
ജിഷ്ണു പ്രണോയ് മുതൽ നിതിൻ രാജ് വരെ : വിദ്യാർത്ഥികളെ ‘കൊല്ലുന്ന’ കലാലയങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ ക്യാംപസുകളിൽ പത്തോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ജാതി വിവേചനം മുതൽ മാനേജ്‌മെന്റുകളുടെ പീഡനവും സഹവിദ്യാർത്ഥികളുടെ ക്രൂരതകളുമൊക്കെയാണ് ഈ വിദ്യാർത്ഥികളെ ജീവനെടുക്കാൻ പ്രേരിപ്പിച്ചിട്ടുള്ളത്. ഈ ആത്മഹത്യകൾക്ക് ഉത്തരവാദികളായി ആരോപിക്കപ്പെട്ട ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും കേസുകളിൽ അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടോ?
ഏപ്രിൽ 10ന് വൈകുന്നേരമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ നിതിൻ രാജ് കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. ‘അസ്വാഭാവിക മരണ’ത്തിനാണ് ആദ്യം കേസ് എടുത്തതെങ്കിലും, പിന്നീട് നടന്ന ചില സംഭവങ്ങൾ കേസിന്റെ ഗതി മാറ്റി. ഏറെക്കാലമായി, കോളേജിനുള്ളിൽ നിതിൻ ജാതിയധിക്ഷേപങ്ങളും മാനസിക പീഡനവും നേരിട്ടിരുന്നുവെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരോപിച്ചു. ഇതേ തുടർന്ന് ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നീ രണ്ട് അധ്യാപകരെ കോളേജ് സസ്‌പെൻഡ് ചെയ്തു.
ക്ലാസ്സിൽ വച്ച് നിതിനെ അധ്യാപകൻ കഠിനമായി ആക്ഷേപിച്ചിട്ടുണ്ടെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. കോളേജിലെ പല വിദ്യാർത്ഥികളും സമാനമായ അനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് മുന്നോട്ട് വന്നു.
നിതിന്റെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ പത്തു വർഷത്തിൽ, കേരളത്തിലെ ക്യാമ്പസ്സുകളിൽ പൊലിഞ്ഞത് പത്തോളം ജീവനുകളാണ്. ജാതി, നിറം തുടങ്ങി പല കാരണങ്ങൾ കൊണ്ടുള്ള അധിക്ഷേപം, അധ്യാപകരുടെയോ സഹപാഠികളുടെയോ ഭാഗത്തു നിന്നുള്ള ശാരീരിക/മാനസിക പീഡനം, അമിതമായ മാനസിക സമ്മർദ്ദം എന്നിങ്ങനെ നിരവധി കാരണങ്ങൾ സംസ്ഥാനത്തെ വിദ്യാർത്ഥികളെ മരണത്തിലേക്ക് തള്ളി വിടുന്നുണ്ട്. കോവിഡ് കാലത്ത് കൗമാരക്കാരുടെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലായിരുന്നു. പീഡനങ്ങളും അപമാനവും നേരിട്ട് സ്വയം ജീവനൊടുക്കിയവരുടെ മാത്രം വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഓരോ മരണത്തിന് പിന്നാലെയും സംഭവിക്കുന്ന ചർച്ചകൾക്കോ പ്രതിഷേധങ്ങൾക്കോ അപ്പുറം ഈ കേസുകൾക്കെല്ലാം പിന്നീട് എന്താണ് സംഭവിക്കുന്നത്? ഇത്തരം ആത്മഹത്യകൾക് കാരണക്കാരാകുന്നവർ ശിക്ഷിക്കപ്പെടുന്നുണ്ടോ? ഒന്നോ രണ്ടോ ആഴ്ചകൾക്ക് അപ്പുറം മാധ്യമങ്ങളിൽ ഇത്തരം സംഭവങ്ങൾക്ക് ആയുസ്സുണ്ടോ?
ഒരു പതിറ്റാണ്ടിനിപ്പുറവും തീർപ്പില്ലാതെ
ജിഷ്ണു പ്രണോയിയെ കേരളം മറന്നു കാണില്ല. തൃശ്ശൂരിലെ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. 2017 ജനുവരി ആറിനാണ് ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റൽ മുറിയിലെ ബാത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പരീക്ഷയിൽ കോപ്പി അടിച്ചെന്ന് ആരോപിച്ച് അധ്യാപകൻ നിർബന്ധപൂർവം ഏറ്റുപറയൽ പ്രസ്താവന എഴുതിപ്പിച്ചതും, തുടർന്നുണ്ടായ മാനസിക പീഡനവുമാണ് ജിഷ്‌ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നു . ജിഷ്ണുവിന്റെ മരണം വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴി വെച്ചു. ജിഷ്ണുവിന്റെ ആത്മഹത്യ, അധ്യാപകരുടെയും മാനേജ്‌മെന്റുകളുടെയും ഭാഗത്ത് നിന്ന് വിദ്യാർഥികൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് വലിയ സംവാദങ്ങൾ ഉയർത്തി.പക്ഷേ പിന്നീട് എന്ത് സംഭവിച്ചു?
ഒൻപത് വർഷങ്ങൾക്കിപ്പുറവും, കേസിലെ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
2017 ഒക്ടോബറിൽ ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീം കോടതിയെ സമീപിച്ചു. ഇതേ വർഷം ഡിസംബർ 5ന് കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
2019ലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെ സി ബി ഐ ചാർജ്ഷീറ്റ് സമർപ്പിക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കം കുറ്റാരോപിതരായ നാല് പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് സിബിഐ ചാർജ് ഷീറ്റ് സമർപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ എൻ. ശക്തിവേൽ, അധ്യാപകനായ സി. പി പ്രവീൺ എന്നിവരുടെ പേരിൽ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുത്തു. കേസ് ഇപ്പോഴും വിചാരണാഘട്ടത്തിലാണ് .
പരീക്ഷയിൽ കോപ്പി അടിച്ചത് പ്രവീൺ എന്ന അധ്യാപകൻ പിടിച്ചതിനെ തുടർന്നാണ് ജിഷ്ണു ആത്‍മഹത്യ ചെയ്തതെന്നായിരുന്നു കോളേജിന്റെ പക്ഷം. എന്നാൽ ഈ വാദം തെറ്റാണെന്ന് സിബിഐ ചാർജ്‌ഷീറ്റിൽ വ്യക്തമാക്കുന്നു. പരീക്ഷയിൽ കോപ്പി അടിച്ചുവെന്ന് രേഖാമൂലം എഴുതി തരാൻ പ്രവീൺ ജിഷ്ണുവിനെ നിർബന്ധിച്ചതാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സിബിഐ കണ്ടെത്തിയത്.

എന്നാൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്‌ണദാസിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപ്പിക്കുമെന്ന് മഹിജ അറിയിച്ചിരുന്നു. “അയാൾ അറിയാതെ അവിടെ ഒരു ഇല പോലും അനങ്ങില്ല” എന്നായിരുന്നു മഹിജയുടെ പ്രതികരണം. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിച്ചില്ലെന്നും മഹിജ പറഞ്ഞു. മരണത്തിന് മുൻപ് ജിഷ്ണു മർദ്ദിക്കപ്പെട്ടിരുന്നുവെന്നും മഹിജ ആരോപിച്ചു.
ജീവനെടുക്കുന്ന ജാതി : നിതിൻ രാജിന് മുൻപേ പൊലിഞ്ഞ ജീവനുകൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ ജാതിവെറിക്ക് ഇരയായി കേരളത്തിൽ ആത്മഹത്യ ചെയ്ത ആദ്യത്തെ ആളല്ല നിതിൻ രാജ്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ അന്തേവാസിയായിരുന്നു ദേവിക. 2020 ജൂൺ ഒന്നിന്, രാവിലെ ദേവിക വീട്ടിൽ നിന്നറങ്ങിയപ്പോൾ മാതാപിതാക്കൾ കരുതിയത് അടുത്തുള്ള വീട്ടിലേക്കായിരിക്കും എന്നാണ്. എന്നാൽ വൈകുന്നേരമായപ്പോഴേക്ക് അടുത്തുള്ള ഒരു ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് ദേവികയുടെ ശരീരം കണ്ടെത്തുകയായിരുന്നു.
“ഞാൻ പോവുകയാണ്.” എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ദേവികയുടെ അച്ഛൻ ബാലകൃഷ്ണൻ കൂലിപ്പണിക്കാരനാണ്. ദേവികയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വീട്ടിലെ ടിവി കേടായിരുന്നു. ലോക് ഡൗൺ ആയതു കൊണ്ട് നന്നാക്കാനും സാധിച്ചിരുന്നില്ല. പഠനത്തിൽ മിടുക്കിയായിരുന്ന ദേവികക്ക് ഇത് വലിയ വിഷമമുണ്ടാക്കിയെന്നാണ് അച്ഛൻ പറഞ്ഞത്. അധ്യാപകരടക്കം വിളിച്ചു സമാധാനിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
പതിവ് പോലെ ദേവികയുടെ ആത്മഹത്യയും മാധ്യമങ്ങളിൽ വലിയ ചർച്ചയായി. കോവിഡ് കാലത്തെ ഡിജിറ്റൽ ഡിവൈഡിനെ (Digital Divide) കുറിച്ചും ജാതി അസമത്വങ്ങൾ കവർന്നെടുക്കുന്ന അവസരങ്ങളെ കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർത്തിയ ഈ കേസിലും പക്ഷേ പിന്നീട് യാതൊരു തുടർനടപടിയും ഉണ്ടായില്ല, ദേവികയുടെ ആത്മഹത്യയെ കുറിച്ച് പൊലീസിന് ഒരു വിവരവും പങ്ക് വെക്കാനില്ല. വളാഞ്ചേരി പോലീസ് പരിധിയിലാണ് മാങ്കേരി കോളനി വരുന്നത്. “ക്ലോസ് ചെയ്ത കേസ് ആയതു കൊണ്ട് ആർക്കും അറിയാൻ സാധ്യതയില്ല, ആറു വർഷമായില്ലേ..” എന്നായിരുന്നു ഒബിസിയോട് വളാഞ്ചേരി പോലീസിന്റെ പ്രതികരണം.
2023 ജൂലൈയിൽ മരണപ്പെട്ട എസ് ആരതി എന്ന പതിനഞ്ചുകാരിയുടെയും കഥ മറ്റൊന്നല്ല. തിരുവനന്തപുരം വിക്റ്ററി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആരതി. 2023 ജൂലൈ പത്തിനാണ് ആരതി ജീവനൊടുക്കിയത്. “മരണത്തിന് മുൻപ് ,താൻ നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് ആരതി പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിരുന്നു.
തനിക്ക് കാമുകൻ ഉണ്ടെന്ന് ആരോപിച്ച് ഒരു അധ്യാപിക പതിവായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, അതു കൊണ്ട് സ്കൂളിൽ പോകാൻ കഴിയില്ലെന്നുമാണ് ആരതി നേമം നരുവാമൂട് പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. മരണത്തിന് ശേഷമാണ് അധ്യാപികയിൽ നിന്നുണ്ടായ ജാതിയധിക്ഷേപങ്ങളെ കുറിച്ചു കുടുംബം അറിയുന്നത്.
കേസ് അന്വേഷണഘട്ടത്തിലാണെന്ന് 2023ൽ നരുവാമൂട് പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് സ്റ്റേഷനിൽ നിന്ന് ഒരു വിവരവും ലഭിച്ചില്ല .അന്നുണ്ടായിരുന്ന പല ഓഫീസർമാരും സ്ഥലം മാറി പോയതിനാൽ ഇപ്പോൾ ചുമതലയിൽ ഉള്ളവർക്ക് സംഭവത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് സ്റ്റേഷനിൽ നിന്ന് ഞങ്ങളെ അറിയിച്ചത് . മാധ്യമങ്ങളിലും പിന്നീട് ആരതിയെന്ന പേര് ഒരിക്കലും പരാമർശിക്കപ്പെട്ടില്ല.
2025ൽ കേരള സർവകലാശാലയിലെ സംസ്‌കൃത ഗവേഷകനായ വിപിൻ വിജയന് നേരെ അധ്യാപിക ജാതിയധിക്ഷേപം നടത്തുകയും പ്രബന്ധം സമർപ്പിക്കുന്നത് തടയുകയും ചെയ്തതിന് പിന്നാലെ, “രോഹിത് വെമുലയെന്ന എന്റെ സഹോദരന്റെ നിലവിളി എനിക്ക് കേൾക്കാം” എന്നാണ് വിപിൻ ഫേസ്ബുക്കിൽ കുറിച്ചത്. 2016ൽ ജാതിയെ ചൊല്ലിയുള്ള പീഡനങ്ങൾക്കൊടുവിൽ സ്വന്തം ജീവനെടുത്ത ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാൻ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യം വിവിധ വിദ്യാർത്ഥി സംഘടനകൾ നിരന്തരമായി മുന്നോട്ട് വയ്ക്കുന്നുണ്ട്.
സമാന സ്വഭാവമുള്ള ആത്മഹത്യകൾ ; അവസാനിക്കാത്ത നിയമനടപടികൾ
ജെ എസ് സിദ്ധാർഥന്‍
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ജെ എസ് സിദ്ധാർഥന്റെ മരണവും കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. ഇരുപതുകാരനായ സിദ്ധാർഥനെ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ ശാരീരിക പീഡിനത്തിനിരയാക്കി എന്നായിരുന്നു ആരോപണം. 2024 ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിൽ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
2024 മാർച്ചിൽ സർക്കാർ കേസ് സി ബി ഐക്ക് കൈമാറി. ഒരു മാസത്തിനകം ചാർജ് ഷീറ്റ് സമർപ്പിച്ച സിബിഐ 19 വിദ്യാർഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. റാഗിങ്, ആത്‍മഹത്യാ പ്രേരണ തുടങ്ങി ഒന്നിലധികം ചാർജുകളാണ് ഇവർക്ക് മേൽ ചുമത്തിയത്. 2024 മെയിൽ എല്ലാവർക്കും ഹൈ കോടതി ജാമ്യം അനുവദിച്ചു. സർവകലാശാല ഇവരെ ഡീബാർ ചെയ്തിരുന്നു. 2024 ഡിസംബർ 5ന്, പ്രതികളായ 19 വിദ്യാർത്ഥികളെ പുറത്താക്കുകയും ഡീബാർ ചെയ്യുകയും ചെയ്ത ഓർഡർ ഹൈ കോടതി തള്ളി. ‘സ്വാഭാവിക നീതിയുടെ നിയമങ്ങൾക്ക് അനുസരിച്ച്’, പുതിയതായി അന്വേഷണം നടത്താൻ യൂണിവേഴ്സിറ്റിയോട് ഹൈ കോടതി ഉത്തരവിട്ടു.

നിലവിൽ കേസ് സെഷൻസ് കോടതിയിൽ വിചാരണാ ഘട്ടത്തിലാണ്. പ്രതികളായ 19 വിദ്യാർഥികളും ജാമ്യത്തിലാണ്.
ചൈതന്യകുമാരി
2025 മാർച്ചിലാണ് ചൈതന്യ കുമാരി എന്ന നേഴ്‌സിങ് വിദ്യാർത്ഥി മരിച്ചത്. ഹോസ്റ്റൽ വാർഡന്റെ ഭാഗത്ത് നിന്നുണ്ടായ പീഡനങ്ങളെ തുടർന്നാണ് ചൈതന്യകുമാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കാസർഗോഡ് മൻസൂർ ഹോസ്പിറ്റൽ ആൻഡ് സ്കൂൾ ഓഫ് നഴ്സിങ്ങിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു ചൈതന്യകുമാരി.
കേസിൽ ചാർജ് ഷീറ്റ് കൊടുത്തിട്ടുണ്ടെന്ന് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് അറിയിക്കുന്നു അറിയിച്ചു. ഹോസ്റ്റൽ വാർഡൻ രജനി അടക്കമുള്ളവരെ പ്രതി ചേർത്തിട്ടുണ്ടെന്ന് ഹോസ് ദുർഗ് പോലീസ് ഒബിസിയോട് പറഞ്ഞു. രജനിക്കെതിരെ ആത്‍മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഹോസ്ദുർഗ് സ്റ്റേഷൻ റൈറ്റെർ പ്രകാശ് അറിയിച്ചു.

നിയമസംവിധാനങ്ങൾ കർശനമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഒഴിവാക്കാനാവുമായിരുന്ന ആത്മഹത്യ ആയിരുന്നു ചൈതന്യകുമാരിയുടേത്. വാർഡൻ മാനസികമായി പീഡിപ്പിക്കുന്നതായി നേരത്തെ തന്നെ ചൈതന്യയുടെ അമ്മ ഒരു പരാതി നൽകിയിരുന്നു. പിന്നീടാണ് ചൈതന്യകുമാരി ആത്മഹത്യ ചെയ്യുന്നത്. പഴയ പരാതിയും ചേർത്ത് അന്വേഷിച്ചിട്ടാണ് ചാർജ് ഷീറ്റ് കൊടുത്തതെന്നാണ് ഹോസ് ദുർഗ് പോലീസ് അറിയിച്ചത്.
