ജലമൂറ്റുന്ന ഡാറ്റാ സെന്ററുകൾ: എ ഐ സാങ്കേതിക വിദ്യക്ക് നൽകേണ്ടി വരുന്ന വില 

ജലമൂറ്റുന്ന ഡാറ്റാ സെന്ററുകൾ: എ ഐ സാങ്കേതിക വിദ്യക്ക് നൽകേണ്ടി വരുന്ന വില 

ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്ററുകളിൽ വൻതോതിലുള്ള നിക്ഷേപം വരികയാണ് ഇന്ത്യയിൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ക്ലൗഡ്  കംപ്യൂട്ടിങിന്റെയും മേഖലകളിൽ ആഗോള ശക്തിയായി മാറാനുള്ള പരിശ്രമത്തിന് രാജ്യം കൊടുക്കേണ്ടി വരുന്ന വിലയെന്തായിരിക്കും? നിരന്തരമായി പ്രവർത്തിക്കുന്ന ഈ ഡാറ്റാ സെന്ററുകൾ തണുപ്പിച്ചു നിർത്താൻ കോടിക്കണക്കിന് ലിറ്റർ വെള്ളമാണ് പ്രതിവർഷം വേണ്ടി വരിക. ഈ പദ്ധതികൾ, രാജ്യത്തെ കടുത്ത ജലക്ഷാമത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക. ആസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ അനുഭവം മറ്റൊന്നല്ല.

ഓസ്‌ട്രേലിയൻ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ കമ്പനിയായ എയർട്രങ്കിന്റെ  സിഇഒ റോബിൻ ഖുദയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു കൂടിക്കാഴ്ച. എ ഐ സാങ്കേതിക വിദ്യയിൽ ഒരു സുപ്രധാന ചുവടുവയ്പ്പ്. 

3 ലക്ഷം കോടി രൂപ മുതൽ മുടക്കിൽ 5 ജിഗാവാട്ട് (GW) ശേഷിയുള്ള ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് ഈ കൂടിക്കാഴ്ച സാഹചര്യമൊരുക്കിയത്. ഡാറ്റ സെന്ററുകൾക്ക് വലിയ തോതിലുള്ള ഭൗതിക സൗകര്യങ്ങൾ ആവശ്യമുണ്ട്. ഇവ തണുപ്പിച്ച് നിർത്താൻ നിരന്തരമായി പ്രവർത്തിക്കുന്ന കൂളിംഗ് സംവിധാനം വേണം. വൻതോതിൽ ഭൂമിയും  വൈദ്യുതിയും വെള്ളവും ആവശ്യമുള്ള ഡാറ്റാ സെന്ററുകൾ വലിയ പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. 

ഇത്രയേറെ ആശങ്കകൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, എന്തിനാണ് ഇങ്ങനെയൊരു പുതിയ കരാർ? ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച മറ്റ് രാജ്യങ്ങൾ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ എന്തൊക്കെ?

നിക്ഷേപങ്ങളും വിപുലീകരണ പദ്ധതികളും

എയർട്രങ്ക് സിഇഒ റോബിൻ ഖുദയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ജൂൺ അഞ്ചിന് പ്രധാനമന്ത്രി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ ‘ഏറ്റവും വലിയ നിക്ഷേപ നിർദ്ദേശങ്ങളിലൊന്ന്’ എന്നാണ് മോദി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഇന്ത്യയെ ഒരു ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബായി മാറ്റുന്നതിൽ ഇത്തരം പദ്ധതികൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജൂണ്‍ അഞ്ചിലെ എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

രാജ്യത്ത് എവിടെയൊക്കെയാണ് തങ്ങളുടെ ഡാറ്റാ സെന്ററുകൾ വരാൻ പോകുന്നതെന്ന് എയർട്രങ്ക് കമ്പനി പൂർണ്ണമായും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലായി മൂന്ന് വൻകിട  പദ്ധതികൾ തങ്ങളുടെ പ്ലാനിലുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലും വലിയൊരു നീക്കം നടന്നു കഴിഞ്ഞു. റായ്ഗഡ് പെൻ ഗ്രോത്ത് സെന്ററിൽ 2 ലക്ഷം കോടി രൂപ വിലമതിക്കുന്ന 3 ജിഗാവാട്ട് ഡാറ്റാ സെന്റർ പ്രോജക്റ്റിനായി ഭൂമി അനുവദിക്കുന്ന കരാറിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും എയർട്രങ്ക് സി.ഇ.ഒ റോബിൻ ഖുദയും ഒപ്പുവെച്ചിട്ടുണ്ട്.

