
ഓയിൽ ബോണ്ട്: ഇന്ധന വില കൂട്ടാനുള്ള തൊടുന്യായം
ഇന്ധന വില വർധന സാധാരണക്കാരെ ബാധിക്കാതിരിക്കാനായി,യു പി എ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയതാണ് ഓയിൽ ബോണ്ടുകൾ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധനവില കുറയുമ്പോഴും ഇന്ത്യയിൽ വില കൂട്ടിക്കൊണ്ടിരുന്നതിന് ബിജെപി സർക്കാർ കാലാ കാലങ്ങളായി പറയുന്ന ന്യായം, ഓയിൽ ബോണ്ടുകൾ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയാണ്. എന്നാൽ ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഒബിസി ഫാക്ട് ചെക്ക്.
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില 3 രൂപയോളമാണ് കഴിഞ്ഞദിവസം വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ആണിത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വിലയുയരുമ്പോൾ, ‘അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദം’ എന്ന പേരിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു. വർഷങ്ങളായി ഇന്ത്യക്കാർ ഇത് കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴാകട്ടെ, അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുമില്ല. എന്തുകൊണ്ടാണത്?
2014 മുതൽ 2020 വരെയുള്ള കാലയളവിൽ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വലിയ തോതിൽ വില കുറയുകയുണ്ടായി, പ്രത്യേകിച്ച് കോവിഡ് സമയത്ത്. സാധാരണ ഗതിയിൽ, ആഗോളവിപണിയിൽ വില കുറയുമ്പോൾ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കേണ്ടതാണ്. എന്നാൽ, വില കുറയ്ക്കുന്നതിന് പകരം, ഇന്ധനത്തിന്മേലുള്ള എക്സൈസ് ഡ്യൂട്ടി അഥവാ നികുതി പലതവണയായി വർദ്ധിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇത്തരത്തിൽ ആഗോള വിപണിയിലെ വിലയിടിവ്, നികുതി വർദ്ധനവിലൂടെ സർക്കാർ നികത്തിയതിനാൽ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഇന്ധനം ലഭിച്ചില്ല. പകരം, ഈ ഉയർന്ന നികുതി നിരക്കിലൂടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരുമാനമാണ് ഇന്ധന നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.
ഇന്ധനവില കുറയ്ക്കാൻ കഴിയാത്തതിന് കാരണമായി യു പി എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ടുകളെയാണ് പ്രധാനമായും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നത്. യുപിഎ ഭരണ കാലത്തെ ഈ കടബാധ്യതകൾ ഇപ്പോഴും വീട്ടിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് നികുതി കുറയ്ക്കാൻ സാധിക്കാത്തതെന്നുമാണ് 2021ൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. അന്നുമുതൽ ഇന്ധനവില വലിയ രാഷ്ട്രീയ ചർച്ചയാകുമ്പോഴെല്ലാം കേന്ദ്ര സർക്കാർ ഈ ഓയിൽ ബോണ്ട് വാദം ഉയർത്തിക്കൊണ്ടുവരാറുണ്ട്.
ബിജെപി സർക്കാർ അധികാരത്തിലെത്തി പത്ത് വർഷം പിന്നിട്ടിട്ടും ഇപ്പോഴും ഈ പഴയ വാദം, സാമൂഹ്യമാധ്യമങ്ങളിലൂടെ വലതുപക്ഷ പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നുണ്ട്. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അതിന് ന്യായീകരണം കണ്ടെത്താനുള്ള ഒരു തയ്യാറെടുപ്പായിട്ടാണ് ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നത് .
ഈ വർഷം മാർച്ച് മാസത്തോടെ, ഓയിൽ ബോണ്ടുകളുടെ അവസാന പലിശയും നൽകി സർക്കാർ ആ പഴയ കടം പൂർണ്ണമായും തീർത്തുകഴിഞ്ഞു. ഇതിനു പിന്നാലെ ബിജെപിയുടെ ഔദ്യോഗിക പേജുകളും മറ്റ് ബിജെപി അനുകൂല അക്കൗണ്ടുകളും സാമൂഹ്യ മാധ്യമങ്ങളിൽ ചില പ്രചാരണങ്ങളുമായി രംഗത്തെത്തി. യുപിഎ സർക്കാരിന്റെ കാലത്തെ ഈ ഓയിൽ ബോണ്ടുകൾ, എൻഡിഎ സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യതയായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന പ്രചാരണങ്ങളായിരുന്നു അവ.

