കോടതി മുറികളിലെ ‘അൽഗോരിതം’: മെറ്റയെ ചുറ്റുന്ന നിയമക്കുരുക്കുകൾ

കോടതി മുറികളിലെ ‘അൽഗോരിതം’: മെറ്റയെ ചുറ്റുന്ന നിയമക്കുരുക്കുകൾ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 2026 അത്ര നല്ല വർഷമായിരിക്കില്ല. അമേരിക്കയിലെ കോടതികളിൽ നിന്നും യൂറോപ്പിലെ നിയമവിദഗ്ദ്ധരിൽ നിന്നും വലിയ നിയമനടപടികളാണ് മെറ്റ ഇപ്പോൾ നേരിടുന്നത്. 

വിപണിയിലെ കുത്തക നിലനിർത്താൻ മറ്റ് കമ്പനികളെ വിഴുങ്ങുന്നത് മുതൽ ഉപയോക്താക്കളെ (പ്രത്യേകിച്ച് കുട്ടികളെ) ആപ്പുകളിൽ അടിമപ്പെടുത്തുന്ന തരത്തിലുള്ള ഡിസൈൻ, കുട്ടികളുടെ സുരക്ഷയിലെ വീഴ്ചകൾ, സ്വകാര്യതാലംഘനം, തെറ്റായ വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്ന അൽഗോരിതം എന്നിങ്ങനെ നിരവധി  കുറ്റാരോപണങ്ങളാണ്  .ലോകത്താകമാനം മെറ്റ നേരിടുന്നത്.

 മുൻ കാലങ്ങളിൽ ഉള്ളടക്ക നിയന്ത്രണത്തെ (Content moderation) ചൊല്ലി മാത്രമായിരുന്നു കേസുകളെങ്കിൽ ഇന്നത് വലിയ തലങ്ങളിലേക്കെത്തിയിരിക്കുന്നു.പ്രായപൂർത്തിയാകാത്ത കുട്ടികൾ സോഷ്യൽ മീഡിയ  ഉപയോഗിക്കുന്നത് തടയുന്നതിൽ മെറ്റ പരാജയപ്പെട്ടു എന്ന് യൂറോപ്യൻ റഗുലേറ്റർമാർ ഈ വർഷം ഏപ്രിലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയെയും ചാറ്റുകൾ സുരക്ഷിതമാക്കുന്ന എൻക്രിപ്ഷൻ രീതികളെയും കുറിച്ച് മെറ്റയും വാട്സാപ്പും തെറ്റായ വിവരങ്ങൾ നൽകി എന്നാരോപിച്ച് ടെക്സസ്  ഒരു കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ ജനപ്രിയ ആപ്പുകളെ മെറ്റ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) വർഷങ്ങളായി നടത്തുന്ന കുത്തകവിരുദ്ധ (antitrust) നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ, നിലവിൽ മെറ്റ നേരിടുന്ന പ്രധാനപ്പെട്ട നിയമപ്രശ്നങ്ങളെയും നിയന്ത്രണങ്ങളെയും അടയാളപ്പെടുത്തുകയാണ് ഈ റിപ്പോർട്ട്.

വാട്സാപ്പും പുതിയ സ്വകാര്യതാ നയങ്ങളും 

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന ഒരു മെസ്സേജിങ് ആപ്പ് എന്നാണ് വാട്സാപ്പ് അവകാശപ്പെടുന്നത്. മെസ്സേജുകൾ അയക്കുന്നയാൾക്കും അത് സ്വീകരിക്കുന്നയാൾക്കും അല്ലാതെ മറ്റാർക്കും കാണാൻ കഴിയില്ലെന്ന് ഉറപ്പുനൽകുന്ന ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ (end-to-end encryption) തങ്ങളുടെ ഏറ്റവും വലിയ സുരക്ഷാ സവിശേഷതയായി മെറ്റ എപ്പോഴും എടുത്തുപറയാറുമുണ്ട്. 

ഈ കഴിഞ്ഞ മെയ് 21ന് മെറ്റയ്ക്കും വാട്സാപ്പിനുമെതിരെ ടെക്സസ് കോടതിയെ സമീപിച്ചു. കമ്പനി തങ്ങളുടെ സ്വകാര്യതാ സുരക്ഷയെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പ്രധാന ആരോപണം. 

കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്: ഉപയോക്താക്കളുടെ വാട്സാപ്പ് സന്ദേശങ്ങൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തതാണെന്ന് കമ്പനി ഉറപ്പുനൽകുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ആപ്പിലെ ഏതാണ്ടെല്ലാ വ്യക്തിഗത സന്ദേശങ്ങളും പരിശോധിക്കാൻ മെറ്റയ്ക്ക് സാധിക്കും. മെറ്റ അവകാശപ്പെടുന്ന സ്വകാര്യതയും അവരുടെ യഥാർത്ഥ പ്രവർത്തന രീതിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് മെറ്റയുടെ ഔദ്യോഗിക വക്താവായ ആൻഡി സ്റ്റോൺ മെയ് 22 ന് രംഗത്തെത്തിയിരുന്നു. തങ്ങളുടെ സ്വകാര്യതാ സുരക്ഷയിൽ യാതൊരുവിധ കുറവുകളുമില്ലെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് അദ്ദേഹം എക്‌സിൽ പങ്കുവെച്ചു. . വാട്സാപ്പിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ പരിശോധിക്കാൻ കമ്പനിക്ക് സാധിക്കില്ല എന്നും ജനങ്ങളുടെ സന്ദേശങ്ങൾക്ക് കൃത്യമായ സുരക്ഷ നൽകിയ തങ്ങളുടെ മുൻകാല ചരിത്രം കോടതിയിൽ തെളിയിക്കുമെന്നും, കേസിനെതിരെ ശക്തമായി പോരാടുമെന്നും പോസ്റ്റിൽ പറയുന്നു.

എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഇതിന് തൊട്ടുപിന്നാലെ മെയ് 25 ആം തിയതി മറ്റൊരു സംഭവം കൂടിയുണ്ടായി. രണ്ട് ഐ.ഒ.എസ് ഡെവലപ്പർമാരുടേതാണെന്ന് അവകാശപ്പെടുന്ന ‘mysk_co’ എന്ന എക്സ് അക്കൗണ്ട് ഒരു സുപ്രധാന വിഷയം പുറത്തുവിട്ടു. ഐഫോണുകളിലും മാക് ബുക്കുകളിലും ഉള്ള വാട്സാപ്പ്  ഗ്രൂപ്പുകളിൽ, ഉപയോക്താക്കളുടെ ചാറ്റുകൾ യാതൊരുവിധ എൻക്രിപ്ഷനും ഇല്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് അവർ തെളിവുകൾ സഹിതം കാണിച്ചുതന്നു. ഈ വാട്സാപ്പ് സന്ദേശങ്ങൾ സാധാരണ ടെക്സ്റ്റ് രൂപത്തിൽ ആയതുകൊണ്ട് തന്നെ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ തന്നെ മറ്റ് ആപ്പുകൾക്ക് ഇവ എളുപ്പത്തിൽ വായിച്ചെടുക്കാൻ സാധിക്കുമെന്നും ആ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 

എക്സ് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

മെറ്റ നേരിടുന്ന  നിയമപരമായ സമ്മർദ്ദങ്ങൾ 

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യതാലംഘനം, വിപണി മത്സരം, ഓൺലൈൻ സുരക്ഷ, രാഷ്ട്രീയ പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി അന്വേഷണങ്ങളാണ്  മെറ്റ നേരിടുന്നത് . അമേരിക്കയിൽ ഫെഡറൽ റഗുലേറ്റർമാർ, വിവിധ സംസ്ഥാന സർക്കാരുകൾ, സ്കൂൾ അധികൃതർ മുതൽ സ്വകാര്യ വ്യക്തികൾ വരെ നൽകിയ കേസുകളിൽ  കടുത്ത സമ്മർദ്ദമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്.

അമേരിക്കൻ ഗവണ്മെന്റിന്റെ സ്വതന്ത്ര ഏജൻസിയായ ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC), 2020 ഡിസംബറിൽ മെറ്റയ്‌ക്കെതിരെ ഒരു കുത്തകവിരുദ്ധ കേസ് ഫയൽ ചെയ്യുകയുണ്ടായി. ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ ജനപ്രിയ ആപ്പുകളെ വിലയ്ക്ക് വാങ്ങിയതിലൂടെ മെറ്റ തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കി വിപണിയിൽ കുത്തക സ്ഥാപിക്കാൻ ശ്രമിച്ചു  എന്നതാണ് ഈ കേസിന്റെ കാതൽ.