ബ്ലാക്ക്‌സ്റ്റോണിന്റെ പങ്കാളിത്തം

എയർട്രങ്ക് എന്ന പേരിനേക്കാൾ വായനക്കാർക്ക് പരിചിതമായിരിക്കും ബ്ലാക്ക് സ്റ്റോൺ എന്ന പേര് .അതെ .ആഗോള നിക്ഷേപ കമ്പനിയായ ബ്ലാക്ക്‌സ്റ്റോൺ, 24 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ കരാറിലൂടെയാണ് എയർട്രങ്ക് കമ്പനി സ്വന്തമാക്കിയത്. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡുമായി ചേർന്ന് 2024 ഡിസംബറിലാണ് ബ്ലാക് സ്റ്റോൺ എയർട്രങ്ക് ഏറ്റെടുത്തത്. 

റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾക്ക് പേരുകേട്ട ലോകത്തിലെ ഏറ്റവും വലിയ ബദൽ  ആസ്തി  മാനേജ്‌മെന്റ് കമ്പനിയാണ് ബ്ലാക്ക്‌സ്റ്റോൺ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ക്‌സ്റ്റോൺ 1985 ലാണ് പ്രവർത്തനം തുടങ്ങിയത്.

2023ന്റെ അവസാനത്തിൽ കിംസ് ഹെൽത്തിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിക്കൊണ്ടാണ് ബ്ലാക്ക്‌സ്റ്റോൺ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് പ്രവേശിച്ചത്.

എയർട്രങ്കിലെ നിക്ഷേപത്തിന് പുറമെ, 2026 ഫെബ്രുവരിയിൽ ഇന്ത്യൻ എഐ ക്ലൗഡ് പ്ലാറ്റ്‌ഫോമായ നെയ്സ നെറ്റ്‌വർക്ക്സിൽ (Neysa Networks) ബ്ലാക്ക്സ്റ്റോൺ 1.2 ബില്യൺ ഡോളർ നിക്ഷേപിച്ചു. ഇന്ത്യയിലുടനീളം 20,000-ത്തിലധികം ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകൾ  സ്ഥാപിക്കുന്നതിനായി 600 മില്യൺ ഡോളർ വരെ ഇക്വിറ്റിയിൽ  നിക്ഷേപിക്കാനും ബ്ലാക്ക്സ്റ്റോൺ തയ്യാറായി.

ഓസ്‌ട്രേലിയയിൽ നിന്നുള്ള പാഠങ്ങൾ

എയർട്രങ്കിന്റെ പല വൻകിട പദ്ധതികളും ഓസ്‌ട്രേലിയയിൽ കടുത്ത എതിർപ്പ് നേരിടുകയാണ്. പദ്ധതി പ്രദേശങ്ങളിലെ സ്‌കൂളുകൾ മുതൽ പരിസ്ഥിതി സംഘടനകൾ വരെ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്. ജലത്തിന്റെയും വൈദ്യുതിയുടെയും വൻതോതിലുള്ള ഉപഭോഗം, വായുവിന്റെ ഗുണനിലവാര തകർച്ച, ശബ്ദമലിനീകരണം തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തിയാണ് പ്രദേശവാസികൾ പ്രക്ഷോഭം നടത്തുന്നത്.

വെസ്റ്റേൺ സിഡ്നിയിലെ കെംപ്സ് ക്രീക്കിൽ എയർട്രങ്ക് നിർദ്ദേശിച്ച SYD4 എന്ന വമ്പൻ ഡാറ്റാ സെന്റർ പദ്ധതിക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. 52 ഹെക്ടർ ഭൂമിയിൽ നിർമിക്കുന്ന ഈ ഭീമൻ ഡാറ്റാ സെന്ററിന് പ്രതിവർഷം 2 കോടി 24 ലക്ഷത്തിലധികം ലിറ്റർ വെള്ളമാണ് വേണ്ടി വരിക.

പദ്ധതി പ്രദേശത്തോട് ചേർന്നുള്ള സ്കൂളുകളിലെ  വിദ്യാർത്ഥികളുടെ സുരക്ഷയെ കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട് വായുമലിനീകരണം, ,ജനറേറ്ററുകൾ നിരന്തരം പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദ മലിനീകരണം ,സ്കൂളിന് തൊട്ടടുത്ത് വരാൻ പോകുന്ന ഡീസൽ സംഭരണശാലകൾ എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വലിയ ഹൈപ്പർസ്കെയിൽ കേന്ദ്രങ്ങൾ ജനവാസ മേഖലകളിൽ സൃഷ്ടിക്കാവുന്ന  ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോഴും കൃത്യമായ പഠനങ്ങളില്ലെന്ന് സ്കൂൾ അധികൃതർ വാദിക്കുന്നു.

പദ്ധതിയുടെ  പാരിസ്ഥിതിക ആഘാത പഠനത്തിൽ (EIS) വായുമലിനീകരണം, ഹരിതഗൃഹ വാതകങ്ങളുടെ ഉൽപ്പാദനം, മാലിന്യസംസ്കരണം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്ന്, ന്യൂ സൗത്ത് വെയിൽസ്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും ചൂണ്ടിക്കാണിച്ചു. അതേ സമയം പദ്ധതിക്ക് വലിയ സാമ്പത്തിക – സാമൂഹിക നേട്ടങ്ങൾ ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

പാരിസ്ഥിതിക വെല്ലുവിളികൾ

ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾ 2024ൽ മാത്രം 150 ബില്യൺ ലിറ്റർ വെള്ളം ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. ന്യൂഡൽഹി ആസ്ഥാനമായുള്ള കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ (CEEW) ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം വിശദീകരിക്കുന്നത് . 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയിലധികമാകുമെന്നാണ് പ്രവചനം. ഇന്ത്യയിലെ പ്രവർത്തനസജ്ജമായ ഡാറ്റാ സെന്ററുകളുടെ നാലിലൊന്നും മുംബൈയിലാണുള്ളത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങള്‍ തൊട്ടുപിന്നിൽ.

ജലലഭ്യത തന്നെയാണ് ഇവിടെ ഏറ്റവും വലിയ വെല്ലുവിളി. ഡാറ്റാ സെന്ററുകൾ വലിയ തോതിൽ ചൂട് പുറത്തുവിടുന്നതിനാൽ അവയെ തണുപ്പിച്ചു നിർത്താൻ ധാരാളം വെള്ളം ആവശ്യമുണ്ട്. 100 മെഗാവാട്ട് ശേഷിയുള്ള ഒരു ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററിന് കൂളിംഗ് പ്രക്രിയയ്ക്കായി മാത്രം പ്രതിദിനം ഏകദേശം 20 ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരും. എ ഐ ഉപയോഗം കൂടുന്നതിനനുസരിച്ച് ഡാറ്റാ സെന്ററുകൾ കൂടുതൽ പ്രവർത്തിക്കും. അപ്പോൾ കൂളിംഗ് പ്രക്രിയയും കൂട്ടണം. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഡാറ്റാ സെന്ററുകൾ വർദ്ധിക്കുന്നത് വലിയ തോതിൽ ജലക്ഷാമമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. 

(വിവിധ ഡാറ്റാ സെന്ററുകളുടെ എണ്ണം,സ്രോതസ്: Datacentremap.com)

കാലാവസ്ഥാ ഭീഷണികളും ഭൂഗർഭജല ചൂഷണവും

അന്താരാഷ്ട്ര സബ്‌മറൈൻ കേബിളുകളുമായുള്ള സാമീപ്യം മൂലം  മുംബൈയും ചെന്നൈയും വലിയ ഡാറ്റാ സെന്റർ ഹബ്ബുകളായി മാറിയിട്ടുണ്ട്.അതേസമയം,ഈ തീരദേശനഗരങ്ങൾ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്,സമുദ്രനിരപ്പ് ഉയരൽ എന്നീ ഭീഷണികള്‍ നേരിടുന്നുണ്ട്.  മഹാരാഷ്ട്രയിൽ വൻതോതിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുന്നതായി,ഏപ്രിലിൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ ഭൂഗർഭജല ശോഷണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹൈദരാബാദിനെയാണ്. ജലശക്തി മന്ത്രാലയത്തിന്റെ2025ലെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അതിവേഗത്തിലുള്ള നഗരവൽക്കരണവും അനിയന്ത്രിതമായ കുഴൽക്കിണർ നിർമ്മാണവുമാണ് ഇതിന് കാരണമായി പറയുന്നത്.

ഗ്രേറ്റർ ഹൈദരാബാദിലാണ് കൂടുതൽ ഭൂഗർഭ ജല ചൂഷണം നടക്കുന്നത്. ഇവിടെയുള്ള 26 ഭൂഗർഭജല വിലയിരുത്തൽ കേന്ദ്രങ്ങളെ ‘അപകടകരം’ (critical) അല്ലെങ്കിൽ ‘അമിതമായി ചൂഷണം ചെയ്യപ്പെട്ടത്’ (over-exploited) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജല ഉപഭോഗത്തിന്റെ കണക്കുകൾ

ഒരു ഡാറ്റാ സെന്റർ എത്രത്തോളം വെള്ളം ഉപയോഗിക്കുന്നു എന്ന് കണക്കാക്കുന്നത് ‘വാട്ടർ യൂസ് എഫിഷ്യൻസി'(WUE) എന്ന മാനദണ്ഡം അനുസരിച്ചാണ്. ലഭിക്കുന്ന വെള്ളം എത്രത്തോളം ഫലപ്രദമായാണ് ഒരു സിസ്റ്റം ഉപയോഗിക്കുന്നത് എന്നളക്കുന്ന രീതിയാണിത്.

എയർട്രങ്ക് കമ്പനിയുടെ റിപ്പോർട്ട്  പ്രകാരം,കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അവരുടെ ജല ഉപഭോഗ നിരക്ക് ഒരു കിലോവാട്ട് അവറിന് 0.89 ലിറ്റർ ആണ്.റീസൈക്കിൾ ചെയ്ത് മാറ്റിയെടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടി കണക്കിലെടുത്തുള്ള ജല ഉപഭോഗ നിരക്ക്  0.40 ലിറ്ററും . ഈ കണക്കുകളെ അടിസ്ഥാനമാക്കി ഒരു മണിക്കൂർ, ഒരു ദിവസം, ഒരു മാസം, ഒരു വർഷം എന്നിങ്ങനെ ആകെ ഡാറ്റാ സെന്ററിന് ആവശ്യമായി വരുന്ന ജലത്തിന്റെ അളവ് ഞങ്ങൾ കണക്കാക്കി.

പൂർണ്ണ ശേഷിയിൽ തുടർച്ചയായി പ്രവർത്തിക്കുന്ന 5 GW ഡാറ്റാ സെന്ററിന്റെ ജല ഉപഭോഗം കാണിക്കുന്ന ചിത്രം

ഈ കണക്കുകൾ പ്രകാരം, 5 ജിഗാവാട്ട് ശേഷിയുള്ള ഒരു ഡാറ്റാ സെന്റർ പൂർണ്ണ സജ്ജമായി തുടർച്ചയായി പ്രവർത്തിക്കുകയാണെങ്കിൽ ഓരോ മണിക്കൂറിലും ഏകദേശം 44.5 ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരും. ഇത് പ്രതിദിനം 10.68 കോടി ലിറ്ററും, പ്രതിമാസം 320.4 കോടി ലിറ്ററും, ഒരു വർഷത്തിൽ ഏകദേശം 3,898 കോടി ലിറ്ററുമായി മാറും. ഇനി, റീസൈക്കിൾ ചെയ്ത വെള്ളത്തിന്റെ ഉപയോഗം കൂടി കണക്കിലെടുത്തുള്ള ഏറ്റവും കുറഞ്ഞ നിരക്ക് വെച്ച് കണക്കാക്കിയാൽ പോലും, ഇത്രയും വലിയ ഡാറ്റാ സെന്ററിന് പ്രതിവർഷം ഏകദേശം 1,752 കോടി ലിറ്റർ വെള്ളം ആവശ്യമായി വരും.