ശ്രദ്ധ സതീഷ്
2023ൽ മരണപ്പെട്ട കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണവും ഒരുപാട് ചർച്ച ചെയ്യപ്പെട്ടതാണ്. അധ്യാപകരിൽ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ശ്രദ്ധയുടെ മരണത്തെ തുടർന്ന്, അമൽ ജ്യോതിയിലെ നിരവധി വിദ്യാർഥികളും പൂർവ വിദ്യാർത്ഥികളും അവിടുത്തെ മനുഷ്യത്വ രഹിതമായ രീതികളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സ്വകാര്യ മാനേജ്‌മെന്റുകളുടെ മനുഷ്യത്വ രഹിതമായ നയങ്ങളെ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലും ചാനലുകളിലും വലിയ സംവാദങ്ങൾ നടന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശ്രദ്ധയും മറവിയിലേക്ക് നീങ്ങി .

വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അറസ്റ്റുകളോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല. ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും കാഞ്ഞിരപ്പിള്ളി പോലീസിൽ നിന്ന് കേസിനെ കുറിച്ച് ഒരു പ്രതികരണവും ലഭിച്ചില്ല.
അമ്മു സജീവ്
പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഇരുപത്തി രണ്ടുകാരി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് 2024 നവംബർ പതിനഞ്ചിനായിരുന്നു. “മരണദിവസം കോളേജിലെ സൈക്യാട്രി അധ്യാപകന്റെ നേതൃത്വത്തില്‍ ആഹാരംപോലും കൊടുക്കാതെ മൂന്നുമണിക്കൂറോളം കൗണ്‍സിലിങ്ങെന്ന പേരില്‍ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അമ്മുവിന്റെ അച്ഛന്‍ സജീവ് മാധ്യമങ്ങളോട് പറഞ്ഞത്. ഈ കേസും അന്വേഷണഘട്ടത്തിൽ തുടരുകയാണ്.

മിഹിർ അഹമ്മദ്
2025 ജനുവരി 15ന് മരിച്ച ഒൻപതാം ക്ലാസുകാരൻ മിഹിർ അഹമ്മദിന്റെ മരണത്തിലും സ്കൂളിൽ നിന്നുള്ള മാനസിക പീഡനം കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്ന് മനസ്സിലാവുന്നത് പതിവ് പോലെ വലിയ മാധ്യമശ്രദ്ധ നേടിയ ഈ സംഭവം റാഗിംഗിനെ കുറിച്ചും വിദ്യാർഥികൾ നേരിടുന്ന സമ്മർദ്ദങ്ങളെ കുറിച്ചും ചർച്ചകളുയർത്തി.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ ഈ കേസിലും കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ് പോലീസ് പറയുന്നത്.
“എത്ര കുട്ടികളെ കൊല്ലും?”
അക്കാദമിക് രംഗത്തെ ജാതീയത നമ്മുടെ എത്ര കുട്ടികളെ കൊല്ലും എന്ന് ചരിത്രകാരിയും കണ്ണൂർ സർവകലാശാലയിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ മാളവിക ബിന്നി ചോദിക്കുന്നു. “എന്തുകൊണ്ടാണ് അധ്യാപകരെ സെൻസിറ്റിവിറ്റി ട്രെയ്‌നിങ്ങിന് അയയ്ക്കാത്തത്? എന്തുകൊണ്ടാണ് നമ്മൾ ഇതിനെ വ്യവസ്ഥാപരമായ പ്രശ്നമായി കണക്കാക്കാത്തത്? ഈ സംഭവത്തിന്റെ കാര്യത്തിലും (നിതിൻ രാജ് ) ചില വ്യക്തികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കപ്പെടും (അവരെ ശിക്ഷിക്കുകതന്നെ വേണം). എന്നാൽ സംഭവങ്ങൾക്ക് നിശബ്ദമായി സാക്ഷ്യം വഹിക്കുകയും മൗനം പാലിക്കുകയും ചെയ്ത ബഹുഭൂരിപക്ഷം അധ്യാപകരും വിദ്യാർത്ഥികളും ചോദ്യം ചെയ്യപ്പെടാതെ തുടരും.”, മാളവിക ബിന്നി പറയുന്നു.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച രജനി എസ് ആനന്ദിനെയും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. കേരളത്തിലെ വ്യവസ്ഥാപിത കൊലപാതകങ്ങളുടെ പട്ടികയിലെ ആദ്യത്തെ പേരുകളിലൊന്നാണ് രജനി എസ് ആനന്ദിന്റേത്. 2004 ജൂലായ് 22 നായിരുന്നു വെള്ളറട സ്വദേശിയും അടൂര്‍ കോളജ് ഓഫ് എന്‍ജിനീയറിംങ് വിദ്യാര്‍ഥിയുമായിരുന്ന രജനിയുടെ മരണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന രജനി പഠനം തുടരാനായി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് വായ്പ നിഷേധിച്ചു. ഇതില്‍ മനം നൊന്ത് രജനി ആത്മഹത്യ ചെയ്തതായാണ് ആരോപണം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ ക്യാംപസുകളിൽ നടന്ന ആത്മഹത്യകളിൽ ഒന്നിൽപോലും ആത്മഹത്യക്ക് കാരണക്കാരായവർ ശിക്ഷിക്കപ്പെട്ടിട്ടില്ല. അന്വേഷണവും വിചാരണയും വര്ഷങ്ങളോളം നീളുന്നു. അതേ സമയം സമാനമായ കാരണങ്ങളാൽ ആത്മഹത്യകൾ ആവർത്തിക്കപ്പടുകയും ചെയ്യുന്നു.
| വിദ്യാർഥി | മരിച്ച വർഷം | ഉന്നയിക്കപ്പെട്ട കാരണങ്ങൾ | കേസിന്റെ നിലവിലെ സ്ഥിതി |
| ജിഷ്ണു പ്രണോയ്, നെഹ്റു എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ | 2017 | പരീക്ഷയിൽ കോപ്പി അടിച്ചെന്ന് ആരോപിച്ചെന്ന ആരോപണം , മാനസിക പീഡനം | വിചാരണാ ഘട്ടത്തിൽ |
| ദേവിക 9-ാം ക്ലാസ്, മലപ്പുറം | 2020 | ലോക്ഡൗൺ കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം (Digital Divide) | നടപടി ഉണ്ടായില്ല. |
| എസ് ആരതി വിക്റ്ററി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, തിരുവനന്തപുരം | 2023 | അധ്യാപികയുടെ ജാതിയധിക്ഷേപം, പതിവായ മാനസിക പീഡനം | അന്വേഷണഘട്ടത്തിൽ |
| ശ്രദ്ധ സതീഷ് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി | 2023 | അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനം | ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നു |
| ജെ എസ് സിദ്ധാർഥൻ കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, പൂക്കോട് | 2024 | സഹ വിദ്യാർഥികൾ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു | വിചാരണാ ഘട്ടത്തിൽ |
| അമ്മു സജീവ് പത്തനംതിട്ട ഗവ. നഴ്സിങ് കോളേജ് | 2024 | സൈക്യാട്രി അധ്യാപകൻ നടത്തിയ മാനസിക പീഡനം | അന്വേഷണഘട്ടത്തിൽ. |
| ചൈതന്യ കുമാരി മൻസൂർ ഹോസ്പിറ്റൽ ആൻഡ് സ്കൂൾ ഓഫ് നഴ്സിങ്, കാസർഗോഡ് | 2025 | ഹോസ്റ്റൽ വാർഡനിൽ നിന്നുള്ള മാനസിക പീഡനം | ചാർജ്ഷീറ്റ് ഫയൽ ചെയ്തു. |
| മിഹിർ അഹമ്മദ് | 2025 | സഹ വിദ്യാർഥികളിൽ നിന്ന് ബുള്ളിയിങ്, ശാരീരിക പീഡനം; മുൻ സ്കൂൾ വൈസ് പ്രിൻസിപ്പലിൽ നിന്ന് പീഡനം | FIR രജിസ്റ്റർ ചെയ്തു. |
| നിതിൻ രാജ് | 2026 | അധ്യാപകരിൽ നിന്ന് ജാതിയധിക്ഷേപം; | രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ് പ്രാരംഭ ഘട്ടത്തിൽ. |
2016 മുതൽ 2026 വരെ കേരളത്തിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകൾ
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530