മെറ്റാ നേരിടുന്ന നിയമ യുദ്ധങ്ങള്‍

ഇതുകൂടാതെ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ കമ്പനി പ്രവർത്തിച്ചു എന്നാരോപിച്ച് മെറ്റയ്‌ക്കെതിരെ വേറെയും ചില കേസുകളുണ്ട്. പ്രായം കുറഞ്ഞ ഉപയോക്താക്കളെ തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പുകളിൽ തന്നെ എപ്പോഴും അടിമപ്പെടുത്തി നിർത്തുന്ന തരത്തിലാണ് മെറ്റ, ഫീച്ചറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് ഈ കേസുകളിലെ പ്രധാന ആരോപണം. ഇതിനെല്ലാം പുറമെയാണ്, ടെക്സസ് സംസ്ഥാനം ഫയൽ ചെയ്തിരിക്കുന്ന പുതിയ കേസ്. 

യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ നിയമങ്ങൾക്കനുസരിച്ച്, മെറ്റയ്ക്കെതിരെയുള്ള നടപടികൾ അവിടുത്തെ റഗുലേറ്റർമാരും ശക്തമാക്കിയിട്ടുണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികൾ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കുന്നത് തടയാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മെറ്റ പരാജയപ്പെട്ടു എന്ന് 2026 ഏപ്രിൽ 29ന് യൂറോപ്യൻ റെഗുലേറ്റർമാർ  ആരോപിച്ചു. ഇത് യൂറോപ്യൻ യൂണിയന്റെ ഓൺലൈൻ സുരക്ഷാ നിയമങ്ങളുടെ (Digital Services Act) ലംഘനമാണ്. 

ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ ജനപ്രിയ ആപ്പുകൾ ഏറ്റെടുക്കുമ്പോൾ 

2012ൽ ഏകദേശം 100 കോടി ഡോളറിനാണ് മെറ്റ ഇൻസ്റ്റാഗ്രാം വാങ്ങിക്കുന്നത്. 2014ൽ ഏകദേശം 1900 കോടി ഡോളറിന് വാട്സാപ്പും മെറ്റ സ്വന്തമാക്കി. അതിവേഗം വളരുന്ന സോഷ്യൽ മീഡിയ വിപണിയിലെ വലിയ ബിസിനസ്സ് മുന്നേറ്റങ്ങളായാണ് ഈ രണ്ട് ഇടപാടുകൾ പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

എന്നാൽ, ഈ ഇടപാടുകൾ വിപണിയിലെ മത്സരം ഇല്ലാതാക്കി കുത്തകവൽക്കരണത്തിലേക്ക് നയിക്കുന്നതാണെന്നാണ്  അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ കണ്ടെത്തിയത്. വിപണിയിലെ അനാരോഗ്യകരമായ മത്സരങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ  പ്രവർത്തിക്കുന്ന കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് സമാനമായ അമേരിക്കയിലെ സംവിധാനമാണ് എഫ് ടി സി അഥവാ ഫെഡറൽ ട്രേഡ് കമ്മീഷൻ .

എന്നാൽ മെറ്റ, ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുന്നു. തങ്ങൾ ഈ കമ്പനികളെ വാങ്ങിയതിന് ശേഷമാണ് ഇൻഫ്രാസ്ട്രക്ചർ, സുരക്ഷ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയിലൊക്കെ വലിയ രീതിയിൽ പണം നിക്ഷേപിച്ചതെന്നും, അതിനുശേഷമാണ് ഇൻസ്റ്റാഗ്രാമും വാട്സാപ്പും ഇന്ന് കാണുംവിധം വളർന്നതെന്നും മെറ്റ വാദിക്കുന്നു. 

ഈ കേസിൽ, 2025 നവംബർ 18ന് അമേരിക്കൻ ഡിസ്ട്രിക്റ്റ് ജഡ്ജ് ജെയിംസ് ബോസ്ബെർഗ് വിധി പ്രസ്താവിക്കുകയുണ്ടായി. സോഷ്യൽ മീഡിയ രംഗത്ത് മെറ്റയ്ക്ക് മാത്രമായി ഒരു കുത്തകയുമില്ല എന്നായിരുന്നു വിധി. ഇതോടെ ഇൻസ്റ്റാഗ്രാമും വാട്സാപ്പും സ്വതന്ത്ര കമ്പനികളായി വിറ്റഴിക്കേണ്ടി വരുമായിരുന്ന വലിയൊരു പ്രതിസന്ധിയിൽ നിന്നാണ് മെറ്റ രക്ഷപ്പെട്ടത്. എന്നാൽ, 2026 ജനുവരിയിൽ ഈ വിധിക്കെതിരെ FTC വീണ്ടും അപ്പീൽ നൽകി. മെറ്റ നിയമവിരുദ്ധമായ രീതിയിൽ തങ്ങളുടെ കുത്തക നിലനിർത്താൻ ശ്രമിക്കുന്നു എന്ന പഴയ ആരോപണം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്.

