്യൽ മീഡിയ പ്രതിഷേധം സ്വവർഗ്ഗാനുരാഗത്തോടുള്ള വിദ്വേഷമാണ് പ്രതിഫലിപ്പിച്ചത്. സ്വവർഗ്ഗ ദമ്പതികൾ കർവാ ചൗത്ത് ആഘോഷിക്കുന്നതായി ചിത്രീകരിച്ച ഡാബർ പരസ്യത്തെ തീവ്ര ഹിന്ദുത്വവാദികൾ രൂക്ഷമായി വിമർശിച്ചു.
ഈ വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിൽ ആരാണ്?
ഈ വിദ്വേഷ പ്രചാരണങ്ങൾക്ക് സംഘടിത സ്വഭാവവും ഏകോപിതമായ ഒരു പ്രവർത്തനശൈലിയുമുണ്ടെന്നാണ് എക്സിലെ ബഹിഷ്കരണ പ്രവണതകളെക്കുറിച്ച് ഒബിസി നടത്തിയ വിശകലനത്തിൽ നിന്ന് മനസിലാവുന്നത്. #BoycottSurfExcel, #BoycottTanishq, #BoycottFabIndia, #Boycottmalabargold, #BoycottLenskart തുടങ്ങിയ ഹാഷ്ടാഗുകൾ ഒരേ അക്കൗണ്ടുകൾ തന്നെയാണ് ആവർത്തിച്ച് ഉപയോഗിക്കുന്നത്.

ഈ അക്കൗണ്ടുകൾ പങ്കുവെക്കുന്ന ബഹിഷ്കരണ അനുകൂല പോസ്റ്റുകൾക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത് എന്നുകാണാം.
പ്രധാന വ്യത്യാസം: 2014-ന് മുൻപും ശേഷവും
ആദ്യകാല സംഭവങ്ങളും സമീപകാല കേസുകളും തമ്മിലുള്ള വ്യത്യാസം അവയുടെ വ്യാപ്തിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ രണ്ട് കാലഘട്ടങ്ങളെയും അടുത്തടുത്ത് വെച്ച് പരിശോധിക്കുമ്പോൾ ഈ മാറ്റം കൂടുതൽ വ്യക്തമാകും.
| സവിശേഷതകൾ | 2014-ന് മുൻപ് | 2014-ന് ശേഷം |
| പ്രധാന കാരണം | ഉൽപ്പന്നത്തിന്റെ ഗുണമേന്മ, ഒറ്റപ്പെട്ട പരാതികൾ. | പരസ്യങ്ങൾ, വീഡിയോകൾ, സ്ക്രീൻഷോട്ടുകൾ, രേഖകൾ. |
| പ്രചരണ രീതി | ടിവി വാർത്തകൾ, പത്രങ്ങൾ, പ്രാദേശിക സമരങ്ങൾ. | എക്സ്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്. |
| വേഗത | ആഴ്ചകളോ ദിവസങ്ങളോ എടുത്തുള്ള സാവധാനത്തിലുള്ള വളർച്ച. | മണിക്കൂറുകൾക്കുള്ളിൽ വ്യാപിക്കുന്നു. |
| പ്രതിഷേധ സ്വഭാവം | ഓരോ വിഷയത്തിലും അധിഷ്ഠിതമായ പരിമിതമായ ചർച്ചകൾ. | മതം, സംസ്കാരം, ദേശീയത എന്നിവയുമായി ബന്ധപ്പെട്ടവ. |
| പങ്കാളിത്തം | ചെറിയ ഗ്രൂപ്പുകൾ, പ്രാദേശികമായ ഇടപെടലുകൾ. | ഓൺലൈൻ കൂട്ടായ്മകൾ, അജ്ഞാത അക്കൗണ്ടുകൾ. |
| രീതി | ചർച്ചകൾ, നേരിട്ടുള്ള പ്രതിഷേധങ്ങൾ, പരാതികൾ. | ഹാഷ്‌ടാഗുകൾ, ട്രോളുകൾ, ബഹിഷ്കരണ ആഹ്വാനങ്ങൾ. |
| കമ്പനികളുടെ പ്രതികരണം | സാവധാനത്തിലുള്ള വിശദീകരണങ്ങൾ. | പരസ്യം പിൻവലിക്കൽ, പെട്ടെന്നുള്ള നയമാറ്റങ്ങൾ. |
| ആഘാതം | വാർത്തകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നവ. | ഓൺലൈനിൽ നിന്ന് നേരിട്ടുള്ള ആക്രമണങ്ങളിലേക്ക് |
മാധ്യമ വാർത്തകൾ, കമ്പനികളുടെ ഭാഗത്ത് നിന്നുള്ള നടപടികൾ,ജനകീയ പ്രതികരണങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ബഹിഷ്കരണത്തിന്റെ വ്യാപ്തി നിശ്ചയിച്ചിരുന്നത്. എന്നാൽ സമീപകാല കേസുകളിൽ, ഒരു വിഷയം എവിടെനിന്ന് ഉത്ഭവിക്കുന്നുവോ അവിടെനിന്ന് തന്നെ അതിന്റെ പ്രചാരണവും ആരംഭിക്കുന്നു.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിനോ വീഡിയോയ്ക്കോ അത് സ്വയം പ്രചരിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതുമൂലം വസ്തുതകൾ പരിശോധിക്കാനോ കമ്പനികൾക്ക് പ്രതികരിക്കാനോ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ നിശ്ചിത അഭിപ്രായങ്ങൾ രൂപപ്പെടുകയും വ്യാപിക്കുകയും ചെയ്യുന്നു. ഇത് കമ്പനികൾക്ക് പ്രതികരിക്കാൻ ലഭിക്കുന്ന സമയം കുറയ്ക്കുകയും, പെട്ടെന്നുള്ള നടപടികളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. വിവിധ സംഭവങ്ങളെ കാലക്രമത്തിൽ രേഖപ്പെടുത്തുമ്പോൾ ഈ മാറ്റം വ്യക്തമായി ദൃശ്യമാകും.

ലെൻസ്‌കാർട്ടിന്റെ വിശദീകരണം
പ്രതിഷേധങ്ങളെത്തുടർന്ന്, ജീവനക്കാർക്ക് പൂണൂൽ, വളകൾ, മംഗളസൂത്രം തുടങ്ങിയ സാംസ്‌കാരികമോ മതപരമോ ആയ ചിഹ്നങ്ങൾ ധരിക്കാമെന്ന് എടുത്തുപറഞ്ഞുകൊണ്ട് ലെൻസ്‌കാർട്ട് തങ്ങളുടെ സ്റ്റൈൽ ഗൈഡ് പുതുക്കി.
ലെൻസ്‌കാർട്ടിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വിശദീകരണം ഇങ്ങനെയാണ്:
“ഇന്ത്യയിൽ ഇന്ത്യക്കാർ ഇന്ത്യക്കാർക്കായി നിർമ്മിച്ചതാണ് ലെൻസ്‌കാർട്ട്. ഞങ്ങളുടെ 2400ലധികം സ്റ്റോറുകൾ നടത്തുന്നത് ഓരോ ദിവസവും തങ്ങളുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും സ്വത്വവും ജോലിസ്ഥലത്തേക്ക് കൊണ്ടുവരുന്ന ആളുകളാണ്. അത് ഒരിക്കലും വാതിലിന് പുറത്ത് ഉപേക്ഷിക്കാൻ ഞങ്ങൾ ആരോടും ആവശ്യപ്പെടില്ല.”
ജനകീയ പ്രതിഷേധങ്ങളിൽ നിന്ന് മതഭ്രാന്തിലേക്ക് – ഇന്ത്യയുടെ പോക്ക് എങ്ങോട്ട്?
ഇന്ത്യയിലെ കോർപ്പറേറ്റ് വിരുദ്ധ പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയുടെ വരവോടെ തുടങ്ങിയതല്ല, എന്നാൽ അവ വ്യാപിക്കുന്ന രീതിയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ആദ്യകാല കോർപ്പറേറ്റ് കാമ്പെയ്‌നുകൾ ഭൂരിഭാഗവും പരിസ്ഥിതി നാശം, പൊതുജനാരോഗ്യ പ്രതിസന്ധികൾ, വ്യാവസായിക അനാസ്ഥയ്ക്കുള്ള ഉത്തരവാദിത്തം തുടങ്ങിയ ന്യായമായ പരാതികളിൽ അധിഷ്ഠിതമായിരുന്നു. ഉദാഹരണത്തിന്, ഭോപ്പാലിലെയും പ്ലാച്ചിമടയിലെയും പോരാട്ടങ്ങൾ കൃത്യമായ തെളിവുകളുള്ള നാശനഷ്ടങ്ങൾക്ക്, നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ മുന്നേറ്റങ്ങളായിരുന്നു.
എന്നാൽ, കഴിഞ്ഞ ദശകത്തിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോർപ്പറേറ്റ് വിരുദ്ധ കാമ്പെയ്‌നുകൾ മതം, സംസ്‌കാരം, അമിത ദേശീയത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സ്വത്വബോധത്തിലൂന്നിയ രോഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പലപ്പോഴും ഒരു പരസ്യം, ഒരു ഡ്രസ് കോഡ് അല്ലെങ്കിൽ ഉൽപ്പന്നത്തിന്റെ പേര് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. വസ്തുതകൾ സ്ഥിരീകരിക്കുന്നതിന് മുൻപുതന്നെ ഏകോപിപ്പിച്ച ഓൺലൈൻ നെറ്റ്‌വർക്കുകൾ വഴി യുക്തിരഹിതമായ ആശങ്കകൾ പ്രചരിപ്പിക്കപ്പെടുന്നു. ഒരുകാലത്ത് പ്രതിഷേധമോ പ്രതിരോധമോ ആയിരുന്നവ, ഇന്ന് പലപ്പോഴും മതവികാരത്താൽ നയിക്കപ്പെടുന്ന വിദ്വേഷ പ്രചാരണങ്ങളായി മാറിയിരിക്കുന്നു.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക