കണക്കില്ലാത്ത അവഗണന; ദുരിതാശ്വാസ ഫണ്ട് വിതരണത്തിലെ രാഷ്ട്രീയ പക്ഷപാതം

കണക്കില്ലാത്ത അവഗണന; ദുരിതാശ്വാസ ഫണ്ട് വിതരണത്തിലെ രാഷ്ട്രീയ പക്ഷപാതം

കണക്കുണ്ട്. കേരളത്തിന് യൂണിയൻ സർക്കാർ നാളിതു വരെ നൽകിയ ദുരിതാശ്വാസ സഹായത്തിന്. പക്ഷേ കേരളം നേരിട്ട, നേരിട്ടു കൊണ്ടിരിക്കുന്ന അവഗണന കണക്കുകൾക്കപ്പുറത്തെ കളിയാണ്. സംസ്ഥാനം അർഹിക്കുന്നതിന്റെ 30 ശതമാനം തുകയേ കേരളത്തിന് ലഭിക്കുന്നുള്ളൂ. കേരളത്തിലെ  കാലാവസ്ഥാ വ്യതിയാനത്തിന്റെ സവിശേഷതകൾ കണക്കിലെടുക്കാത്ത സമീപനമാണ് മോഡി സർക്കാരിന്റേതെന്ന് ഈ രംഗത്തെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

2024 ജൂലൈ 30ന് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന 1,500 ഓളം വീടുകളിൽ ഒന്ന് വയനാട് മേപ്പാടി പഞ്ചായത്തിലെ തങ്കച്ചന്റേതായിരുന്നു. വീട് എവിടെയാണെന്ന ന്യൂ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ടറുടെ ചോദ്യത്തിന് നിറഞ്ഞ കണ്ണുകളുമായി, ദൂരെ ഉരുൾപൊട്ടലിലെ അവശിഷ്ടങ്ങൾക്കിടയിലേക്ക് കൈ ചൂണ്ടുക മാത്രമാണ് അയാൾ ചെയ്തത്. പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് പാളിയിലിരുന്ന് സംസാരിക്കുമ്പോൾ അതിനുള്ളിലെവിടെയോ തന്റെ അനുജനുമുണ്ടെന്ന് തങ്കച്ചൻ ഓർത്തെടുത്തു.

തങ്കച്ചനുൾപ്പെടെ വീട് നഷ്ടപ്പെട്ട 4100 ഓളം പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പ് കൽപ്പറ്റ-കോട്ടപ്പടി വില്ലേജുകളിലായി പണി പുരോഗമിക്കുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകൾ കൈമാറുമെന്നാണ് സർക്കാർ പ്രഖ്യാപനം.

കൽപ്പറ്റയിൽ പണിയുന്ന ടൗൺഷിപ്പിലെ മാതൃകാ വീട്

ലോകത്തെ 2600 കാലാവസ്ഥാ വ്യതിയാന ബാധിത നഗരങ്ങളിൽ അൻപതാം സ്ഥാനത്താണ് കേരളം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ കണക്കാക്കി ക്രോസ് ഇൻഡിപ്പെഡൻസി ഇനിഷ്യേറ്റീവ് നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ കാലാവസ്ഥ ദുരന്തങ്ങളിൽ ഉഴലുകയാണ് കേരളം. 2017ൽ തീരമേഖലകളിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് മുതൽ 2 പ്രളയങ്ങളും മുണ്ടക്കൈ-ചൂരൽമല ദുരന്തങ്ങളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ കണക്കുകൾ പ്രകാരം, 35,000 ത്തോളം കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ ഈ ദുരന്തങ്ങളിലായി ഏകദേശം 854 ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. 236 പേരെ കാണാതായിട്ടുണ്ട്. 

കേവലം ഒന്നരലക്ഷം കോടി രൂപ റെവന്യൂ വരുമാനമുള്ള ഒരു സംസ്ഥാനത്തിന് താങ്ങാവുന്നതാണോ ദുരന്തനിവാരണ ചിലവുകൾ? ഒരു ഫെഡറൽ സംവിധാനത്തിൽ  കാലാവസ്ഥാ ദുരന്തങ്ങളുടെയും അതിന്മേലുള്ള സാമ്പത്തിക ബാധ്യതകളുടെയും അടിസ്ഥാന ഉത്തരവാദിത്വം ആരുടെ മേലാണ് എന്ന ചോദ്യം അവശേഷിക്കുന്നു. യൂണിയൻ സർക്കാരിന്റെ  രാഷ്ട്രീയ പക്ഷപാതിത്വം തുറന്ന് കാട്ടുന്നതാണ് കണക്കുകൾ. 

ദുരന്തനിവാരണ സംവിധാനം 

രാജ്യത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങളും അത് സംബന്ധിച്ച സഹായനിധികളും ഏകോപിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ദുരന്ത നിവാരണ ഡിവിഷനാണ്. ദുരന്തങ്ങളിലെ അടിയന്തിര ഇടപെടലുകൾക്കായി ദേശീയ ദുരന്ത മാനേജ്മെന്റ് ഫണ്ടും(NDRMF) സംസ്ഥാന ദുരന്ത മാനേജ്മെന്റ് ഫണ്ടും രണ്ടായി തിരിച്ചിരിക്കുന്നു (SDRMF). സംസ്ഥാനങ്ങളുടെ വിഹിതത്തിൽ 75 ശതമാനം പണവും കേന്ദ്രം അനുവദിക്കുമ്പോൾ ബാക്കി 25 ശതമാനം തുക സംസ്ഥാനം തനതായി കണ്ട് പിടിക്കണമെന്നാണ് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 നിഷ്കർഷിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന മുഴുവൻ തുകയുടെ 80 ശതമാനം സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫൺഡ് (SDRF) എന്ന പേരിൽ ദുരന്തങ്ങളിലെ അടിയന്തിര ഇടപെടലുകൾക്കായുള്ളതാണ്. ബാക്കി 20 ശതമാനം ദുരന്ത സാധ്യതകളെ മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്കായാണ്. ഇതിനെ സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫൺഡ് (SDMF) എന്നും വിളിക്കുന്നു. ഇതേ അളവിൽ ദേശീയ ഫണ്ടും (NDRMF, NDRF) രണ്ടാക്കി മാറ്റിയിരിക്കുന്നു. ഓരോ ധനകാര്യ കമ്മീഷനും അടുത്ത 5 വർഷ കാലയളവിലെ സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷണനാണ് 2021 മുതൽ 2026 വരെയുള്ള സംസ്ഥാന വിഹിതങ്ങൾ തീരുമാനിച്ചത്.

കണക്കിലെ സഹായം 

സംസ്ഥാന വിഹിതങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശീയ ദുരന്ത നിവാരണ ഫണ്ട്  പൂർണമായും കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരത്തിനുള്ളിലാണ്. ദുരന്തങ്ങൾക്ക് സംസ്ഥാന ഫണ്ട്  തികയാത്ത പക്ഷം നൽകുന്ന അധിക ധനസഹായമായാണ് NDRF പ്രവർത്തിക്കുന്നത്. അഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള പ്രത്യേക മന്ത്രിസഭാ സമിതി ‘അതിതീവ്ര’ പദവി നൽകുന്ന ദുരന്തങ്ങൾക്ക് മാത്രമേ ദേശീയ ഫണ്ട്  ലഭിക്കുകയുള്ളൂ. ഇതിനാൽ തന്നെ പലപ്പോഴും NDRF അനുവദിക്കുന്നതിൽ രാഷ്ട്രീയ താൽപര്യങ്ങൾ ആരോപിക്കപ്പെടുന്നു. 

ദേശീയ ദുരന്ത നിവാരണ ഡിവിഷന്റെ കണക്കുകൾ പ്രകാരം 2014 മുതൽ 2025 വരെ കാലയളവിൽ കേരളം വിവിധ ദുരന്തങ്ങൾക്കായുള്ള സമാശ്വാസമായി 8125.15 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഓരോ ദുരന്തത്തിന്റെയും നാശനഷ്ടങ്ങൾ വിവരിക്കുന്ന പ്രത്യേക മെമ്മോറാണ്ടം സമർപ്പിച്ചാണ് ഫണ്ടിന് അപേക്ഷിച്ചിട്ടുള്ളത്. എന്നാൽ ഈ കാലയളവിനിടയ്ക്ക് വിവിധ മന്ത്രിസഭാസമിതികൾ കേരളത്തിന് അനുവദിച്ചത് 2437.85 കോടി രൂപ മാത്രമാണ്. അതായത് കേരളം ആവശ്യപ്പെട്ടതിന്റെ  30 ശതമാനം പണം മാത്രമേ കേരളത്തിന് ദേശീയ ഫണ്ടിൽ നിന്നും നൽകിയിട്ടുള്ളൂ. 2014, 2018, 2019 വർഷങ്ങളിലെ പ്രളയങ്ങളും ഓഖി ചുഴലിക്കാറ്റും,ചൂരൽമല ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്കായി  അഞ്ച് തവണയായാണ് ഈ കാലയളവിൽ അപേക്ഷിച്ചത്. ഇതിൽ 2014,2019 പ്രളയങ്ങൾക്ക് പൂർണമായും ഫണ്ട് നിരസിക്കുകയാണുണ്ടായത്. 

കേരളത്തോടുള്ള അവഗണനയുടെ യഥാർത്ഥ ചിത്രം? 

ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ കേന്ദ്ര സമീപനം പരിശോധിച്ചാൽ ഇത് വ്യക്തമാവും. 

2014 ജൂലൈ 30 നു അതിരാവിലെയാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ, വെള്ളരിമല ഭാഗങ്ങളിലായി വലിയ തോതിലുള്ള ഉരുൾപൊട്ടലുണ്ടായത്. കേരള സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം പ്രകാരം ദുരന്തത്തിൽ 231 പേര് മരിക്കുകയും 128 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 1202 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ദുരന്തത്തിലുണ്ടായത്. അതോറിയ എന്ന സ്വതന്ത്ര ഗവേഷണ പ്ലാറ്റ്ഫോം ചൂരൽമല ദുരന്തത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടലുകളിൽ ഒന്നായി കണക്കാക്കുന്നുണ്ട്.മേപ്പാടി -ചൂരൽമല ദുരന്തത്തെ അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ  ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ആവശ്യം നിഷേധിച്ചുകൊണ്ട് ഡൽഹിയിലെ കേരള പ്രതിനിധി കെ വി തോമസിന് അന്നത്തെ ആഭ്യന്തര സഹ-മന്ത്രി നിത്യാനന്ദ റായ് കത്ത് നൽകുകയാണുണ്ടായത്. പിന്നീട് നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിൽ 5 മാസങ്ങൾക്ക് ശേഷം ഡിസംബർ 30 നാണ് ചൂരൽമല ദുരന്തത്തെ അതിതീവ്രദുരന്ത  പട്ടികയിൽപ്പെടുത്തിയത്. 2022 ലെ ആസാം പ്രളയം ഏകദേശം 121 മരണവും 1681.49 കോടി രൂപയുടെ നാശനഷ്ടവുമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ കാലയളവിൽ ബിജെപി ഭരിച്ചിരുന്ന ആസാമിനെ പ്രളയത്തിനിടയിൽ തന്നെ കേന്ദ്രം ‘അതിതീവ്ര’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ചൂരൽമല ഉരുൾപൊട്ടൽ

കൂടുതൽ വിവേചനങ്ങൾ ഫണ്ട് നൽകുന്നതിൽ പ്രകടമാകുന്നുണ്ട്. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുന്നതോടു കൂടി ദുരന്തത്തിന് NDRF ഫണ്ടുകൾ ലഭ്യമാകുകയാണ് സാധാരണ നടപടി. കേരളം പുനഃനവീകരണത്തിനായി 2,221 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും 9 മാസങ്ങൾക്ക് ശേഷം കേന്ദ്രം 260.56 കോടി രൂപ മാത്രമാണ് അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട തുകയുടെ ആകെ 11.7 ശതമാനം മാത്രമാണിത്. മേപ്പാടി പഞ്ചായത്തിലെയും പുന്നപ്പുഴയിലെയും അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ മാത്രം 195.55 കോടി രൂപയുടെ ചിലവുണ്ട്. NDRFൽ നിന്ന് ദുരന്താനന്തര ആവശ്യങ്ങളായാണ് (PDNA) തുക അനുവദിച്ചത്. എന്നാൽ 2025 ഡിസംബർ 31 വരെയുള്ള കണക്കുകളിൽ ഇതിൽ 78.16 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്. കണക്കുകളിൽ ചൂരൽമല ദുരന്തത്തിന്റെ തീവ്രതയില്ലാതിരുന്ന 2022 ലെ ആസാം പ്രളയത്തിന്റെ അടിയന്തിര ചിലവുകളുടെയും പുനരധിവാസത്തിന്റെയും 90 ശതമാനം തുകയും വഹിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് ഒരേ തീവ്രതയിലുള്ള രണ്ട് ദുരന്തങ്ങൾക്ക് കേന്ദ്ര സർക്കാർ സമീപനത്തിനുള്ള വേർതിരിവ് ഈ കണക്കുകളിൽ പ്രകടമാണ്.