കുട്ടികളുടെ  ആപ്പ്  അഡിക്ഷൻ 

കുട്ടികളും കൗമാരക്കാരും സോഷ്യൽ മീഡിയ ആപ്പുകളിൽ തന്നെ എപ്പോഴും മുഴുകിയിരിക്കാൻ തക്കവണ്ണമാണ് മെറ്റ അവരുടെ പ്ലാറ്റ്‌ഫോമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന ആരോപണമാണ് കമ്പനി നേരിടുന്ന ഏറ്റവും വലിയ നിയമപ്രശ്നം. അമേരിക്കയിലെ വിവിധ സ്കൂളുകളും വ്യക്തികളും സംസ്ഥാന സർക്കാരുകളും മെറ്റയ്‌ക്കെതിരെ ഈ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.

ആപ്പുകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത രീതിയിലുള്ള ‘ഇൻഫിനിറ്റ് സ്ക്രോളിംഗ്’ (താഴേക്ക് എത്ര സ്ക്രോൾ ചെയ്താലും തീരാത്ത അവസ്ഥ), വീഡിയോകൾ ഒന്നിനുപിറകെ ഒന്നായി തനിയെ പ്ലേ ആകുന്ന സംവിധാനം (autoplay), അടിക്കടിയുള്ള നോട്ടിഫിക്കേഷനുകൾ, നമുക്ക് താല്പര്യമുള്ള കാര്യങ്ങൾ മാത്രം കാണിച്ചുതരുന്ന അൽഗോരിതം തുടങ്ങിയ ഫീച്ചറുകൾക്കാണ് മെറ്റ പ്രാധാന്യം നൽകുന്നത്. ഇതൊക്കെ ചെറിയ കുട്ടികളുടെ മാനസികാരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും കമ്പനി, ലാഭത്തിനുവേണ്ടി ഇത് തുടരുകയാണ് എന്നാണ് പ്രധാന ആരോപണം. 

ഫേസ്ബുക്കിൽ പ്രൊഡക്ട് മാനേജരായി ജോലി ചെയ്തിരുന്ന ഫ്രാൻസിസ് ഹേഗൻ എന്ന  സ്ത്രീ, കമ്പനിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പരസ്യമായി പുറത്തുവിട്ടതോടെയാണ് ഈ വിഷയം ലോകശ്രദ്ധ നേടുന്നത്. 2021 ഒക്ടോബർ 3ന് പുറത്തുവന്ന ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് അനുസരിച്ച്, ഷോൺ എന്ന വ്യാജപ്പേരിൽ ഈ വിവരങ്ങൾ പുറത്തുവിട്ട വ്യക്തി പറയുന്നതിങ്ങനെയാണ്: തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിന് കൃത്യമായി അറിയാമായിരുന്നു. എന്നിട്ടും ജനങ്ങളുടെ നന്മയെക്കാൾ കമ്പനിയുടെ ലാഭത്തിനാണ് അവർ മുൻഗണന നൽകിയത്. 

ഇതേ ആരോപണം ഉന്നയിച്ച് ന്യൂ മെക്സിക്കോയും മെറ്റയ്ക്കെതിരെ മറ്റൊരു കേസ് ഫയൽ ചെയ്തിരുന്നു. ഇത് തോറ്റാൽ ഏതാണ്ട് 37,000 കോടി ഡോളർ  (3.7 billion dollars) മെറ്റയ്ക്ക് പിഴയായി നൽകേണ്ടി വരും. ഈ കഴിഞ്ഞ മെയ് 13ന് മെറ്റ ഇതിനെതിരെ കോടതിയിൽ രംഗത്തുവന്നു.

കോടതിയിൽ  വാദത്തിനിടെ മെറ്റയുടെ അഭിഭാഷകനായ അലക്സ് പാർക്കിൻസൺ പറഞ്ഞത് ഇങ്ങനെയാണ്: ഈ കേസിൽ ന്യൂ മെക്സിക്കോ ജയിക്കുകയാണെങ്കിൽ, കമ്പനിയുടെ ആപ്പുകൾ കാരണം ബുദ്ധിമുട്ടിലായ കുട്ടികൾക്ക് മാത്രമല്ല, മറിച്ച് ആ സംസ്ഥാനത്തെ മുഴുവൻ കൗമാരക്കാരുടെയും മാനസികാരോഗ്യ ചികിത്സയ്ക്കുള്ള ചിലവ് മെറ്റയ്ക്ക് വഹിക്കേണ്ടി വരും. കേസിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി മെറ്റയുടെ വക്കീൽ കോടതിയിൽ ഉയർത്തിയ ഒരു സാങ്കേതിക വാദമായാണ് ഇത് വിലയിരുത്തപ്പെടുന്നത് .

യൂറോപ്പും മെറ്റയും തമ്മിലുള്ള നിയമപോരാട്ടം

അമേരിക്കയിൽ മാത്രമല്ല, യൂറോപ്പിലും മെറ്റ വലിയ നിയമക്കുരുക്കുകളിലാണുള്ളത്. 13 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നത് തടയുന്നതിൽ മെറ്റ പരാജയപ്പെട്ടു എന്ന് ഈ ഏപ്രിലിൽ യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി. ഇത് യൂറോപ്യൻ യൂണിയന്റെ ‘ഡിജിറ്റൽ സർവീസസ് ആക്ട്’ (DSA) എന്ന  നിയമത്തിന്റെ ലംഘനമാണ്.

ഇതിനുപുറമെ, മെറ്റയുടെ ‘പേ ഓർ കൺസെന്റ്’ (Pay or Consent) എന്ന പുതിയ പരസ്യ നയവും വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.  ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചുകൊണ്ടുള്ള പരസ്യങ്ങൾ കാണാൻ സമ്മതിക്കുക, അല്ലെങ്കിൽ പരസ്യങ്ങൾ ഇല്ലാത്ത പതിപ്പിനായി പണം നൽകുക, ഇതായിരുന്നു മെറ്റ നൽകിയ ചോയ്‌സ്.

ഈ രീതി ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യൻ ഉപഭോക്തൃ സംഘടനയും (BEUC) മറ്റ് പ്രാദേശിക കൂട്ടായ്മകളും രംഗത്തെത്തി. മെറ്റ, യൂറോപ്പിലെ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, നിയമലംഘനം തുടർന്നാൽ കമ്പനിക്ക് മേൽ വൻ തുക പിഴ ചുമത്തണമെന്നും അവർ ആവശ്യപ്പെട്ടു. വൻകിട ടെക് കമ്പനികളുടെ അമിതാധികാര പ്രവണതക്ക് തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമനടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെറ്റയ്‌ക്കെതിരെയുള്ള നിയമപരമായ നടപടികൾ ഇപ്പോൾ ഏതെങ്കിലും ഒരു രാജ്യത്തോ ഒരു വിഷയത്തിലോ മാത്രം ഒതുങ്ങുന്നില്ല.. വിപണിയിലെ കുത്തക നിയമങ്ങൾ, കുട്ടികളുടെ സുരക്ഷ, സ്വകാര്യതാ ലംഘനങ്ങൾ, ഉപയോക്താക്കളെ സ്വാധീനിക്കുന്ന അൽഗോരിതത്തിന്റെ ഉത്തരവാദിത്തം എന്നിങ്ങനെ പല വിഷയങ്ങളിലേക്ക് ഇത് വ്യാപിച്ചുകിടക്കുന്നു.

മറ്റു കമ്പനികളെ വിലയ്ക്ക് വാങ്ങുന്ന മെറ്റയുടെ ശൈലി, ഉപയോക്താക്കളെ ആപ്പുകളിൽ അടിമപ്പെടുത്തുന്ന തരം  ഡിസൈനുകൾ, അവരുടെ പരസ്യ സംവിധാനങ്ങൾ, ഡാറ്റാ ഉപയോഗം എന്നിവയെല്ലാം ഒറ്റപ്പെട്ട പ്രശ്നങ്ങളല്ല, മറിച്ച് ഡിജിറ്റൽ ലോകത്തെ മൊത്തത്തിൽ ബാധിക്കുന്ന പരസ്പരബന്ധിതമായ കാര്യങ്ങളാണെന്നാണ് ഈ കേസുകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.

ആപ്പുകളുടെ ഡിസൈൻ, ആളുകൾ അതിൽ ചിലവഴിക്കുന്ന സമയം, അത് ആളുകൾക്കുണ്ടാക്കുന്ന ദോഷങ്ങൾ എന്നിവയെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്. അതുകൊണ്ടുതന്നെ, മെറ്റ ഇപ്പോൾ നേരിടുന്ന നിയമപ്രശ്നങ്ങൾ കേവലം ഒരു കമ്പനിയുടെ മാത്രം പ്രശ്നമല്ല; മറിച്ച്, ലോകം ഭരിക്കുന്ന വൻകിട കമ്പനികൾ സമൂഹത്തോട് എത്രത്തോളം ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നതിനെക്കുറിച്ചുള്ള വലിയൊരു ചർച്ചയിലേക്ക് കൂടിയാണ് വഴി തുറക്കുന്നത്.

സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top