വോട്ടുയന്ത്രത്തെ വിശ്വസിക്കാമോ?

വോട്ടുയന്ത്രത്തെ വിശ്വസിക്കാമോ?

2010 ഓഗസ്റ്റ് 21. ഹൈദരാബാദിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഹരികൃഷ്ണ പ്രസാദ് എന്ന എൻജിനീയറുടെ വീട്ടിലേക്ക് പുലർച്ചെ പോലീസ് ഇരച്ചു കയറി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് വോട്ടിങ്ങിന്റെ സുരക്ഷയെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു ഹരികൃഷ്ണ പ്രസാദ്. എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്? ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സുരക്ഷിതമാണോ? ഇവിഎം തട്ടിപ്പ് എന്ന, വിവിധ രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ? എങ്ങനെയാണ് വോട്ടിങ് മെഷീനുകൾ പ്രവർത്തിക്കുന്നത്? 

2026 മെയ്‌ 4 ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നായി അടയാളപ്പെടുത്തപ്പെടുമെന്ന്  നാലു സംസ്ഥാനങ്ങളിലെയും ഫലങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. കേരളം, തമിഴ് നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭരണമാറ്റം സംഭവിച്ചപ്പോൾ അസമിൽ ബിജെപി സർക്കാർ തുടർച്ചയുറപ്പിച്ചു. 

ഇത്തവണയും ഫലപ്രഖ്യാപനത്തിന് മുൻപും ശേഷവും ബിജെപി അടക്കമുള്ള പാർട്ടികൾ പലയിടത്തും ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇ വി എം) കൃത്രിമം നടന്നിട്ടുണ്ട് എന്ന ആരോപണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ല. 2014 മുതൽ, പല പാർട്ടികളും പല ഘട്ടങ്ങളിലും ഇ വി എം ക്രമക്കേട് നടന്നു എന്ന ആരോപണം ഉയർത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് മുന്‍പ് തെക്കൻ കൊൽക്കത്തയിലെ ഒരു സ്‌ട്രോങ്ങ് റൂമിന് പുറത്ത് മഴയത്ത് മണിക്കൂറുകളോളം  മുന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കാവൽ നിന്നത് നമ്മൾ മറന്നിട്ടില്ല. ഇ വി എം ഒരു ‘ബ്ലാക്ക് ബോക്സ്‌’ ആണെന്നാണ് 2024ൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്.

കേരളത്തിൽ യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന് ശേഷം ഇടത് ഗ്രൂപ്പുകളിലും ഈ ചർച്ച സജീവമാണ്. ഇടത് അനുഭാവികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കേരളത്തിൽ ഇവിഎം തട്ടിപ്പ് നടന്നിട്ടുണ്ടാകാം എന്ന നിലക്കുള്ള സംശയങ്ങൾ പ്രവഹിക്കുന്നുണ്ട്.

എന്താണ് യാഥാർഥ്യം? വോട്ടുയന്ത്രത്തിൽ ക്രമക്കേട് കാണിക്കാൻ അത്ര എളുപ്പമാണോ? മേൽപ്പറഞ്ഞ എല്ലാ ആരോപണങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പല തവണ തള്ളിയതാണ്. എങ്കിൽ പിന്നെ എന്ത് കൊണ്ടാണ്  പല രാജ്യങ്ങളും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകുന്നത്? എങ്ങനെയാണ് ഇന്ത്യയിലെ ഇ വി എമ്മുകൾ പ്രവർത്തിക്കുന്നത്? 

ഇന്ത്യയിലെ വോട്ടുയന്ത്രത്തിന്റെ ചരിത്രത്തില്‍ എല്ലാ ഉത്തരങ്ങളുമുണ്ട്.

ദുരൂഹമായ ഒരു അറസ്റ്റും ജയിൽവാസവും 

2010 ഓഗസ്റ്റ്‌ 21. ഹൈദരാബാദിലുള്ള നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ എഞ്ചിനീയറായ ഹരി കൃഷ്ണ  പ്രസാദിന്റെ വീട്ടിലേക്ക് പുലർച്ചെ ഏകദേശം അഞ്ചര മണിയോടെ ഒരു സംഘം പോലീസുകാർ ഇരച്ചു കയറി. ഹരിപ്രസാദിനെ അറസ്റ്റ് ചെയ്തു.

ലോക പ്രശസ്തനായ ഇലക്ഷന്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ ആണ് ഹരി.കെ പ്രസാദ്‌. 2010ൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള പൗരാവകാശ ഗ്രൂപ്പായ ഇലക്ട്രോണിക് ഫ്രണ്ടിയർ ഫൗണ്ടേഷന്റെ (EFF) പയനിയർ അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.

1998 മുതല്‍ ഭരണഘടനാപരമായി ഇന്ത്യയില്‍ വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നുവെങ്കിലും വോട്ടിങ് മെഷീനുകളുടെ സുരക്ഷയെക്കുറിച്ച് സ്വതന്ത്രമായ പഠനം നടത്താൻ സര്‍ക്കാര്‍ അതുവരെ അനുവാദം നൽകിയിരുന്നില്ല. ഇത്തരമൊരു പഠനം നടത്താനുള്ള അനുമതിക്കായി ഹരികൃഷ്ണ പ്രസാദ് ഒരു വർഷത്തോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. എന്നാൽ മെഷീനുകൾ ‘തെറ്റുപറ്റാത്തതാണെന്നും’, ‘അട്ടിമറിക്കാൻ സാധിക്കാത്തതാണെന്നു’മുള്ള വാദങ്ങളില്‍ സർക്കാർ ഉറച്ചു നിന്നു. 

ജെ. അലക്സ് ഹാൽഡർമാന്‍, ഹരി കൃഷ്ണ  പ്രസാദ്‌, റോപ്പ് ഗോങ്‌ഗ്രിപ്പ് . indiaevm.org

2010 ഫെബ്രുവരിയിൽ, ആജ്ഞതനായ ഒരാൾ അദ്ദേഹത്തിന് പഠനത്തിനായി മെഷീൻ നൽകി. മിഷിഗൺ സർവകലാശാലയിലെ ഇ-വോട്ടിങ് ഗവേഷകൻ ജെ. അലക്സ് ഹാൽഡർമാനും നെതർലാൻഡിൽ നിന്നുള്ള റോപ്പ് ഗോങ്‌ഗ്രിപ്പും ഈ പഠനത്തിനായി ഇന്ത്യയിൽ അദ്ദേഹത്തോടൊപ്പം ചേർന്നു. സർക്കാരിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, ദേശീയ തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ഉപയോഗിക്കാവുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഈ മെഷീനുകൾക്കുണ്ടെന്നാണ് സംഘം കണ്ടെത്തിയത്. ഇതേ തുടർന്നാണ് ഹരി പ്രസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഏഴു ദിവസങ്ങൾ ജയിൽവാസം അനുഭവിച്ച ശേഷമാണ് ഹരി പ്രസാദിന് ജാമ്യം ലഭിച്ചത്. പിന്നീടും ചോദ്യം ചെയ്യലുകളും രാഷ്ട്രീയ വിവാദങ്ങളുമായി ഹരി പ്രസാദിന്റെ തലയ്ക്കു മീതെയുള്ള വാളായി ആ കേസ് അവശേഷിച്ചു. വാർത്തകളനുസരിച്ചു പിന്നീട്  കേസിൽ ചാർജ് ഷീറ്റ് പോലും ഫയൽ ചെയ്യപ്പെട്ടില്ല.

മാറി മാറി ഭരിച്ച യൂണിയൻ സർക്കാരുകൾ പിന്നീടൊരിക്കലും അത്തരമൊരു പഠനത്തിന് വഴിയൊരുക്കിയില്ല. ഹരി പ്രസാദിന് ശേഷവും പല ശാസ്ത്രജ്ഞരും സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ഇ വി എമ്മുകളുടെ സുതാര്യതയെയും സുരക്ഷയെയും കുറിച്ച് ചോദ്യങ്ങളുയർത്തി. 

ഇ വി എമ്മിനെ ആദ്യം സംശയിച്ചത് എൽ കെ അദ്വാനി 

ഇന്ന് ഇ വി എം വിവാദങ്ങൾക്ക് നടുവിൽ നിൽക്കുന്ന ബിജെപി തന്നെയാണ് അത്തരമൊരു ആരോപണം ആദ്യം ഉയർത്തുന്നത്. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രണ്ടാമതും യു പി എ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ബിജെപി നേതാവ് എൽ കെ അദ്വാനി ഇവിഎം തട്ടിപ്പ് ആരോപിക്കുന്നത്

ഇ വി എമ്മുകൾക്കൊപ്പം VV-PAT (പേപ്പർ ട്രെയിലുകൾ) ഉപയോഗിക്കണമെന്ന ആവശ്യവും അദ്വാനി മുന്നോട്ട് വെച്ചു. ബിജെപി വക്താവും സെഫോളജിസ്റ്റുമായ ജി വി എൽ നരസിംഹ റാവുവിന്റെ ‘ജനാധിപത്യം അപകടത്തിൽ : ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ വിശ്വസിക്കാമോ’ (Democracy at risk! Can we trust our electronic voting machine) എന്ന പുസ്തകത്തിന് ആമുഖം എഴുതിയത് എൽ കെ അദ്വാനി ആയിരുന്നു. ജപ്പാൻ പോലെ സാങ്കേതികമായി വികസിച്ച രാജ്യങ്ങൾ ഇ വി എമ്മുകൾ നിരോധിച്ചതിനെ കുറിച്ചും അദ്വാനി ആമുഖത്തിൽ പരാമർശിച്ചു. 

ജനാധിപത്യം അപകടത്തിൽ’ എന്ന പുസ്തകത്തിന്റെ കവർ

2014 മുതലാണ് ഇ വി എം ക്രമക്കേട് ആരോപണങ്ങൾ തുടർച്ചയായി വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. 2009ൽ 206 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസ്സ് 2014 ലോക് സഭ തെരഞ്ഞെടുപ്പിൽ വെറും 44ലേക്ക് ചുരുങ്ങി. ഫലം ബിജെപിക്ക് അനുകൂലമാക്കാൻ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടന്നിട്ടുണ്ടാകാം എന്ന് ഗുലാം നബി ആസാദ്, ദിഗ്വിജയ സിംഗ് തുടങ്ങിയ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ആരോപണം ഉന്നയിച്ചു.

ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകളിലെ പരാജയങ്ങൾക്കും, 2019ലെ പൊതു തെരെഞ്ഞെടുപ്പിലെ പരാജയത്തിനും പിന്നാലെ വീണ്ടും കോൺഗ്രസ്സിന്റെ ആരോപണങ്ങൾ ശക്തിയാർജ്ജിച്ചു.

2017ലെ പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകളിൽ തോറ്റപ്പോൾ ആം ആദ്മി പാർട്ടിയും, അതേ വർഷം ഉത്തർ പ്രദേശിൽ ദയനീയമായി ബിജെപിയോട് പരാജയപ്പെട്ടപ്പോൾ ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വോട്ടിങ് മെഷീനുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടാകാം എന്ന് ആരോപിച്ചു. “മുസ്ലിം ഭൂരിപക്ഷം വരുന്ന പല സ്ഥലങ്ങളിലെയും വോട്ടുകൾ പോയിരിക്കുന്നത് ബിജെപിക്കാണ്. ഇ വി എമ്മിൽ ക്രമക്കേട് നടന്നു എന്നതിന്റെ തെളിവാണിത്. ഒന്നെങ്കിൽ മറ്റു പാർട്ടികൾക്കുള്ള  വോട്ടുകളൊന്നും ഇ വി എം സ്വീകരിച്ചില്ല, അല്ലെങ്കിൽ മറ്റു പാർട്ടികൾക്ക് ചെയ്ത വോട്ട് കൂടി മെഷീനിൽ ബിജെപിക്ക് ആണ് പോയത്.” മായാവതി ആരോപിച്ചു. ബി എസ് പി പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു.

2019ലെ പൊതു തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത്, കൃത്യമായ സുരക്ഷാ സന്നാഹങ്ങളില്ലാതെ ഇ വി എമ്മുകൾ കൊണ്ട് പോകുന്നതിന്റെ വീഡിയോകൾ വൈറൽ ആയിരുന്നു.

ക്രമക്കേട് സാധ്യമാണോ? ഇന്ത്യൻ ഇ വി എമ്മുകളുടെ പ്രവർത്തനം എങ്ങനെ?

സർക്കാരിന്റെ കീഴിലുള്ള രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (ECIL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ചേർന്നാണ് ഇലക്ഷൻ കമ്മീഷനുവേണ്ടി ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് BEL പ്രവർത്തിക്കുന്നത്. ECIL ആണവോർജ്ജ വകുപ്പിന് കീഴിലും. ഇലക്ഷൻ കമ്മീഷൻ നിയമിച്ച സാങ്കേതിക വിദഗ്ധ സമിതിയുടെ (Technical Experts Committee) മേൽനോട്ടത്തിലാണ് ഇവ രണ്ടും പ്രവർത്തിക്കുന്നത്.

വോട്ടിങ് മെഷീന് പ്രധാനമായും ബാലറ്റ് യൂണിറ്റ് (Ballot Unit), കൺട്രോൾ യൂണിറ്റ് (Control Unit), വിവിപാറ്റ് (VVPAT – Voter Verifiable Paper Audit Trail) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്.

ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾക്ക് ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്.

ബാലറ്റ് യൂണിറ്റ് 16 ബട്ടണുകളുള്ള ഒരു കീബോർഡ് പോലെയാണ് പ്രവർത്തിക്കുന്നത്. വോട്ടർ തനിക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ നേരേയുള്ള ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്തുന്നു. മെഷീന്റെ കൺട്രോൾ യൂണിറ്റിലുള്ള മെമ്മറി ചിപ്പ് രാഷ്ട്രീയ പാർട്ടികളിൽ നിന്നോ സ്ഥാനാർത്ഥികളിൽ നിന്നോ പൂർണ്ണമായും സ്വതന്ത്രമാണ്. അതായത്, ഈ സിസ്റ്റത്തിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ സ്ഥാനാർത്ഥിയെയോ തിരിച്ചറിയാൻ കഴിയില്ല. ബാലറ്റ് യൂണിറ്റിൽ ഏത് ബട്ടണാണ് അമർത്തിയത് എന്ന് മാത്രമേ ഇത് തിരിച്ചറിയുകയുള്ളൂ.

കാൽക്കുലേറ്ററുകളെ പോലെ 

ദി ഹിന്ദു സെന്റർ ഫോർ പൊളിറ്റിക്സ് ആൻഡ് പബ്ലിക് പോളിസിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇന്ത്യൻ ഇ വി എമ്മുകളെ ഉപമിക്കുന്നത് കാൽകുലേറ്ററുമായാണ്. കമ്പ്യൂട്ടറുകളുമായല്ല. ‘കാൽക്കുലേറ്ററുകളെപ്പോലെയാണ് ഇ വി എം പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള യാതൊരുവിധ നെറ്റ്‌വർക്കുമായും (വയർ വഴിയോ അല്ലാതെയോ) ഇവ ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ തന്നെ, മെഷീന്റെ ഭൗതികമായ സുരക്ഷിതത്വം (Physical Integrity) ഉറപ്പാക്കിയാൽ ഇവ ഹാക്ക് ചെയ്യപ്പെടുക അസാധ്യമാണ്.’ പഠനത്തിൽ ഇങ്ങനെ പറയുന്നു.

ഓരോ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും ലേസർ ഉപയോഗിച്ച് രേഖപ്പെടുത്തിയ സവിശേഷമായ സീരിയൽ നമ്പറുകൾ, അതീവ സുരക്ഷിതമായ കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ, റിയൽ ടൈം ക്ലോക്ക്, ടൈം സ്റ്റാമ്പിംഗ്, ഇവന്റ് ലോഗിംഗ്, മെഷീൻ പ്രവർത്തിപ്പിച്ചു തുടങ്ങുമ്പോൾ തന്നെയുള്ള സ്വയം പരിശോധനാ സംവിധാനം (Power-on self-diagnostics) എന്നിവയും ഉൾപ്പെടുന്നു

സ്വയം പ്രവർത്തനരഹിതമാകുന്ന സുരക്ഷാ സംവിധാനം 

മൂന്ന് തലമുറകളിലൂടെ ഈ മെഷീനുകൾ കടന്നുപോയിട്ടുണ്ട്. 2019-ൽ പുറത്തിറക്കിയ എം3 (M3) മോഡലാണ് നിലവിൽ നമ്മൾ ഉപയോഗിക്കുന്നതും സാങ്കേതികമായി ഏറ്റവും പുരോഗമിച്ചതുമായ മോഡൽ. ഈ മോഡലിൽ, മെഷീനിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് (Tampering) കണ്ടെത്തുകയാണെങ്കിൽ അതിനെ ഫാക്ടറി സെറ്റിംഗ്സിലേക്ക് (Factory settings) തനിയെ ‘റീസെറ്റ് ചെയ്യുന്ന’ സംവിധാനമുണ്ട്. മെഷീനിലെ മൈക്രോകൺട്രോളറോ മെമ്മറിയോ അനധികൃതമായി തുറക്കാനോ പരിശോധിക്കാനോ ശ്രമിച്ചാൽ, ‘അൺഓതറൈസ്ഡ് ആക്സസ് ഡിറ്റക്ഷൻ മെക്കാനിസം’ (UADM) ആ മെഷീനെ പ്രവർത്തനരഹിതമാക്കുകയും ചെയ്യും. 

പ്രതീകാത്മക ചിത്രം

അതായത്, മെഷീന്റെ നിർമാണ ഘട്ടം മുതൽ ഏതെങ്കിലും ഘട്ടത്തിൽ ക്രമക്കേട് നടത്താൻ ശ്രമിച്ചാൽ മെഷീൻ സ്വയം പ്രവർത്തനരഹിതമാവും.

സുപ്രീം കോടതിയുടെ ‘ഉറപ്പ്’

വോട്ടിങ് മെഷീനുകൾ വഴി രേഖപ്പെടുത്തുന്ന മുഴുവൻ വോട്ടുകളും  വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) നൽകിയ ഹർജി 2024 ഏപ്രിൽ 26ന് സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി. പഴയ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് മടങ്ങുക, വോട്ടർക്ക് വിവിപാറ്റ് സ്ലിപ്പ് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ അനുവാദം നൽകുക, അല്ലെങ്കിൽ വിവിപാറ്റ് സ്ലിപ്പുകൾ നൂറു ശതമാനവും എണ്ണുക എന്നീ മൂന്ന് ആവശ്യങ്ങളും ബെഞ്ച് നിരസിച്ചു.

ഇത്തരമൊരു ഹർജി ഇനി ആവർത്തിക്കാതിരിക്കാൻ, “തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരിക്കൽ കൂടെ മുന്നോട്ട് വെക്കാൻ ആഗ്രഹിക്കുന്നു” എന്നു വ്യക്തമാക്കി കൊണ്ട് വളരെ വിശദമായ ഒരു വിധിയാണ് ജസ്റ്റിസ്‌ സഞ്ജീവ് ഖന്നയും ജസ്റ്റിസ്‌ ദീപങ്കർ ദത്തയും ചേർന്ന് എഴുതിയത്. ഇതിൽ ഇ വി എമ്മുകളുടെ പ്രവർത്തനത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

‘വിവിപാറ്റിലേക്ക് സിമ്പൽ ലോഡിങ് യൂണിറ്റിലൂടെ (symbol loading unit) ചിഹ്നങ്ങളും മറ്റു വിവരങ്ങളും ലോഡ് ചെയ്യുന്നത് വരെ ഇവിഎം ശൂന്യമായ യന്ത്രമാണ്. അതിൽ രാഷ്ട്രീയ പാർട്ടികളെയോ സ്ഥാനാർത്ഥികളെയോ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഉണ്ടായിരിക്കില്ല. അതു കൊണ്ട് തന്നെ തന്നെ ബാലറ്റ് യൂണിറ്റിലെ ഏത് ബട്ടണാണ് ഒരു പ്രത്യേക സ്ഥാനാർത്ഥിക്കോ രാഷ്ട്രീയ പാർട്ടിക്കോ നൽകാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാൻ ആർക്കും സാധ്യമല്ല.’, വിധിയിൽ പറയുന്നു.

വിവിപാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് വോട്ടെണ്ണൽ സമയം നീളുന്നതിനും ഫലപ്രഖ്യാപനം വൈകുന്നതിനും ഇടയാക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങുന്നത്  വലിയ തോതിൽ  മനുഷ്യ വിഭവശേഷി ആവശ്യപ്പെടുന്ന കാര്യമാണെന്നും സുപ്രീം കോടതി വിലയിരുത്തി.

ഇന്ത്യ പോലൊരു രാജ്യത്ത് പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപ്രായോഗികതയെ കുറിച്ചും വിധിയിൽ പറയുന്നുണ്ട്. ബാലറ്റ് പേപ്പർ സമ്പ്രദായം വീണ്ടും കൊണ്ടുവരുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വഴി രാജ്യം കൈവരിച്ച പരിഷ്കാരങ്ങളെയും നേട്ടങ്ങളെയും ഇല്ലാതാക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. മിനിറ്റിൽ നാല് വോട്ടുകൾ മാത്രമേ രേഖപ്പെടുത്താൻ സാധിക്കൂ എന്നതിനാൽ പേപ്പർ ബാലറ്റ് കാലത്ത് വ്യാപകമായി നിലനിന്നിരുന്ന ബൂത്ത് പിടുത്തത്തെ ഇവിഎമ്മുകൾ ഫലപ്രദമായി ഇല്ലാതാക്കുകയും കള്ളവോട്ടുകൾ തടയുകയും ചെയ്യുന്നുവെന്നും കോടതി വ്യക്തമാക്കി. 

പ്രതീകാത്മക ചിത്രം. AFP

2013ലെ സുബ്രഹ്മണ്യൻ സ്വാമി വേർസസ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്ന കേസിന്റെ വിധിയിൽ നിന്നാണ് വിവിപാറ്റ് സംവിധാനം നിലവിൽ വരുന്നത്. പിന്നീട് 2019ൽ എൻ. ചന്ദ്രബാബു നായിഡു വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, ഓരോ മണ്ഡലത്തിലെയും അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത് ഒരു ‘മുൻകരുതൽ നടപടി’ മാത്രമാണെന്ന് ജസ്റ്റിസ് ഖന്ന നിരീക്ഷിച്ചു. 

പേപ്പർ ബാലറ്റിലേക്ക് മടങ്ങേണ്ടതുണ്ടോ? മറ്റു രാജ്യങ്ങളിലെ അനുഭവങ്ങളെന്ത്?

ഏറ്റവും പുതിയ ആഗോള സർവേ പ്രകാരം, 11 രാജ്യങ്ങളാണ് ഇലക്ട്രോണിക് വോട്ടിങ് ഉപേക്ഷിച്ചത്. ഈ സംവിധാനം പരീക്ഷിച്ച ആകെ രാജ്യങ്ങളുടെ ഏകദേശം ആറു ശതമാനം. നെതർലാൻഡ്‌സ്, അയർലൻഡ്, ജർമനി, ജപ്പാൻ, ബംഗ്ലാദേശ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കയിൽ ഭാഗികമായും  ഇ വി എം നിരോധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടും ഫ്രാൻസും ഇലക്ട്രോണിക് വോട്ടിങ്ങിനെ ആശ്രയിച്ചിട്ടില്ല.

നെതർലാൻഡ്‌സിൽ 2007ൽ ആണ് ഇ വി എം നിരോധിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെയും രഹസ്യാത്മകതയെയും കുറിച്ച് ഒരു പൗര സംഘടന നടത്തിയ ക്യാമ്പയിനുകളാണ് ഇതിന് പ്രധാന കാരണമായത്. ‘ഞങ്ങൾ വോട്ടിങ് യന്ത്രങ്ങളെ വിശ്വസിക്കുന്നില്ല’ (We Don’t Trust These Electronic Voting Machines) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘമാണ് ഇ വി എമ്മിൽ എങ്ങനെ കൃത്രിമം നടത്താമെന്ന് ഡച്ച് ടെലിവിഷനിൽ ലൈവ് ഡെമോൺസ്ട്രേഷൻ നടത്തിയത്. വോട്ടിങ് മെഷീനിലെ ഒരു മൈക്രോചിപ്പ് മാറ്റി ഹാക്കർമാർ തയ്യാറാക്കിയ പ്രോഗ്രാമിംഗ് കോഡുകൾ അടങ്ങിയ മറ്റൊരു ചിപ്പ് ഘടിപ്പിച്ചാണ് ഇവർ ഈ ‘ഹാക്കിംഗ് പരീക്ഷണം’ നടത്തിയത്. 

എന്നാൽ ബ്രസീലിന്റെ അനുഭവം  മറിച്ചാണ്. എറെക്കുറെ പിഴവുകളോ പരാതികളോ ഇല്ലാതെയാണ് ബ്രസീലിൽ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം 1966 മുതൽ പ്രവർത്തിച്ചു പോരുന്നത്. ബ്രസീൽ ജനതയും തങ്ങളുടെ വോട്ടിങ് രീതിയിൽ സംതൃപ്തരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ വോട്ടിംഗിൽ വലിയ ക്രമക്കേടുകളോ കാര്യമായ പ്രശ്നങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

യൂറോപ്പിലെ യന്ത്രങ്ങളല്ല, ഇന്ത്യയിലേത് 

ഇതിലെല്ലാം ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്, എല്ലാ വോട്ടിങ് യന്ത്രങ്ങളും ഒരുപോലെയല്ല എന്നതാണ്. യൂറോപ്പിൽ നിരോധിച്ച യന്ത്രങ്ങൾ ഇന്റർനെറ്റുമായോ ബ്ലൂടൂത്തുമായോ ബന്ധിപ്പിക്കാൻ കഴിയുന്ന ടച്ച്‌സ്‌ക്രീൻ കമ്പ്യൂട്ടറുകളായിരുന്നു. എന്നാൽ ഇന്ത്യയിലെ യന്ത്രങ്ങൾ ഇന്റർനെറ്റുമായോ മറ്റ് നെറ്റ്‌വർക്കുകളുമായോ യാതൊരു ബന്ധവുമില്ലാത്ത, തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന (standalone, air-gapped) ബട്ടൺ മെഷീനുകളാണ്. ഇവയുടെ പ്രവർത്തനരീതി യൂറോപ്പിലെ  ഇ വി എമ്മുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

പൂർണ സുരക്ഷിതത്വമുണ്ടോ?

എന്നാൽ ഇവിഎമ്മിന്റെ കൺട്രോൾ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ, അതിന്റെ സോഴ്‌സ് കോഡ് (Source code), നിർമ്മാണ രീതി എന്നിവയ്ക്ക് മേൽ സ്വതന്ത്രമായ പരിശോധനകൾ ഇത് വരെയും നടന്നിട്ടില്ല. യൂറോപ്പിൽ നിരോധിച്ച തരം യന്ത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണെങ്കിലും, സ്വതന്ത്ര പരിശോധനകൾ നടക്കാത്തത് കൊണ്ട് ഇന്ത്യൻ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം പൂർണ്ണമായും ‘കുറ്റമറ്റതാണ്’ എന്ന് ഉറപ്പിച്ചു പറയുന്നതിലും പ്രശ്നങ്ങളുണ്ടെന്ന് കൂടി നമ്മൾ തിരിച്ചറിയണം. ചുരുക്കത്തിൽ , ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വലിയ തോതിലുള്ള അട്ടിമറി നടത്താമെന്ന് സംശയരഹിതമായി പറയാവുന്ന തെളിവുകളൊന്നും ഇത് വരെ ലഭ്യമല്ല. എന്നാൽ പൂർണമായും പിഴവറ്റതാണ് എന്നും തീരുമാനിക്കാൻ കഴിയില്ല.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top