റഷ്യ – ഉക്രൈൻ യുദ്ധം; സാമൂഹ്യമാധ്യമങ്ങളിലെ ബോംബ് സ്ഫോടനങ്ങൾ

റഷ്യ – ഉക്രൈൻ യുദ്ധം; സാമൂഹ്യമാധ്യമങ്ങളിലെ ബോംബ് സ്ഫോടനങ്ങൾ

ഇപ്പോഴും തുടരുന്ന റഷ്യ – ഉക്രൈൻ യുദ്ധം മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഏറെ കുറെ അപ്രത്യക്ഷമായെങ്കിലും അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നതിന് കുറവില്ല. യുദ്ധവുമായി ബന്ധപ്പെട്ട്  ഇപ്പോൾ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെ തെറ്റായ വിവരങ്ങളാണ് ജനങ്ങളിലേക്കെത്തുന്നത്.

ഉക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വലിയ ആക്രമണത്തിൽ, നൂറോളം പേർ കൊല്ലപ്പെട്ടു എന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. സ്ഫോടനത്തെ തുടർന്ന് ശക്തമായ പുക ഉയരുന്ന ഒരു വീഡിയോ ദൃശ്യമാണ് വലിയ തോതിൽ ഫോളോവേഴ്സ് ഉള്ള എക്സ് – ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പങ്കുവച്ചിട്ടുള്ളത്. ജൂൺ രണ്ട് മുതൽ പ്രചരിക്കുന്ന വീഡിയോ ഇപ്പോഴും വൈറലായി തുടരുന്നു. നൂറോളം മിസൈലുകൾ വർഷിച്ച റഷ്യയുടെ ആക്രമണം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? ഒബിസി ഫാക്ട് ചെക്ക്.

എക്സ് അക്കൗണ്ടുകളിൽ പ്രചരിക്കുന്ന വീഡിയോ

ഇസ്രായേൽ പ്രതിരോധ – യുദ്ധ വാർത്തകൾ പങ്കുവയ്ക്കുന്ന എക്സിലെ ഒരു അക്കൗണ്ടായ ‘Mosaad Commentary’ ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട് ആണിത്.

‘കീവിനെതിരെ റഷ്യ വലിയതോതിലുള്ള മിസൈൽ ആക്രമണം നടത്തി, നൂറോളം മിസൈലുകൾ വർഷിച്ചു. ഉക്രെയിൻ തലസ്ഥാനത്തുടനീളം ആക്രമണങ്ങൾ തുടരുന്നു, നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു’ എന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് ക്യാപ്ഷൻ.

ഒരു മിനിറ്റിൽ താഴെയുള്ള ഈ വീഡിയോ ഇതുവരെ (6/7/26) രണ്ടു ലക്ഷത്തിലധികം പേർ കണ്ടു. രണ്ടായിരത്തിലധികം പേർ ഈ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. നൂറിലധികം പേർ കമന്റ് ചെയ്തതായും കാണാം.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ബ്രിട്ടീഷ് സ്വതന്ത്ര മാധ്യമപ്രവർത്തകനും ഡോക്യുമെൻററി സംവിധായകനുമായ (എക്സ് ബയോ പ്രകാരം) Jim Ferguson ൻ്റെ അക്കൗണ്ടിലും ഈ വീഡിയോ ജൂലൈ രണ്ടിന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

നാലു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ട് വഴി 23,000ത്തിലധികം പേർ ഈ വീഡിയോ ഇതുവരെ (6/7/26) കണ്ടിട്ടുണ്ട്. നിരവധി ഇൻസ്റ്റഗ്രാം പേജുകളിലും ഈ വീഡിയോ വൈറലാണ്. 

പ്രചരിക്കുന്നത് പഴയ വീഡിയോ

കഴിഞ്ഞ വർഷവും ഇതേ വീഡിയോ പ്രചരിച്ചിട്ടുണ്ടെന്ന് കൂടുതൽ പരിശോധനയിൽ ഞങ്ങൾ കണ്ടെത്തി.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്   

2 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ‘rasgullareddy’ എന്ന അക്കൗണ്ടിലാണ് കഴിഞ്ഞ വര്‍ഷം ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈ 6 നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്ന് വൈകുന്നേരം ഷിറ്റോമിറിൽ ഉണ്ടായ സ്ഫോടനം; ഉക്രേനിയൻ സൈനിക രഹസ്യാന്വേഷണ വിഭാഗം ഇതുവരെ ഇതിൻ്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല ( A powerful explosion was reported in Zhytomyr this evening. According to Ukrainian military intelligence alleged cause remains unconfirmed) എന്നാണ്   ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

ഉചിതമായ കീ വേഡുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഈ സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ കണ്ടെത്തി.

ഉക്രൈനിലെ പ്രധാന മാധ്യമമായ Kyiv Post ന്റെ റിപ്പോർട്ട് പ്രകാരം, ബെറെസിന എന്ന ഗ്രാമത്തിലെ വ്യവസായ മേഖലയിൽ ഉണ്ടായ സ്‌ഫോടനമാണ് ഈ വീഡിയോയിൽ കാണുന്നത്. ഇത് തൊട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് വ്യാപിക്കുകയായിരുന്നു. 2025 ജൂലൈ മൂന്നിനാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സംഭവത്തിൽ രണ്ടുപേർ മരണപ്പെടുകയും 82 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. ഒരു വ്യവസായ ശാലയിൽ ഉണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് റഷ്യയുടെ ആക്രമണം എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട് 

സ്ഫോടനത്തിൻ്റെ ദൃശ്യം സഹിതം ഉള്ള റിപ്പോർട്ട് ആണ് ഇത്. 

വിയറ്റ്നാം മാധ്യമമായ 24.h.com.vn ൽ പ്രചരിക്കുന്ന വീഡിയോ  ഉൾപ്പെടെയുള്ള റിപ്പോർട്ട് കാണാം. ഷിറ്റോമിറിൽ അനുഗ്രഹമായി പ്രവർത്തിച്ചിരുന്ന രഹസ്യ സ്ഫോടക ശാലയിലാണ് ഈ അപകടം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട്

ഉക്രൈനിലെ പ്രമുഖ മാധ്യമമായ fakty.com ഈ സംഭവം വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

അതായത്, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവിലെ റഷ്യന്‍ ആക്രമണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. 2025 ജൂലൈ 2ന് ഷിറ്റോമിറിലെ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിപ്പിക്കുന്നത്.




സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top