വലതുപക്ഷ പ്രചാരകരുടെ സോഷ്യല്‍മീഡിയ പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

ബിജെപി അരുണാചല്‍പ്രദേശ് എന്ന പേജില്‍ വന്ന പോസ്റ്റ്, സ്ക്രീന്‍ഷോട്ട്
വലതുപക്ഷ പ്രചാരകരുടെ സോഷ്യല്‍മീഡിയ പോസ്റ്റ്, സ്ക്രീന്‍ഷോട്ട്
എന്താണ് ഓയിൽ ബോണ്ട്?
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കൂടുമ്പോൾ, ആ വർധനവ് ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ ഇന്ധന വില നിയന്ത്രിക്കും. അപ്പോൾ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ പണത്തിന് പകരം സർക്കാർ നൽകുന്ന ദീർഘകാല നിക്ഷേപമാണ് ഓയിൽ ബോണ്ട്.
അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് 2002 ഏപ്രിലിൽ ഓയിൽ ബോണ്ടുകൾ എന്ന ആശയം കൊണ്ടുവന്നത്. 2005നും 2010നും ഇടയിൽ, ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധന ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാൻ യുപിഎ സർക്കാർ ഈ ബോണ്ടുകൾ ഉപയോഗിച്ചു. പലിശ സഹിതം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചടയ്ക്കേണ്ട രീതിയിലായിരുന്നു ഈ ബോണ്ടുകൾ തയ്യാറാക്കിയിരുന്നത്.
എന്താണ് ഓയിൽ ബോണ്ട് ബാധ്യത?
2005നും 2010നും ഇടയിൽ യുപിഎ സർക്കാർ പുറപ്പെടുവിച്ച ഓയിൽ ബോണ്ടുകളുടെ ആകെ തുക ഏകദേശം 1.48 ലക്ഷം കോടി രൂപയായിരുന്നു. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഈ കടം ഘട്ടം ഘട്ടമായി തിരിച്ചടച്ചു കൊണ്ടിരുന്നു. ഇതിന്റെ പലിശയായി മാത്രം വർഷാവർഷം ഏകദേശം 10,000 കോടി രൂപയാണ് അടച്ചുപോന്നത്. അങ്ങനെ 2014 മുതൽ 2026 വരെയുള്ള കാലയളവിൽ മുതലും പലിശയും ഉൾപ്പെടെ ഏകദേശം 2.36 ലക്ഷം കോടി രൂപ സർക്കാർ തിരിച്ചടച്ചു. ഇന്ധനവില വർദ്ധനവിനെ ന്യായീകരിക്കാൻ സർക്കാർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ഈ തുകയെയാണ്.

2020-21 വരെയുള്ള ഓരോ വർഷത്തെയും ഓയിൽ ബോണ്ട് തിരിച്ചടവ് വിവരങ്ങളും, 2014 മുതൽ 2026 വരെയുള്ള ആകെ തിരിച്ചടവ് തുകയും
ഓയിൽ ബോണ്ട് തിരിച്ചടവ് സർക്കാരിന് ‘വലിയ’ ഭാരമാണോ?
ഇത് മനസിലാക്കാനായി, ബോണ്ടിന്റെ പലിശയായി സർക്കാർ നൽകുന്ന പണവും ഇന്ധനനികുതിയായി സർക്കാരിന് കിട്ടുന്ന പണവും തമ്മിൽ താരതമ്യം ചെയ്‌താൽ മതി. കഴിഞ്ഞ കുറേ വർഷങ്ങളായി പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന വരുമാനം വളരെ കൂടുതലാണ്. കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതി മാത്രം ഓരോ വർഷവും ലക്ഷക്കണക്കിന് കോടി രൂപ വരും.