സമാനമായ ആശങ്കകളാണ് സ്വതന്ത്ര ഗവേഷകനായ ഡോ. എ. ഷാജി ജോർജ്ജ് പങ്ക് വെക്കുന്നത്.2025 ഡിസംബർ 25ന് പ്രസിദ്ധീകരിച്ച ‘Data Centres and Water Crisis in India: Why Digital Infrastructure Could Drain Our Wells Dry by 2030’ എന്ന റിപ്പോർട്ടിൽ, ഇന്ത്യ നേരിടാൻ പോകുന്ന അതിരൂക്ഷമായ ജലക്ഷാമത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.

‘വരും വർഷങ്ങളിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളായിരിക്കും ഇന്ത്യയുടെ ഡാറ്റാ സെന്റർ സ്വപ്നങ്ങൾ എന്തായി മാറണമെന്ന് നിശ്ചയിക്കുക; ഒന്നുകിൽ ഭാവിയിൽ ആളുകൾ കുടിവെള്ളത്തിനായി പൈപ്പ് തുറക്കുമ്പോൾ അത് വെറും വരണ്ടതായി കാണുന്ന, പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ഒരു സിലിക്കൺ മരീചികയായി ഇത് മാറും. അല്ലെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന തരത്തിൽ പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഒരു സുസ്ഥിര ഡിജിറ്റൽ അടിത്തറയാകും. ആ തീരുമാനം എടുക്കേണ്ടത് നമ്മൾ തന്നെയാണ്.” ഡോ. എ. ഷാജി ജോർജ്ജ് പറയുന്നു.

നിക്ഷേപം നടത്തുന്ന മറ്റ് ഇന്ത്യന്‍ കമ്പനികള്‍

ഇന്ത്യയിൽ എയർട്രങ്ക് മാത്രമല്ല ഡാറ്റാ സെന്ററുകളിൽ നിക്ഷേപം നടത്തുന്നത്.പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന, AI സജ്ജമായ ഡാറ്റാ സെന്ററുകളിൽ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.റിലയൻസ് ഇൻഡസ്ട്രീസ്, ഗുജറാത്തിലെ ജാംനഗറിൽ 168 മെഗാവാട്ട് ശേഷിയുള്ള എഐ ഡാറ്റാ സെന്റർ നിർമ്മിക്കുകയാണ്.മെറ്റയ്ക്ക് വേണ്ടിയാണ് ഈ പ്രോജക്ട് .ഇന്ത്യയിലുള്ള വിവിധ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്ന വിദേശ കമ്പനികൾക്ക് ദീർഘകാല നികുതി ഇളവ് നൽകുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ കരാർ. 

വിശാഖപട്ടണത്ത് നിർദ്ദേശിച്ച വൈസാഗ് ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ പദ്ധതി ഉടൻ നിർത്തിവെക്കണമെന്ന്  ഹ്യൂമൻ റൈറ്റ്സ് ഫോറം (HRF) എന്ന സംഘടന ആവശ്യപ്പെട്ടിരുന്നു . കംബാലകൊണ്ട വന്യജീവി സങ്കേതത്തിന് സമീപമുള്ള പരിസ്ഥിതി ലോല പ്രദേശത്താണ്  ഈ പ്രോജക്റ്റ് വരുന്നത് എന്നതാണ് എതിർപ്പിന്റെ കാരണം.

പദ്ധതിപ്രദേശത്ത് മരങ്ങൾ വെട്ടിമാറ്റിയതായി എച്ച്ആർഎഫ് ആരോപിച്ചു. വലിയ തോതിൽ വെള്ളവും ഊർജ്ജവും ആവശ്യമുള്ള ഇത്തരം പദ്ധതികൾ ഭൂഗർഭജല ക്ഷാമമുള്ള ഈ പ്രദേശത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് അവർ മുന്നറിയിപ്പ് നൽകിയത്.

എയർട്രങ്കിന്റെ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം രാജ്യത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ്. ഡിജിറ്റൽ ഭാവിക്കായുള്ള ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനുള്ള വലിയ മത്സരത്തിന്റെ ഒരു ഭാഗം മാത്രമാണിത്. സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ ജല ഉപഭോഗം, ഭൂമി ഉപയോഗം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത്തരം പദ്ധതികൾ  ഉയർത്തുന്നുണ്ട്.





സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top