വ്യവസായങ്ങൾ പൂട്ടിക്കുന്ന തൊഴിൽ സമരങ്ങൾ : ഫാക്ട് ചെക്ക് 

വ്യവസായങ്ങൾ പൂട്ടിക്കുന്ന തൊഴിൽ സമരങ്ങൾ : ഫാക്ട് ചെക്ക് 

Originally Published on May 1, 2026

_

തൊഴിലാളി സമരങ്ങളും, ട്രേഡ് യൂണിയനുകളുടെ കടുംപിടിത്തങ്ങളും മൂലം വ്യവസായ വളർച്ച മുരടിക്കുന്നു എന്ന ആഖ്യാനം കാലങ്ങളായി സമൂഹത്തിൽ നില നിൽക്കുന്നുണ്ട്. പോപ്പുലർ സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും ശക്തമായി വേരൂന്നിയിട്ടുള്ള ഈ പൊതുബോധം തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക വളർച്ചക്കും വ്യാവസായിക വളർച്ചക്കും വിലങ്ങു തടിയായി നിൽക്കുന്ന വില്ലന്മാരാണോ തൊഴിലാളികളും ട്രേഡ് യൂണിയനുകളും? അല്ലെന്ന് സർക്കാരുകൾ തന്നെ കാലാകാലങ്ങളായി പുറത്ത് വിടുന്ന ഔദ്യോഗിക സ്ഥിതിവിവരങ്ങളിൽ നിന്ന് വ്യക്തമാണ്. സാർവദേശീയ തൊഴിലാളി ദിനത്തിൽ ഒബിസി തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.

ഉത്തർപ്രദേശിലെ നോയിഡയിൽ ഏപ്രിൽ 13 ന് തുടങ്ങിയ തൊഴിലാളി സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. അടിസ്ഥാന ശമ്പള വർധനയാവശ്യപ്പെട്ട് നടക്കുന്ന സമരം നിലവിലെ സാഹചര്യത്തിൽ ഭാഗികമായി വിജയം കണ്ടുവെന്ന് പറയാം. എന്നാൽ സമരത്തെ പറ്റിയുള്ള ഓൺലൈൻ വാർത്തകളുടെ കമ്മന്റ് ബോക്സുകളിലും പൊതുചർച്ചകളിലുമൊക്കെ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഒരു വിഭാഗമുണ്ട്. ‘ഈ സമരം വ്യവസായങ്ങളെയാകെ’ നശിപ്പിക്കുമെന്ന് വാദിക്കുന്നവർ. നോയിഡ സമരത്തിൽ മാത്രമല്ല, ചെന്നൈയിൽ 2024 ൽ നടന്ന സാംസങ് പ്ലാന്റ് സമരത്തിലും ഈ വർഷം ഫെബ്രുവരിയിൽ പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ നടന്ന സമരത്തിലും ഇതേ പൊതുബോധം പ്രകടമായിരുന്നു. തൊഴിലാളി സമരങ്ങൾ മൊത്തത്തിൽ നാടിന് ആപത്താണ് എന്ന വലത്പക്ഷയുക്തി സമൂഹത്തിൽ പ്രബലമാണ്. യഥാർത്ഥത്തിൽ തൊഴിലാളി സമരങ്ങൾ വ്യാവസായിക വളർച്ചയ്ക്ക് വിലങ്ങുതടിയാകുന്നുണ്ടോ? ഒബിസി പരിശോധിക്കുന്നു.

ലേബർ ബ്യൂറോ റിപ്പോർട്ട്

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലെ ലേബർ ബ്യൂറോയാണ് പ്രതിവർഷം രാജ്യത്തെ തൊഴിൽ തർക്കങ്ങളെ പറ്റിയുള്ള റിപ്പോർട്ട് പുറത്ത് വിടുന്നത്. ‘Statistics on industrial disputes, closures, retrenchments and Lay-offs in India’എന്ന പേരിലുള്ള ഈ റിപ്പോർട്ടിന്റെ അവസാന പതിപ്പ് പുറത്തിറങ്ങിയത് 2023 ലാണ്. ഇതിലെ വസ്തുതകളും സംസ്ഥാനങ്ങളുടെ മൊത്ത മൂല്യവർധനയും (Gross State Added Value, GSVA) താരതമ്യ ചെയ്താൽ, തൊഴിൽ തർക്കങ്ങൾ രാജ്യത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് കാണാം. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാലും മനസ്സിലാവുന്നത് സമരങ്ങൾ വ്യവസായ മുരടിപ്പ് ഉണ്ടാക്കുന്നു എന്ന പൊതുബോധം തെറ്റാണെന്ന് തന്നെയാണ്. 

Bar chart showing the decline in total working days lost due to industrial disputes in India from 2016 to 2023 based on Labor Bureau data.
2016 മുതൽ ഓരോ വർഷവും രാജ്യത്താകെ നഷ്ടമായ തൊഴിൽ ദിനങ്ങൾ. ലേബർ ബ്യൂറോ കണക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത്

ലേബർ ബ്യൂറോ റിപ്പോർട്ട് പ്രകാരം 2023 ൽ രാജ്യത്ത് ആകെ നടന്നത് 50 തൊഴിൽ തർക്കങ്ങളാണ്. ഇതിൽ 42 എണ്ണവും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലായിരുന്നു. ബാക്കിയുള്ളവ ദേശീയ തലത്തിലും. ‘തൊഴിൽ തർക്കങ്ങൾ’ എന്ന വാക്കാണ് റിപ്പോർട്ട് ഉപയോഗിച്ചിട്ടുള്ളതെങ്കിലും ഇതിൽ തൊഴിലാളികൾ നേതൃത്വം നൽകിയ പണിമുടക്കുകളും ഉടമകൾ തന്നെ വ്യവസായങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുന്ന ‘ലോക്കൗട്ടു’കളും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് തൊഴിലാളികളിൽ കൂടുതൽ പേരെ ബാധിച്ച സംഭവങ്ങളെ മാത്രമാണ് റിപ്പോർട്ട് ‘തൊഴിൽ തർക്ക’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഭക്ഷ്യോൽപ്പാദന മേഖല (Manufacturing of Food Products)

റിപ്പോർട്ടിലെ കണ്ടെത്തലനുസരിച്ച് 2023 ൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ തർക്കങ്ങളുണ്ടായത് ഉൽപ്പാദന മേഖലയിലാണ് (Manufacturing Division). മൊത്തം തൊഴിൽ തർക്കങ്ങളിൽ 34 എണ്ണവും (68 %) സംഭവിച്ചിരിക്കുന്നത് ഈ മേഖലയിലാണ്. ഇതിൽ തന്നെയും പണിമുടക്കുകളോ ലോക്കൗട്ടുകളോ കാരണം ഏറ്റവുമധികം തൊഴിൽ ദിനങ്ങൾ നഷ്ടമായത് ഭക്ഷ്യോൽപ്പാദനമേഖലയിലാണ്. തൊഴിൽ തർക്കങ്ങൾ കാരണം 1,85,529 തൊഴിൽ ദിനങ്ങളാണ് 2023 ൽ മാത്രം ഈ മേഖലയിൽ നഷ്ടമായത്. മൊത്തം നഷ്ടമായ തൊഴിൽ ദിനങ്ങളുടെ 37.50 ശതമാനം വരുമിത്. (തൊഴിൽ തർക്കങ്ങൾ കാരണം ജോലിക്ക് ഹാജരാകാതിരുന്ന തൊഴിലാളികളുടെ എണ്ണമാണ് ‘നഷ്ടമായ തൊഴിൽ ദിനങ്ങൾ’. ഒരു ദിവസം 10 തൊഴിലാളികൾ ഹാജരായിട്ടില്ലെങ്കിൽ അത് പത്ത് ‘തൊഴിൽ ദിന’ങ്ങളായി കണക്കാക്കാകും)

Comparative bar chart of the top 5 industrial sectors in India with the most mandays lost due to disputes from 2018 to 2023, featuring data for textiles, food products, and basic metals.
2018 മുതൽ തൊഴിൽ ദിനങ്ങൾ നഷ്ടമായതിൽ മുന്നിൽ നിൽക്കുന്ന മേഖലകൾ

2016 മുതൽ 2023 വരെയുള്ള തൊഴിൽ തർക്കങ്ങളെപ്പറ്റിയുള്ള എട്ട് ലേബർ ബ്യൂറോ റിപ്പോർട്ടുകൾ ഞങ്ങൾ പരിശോധിച്ചു. ഇതിൽ ആറിലും ഭക്ഷ്യ നിർമ്മാണ മേഖലയിലാണ് ഏറ്റവുമധികം തൊഴിൽ ദിനങ്ങൾ നഷ്ടമായിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ഈ ലേബർ ബ്യൂറോ കണക്കുകൾ, മേഖലയിൽ വലിയ തകർച്ചയുണ്ടായി എന്ന് തോന്നിപ്പിക്കുമെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്. കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം ഭക്ഷ്യ നിർമ്മാണ മേഖല ഇതേ എട്ട് വർഷങ്ങളിൽ 5.35 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ഈ കാലയളവിൽ ‘ജിഡിപി, തൊഴിൽ, കയറ്റുമതി വിഭാഗങ്ങളിൽ ഭക്ഷ്യോത്പാദന മേഖല ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമായി വളർന്നു’വെന്നാണ് സർക്കാർ കണക്കുകൾ വച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പറയുന്നത്.

അതായത്, തൊഴിൽ ദിനങ്ങൾ കൂടുതൽ നഷ്ടമായ മേഖലയിൽ പോലും അത് കാരണം വളർച്ചാ മുരടിപ്പ് ഉണ്ടായെന്ന് പറയാനാകില്ല.

വസ്ത്ര നിർമ്മാണ മേഖല 

ഇതേ എട്ട് വർഷങ്ങളിൽ തൊഴിൽ ദിനങ്ങൾ ഗണ്യമായി നഷ്ടമായ മറ്റൊരു മേഖല വസ്ത്ര നിർമ്മാണമാണ്. നിലവിൽ ഉത്തർ പ്രദേശിലെ നോയിഡയിൽ നടക്കുന്ന ഫാക്ടറി തൊഴിലാളികളുടെ സമരത്തിലും വസ്ത്ര നിർമ്മാണ തൊഴിലാളികളുടെ വലിയ സാന്നിധ്യമുണ്ട്. കേന്ദ്ര സർക്കാർ പുതുതായി കൊണ്ട് വന്ന ലേബർ കോഡുകൾക്കെതിരെ പഞ്ചാബിലെ ലുധിയാനയിൽ വലിയ വിഭാഗം വസ്ത്ര നിർമ്മാണ തൊഴിലാളികൾ 2025 ജൂലൈയിൽ സമരത്തിലേർപ്പെട്ടിരുന്നു. ലേബർ ബ്യൂറോ റിപ്പോർട്ടിലെ കണക്കുകളനുസരിച്ച്, 2019 മുതൽ 2023 വരെ നടന്ന തൊഴിൽ തർക്കങ്ങളിൽ ഏറ്റവുമധികം തൊഴിൽ ദിനങ്ങൾ നഷ്ടമായ മേഖലകളിൽ ആദ്യ അഞ്ചിൽ വസ്ത്ര നിർമ്മാണ നിർമ്മാണ മേഖലയുണ്ട്. 2023 ലെ റിപ്പോർട്ടിൽ വസ്ത്ര നിർമ്മാണ മേഖല ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. 

എന്നാൽ വസ്ത്ര നിർമാണ രംഗത്ത് വളർച്ചാ മുരടിപ്പ് ഉണ്ടായോ? ഇല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2019 – 20 കാലം മുതൽ 2025 – 2026 വരെ വസ്ത്ര നിർമ്മാണ മേഖലയിൽ ശരാശരി പത്ത് ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 ൽ ഈ മേഖലയിലെ കയറ്റ് മതി 4.7 ശതമാനം കൂടിയിട്ടുണ്ട്.

Bar chart representing the number of mandays lost per industrial sector in India during 2023, highlighting high losses in food products and textiles
2023 ൽ ഓരോ ഉത്പാദന മേഖലകളിലും നഷ്ടമായ തൊഴിൽ ദിനങ്ങൾ

അടിസ്ഥാന ലോഹ നിർമ്മാണ മേഖല (Basic Metals)

ഏറ്റവുമധികം തൊഴിൽ തർക്കങ്ങൾ നേരിട്ടതിൽ അടിസ്ഥാന ലോഹ നിർമ്മാണ മേഖലയും ഉൾപ്പെടുന്നു. 2015 മുതലുള്ള റിപ്പോർട്ടുകളിൽ ഈ മേഖല തൊഴിൽ ദിനങ്ങൾ നഷ്ടമായതിൽ ആദ്യ സ്ഥാനങ്ങളിലുണ്ട്. 2019 മുതൽ 2021 വരെയുള്ള മൂന്ന് വർഷങ്ങളിൽ തൊഴിൽ ദിനങ്ങൾ നഷ്ടമായതിൽ ഒന്നാം സ്ഥാനത്താണ് ഈ മേഖല.

എന്നാൽ 2024 ൽ കേന്ദ്ര സർക്കാറിന്റെ വ്യാവസായിക ഉത്പാദന സൂചികയിൽ (Index of Industrial Production, IIP) ഈ മേഖലയുടെ ശ്രദ്ധേയമായ വളർച്ച കാണാം. രാജ്യത്തിന്റെ ഭൗതിക ഉത്പാദനത്തിലുണ്ടാകുന്ന വർധന കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചികയാണ് ഐഐപി (IIP). ഇതനുസരിച്ച്, 2024 ൽ രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഏറ്റവുമധികം സംഭാവന നൽകിയത് അടിസ്ഥാന ലോഹ നിർമ്മാണ മേഖലയാണ് (7.8%).

ചുരുക്കത്തിൽ രാജ്യത്ത് തൊഴിലാളി തർക്കങ്ങൾ ഏറ്റവുമധികം ബാധിച്ചെന്ന് ലേബർ ബ്യൂറോ തന്നെ കണ്ടെത്തിയ മേഖലകളിൽ വളർച്ചാ മുരടിപ്പ് ഉണ്ടായിട്ടില്ലെന്ന് കാണാം. 

സംസ്ഥാനങ്ങൾ തിരിച്ചുള്ള വിവരങ്ങൾ 

രാജ്യത്തെ ഓരോ സംസ്ഥാനങ്ങളും നേരിടുന്ന തൊഴിൽ തർക്കങ്ങളെപ്പറ്റി ലേബർ ബ്യൂറോ റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നുണ്ട്. മൊത്തം തൊഴിൽ തർക്കങ്ങളുടെ എണ്ണം, നഷ്ടമായ തൊഴിൽ ദിനങ്ങൾ, മൊത്തം ഉത്പാദനത്തിലുണ്ടായ നഷ്ടം എന്നിങ്ങനെ തൊഴിൽ തർക്കങ്ങളെ മൂന്നായി തരംതിരിച്ചാണ് ഈ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകൾ പരിശോധിച്ചാലും തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക/വ്യാവസായിക വളർച്ചയെ ബാധിക്കുന്നില്ലെന്ന നിഗമനത്തിലാകും എത്തുക. 

തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമായ സംസ്ഥാനങ്ങളുടെ മൊത്ത മൂല്യവർധനയിൽ (Gross States Value Added, GSVA) ഇടിവുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചാൽ ഇത് മനസ്സിലാക്കാം. നിശ്ചിത കാലയളവിൽ ഒരു സംസ്ഥാനം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണ് GSVA.(ഇതിൽ സംസ്ഥാനം ഉത്പാദിപ്പിച്ച അസംസ്കൃത വസ്തുക്കളുടെ (Raw Materials) മൂല്യം കണക്കാക്കുന്നില്ല). അതായത്, ‘തൊഴിൽ തർക്കങ്ങൾ വ്യവസായങ്ങളെ തകർക്കുന്നു’ എന്ന പൊതുധാരണ സത്യമാണെങ്കിൽ, തൊഴിൽ തർക്കങ്ങൾ രൂക്ഷമായ സംസ്ഥാനങ്ങളുടെ മൊത്ത മൂല്യ വർധനയിൽ (GSVA) അത് പ്രതിഫലിക്കണം.

കേരളം 

ലേബർ ബ്യൂറോയുടെ 2023 റിപ്പോർട്ടിലെ നഷ്ടമായ തൊഴിൽ ദിനങ്ങളുടെ കണക്കുകളിൽ ഒന്നാം സ്ഥാനത്ത് കേരളമാണ്. ലേബർ ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് (Trade Unions in India, 2022) രാജ്യത്ത് ഏറ്റവുമധികം തൊഴിലാളി യൂണിയനുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. 13,056 തൊഴിലാളി യൂണിയനുകളാണ് കേരളത്തിലാകെയുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന് ഇതിന്റെ നേർപകുതിയും (6,890). യൂണിയനുകളുടെ എണ്ണത്തിലുള്ള വർദ്ധന സ്വാഭാവികമായും തൊഴിലാളി തർക്കങ്ങളിലും, നഷ്ടമാവുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണത്തിലും പ്രതിഫലിക്കും

ലേബർ ബ്യൂറോ കണക്കുകളിൽ 2023 ൽ കേരളത്തിൽ ആകെ നടന്നത് മൂന്ന് തൊഴിൽ തർക്കങ്ങളാണ്. ഇതിൽ രണ്ടും ലോക്കൗട്ടുകളുമാണ്. എണ്ണത്തിൽ കുറവാണെങ്കിലും മൂന്ന് തൊഴിൽ തർക്കങ്ങളിലായി നഷ്ടമായത് 1,63,078 തൊഴിൽ ദിനങ്ങളാണ്. അതായത്, രാജ്യത്ത് മൊത്തം (5,90,587) നഷ്ടമായ തൊഴിൽ ദിനങ്ങളുടെ 27.61 ശതമാനം. 

2016 മുതലുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ നഷ്‌ടമായ തൊഴിൽ ദിനങ്ങളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ കേരളത്തെ കാണാം. ഈ വർഷങ്ങളിൽ കേരളത്തിൽ നടന്നിട്ടുള്ള തൊഴിൽ തർക്കങ്ങളുടെ എണ്ണം താരതമ്യേന കുറവാണ് താനും. സമരങ്ങളുടെ എണ്ണം കുറവാണെങ്കിലും കേരളത്തിൽ നടക്കുന്ന തൊഴിലാളി തർക്കങ്ങളുടെ ആഘാതം വലുതാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ട്രേഡ് യൂണിയനുകൾ ശക്തമായത് കൊണ്ട് തന്നെ സമരങ്ങളിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം കൂടുതലായിരിക്കും എന്നത് കൂടിയാണ് ഇതിന്റെ കാരണം.

Chart showing steady growth in Kerala’s manufacturing sector GSVA from 2011 to 2025 despite industrial disputes
നിതി ആയോഗ് പ്രസിദ്ധീകരിച്ചതിൽ കേരളത്തിന്റെ ഉത്പാദന മേഖലയിലെ മാത്രം ഓരോ വർഷത്തെയും വളർച്ച. തൊഴിൽ തർക്കങ്ങൾ രൂക്ഷമായ 2023-24 കാലയളവിൽ വളർച്ചയുണ്ടാവുന്നതായി കാണാം.

എന്നാൽ ഇതേ കാലയളവിലെ കേരളത്തിന്റെ വ്യാവസായിക ഉത്പാദന ഇൻഡെക്സ് (IIP) കണക്കുകൾ പരിശോധിച്ചാൽ ഉത്പാദന വളർച്ചയെ തൊഴിൽ തർക്കങ്ങൾ ബാധിക്കുന്നില്ലെന്ന് വ്യക്തമാവും. 2023 – 24 കാലയളവിൽ മാത്രം കേരളത്തിന്റെ ഉത്പാദന മേഖലയിലുണ്ടായ മൂല്യ വർദ്ധന 15.32 ശതമാനമാണ്. കഴിഞ്ഞ ഏഴ് വർഷക്കാലത്തെ വളർച്ചയിൽ ഏറ്റവും മികച്ചത്. 

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുൾപ്പെടെ കേരളത്തിൽ അടുത്തിടെ സമരം ചെയ്തിരുന്നു. ഈ സമരത്തിലേർപ്പെട്ട മൊത്തം തൊഴിലാളികളുടെ എണ്ണം ലഭ്യമല്ലെങ്കിലും, 5.5 ലക്ഷം അംഗങ്ങളുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) സമരത്തിന് നേതൃത്വം നൽകിയിട്ടുണ്ട്.

തമിഴ്നാട്

ലേബർ ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് 2023 ൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ തർക്കങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് തമിഴ്നാട്ടിലാണ്. പതിനഞ്ച് തൊഴിൽ തർക്കങ്ങളാണ് തമിഴ്നാട്ടിൽ 2023 ൽ നടന്നത്. രാജ്യത്ത് മൊത്തം (50) നടന്നതിന്റെ 30 ശതമാനം. ഇത്രയും സംഭവങ്ങളിലായി 1,45,808 തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടു. 8,916 തൊഴിലാളികളെ ഈ പണിമുടക്കുകൾ/ലോക്കൗട്ടുകൾ ബാധിച്ചിട്ടുമുണ്ട്. സംസ്ഥാനങ്ങളിലെ തൊഴിൽ തർക്കങ്ങളുടെ എണ്ണം അതാത് വർഷത്തെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് മാറും. 

എന്നാൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച കണക്കുകൾ പരിശോധിച്ചാൽ തൊഴിൽ തർക്കങ്ങളുടെ ബാഹുല്യം തമിഴ്നാട്ടിലെ മൊത്തം മൂല്യ വർധനയെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാവും. തൊഴിൽ പ്രശ്നങ്ങൾ ഏറ്റവുമധികം രേഖപ്പെടുത്തിയ, 2023-24 കാലയളവിൽ ഉത്പാദന മേഖലയിലെ മൊത്തം മൂല്യവർധന (GSVA )ഏതാണ്ട് 12.59 ശതമാനമാണ്. തൊട്ട് മുൻപത്തെ വർഷം ഈ വളർച്ച കേവലം 0.83 ശതമാനം മാത്രമായിരുന്നു.(കോവിഡ് കാലമായിരുന്നു എന്നതും ഇതോട് ചേർത്ത് വായിക്കേണ്ടതാണ് )

2024 സെപ്റ്റംബറിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂർ മുൻസിപ്പാലിറ്റിയിലെ ‘സാംസങ് ഇലക്ട്രോണിക്സ്’ പ്ലാന്റിൽ 38 ദിവസം നീണ്ടു നിന്ന തൊഴിലാളി സമരം നടന്നു. പ്ലാന്റിലെ മൊത്തം (1,700) തൊഴിലാളികളുടെ 80 ശതമാനത്തോളം പേരും പങ്കെടുത്ത സമരം ജനശ്രദ്ധയാകർഷിച്ചിരുന്നുസമരം തങ്ങൾക്ക് 100 മില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് സാംസങ് കമ്പനി മദ്രാസ് ഹൈക്കോടതിയിൽ പറഞ്ഞത്. അന്നത്തെ രൂപയുടെ മൂല്യത്തിൽ, ഏകദേശം 840 കോടിയോളം രൂപ. ഇത്രത്തോളം നഷ്ടമുണ്ടാക്കിയ ഒരു തൊഴിലാളി സമരത്തെ നേരിട്ടിട്ടുപോലും തമിഴ്നാട് ആ വർഷം ഉത്പാദനമേഖലയിൽ മുൻവർഷത്തേക്കാൾ 2.15 ശതമാനം അധിക മൂല്യ വർധനയുണ്ടാക്കി.

പ്ലാന്റിൽ ഒരു സ്വതന്ത്ര തൊഴിലാളി യൂണിയനെ അംഗീകരിക്കുക, ശമ്പള വർദ്ധനവ് നടപ്പിലാക്കുക, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സാംസങ്ങിലെ തൊഴിലാളികൾ സമരം ചെയ്തത്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകൾ ഇതും ‘വ്യാവസായിക വിരുദ്ധ സമര’മായാണ് മുദ്ര കുത്തിയത്. ‘സമരം ചെയ്ത് സാംസങ്ങിനെ ചൈനയിലേക്ക് അയക്കണം’, ‘കമ്മികൾ ഇന്ത്യ കൊറിയ യുദ്ധം ഉണ്ടാക്കി വയ്ക്കും’ തുടങ്ങിയ കമന്റുകളാണ് ഫേസ്ബുക്കിലെ ഈ സമരവുമായി ബന്ധപ്പെട്ട വാർത്തകളിൽ മുഴുവൻ. സൗത്ത് കൊറിയയിലാണ് സാംസങ്ങിന്റെ ആസ്ഥാനം.

Screenshot of social media comments on a news report about the 2024 Samsung electronics workers' strike in Tamil Nadu, India.
തമിഴ്നാട്ടിലെ സാംസങ് സമരത്തെ പറ്റിയുള്ള ഏഷ്യനെറ്റ് ന്യൂസ് വാർത്തയ്ക്ക് ഫേസ്ബുക്കിൽ വന്ന കമന്റുകൾ

സമരത്തിന്റെ സമ്മർദ്ദത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (SIWU) എന്ന പുതിയ തൊഴിലാളി സംഘടനയുമായി സാംസങ് മൂന്ന് വർഷത്തെ കരാറൊപ്പിട്ടു. സിപിഐഎം ന്റെ തൊഴിലാളി സംഘടനയായ സിഐടിയു (CITU) ആണ് SIWU വിന്റെ മാതൃ സംഘടന. ശമ്പള വർദ്ധനവ് ഉൾപ്പെടെ സമരത്തിലെ മറ്റാവശ്യങ്ങളും കമ്പനി അംഗീകരിക്കുകയുണ്ടായി. എന്നാൽ സമരത്തിൽ പിരിച്ചുവിട്ട 27 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നവശ്യപ്പെട്ട് ഈ വർഷം മാർച്ചിൽ വീണ്ടും സമരം നടന്നു.

അടുത്തടുത്ത വർഷങ്ങളിൽ തൊഴിൽ തർക്കങ്ങളുടെ എണ്ണത്തിൽ തമിഴ്നാട് ഒന്നാം സ്ഥാനത്ത് എത്തുന്നത് കാണാം. രാജ്യത്തെ തന്നെ ഏറ്റവുമധികം ഫാക്ടറികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനമായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കേന്ദ്ര സ്ഥിതിവിവരണകണക്ക് മന്ത്രാലയം (Ministry of Statistics and Programme Implementation, Mospi) പുറത്തിറക്കുന്ന വ്യവസായങ്ങളുടെ സർവേയിലാണ് (Annual Survey of Industries, ASI) രാജ്യത്തെ ഫാക്ടറികളുടെ കണക്കുകൾ പറയുന്നത്. അവസാനമായി പുറത്ത് വന്ന 2023 – 24 കാലയളവിലെ ASI റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം ഫാക്ടറികളുടെ 15.43 ശതമാനവും തമിഴ്നാട്ടിലാണ്.

ചുരുക്കത്തിൽ, തൊഴിലാളി സമരങ്ങൾ അത് നടക്കുന്ന കാലയളവിൽ വ്യാവസായിക നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ ഈ സമരങ്ങൾ വ്യവസായമേഖലയിൽ വളർച്ചാ മുരടിപ്പ് ഉണ്ടാക്കുന്നില്ല.

പശ്ചിമ ബംഗാൾ

തൊഴിലാളി തർക്കങ്ങൾ വ്യാവസായിക വളർച്ചയെ തകർക്കുന്നു എന്ന പൊതുബോധത്തിന്റെ മറ്റൊരു പ്രധാന ഇര പശ്ചിമ ബംഗാളാണ്. തൊഴിലാളി മുന്നേറ്റങ്ങൾ ബംഗാളിലെ വ്യവസായങ്ങളെ തകർത്തു എന്നാണ് പ്രബലമായി നിലനിൽക്കുന്ന ആഖ്യാനം. എന്നാൽ ഈ പ്രചാരണത്തിൽ വസ്തുതയില്ലെന്ന് അമേരിക്കയിലെ കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി 2011 മേയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. വിവിധ കാലങ്ങളിലെ ASI റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്. ബംഗാളിലെ തൊഴിലാളി മുന്നേറ്റങ്ങളും വ്യാവസായിക തകർച്ചയും തമ്മിൽ ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

1977 ൽ തുടങ്ങിയ ഇടത് ഭരണത്തിന് ശേഷം ബംഗാളിലെ തൊഴിൽ ബന്ധങ്ങളിൽ ട്രേഡ് യൂണിയനുകൾക്ക് മേൽക്കൈ ലഭിക്കുകയുണ്ടായി. തൊഴിലാളി പ്രസ്ഥാനങ്ങൾ സായുധ സംഘങ്ങളായി വളർന്നുവെന്നും, ഇത് സംസ്ഥാനത്ത് വ്യാവസായിക തകർച്ചയ്ക്ക് ഇടയാക്കിയെന്നുമാണ് നീണ്ടകാലങ്ങളായുള്ള പ്രചാരണം. 1960 കളുടെ അവസാനം മുതൽക്ക്, ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തൊഴിലുടമകളെ ‘ഘരാവോ’ ചെയ്യുന്ന രീതി ട്രേഡ് യൂണിയനുകൾ അവലംബിച്ചിരുന്നു. ഇതെല്ലാം തന്നെ ട്രേഡ് യൂണിയൻ വിരുദ്ധ മനോഭാവം ശക്തിപ്പെടാൻ കാരണമായിട്ടുണ്ട്. 

എന്നാൽ ‘ഘരാവോ’ സമ്പ്രദായമോ സമരങ്ങളോ അല്ല  ബംഗാളിലെ വ്യാവസായിക തകർച്ചയ്ക്ക് കാരണമെന്ന് പഠനം പറയുന്നു. 1977 ൽ അധികാരത്തിലെത്തിയ ഇടത് സർക്കാർ ‘ഘരാവോ’ സമ്പ്രദായത്തെ അടിച്ചമർത്തിയെങ്കിലും, അത് വ്യവസായങ്ങളെ ഒരുതരത്തിലും ഗുണപരമായി സ്വാധീനിച്ചിട്ടില്ലെന്നാണ് ഇതിന് തെളിവായി ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

തൊഴിലാളി സമരങ്ങളാണ് ബംഗാളിലെ വ്യാവസായിക തകർച്ചയുടെ മുഖ്യകാരണമെന്ന് പറയുന്നതിൽ യുക്തിയില്ലെന്ന് പഠനം പറയുന്നു.    ഈ പഠനമനുസരിച്ച്, 2003 ൽ ബംഗാളിൽ ആകെ 432 വട്ടം തൊഴിൽ സ്തംഭനങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 32 തൊഴിൽ സ്തംഭനങ്ങളാണ് വിവിധ തൊഴിലാളി യൂണിയനുകൾ നടത്തിയ പണിമുടക്കുകളുടെ ഭാഗമായുണ്ടായത്. തൊഴിലുടമകൾ തന്നെ നേതൃത്വം നൽകിയ ‘ലോക്കൗട്ടുകളുടെ’ ഭാഗമായാണ് മറ്റ് 400 തവണയും തൊഴിൽ മുടങ്ങിയത്. ഉടമകൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളെ/നിയന്ത്രണങ്ങളെ അംഗീകരിക്കാൻ തൊഴിലാളികൾ തയ്യാറായില്ലെങ്കിൽ, അത് അംഗീകരിക്കും വരെ ഉടമകൾ തന്നെ വ്യവസായസ്ഥാപനങ്ങൾ  പൂട്ടിയിടുന്നതാണ് ‘ലോക്കൗട്ട്’. ഇത് കാരണം ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നു.

അതായത്, കണക്കുകൾ പരിശോധിച്ചാൽ, ബംഗാളിൽ വ്യാവസായിക തകർച്ചയ്ക്ക് കാരണമായെന്ന് പറയപ്പെടുന്ന തൊഴിൽ സ്തംഭനങ്ങളുടെ ഉത്തരവാദിത്തം തൊഴിലുടമകൾക്ക് തന്നെയാണ് എന്ന് കാണാം. 

ചരക്ക് സമീകരണ നയം

രാജ്യത്ത് എല്ലായിടത്തും ഒരുപോലെ വ്യവസായിക വളർച്ച ലക്ഷ്യമിട്ട്, 1952 ൽ കേന്ദ്ര സർക്കാർ ‘ചരക്ക് സമീകരണ നയം’ (Freight Equalisation Policy) നടപ്പാക്കിയിരുന്നു. കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ, സിമന്റ് തുടങ്ങി അടിസ്ഥാന അസംസ്കൃത വസ്തുക്കൾക്ക് രാജ്യത്ത് മുഴുവൻ ഏകീകൃത വിലയേർപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. ഇതിനായി ഈ വസ്തുക്കളുടെ ചരക്ക് നീക്കത്തിന്  കേന്ദ്ര സർക്കാർ സബ്സിഡികൾ നൽകി. ഭൂമിശാസ്ത്രപരമായി കൽക്കരി ഖനികൾക്കടുത്ത് സ്ഥിതി ചെയ്തിരുന്ന ബംഗാളിന്, വ്യാവസായിക മേഖലയിലുണ്ടായിരുന്ന മേൽക്കൈ നഷ്ടമാവാൻ ഈ നയം കാരണമായെന്ന്  പഠനം പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഒരേ വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ലഭ്യമായതോടെ, അടിസ്ഥാന അസംസ്കൃത വ്യവസായങ്ങൾ , തുറമുഖങ്ങളും വിപണി സാധ്യതയും കണക്കിലെടുത്ത് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് കൂടുതലായും ചേക്കേറി. ബംഗാളിനെ മാത്രമല്ല, ധാതു സമ്പന്നമായ ജാർഖണ്ഡ്, മധ്യപ്രദേശ്, അസം , ചത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളെയും നയം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പഠനങ്ങൾ പറയുന്നത്

തൊഴിൽ സമരങ്ങൾ വ്യവസായ മുരടിപ്പുണ്ടാക്കുന്നുവെന്ന പൊതുബോധം തെറ്റാണെന്ന് തെളിയിക്കുന്ന വേറെയും പഠനങ്ങളുണ്ട്.

‘സയന്റിഫിക് റിസർച്ച് പബ്ലിഷിംഗ്’ എന്ന സ്വതന്ത്ര ഓൺലൈൻ ജേർണലിൽ 2022 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം, തൊഴിൽ തർക്കങ്ങൾ വ്യാവസായിക വളർച്ചയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. ലേബർ ബ്യൂറോ കണക്കുകളെ ആധാരമാക്കിയാണ് പഠനം ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചെരുന്നത്.

തൊഴിൽ തർക്കങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് ഇതിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. 2001 – 2017 കാലത്തെ തൊഴിൽ തർക്കങ്ങൾ പരിശോധിച്ചാൽ അവയെല്ലാം ചെറിയ കാലയളവിൽ മാത്രം നിലനിന്നതും പെട്ടെന്നുണ്ടായതുമാണെന്ന് പഠനം പറയുന്നു. പെട്ടെന്നുണ്ടാകുന്ന സമരങ്ങളായത് കൊണ്ട് തന്നെ ഇവയെ ഫലപ്രദമായി നേരിടാൻ തൊഴിലുടമകൾക്ക് സാധിച്ചിരുന്നില്ല. ഇത് വ്യവസായങ്ങളുടെ പ്രവർത്തന ക്ഷമതയെ ഹ്രസ്വകാലത്തേക്ക് ബാധിച്ചിരുന്നു. സമരമുണ്ടാകുന്ന ചെറിയൊരു കാലയളവിൽ നഷ്ടമുണ്ടാകും. എന്നാൽ ഈ സമരങ്ങളൊന്നും തന്നെ ദീർഘകാലം നിലനിൽക്കാത്തതിനാൽ വ്യവസായങ്ങളുടെ മൊത്തം വളർച്ചയെ പിന്നോട്ട് വലിക്കാൻ അവയ്ക്ക് സാധിച്ചിരുന്നില്ല.

കാലങ്ങളായി തൊഴിൽ തർക്കങ്ങളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടാകുന്നതായും പഠനം പറയുന്നു. 2001 – 2017 കാലയളവിൽ, പഠനത്തിനായി തിരഞ്ഞെടുത്ത പതിനാറ് സംസ്ഥാനങ്ങളിൽ ഒൻപതിലും തൊഴിൽ തർക്കങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മറ്റ് ഏഴ് സംസ്ഥാനങ്ങളുടെ കാര്യത്തിലും ദീർഘകാല സ്വഭാവമുള്ള തൊഴിൽ തർക്കങ്ങളുണ്ടായിട്ടില്ല.

ഓരോ വർഷവും ഇന്ത്യയിലുണ്ടായ തൊഴിൽ തർക്കങ്ങളുടെ എണ്ണം. 2017 ന് ശേഷം തൊഴിൽ തർക്കങ്ങൾ ക്രമേണ കുറയുന്നതായി കാണാം.

ചുരുക്കത്തിൽ, തൊഴിൽ സമരങ്ങൾ വ്യാവസായിക മേഖലയെ അപ്പാടെ തകർക്കുമെന്ന വാദം ഔദ്യോഗിക രേഖകൾ തന്നെ തള്ളിക്കളയുന്നു. സമരങ്ങളും പണിമുടക്കുകളും അതാത് വ്യവസായങ്ങളുടെ ക്ഷമതയെ ചെറിയ തോതിൽ ബാധിക്കുന്നുണ്ട്. സമരം നടക്കുന്ന കാലയളവിൽ മാത്രം. അത് തൊഴിലാളിക്ക് താൻ ചെയ്യുന്ന അധ്വാനത്തിന്റെ മൂല്യമെന്താണെന്ന് ഉടമകളെ ബോധ്യപ്പെടുത്താനുള്ള മാർഗ്ഗം കൂടിയാണ്. അതിലുപരി രാജ്യത്ത് അരങ്ങേറുന്ന സമരങ്ങളും തൊഴിൽ പ്രക്ഷോഭങ്ങളും വ്യവസായമുരടിപ്പുണ്ടാക്കുന്നില്ലെന്ന് ലേബർ ബ്യൂറോ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. വ്യാവസായിക വളർച്ചയുടെ തുലാസിൽ തൊഴിലാളി പ്രക്ഷോഭങ്ങളുടെ മൂല്യത്തെ റദ്ദാക്കുമ്പോൾ, നാളിതുവരെ തൊഴിലാളികൾ  നേടിയെടുത്ത അവകാശങ്ങളൊക്കെയും സമരം ചെയ്താണെന്ന വസ്തുതയും നിലനിൽക്കുന്നു. 

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top