2014ന് ശേഷം ഈ വരുമാനം വലിയ തോതിൽ കൂടി. ഇതിനോടൊപ്പം സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കൂടി ചേർത്താൽ ഓരോ വർഷവും ഇന്ധനത്തിൽ നിന്ന് മാത്രം സർക്കാരിലേക്കെത്തുന്നത് ഭീമമായ തുകയാണ്. ചുരുക്കത്തിൽ, ഓയിൽ ബോണ്ടിന്റെ പലിശയായി വർഷം തോറും സർക്കാർ നൽകുന്ന തുകയെക്കാൾ എത്രയോ ഇരട്ടി പണമാണ് ഇന്ധന നികുതിയിലൂടെ ഓരോ വർഷവും സർക്കാരിന് ലാഭമായി കിട്ടുന്നത്. ചില വർഷങ്ങളിൽ ഇന്ധന നികുതിയിലൂടെ മാത്രം സർക്കാരിന് ലഭിക്കുന്ന വരുമാനം 7 ലക്ഷം കോടി രൂപയ്ക്കും മുകളിലാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, ഓരോ വർഷവും ഓയിൽ ബോണ്ടിന്റെ പലിശയായി സർക്കാർ അടയ്ക്കുന്ന തുക വളരെ കുറവാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനം
ഓയിൽ ബോണ്ടുകളും ഇന്ധന വരുമാനവും
ബജറ്റ് രേഖകളും പാർലമെന്റിൽ സമർപ്പിച്ചിട്ടുള്ള വിവരങ്ങളും പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്, ഓയിൽ ബോണ്ടുകൾ തിരിച്ചടയ്ക്കാൻ സർക്കാർ ചിലവാക്കുന്ന തുകയും ഇന്ധന നികുതിയിലൂടെ സർക്കാരിന് ലഭിക്കുന്ന വരുമാനവും തമ്മിൽ വലിയ അന്തരമുണ്ട്. 2014ന് ശേഷം ഓരോ വർഷവും ഓയിൽ ബോണ്ടുകളുടെ പലിശയായി സർക്കാർ ഏകദേശം 10,000 കോടി രൂപയാണ് നൽകിവന്നത്. എന്നാൽ ഇതേ സമയത്ത് പെട്രോൾ, ഡീസൽ നികുതിയിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് സർക്കാരിലേക്ക് എത്തിയത്.
ഇന്ധന വരുമാനത്തിൽ വർഷാവർഷം മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും, അത് എപ്പോഴും ഓയിൽ ബോണ്ടുകൾക്കായി ചിലവാക്കുന്ന തുകയേക്കാൾ എത്രയോ മടങ്ങു കൂടുതലായിരുന്നു. ലളിതമായി പറഞ്ഞാൽ, ഒരു വലിയ തുക സർക്കാരിലേക്ക് ലാഭമായി വരുമ്പോൾ അതിൽ നിന്ന് വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഈ പഴയ കടം വീട്ടാനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, ഓയിൽ ബോണ്ടുകൾ കാരണമാണ് ഇന്ധനവില കുറയ്ക്കാൻ കഴിയാത്തതെന്ന വാദം, ഔദ്യോഗിക കണക്കുകൾ വെച്ച് നോക്കുമ്പോൾ ഒട്ടും യുക്തിസഹമല്ല. 2020-21 വരെയുള്ള ഓയിൽ ബോണ്ട് തിരിച്ചടവിന്റെ കണക്കുകൾ താഴെ ചേർക്കുന്നു.

ഓയിൽ ബോണ്ടുകൾക്കായി സർക്കാർ ഓരോ വർഷവും ചിലവാക്കുന്ന തുകയും ഇന്ധന നികുതിയിലൂടെ ഖജനാവിലേക്കെത്തുന്ന വരുമാനവും, താരതമ്യം
ഇന്ധനവില വർദ്ധനവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
പെട്രോളിന്റെയും ഡീസലിന്റെയും വില മാറിമറിയുന്നതിനു പിന്നിൽ പല ഘടകങ്ങളുണ്ട്. ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന വിവിധ നികുതികൾ, ഡീലർമാർക്ക് നൽകുന്ന ലാഭവിഹിതം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കാറുണ്ട്. സർക്കാരിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ബാധ്യതയുടെ ഒരു ഭാഗം മാത്രമാണ് ഓയിൽ ബോണ്ടുകൾ. ഇവയുടെ തിരിച്ചടവ് വർഷങ്ങളായി നടക്കുമെങ്കിലും, അതല്ല ഇന്ധനവില നിശ്ചയിക്കുന്നത്.
ഇന്ധന നികുതിയായി ലക്ഷക്കണക്കിന് കോടി രൂപ ഖജനാവിലേക്ക് എത്തുമ്പോൾ, അതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഓയിൽ ബോണ്ടുകൾക്കായി മാറ്റി വയ്ക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ധനവില കുറയ്ക്കാൻ സാധിക്കാത്തതിന്റെ ഒരേയൊരു കാരണം ഓയിൽ ബോണ്ടുകളാണെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. പത്ത് വർഷത്തിലേറെയായി ഇന്ധനവില വർദ്ധനവിനുള്ള ന്യായീകരണമായി ഈ വാദമാണ് യൂണിയൻ സർക്കാർ ഉയർത്തുന്നതെങ്കിലും, നികുതി വരുമാനത്തിലെ വർദ്ധനവും ആഗോള വിപണിയിലെ മാറ്റങ്ങളും പരിശോധിച്ചാൽ ഇതിന് പിന്നിൽ മറ്റ് പല സാമ്പത്തിക താല്പര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക