ബിജെപി സംസ്ഥാനങ്ങളുടെ താപവൈദ്യുതി ടെൻഡറുകൾ അദാനി ഗ്രൂപ്പിന്

ബിജെപി സംസ്ഥാനങ്ങളുടെ താപവൈദ്യുതി ടെൻഡറുകൾ അദാനി ഗ്രൂപ്പിന്

ഇന്ത്യയിൽ കൽക്കരി അധിഷ്ഠിത വൈദ്യുതി വിപണി വീണ്ടും സജീവമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി അദാനി ഗ്രൂപ്പ് മാറുന്നതായി റിപ്പോർട്ട്. അടുത്ത 25 വർഷത്തേക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി അദാനി ഗ്രൂപ്പ് ഒപ്പുവെച്ച കരാറുകളിലൂടെ കമ്പനിക്ക് 13.27 ലക്ഷം കോടി രൂപയിലധികം വരുമാനം ലഭിക്കുമെന്നാണ് സ്വതന്ത്രമാധ്യമ കൂട്ടായ്മയായ ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. അദാനി ഗ്രൂപ്പിന് ലഭിച്ച ഒൻപത് കരാറുകളിൽ എട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണെന്നും ടെൻഡർ വ്യവസ്ഥകളിൽ അദാനിക്ക് വേണ്ടി അട്ടിമറികൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

റിപ്പോർട്ട് പ്രകാരം, 2024 – 2026 കാലയളവിൽ ദീർഘകാല കൽക്കരി വൈദ്യുതി ടെൻഡറുകൾ വിളിച്ച എല്ലാ ബിജെപി സംസ്ഥാനങ്ങളും, ടെൻഡർ നൽകിയത് അദാനി ഗ്രൂപ്പിനാണ്. 

2032 ആകുന്നതോടെ ഇന്ത്യയുടെ കൽക്കരി – ലിഗ്നൈറ്റ് ഊർജ്ജ ഉപഭോഗം നിലവിലെ ആകെ ഉൽപ്പാദന ശേഷിയേക്കാൾ മുപ്പത് ശതമാനത്തോളം കൂടുതലായിരിക്കുമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി 2024 ൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 2031-32 സാമ്പത്തിക വർഷത്തോടെ രാജ്യം 80 ജിഗാവാട്ട് (GW) അധിക കൽക്കരി അധിഷ്ഠിത വൈദ്യുതി ശേഷി കൈവരിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് അദാനി ഗ്രൂപ്പിന്റെ കുതിപ്പിന് തുടക്കമിട്ടതെന്നാണ് ‘റിപ്പോർട്ടേഴ്സ് കളക്ടീവ്’ വ്യക്തമാക്കുന്നത്. 

താപവൈദ്യുതിയിലേക്കുള്ള തിരിച്ചു പോക്ക് 

രാജ്യത്തെ വ്യവസായിക ഗാർഹിക ഊർജ്ജാവശ്യങ്ങൾ വർധിച്ചതോടെ കൽക്കരി അധിഷ്ഠിത താപ വൈദ്യുതിക്ക് കൂടുതൽ പ്രാധാന്യം കൈ വന്നു. സൗരോർജ്ജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും കാലാവസ്ഥയെ ആശ്രയിച്ചുള്ളതാണ്. അതേ സമയം കൽക്കരി പ്ലാന്റുകളിൽ നിന്ന് 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാം എന്നതാണ് കൽക്കരി അധിഷ്ഠിത താപവൈദ്യുതിയിലേക്ക് രാജ്യം മടങ്ങാനുള്ള കാരണം. 2031-32 ആകുമ്പോഴേക്കും 80 ജിഗാവാട്ട് മുതൽ 95 ജിഗാവാട്ട് വരെ താപവൈദ്യുതി ശേഷി അധികമായി ഉൽപ്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതോടെയാണ് സംസ്ഥാന സർക്കാരുകൾ സ്വകാര്യ കമ്പനികളുമായി 25 വർഷം വരെ നീളുന്ന ദീർഘകാല കരാറുകളിൽ ഒപ്പുവെക്കാൻ തുടങ്ങിയത്. ഇത് സ്വകാര്യ കമ്പനികൾക്ക് പതിറ്റാണ്ടുകളോളം കൃത്യമായ വരുമാനം ഉറപ്പുനൽകുന്നു. 

ഒൻപതിൽ എട്ടും ബിജെപി സംസ്ഥാനങ്ങളിൽ 

2024 മാർച്ചിനും 2026 ജനുവരിക്കുമിടയിൽ രാജ്യത്ത് ലേലം ചെയ്ത പന്ത്രണ്ട് ദീർഘകാല വൈദ്യുതി കരാറുകളിൽ എട്ടെണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ഈ എട്ട് ടെൻഡറുകളും സ്വന്തമാക്കിയത് അദാനി ഗ്രൂപ്പാണ്. ചിലതിൽ തനിച്ചും ചിലതിൽ മറ്റ് കമ്പനികളോടൊപ്പവുമാണ് അദാനിഗ്രൂപ്പ് ഈ കരാറുകൾ നേടിയത്. എന്നാൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മറ്റ് നാല് ടെൻഡറുകളിൽ ഒന്നിൽ മാത്രമാണ് അദാനിക്ക് കരാർ നേടാനായത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ അദാനി ഗ്രൂപ്പിന് ടെണ്ടർ ലഭിക്കാൻ പാകത്തിൽ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി റിപ്പോർട്ടേഴ്സ് കളക്ടീവ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

മഹാരാഷ്ട്ര- സൗരോർജവും കൽക്കരിയും ഒന്നിച്ചൊരൊറ്റ ടെൻഡർ 

 വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്ന അസാധാരണമായ ആനുകൂല്യങ്ങളും ഇളവുകളുമാണ് ഊർജ്ജ മേഖലയിൽ അദാനി ഗ്രൂപ്പ് നടത്തുന്ന ഈ കുതിപ്പിന് സാഹചര്യമൊരുക്കുന്നതെന്ന് റിപ്പോർട്ടേഴ്‌സ് കളക്ടീവ് പറയുന്നു. പുതിയ കൽക്കരി നയങ്ങളുടെ ഭാഗമായി രാജ്യത്താദ്യമായി ദീർഘകാല കൽക്കരി – ഊർജ്ജ കരാറിൽ ഒപ്പിട്ട സംസ്ഥാനം മഹാരാഷ്ട്രയാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി താപവൈദ്യുതിയും സൗരോർജ്ജവും ഒരൊറ്റ കമ്പനിയിൽ നിന്ന് തന്നെ ഒന്നിച്ച് വാങ്ങാനായി ഒരു സംയുക്ത ടെൻഡറാണ് മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ചത്. 

രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങൾക്ക് മാത്രമേ മഹാരാഷ്ട്ര സർക്കാർ ശുപാർശ ചെയ്യുന്നത് പോലെ രണ്ട് തരം ഊർജ്ജവും (താപവൈദ്യുതി, സൗരോർജ്ജം) വിതരണം ചെയ്യാൻ സാധിക്കൂ. ഇതിൽ പ്രധാനിയാണ് അദാനി ഗ്രൂപ്പ്. മഹാരാഷ്ട്രയെ കൂടാതെ രാജസ്ഥാനും അദാനിക്ക് അനുകൂലമാകുന്ന തരത്തിൽ രണ്ട് തരം ഊർജ്ജവിതരണത്തിന് സംയുക്ത ടെൻഡർ വിളിച്ചിരുന്നതായി 2024 ൽ ‘റിപ്പോർട്ടേഴ്സ് കളക്ടീവ്’ കണ്ടെത്തിയിരുന്നു. വാർത്തകളെ തുടർന്ന് രാജസ്ഥാൻ ടെൻഡർ നടപടികൾ ഉപേക്ഷിക്കുകയായിരുന്നു. 

ഇത്രയും വലിയൊരു ടെൻഡർ ഒരൊറ്റ കമ്പനിക്ക് മാത്രമായി നൽകുന്നത് കാലതാമസവും പ്രായോഗിക ബുദ്ധിമുട്ടുകളും അപകടസാധ്യതകളും വർദ്ധിപ്പിക്കുമെന്ന് മഹാരാഷ്ട്രയിലെ പല കമ്പനികളും വിമർശനമുന്നയിച്ചിരുന്നു. 

വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ മറി കടന്ന് ടെൻഡർ 

നിയമമനുസരിച്ച്, മഹാരാഷ്ട്രയിൽ, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയുണ്ടെങ്കിൽ മാത്രമേ സർക്കാരിന് വൈദ്യുതി വാങ്ങാനായുള്ള ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. . എന്നാൽ മഹാരാഷ്ട്ര സർക്കാർ ഈ അനുമതിയില്ലാതെയാണ് ടെൻഡർ വിളിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്നത് കൊണ്ടാണ് അനുമതിയില്ലാതെ ടെൻഡർ വിളിക്കേണ്ടി വന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ നിയമപരമായി ഈ ന്യായം നിലനിൽക്കില്ലെന്നും റിപ്പോർട്ടേഴ്‌സ് കളക്ടീവ് ചൂണ്ടിക്കാട്ടുന്നു. 

ടെൻഡർ വ്യവസ്ഥകൾ മാറ്റി മധ്യപ്രദേശും 

മധ്യപ്രദേശിൽ 4,100 മെഗാവാട്ട് വിതരണം ചെയ്യാനുള്ള ടെൻഡർ അദാനി ഗ്രൂപ്പും മറ്റ് രണ്ട് കമ്പനികളും നേടിയിരുന്നു. എന്നാൽ പിന്നീട് പുതിയ ടെൻഡർ വിളിക്കാതെ നിലവിലെ വിജയികളിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ‘ഗ്രീൻഷൂ ഓപ്ഷൻ’ വഴി സംസ്ഥാനം 800 മെഗാവാട്ട് അധികമായി വാങ്ങാൻ തീരുമാനിച്ചു. ഈ അധിക കരാർ ആദ്യം മറ്റ് കമ്പനികൾക്ക് വാഗ്ദാനം ചെയ്തെങ്കിലും അവർ നിരസിച്ചതോടെ ഈ വൻ കരാറും ഒടുവിൽ അദാനിക്ക് തന്നെ ലഭിക്കുകയായിരുന്നു. 

അസം – അദാനിയുടെ വൈദ്യുതി വാങ്ങാൻ സർക്കാർ ഫണ്ട് 

അസമിൽ അദാനി ഗ്രൂപ്പ് പുതുതായി സ്ഥാപിക്കുന്ന 3200 മെഗാവാട്ടിന്റെ താപവൈദ്യുത നിലയത്തിൽ നിന്നുള്ള അധിക വൈദ്യുതി മുഴുവൻ വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറായതായി റിപ്പോർട്ടേഴ്സ് കളക്റ്റീവ് പറയുന്നു. സംസ്ഥാനത്തിന് നിലവിൽ ഇത്രയധികം അധിക വൈദ്യുതിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പവർ സെക്ടർ എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയായാണ് സർക്കാരിന്റെ ഈ നീക്കം. അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങാനായി സംസ്ഥാന ഫണ്ട് വിനിയോഗിക്കാമെന്ന ഔദ്യോഗിക ഉത്തരവ് ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ പുറത്ത് വിട്ടിട്ടുണ്ട്

ബീഹാർ -സൗജന്യ നിരക്കിൽ ഭൂമി പാട്ടത്തിന് 

ബീഹാറിലും സമാനമാണ് സ്ഥിതി. അവിടെ താപവൈദ്യുതി നിലയം നിർമ്മിക്കാനായി 1000 ഏക്കർ ഭൂമി വർഷം ഒരു രൂപ നിരക്കിൽ ബിഹാർ സർക്കാർ അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയിരുന്നു

ബീഹാർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനി, അദാനി ഗ്രൂപ്പിന് പ്രതിവർഷം 1 രൂപയ്ക്ക് ഭൂമി പാട്ടത്തിന് നൽകാനുള്ള സർക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററെ അറിയിക്കുന്ന രേഖ. ‘ദ റിപ്പോർട്ടേർസ് കളക്ടീവ്’ പുറത്ത് വിട്ടത്. 

താപവൈദ്യുതി- അപ്രായോഗികമായ വ്യവസ്ഥകൾ 

നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നും രണ്ടും ഭരണകാലയളവുകളിൽ ഇന്ത്യയിൽ ദീർഘകാല താപവൈദ്യുതി കരാറുകളുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും മൂന്ന് ഘടകങ്ങളെ മുൻനിർത്തിയാണ് കൽക്കരി അധിഷ്ഠിത വൈദ്യുതി കരാറുകളിൽ നിന്ന് സംസ്ഥാനങ്ങളും കേന്ദ്രവും അക്കാലത്ത് പിന്നോട്ട് പോയത്. 

ഒന്നാമതായി,രാജ്യത്ത് ഭാവിയിൽ എത്ര വൈദ്യുതി വേണമെന്ന് കണക്കാക്കാൻ ഉപയോഗിച്ച സാമ്പത്തിക വളർച്ചാ സൂചികകൾ പലപ്പോഴും യഥാർത്ഥ ആവശ്യവുമായി ഒത്തുപോകുന്നതായിരുന്നില്ല. വിപണിയിലെ മന്ദഗതിയിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ കാരണം കണക്കുകൂട്ടിയ അത്രയും വലിയൊരു വൈദ്യുതി ആവശ്യകത അന്ന് രാജ്യത്തുണ്ടായില്ല. 

രണ്ടാമതായി, അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനായി ഇന്ത്യ നൽകിയ വാഗ്ദാനങ്ങളായിരുന്നു. കൽക്കരിയുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന ആഗോള പ്രതിബദ്ധത പാലിക്കാൻ രാജ്യം നിർബന്ധിതരായി. 

ഇതേ കാലയളവിൽ പുനരുപയോഗ ഊർജ്ജ മേഖലയിലുണ്ടായ വൻ കുതിപ്പാണ് മറ്റൊരു ഘടകം. സൗരോർജ്ജ ഉൽപ്പാദനത്തിനുള്ള ചെലവ് കുത്തനെ ഇടിഞ്ഞതോടെ രാജ്യം താപവൈദ്യുതിയിൽ നിന്ന് ഹരിത ഊർജ്ജത്തിലേക്ക് തിരിഞ്ഞു. ഈ കാരണങ്ങളാലാണ് മുൻ വർഷങ്ങളിൽ കൽക്കരി കരാറുകളിൽ ഇടിവുണ്ടായത്. 

അദാനി നേടുന്നത് 13 ലക്ഷം കോടി

പല സംസ്ഥാനങ്ങളുടെയും ടെൻഡറുകൾ ഒന്നിച്ച് സ്വന്തമാക്കാൻ കഴിഞ്ഞതോടെ, അദാനി ഗ്രൂപ്പിന് ലഭിക്കാൻ പോകുന്ന ആകെ വരുമാനം 13.27 ലക്ഷം കോടി രൂപയാണ്. ലേലത്തിലൂടെ നിശ്ചയിക്കപ്പെട്ട വൈദ്യുതി നിരക്കിനെ, പ്രതീക്ഷിക്കുന്ന വാർഷിക വൈദ്യുതി ഉൽപ്പാദനം കൊണ്ട് ഗുണിച്ചാണ് ഓരോ ദീർഘകാല കരാറിന്റെയും വാർഷിക ചെലവ് തീരുമാനിക്കുന്നത്. പദ്ധതി കാലയളവിലുണ്ടാകുന്ന പണപ്പെരുപ്പം കണക്കാക്കി കൂടുതൽ പണം നൽകാൻ കരാർ പ്രകാരം സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരാണ്. ഇത് കണക്കാക്കാതെയുള്ള തുകയാണ് 13.27 ലക്ഷം കോടി. ഭാവിയിൽ ഇന്ധനവില വർധനവും മറ്റ് ചെലവുകളും ഈ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതായത്, കാലാവധി തീരുമ്പോഴുള്ള സർക്കാരുകളുടെ യഥാർത്ഥ ബാധ്യത ഇതിലും വളരെ വലുതായിരിക്കും. 

ദീർഘകാലത്തേക്കുള്ള വൈദ്യുതി നിരക്കുകൾ മുൻകൂട്ടി ഉറപ്പിക്കുന്ന ഇത്തരം കരാറുകൾ സംസ്ഥാനങ്ങളെ കുരുക്കിലാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനായും സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും കരാർ പ്രകാരം നിശ്ചയിക്കപ്പെട്ട നിരക്ക് കമ്പനികൾക്ക് നൽകാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. 

ഈ വിഷയത്തിൽ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിനും അദാനി ഗ്രൂപ്പിനും റിപ്പോർട്ടേഴ്സ് കളക്ടീവ് ചോദ്യാവലി അയച്ചിരുന്നു. എന്നാൽ തങ്ങൾക്ക് രാഷ്ട്രീയമായ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും തികച്ചും സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് തങ്ങൾ കരാറുകൾ നേടിയതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇതിൽ രാഷ്ട്രീയമില്ലെന്നും പങ്കുമില്ലെന്നും റെഗുലേറ്ററി ബോർഡുകൾ നിരക്കുകൾ അംഗീകരിച്ചതാണെന്നും ബിജെപി ഇതര സംസ്ഥാനങ്ങളിലും തങ്ങൾ കരാറുകൾ നേടിയിട്ടുണ്ടെന്നും കമ്പനി വാദിക്കുന്നു. 

Home » ബിജെപി സംസ്ഥാനങ്ങളുടെ താപവൈദ്യുതി ടെൻഡറുകൾ അദാനി ഗ്രൂപ്പിന്
ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top