ചൂരൽമല ദുരന്തത്തിനായി ഇതുകൂടാതെ 529.50 കോടി രൂപ ലോൺ ആയി കേന്ദ്രം അനുവദിച്ചിരുന്നു. സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച (SASCI) എന്ന പ്രത്യേക ലോൺ പദ്ധതിയിൽ നിന്നാണ് ഈ പണം അനുവദിച്ചത്. അതായത് ഈ പദ്ധതിക്ക് കീഴിലുള്ള കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഈ തുക ഉൾപ്പെടും. ദുരന്തനിവാരണത്തെ ബാധിക്കുന്നതിലുപരി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയുൾപ്പെടെ ഇത് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

2018 പ്രളയത്തോടനുബന്ധിച്ച് കേരളം NDRF ഇൽ നിന്ന് 5600 ഓളം കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും 2305 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 2019 പ്രളയം ചൂണ്ടിക്കാട്ടി കേരളം ഇതേ ഫണ്ടിൽ നിന്ന് 1624 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ 125 മരണവും 2,110 കോടി രൂപയുടെ നഷ്ടവും റിപ്പോർട്ട് ചെയ്യപ്പെട്ട ദുരന്തത്തിന് ഒരു രൂപ പോലും കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല. 2018 പ്രളയത്തിനായി അനുവദിച്ചതിന്റെ 50 ശതമാനത്തോളം തുക ചിലവഴിച്ചില്ലെന്ന് ആരോപിച്ചാണ് പണം അനുവദിക്കാത്തത്. എന്നാൽ ഇത്തരം ഫണ്ടുകൾ പുരോഗതിയനുസരിച്ചാണ് ചിലവഴിക്കുന്നതെന്നും, അത് അതേ വർഷം തന്നെ ചിലവഴിച്ച് തീർക്കണമെന്ന് വാശി പിടിക്കാനാകില്ലെന്നും അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ അഡിഷണൽ സെക്രട്ടറി ആയിരുന്ന എം ഗോപകുമാർ വ്യക്തമാക്കുന്നു. “2018 ലെ പ്രളയവുമായി ബന്ധപ്പെട്ട ഒരു പണി തീർപ്പായത് രണ്ട് വർഷം കഴിഞ്ഞാണെങ്കിൽ ആ ഫണ്ട് അപ്പോഴേ കൈമാറാൻ പറ്റുകയുള്ളൂ” അദ്ദേഹം കൂട്ടിച്ചേർത്തു.

SDRF ഇൽ നിന്ന് ചിലവായ കണക്കുകളുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിൽ 2024 ഡിസംബറിൽ കേരള ഹൈക്കോടതി കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 

ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെ ഭൂപടമനുസരിച്ച് രാജ്യത്തെ ഭൂഭാഗത്തിന്റെ 59 ശതമാനവും ഭൂമി കുലുക്ക ഭീഷണി  നേരിടുന്നുണ്ട്. മറ്റൊരു പഠനമനുസരിച്ച് ലോകത്ത് കാലാവസ്ഥാ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും കൂടുതൽ നഗരങ്ങളുള്ള രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്. ഒന്നാം സ്ഥാനത്ത് ചൈനയാണ്. ഇത്രയും അപകടഭീഷണി നേരിടുന്ന രാജ്യമെന്ന നിലയിൽ ദുരന്തനിവാരണ പ്രക്രിയകൾ കുറ്റമറ്റമാകേണ്ടതാണ്. എന്നാൽ ആയിരക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴും, ദുരന്തനിവാരണ സഹായങ്ങളുടെ കാര്യക്ഷമമില്ലാത്തതും രാഷ്ട്രീയ വേർതിരിവോടും കൂടിയ സമീപനം ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിനെതിരെയുള്ള വെല്ലുവിളിയാണ്.

നീതി ആയോഗിന്റെ മാപ്പ്

“ലോകത്തെ ഏതാണ്ട് എല്ലാ ഫെഡറൽ രാജ്യങ്ങളിലും ദുരന്തനിവാരണ ചിലവുകളുടെ പ്രധാന ഭാഗവും വഹിക്കുക യൂണിയൻ അല്ലെങ്കിൽ ഫെഡറൽ സർക്കാരുകളാകും. സംസ്ഥാനങ്ങൾക്ക് ഇത്ര വലിയ തുക വഹിക്കാനുള്ള കെൽപ്പുണ്ടാവില്ല” ഗോപകുമാർ പറഞ്ഞു. ജനസംഖ്യാ അനുപാതത്തിൽ ലോകത്തെ ഏറ്റവും വലിയ ഫെഡറൽ രാജ്യം ഇന്ത്യയാണ്. രണ്ടാം സ്ഥാനം അമേരിക്കയാണ്. അമേരിക്കയിലെ ദുരന്തനിവാരണ ഫണ്ടുകൾ മുഴുവനായും കൈകാര്യം ചെയ്യുന്നത് ഫെമ എന്ന ