
അത് അൺ-എയ്ഡഡ് സ്‌കൂളിലെ ഈദാഘോഷമാണ്, സർക്കാർ നടത്തുന്ന ‘ഇസ്ലാമികവൽക്കരണമല്ല’: ഫാക്ട് ചെക്ക്
കേരളത്തിലെ വിദ്യാലയങ്ങളിൽ ഇസ്ലാമിക ചടങ്ങുകൾ അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണവുമായി ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. 2026 ജനുവരി 11ന്, എക്സിൽ പ്രചരിച്ച വീഡിയോയിൽ, ഒരു കൂട്ടം വിദ്യാർത്ഥികൾ കഅബയെ വലംവെക്കുന്ന ‘തവാഫ്’ എന്ന ചടങ്ങ് അനുകരിക്കുന്നത് കാണാം. ഇത് നടന്നത് കേരളത്തിലെ സർക്കാർ സ്‌കൂളിലാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മതേതരത്വത്തിന്റെ മറവിൽ കേരളത്തിൽ ഇസ്ലാമിക വൽക്കരണം നടത്തുന്നു എന്ന വാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 2025 ജൂലൈയിലും സമാനമായ രീതിയിൽ ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇത് ഒരു സ്വകാര്യ മുസ്ലിം മാനേജ്‌മെന്റ് സ്കൂളിലെ ബലിപെരുന്നാൾ ആഘോഷമായിരുന്നുവെന്നാണ് ഞങ്ങൾ നടത്തിയ വസ്തുതാ പരിശോധനയിൽ വ്യക്തമായത്. കേരളത്തിന്റെ മതേതര പ്രതിച്ഛായയെ തകർക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിതമായ വ്യാജപ്രചാരണങ്ങളുടെ തുടർച്ചയായി വേണം ഈ വീഡിയോയെ കാണേണ്ടത്.
എന്താണ് പ്രചരിക്കുന്ന വീഡിയോ?
2026 ജനുവരി പതിനൊന്നിന്, ‘ദേശ് കി ബേട്ടി ഇന്ദു’ (देश की बेटी इंदु) എന്ന് പേരുള്ള എക്സിലെ ഒരു വലതുപക്ഷ ട്രോൾ അക്കൗണ്ടിൽ, ഈ വീഡിയോ പ്രചരിച്ചിട്ടുണ്ട്. കേരളത്തിലെ സ്കൂളിൽ വിദ്യാർഥികൾ തവാഫ് ചെയ്യുന്നു എന്നാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ഇതോടൊപ്പം, വീഡിയോയുമായി യാതൊരു ബന്ധവുമില്ലാത്ത ഇറാൻ റിവൊല്യൂഷൻ2026, ഇറാൻ, ഇറാൻ പ്രോട്ടസ്റ്റസ്, ഡിജിറ്റൽബ്ലാക്ക്ഔട്ട്ഇറാൻ എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ ഉപയോഗിച്ചിട്ടുള്ളതായി കാണാം.

ഇതേ വീഡിയോ, കഴിഞ്ഞ വർഷം ജൂലൈയിലും സമാനമായ രീതിയിൽ പ്രചരിച്ചിരുന്നു എന്ന് ഒബിസി കണ്ടെത്തി. ‘വോക്ക്ഫ്ലിക്സ്’ (Wokeflix) എന്ന എക്സ് അക്കൗണ്ട് വഴിയാണത്. ‘’കേരളത്തിൽ സാക്ഷരത കൈവരിക്കുന്നു’’(Literacy being achieved in Kerala) എന്നാണ് പോസ്റ്റിലെ ക്യാപ്‌ഷൻ. 2026, ജനുവരി പന്ത്രണ്ട് വരെ 12,400 പേരാണ് ആ വീഡിയോ കണ്ടിട്ടുള്ളത്. 178 പേർ ഈ വീഡിയോ റീപ്പോസ്റ്റും ചെയ്തിട്ടുള്ളതായി കാണാം.

വൈകാരികമായും വർഗീയമായുമുള്ള കമന്റുകളാണ് ഈ വീഡിയോയ്ക്കു താഴെ കാണാൻ കഴിയുന്നത്.
“ഇതൊക്കെ അവരുടെ മതത്തിൽ അനുവദനീയമാണോ? ഇത് മതനിന്ദയല്ലേ?” എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള ഒരു കമന്റ്. “അവർ എല്ലാം പഠിപ്പിക്കുന്നുണ്ടല്ലോ” എന്ന പരിഹാസമാണ് മറ്റൊരാൾ നടത്തുന്നത്.
എക്സിന് പുറമെ ഫേസ്‌ബുക്കിലും ഈ വീഡിയോ വ്യാപകമായിത്തന്നെ പ്രചരിച്ചിരുന്നു. ‘ചോറ്റാനിക്കര ജംഗ്ഷൻ’ എന്ന് പേരുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കഴിഞ്ഞ വർഷം ജൂലൈ രണ്ടാം തീയതി ഈ വീഡിയോ പ്രചരിച്ചിട്ടുണ്ട്. മതേതരത്വത്തിന്റെ മറവിൽ സർക്കാർ സ്കൂളുകൾ ഇസ്ലാമിക ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദമാണ് ഈ അക്കൗണ്ടും ഉയർത്തുന്നത്.

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രയിമുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, വിദ്യാലയത്തിന്റെ പേര് വ്യക്തമായി കാണാൻ സാധിച്ചു. തൃക്കരിപ്പൂരിലെ എബിഎസ് ഗ്ലോബൽ സ്‌കൂളിലാണ് ഈ പരിപാടി നടന്നതെന്ന് ഇതിലൂടെ സ്ഥിരീകരിക്കാം.

തുടർന്ന് നടത്തിയ ജിയോ ലൊക്കേഷൻ പരിശോധനയിൽ ഇതുറപ്പിക്കുന്ന തെളിവുകൾ കൂടി ലഭിച്ചു.

വൈറൽ വീഡിയോയിലെ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും കീഫ്രെയിമുകൾ, 2021ലെ ഗൂഗിൾ മാപ് ചിത്രങ്ങളുമായി താരതമ്യം ചെയ്തപ്പോൾ, ഈ വീഡിയോ, എബിഎസ് സ്‌കൂളിൽ നിന്നുതന്നെയാണെന്ന് പൂർണമായും സ്ഥിരീകരിക്കാൻ സാധിച്ചു. സ്കൂൾ കെട്ടിടത്തിന്റെ ഘടനയും പരിസരവുമെല്ലാം തന്നെ ഗൂഗിൾ മാപ്പിലെ ലെ ചിത്രങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നുണ്ട്. ഇത് ഒരു സർക്കാർ സ്കൂളാണെന്ന പ്രചാരണം സാങ്കേതികമായിത്തന്നെ തെറ്റാണെന്ന് ഞങ്ങൾക്ക് ഉറപ്പിക്കാൻ കഴിഞ്ഞു.

തുടരന്വേഷണത്തിന്റെ ഭാഗമായി, എബിഎസ് ഗ്ലോബൽ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ, 2025 ജൂൺ മൂന്നിന് അപ്‌ലോഡ് ചെയ്ത ഒരു യൂട്യൂബ് വീഡിയോ കണ്ടെത്താൻ സാധിച്ചു. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലേതിന് സമാനമായി വിദ്യാർത്ഥികൾ തവാഫ് അനുകരിക്കുന്നതിന്റെ മറ്റൊരു ആംഗിളിലുള്ള ദൃശ്യം ഈ വീഡിയോയിലും കാണാം. സ്റ്റേജിന് മുകളിൽ ‘Happy Eid ul Adha Mubarak’ എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഇതിൽ നിന്ന് തന്നെ, ഇത് സ്കൂളിലെ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണെന്ന് ഉറപ്പിക്കാം. രണ്ട് വീഡിയോകളിലെയും കീഫ്രെയിമുകൾ തമ്മിൽ താരതമ്യം ചെയ്തപ്പോൾ, ഇവ രണ്ടും ഒരേ സ്ഥലത്ത്, ഒരേ സമയത്ത് നടന്ന പരിപാടിയുടേതാണെന്ന് വ്യക്തമായി.
ബലിപെരുന്നാൾ ആഘോഷം മാത്രമല്ല, 2025-26 അധ്യയന വർഷത്തിന്റെ തുടക്കം മുതൽ വിദ്യാലയത്തിൽ നടന്ന വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ സ്കൂളിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. പരിസ്ഥിതി ദിനത്തിലും ഡോക്ടേഴ്സ് ദിനത്തിലും വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളുടെയും ബോധവൽക്കരണ ക്ലാസുകളുടെയും വീഡിയോകൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാ തരം സാമൂഹിക-സാംസ്കാരിക ദിനങ്ങളും ആഘോഷിക്കുന്ന ഈ സ്‌കൂളിലെ ഒരു പ്രത്യേക പരിപാടിയുടെ ദൃശ്യങ്ങൾ മാത്രം അടർത്തിയെടുത്താണ് ഇപ്പോൾ വർഗീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക രേഖകൾ പരിശോധിക്കുമ്പോൾ, പ്രചരിക്കുന്ന വീഡിയോ ഒരു സർക്കാർ വിദ്യാലയത്തിലേതാണ് എന്ന വാദം പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാകും. സർക്കാർ ഫണ്ട് കൈപ്പറ്റുന്ന കേരളത്തിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളുടെ പൂർണമായ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ ലഭ്യമാണ്. ഈ പട്ടിക പരിശോധിച്ചതിൽ നിന്നും, എബിഎസ് ഗ്ലോബൽ സ്കൂൾ സർക്കാർ ഉടമസ്ഥതയിലുള്ളതോ എയ്ഡഡ് വിഭാഗത്തിൽപ്പെട്ടതോ ആയ വിദ്യാലയമല്ലെന്ന് സ്ഥിരീകരിക്കാൻ സാധിച്ചു.
ജില്ല തിരിച്ചുള്ള വിദ്യാലയങ്ങളുടെ പട്ടികയിലും ഈ സ്കൂൾ ഉൾപ്പെട്ടിട്ടില്ല. ഒരു സ്വകാര്യ അൺ-എയ്ഡഡ് വിദ്യാലയത്തിൽ നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളെയാണ്, സർക്കാർ സ്‌കൂളിൽ ഇസ്ലാം അടിച്ചേൽപ്പിക്കുന്നു എന്ന പേരിൽ വർഗീയ ലക്ഷ്യങ്ങളോടെ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക