KSRTC ബസിലെ അക്രമവും സോഷ്യൽ മീഡിയയിലെ വ്യാജ നിർമിതികളും

KSRTC ബസിലെ അക്രമവും സോഷ്യൽ മീഡിയയിലെ വ്യാജ നിർമിതികളും

തെരഞ്ഞെടുപ്പ് കാലം വ്യാജ വാർത്തകളുടെ കൊയ്ത്തു കാലമാണ്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞ്, പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുന്ന സമയത്തും, വ്യാജ വാർത്തകൾക്ക് പഞ്ഞമൊന്നുമില്ല. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആണ് ഇത്തവണ വ്യാജ വാർത്താ ക്യാമ്പയിനിന്റെ ഇരയായിരിക്കുന്നത്.

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്താത്തതിന് കെഎസ്ആർടിസി ബസ്സിനുള്ളിൽ സംഘർഷമുണ്ടാക്കുകയും ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തുവെന്ന ആരോപണത്തോടെ ഒരു യുവതിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ബാത്‌റൂമിൽ പോകാൻ വേണ്ടിയായിരുന്നുവെന്ന് വിശദീകരിച്ച്  മാപ്പ് പറഞ്ഞ യുവതി 28,000 രൂപ പിഴയടച്ചുവെന്നും വ്യക്തമാക്കി. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ ഈ വിഷയം വിട്ടു കളയാൻ തയ്യാറായിട്ടില്ല.

മേൽപ്പറഞ്ഞ യുവതി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ ഭാര്യയാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത്. കോൺഗ്രസ്സ് അനുകൂല പേജുകളും ഗ്രൂപ്പുകളുമാണ് പ്രധാനമായും ഈ പ്രചാരണത്തിന് പിന്നിൽ. ചില ബിജെപി ഹാൻഡിലുകളിലും ഇതേ അവകാശവാദത്തോടെ  പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

പ്രചാരണം തെറ്റാണെന്ന് വസീഫ് തന്നെ വ്യക്തമാക്കി , “ആ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല” വസീഫ് ഫേസ്ബുക്കിൽ കുറിച്ചു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യു ഡി എഫ് – ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും വസീഫ് പോസ്റ്റിൽ പറയുന്നു.

ആരാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്?

ന്യൂസ്‌ മലയാളം, ഏഷ്യാനെറ്റ്‌ ന്യൂസ്‌ എന്നീ ചാനലുകളുടെതെന്ന രീതിയിലുള്ള കാർഡുകളായാണ് പ്രസ്തുത വാർത്ത പ്രചരിക്കുന്നത്. “ബസ് നിർത്താൻ ആവശ്യപ്പെട്ടത് ബാത്റൂം എമർജൻസി. താൻ DYFI നേതാവ് വസീഫിന്റെ ഭാര്യ” എന്നാണ് ന്യൂസ് മലയാളത്തിന്റെ ലേഔട്ടും ലോഗോയും ഉപയോഗിച്ച കാർഡിൽ എഴുതിയിരിക്കുന്നത്. ഈ കാർഡാണ് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടത്.

UDF – യുഡിഎഫ് എന്ന് പേരുള്ള പബ്ലിക്ക് ഫേസ്ബുക്ക് ഗ്രൂപ്പിൽ മെയ്‌ 16ന് ഏഷ്യാനെറ്റിന്റെ വ്യാജ കാർഡ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. “കക്കൂസിൽ പോവാൻ മുട്ടി ബസിന്റെ ചില്ല് അടിച്ചു പൊട്ടിച്ച യുവതി dyfi നേതാവ് വസീഫിന്റെ ഭാര്യ 🚩🚩🚩ലാൽസലാം പെങ്ങളെ 🚩🚩” എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം അംഗങ്ങൾ ഉള്ള ഗ്രൂപ്പാണിത്. മൂന്നു മണിക്കൂറിൽ 79 ലൈക്കും 18 ഷെയറുകളും ലഭിച്ച പോസ്റ്റിന് താഴെ, വാർത്ത ശരിയെന്ന രീതിയിലുള്ള കമന്റുകളാണ് ഏറെയും.

ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

“അപ്പോ പിന്നെ ചില്ല് പൊട്ടിച്ചതിൽ അൽഭുതമില്ല.”, അവൾക്ക് വാഷ് റൂമിൽ പോകണം എന്ന് പറഞ്ഞാൽ അവർ സൗകര്യം ആയി നിർത്തി കൊടുത്തേനെ എന്നൊക്കെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ. 

Leader V D Satheesan IN എന്ന ഗ്രൂപ്പിലും ഈ കാർഡ് പങ്കു വച്ചിട്ടുണ്ട്. “വീഡിയോയിൽ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല… പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഡ്രൈവർ വണ്ടി സൈഡ് ആക്കിയേനെ.” എന്നാണ് അടിക്കുറിപ്പ്. മെയ്‌ 16ന് പോസ്റ്റ്‌ ചെയ്ത ഈ കാർഡിന് 122 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. അധിക്ഷേപകരമായ പല കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

KPCC സൈബർ ആർമി (16,000 അംഗങ്ങൾ), രാഹുൽ ആർമി (5600 ഫോളോവേഴ്സ്), VT Balram- KPCC വൈസ് പ്രസിഡന്റ്‌ (35,000 അംഗങ്ങൾ) ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ (1600 ഫോളോവേഴ്സ്), തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും പോസ്റ്റ്‌ പ്രചരിക്കുന്നുണ്ട്.  

BJP -കേരളം എന്ന ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പിൽ ഈ അവകാശവാദത്തോടെ ഒരു പോസ്റ്റ്‌ വന്നിരുന്നു. ഡി വൈ എഫ് ഐ നടത്തിയ പഴയ ഒരു മാർച്ചിന്റെ ചിത്രത്തിന്, “സ്റ്റോപ്പിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിച്ചു DYFI നേതാക്കൾ KSRTC സ്റ്റാൻഡിലേക്ക് പ്രതിഷേധ പ്രകടനം. നയിക്കുന്നത് തിര്യവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ ഭർത്താവ് സച്ചിൻ തെണ്ടുൽക്കർ😂” എന്നാണ്  അടിക്കുറിപ്പ്.

ന്യൂസ് മലയാളം നിയമനടപടിയിലേക്ക് 

മെയ്‌ 5ന് തന്നെ, പ്രചരിക്കുന്ന കാർഡ് വ്യാജമാണെന്ന് ന്യൂസ്‌ മലയാളം അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും വ്യാജ വാർത്ത വലിയ രീതിയിൽ പ്രചരിക്കുകയാണ്.

ന്യൂസ്‌ മലയാളം പുറത്തിറക്കിയത് ഔദ്യോഗിക സ്ഥിരീകരണം

മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനുവും ന്യൂസ് മലയാളത്തിൻ്റെ വ്യാജ കാർഡ് ഷെയർ ചെയ്തിരുന്നു. “വസീഫിന്റെ ഭാര്യക്ക് ലുലുമാളിന്റെ അടുത്ത് വന്നപ്പോൾ പെട്ടെന്ന് മുട്ടിയതാണോ, അതോ അതൊരു അസുഖം ആണോ. എന്തായാലും ഇനി മുതൽ ഡയപ്പർ കെട്ടി നടന്നാൽ മതി. വെറുതെ മുട്ടുമ്പോൾ മുട്ടുമ്പോൾ ഇങ്ങനെ വണ്ടിക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ വസീഫിന്റെ ഭാര്യേ?” എന്നായിരുന്നു ബിന്ദു ബിനു നൽകിയ അടിക്കുറിപ്പ്. സംഭവം വിവാദമായതിന് പിന്നാലെ ഇവർ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

വ്യാജ കാർഡ് ആണെന്ന് അറിയിച്ചിട്ടും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ ബിന്ദു ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ന്യൂസ്‌ മലയാളം വ്യക്തമാക്കി.

ഇതിന് ശേഷവും ന്യൂസ്‌ മലയാളത്തിന്റേതെന്ന പേരിൽ മറ്റൊരു കാർഡ് കൂടി പ്രചരിക്കുന്നുണ്ട്. “ഭരണം മാറിയത് അറിയാതെ തന്റെ ഭാര്യക്കൊരു തെറ്റ് പറ്റി. KSRTC യോട് മാപ്പ് ചോദിക്കുന്നു. 25000 ഫൈൻ അടച്ചു പ്രശ്നം പരിഹരിച്ചിട്ടുണ്ട്.” – വസീഫ് എന്നാണ് ഈ കാർഡിൽ പറയുന്നത്. വസീഫിന്റെ ചിത്രവും കാർഡിൽ ഉണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

“കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്.” തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വസീഫ് പറയുന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യാജ പ്രചാരണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയനടപടികൾക്കായുള്ള ഇടപെടലും പ്രതിഷേധവും ഉയർത്തുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top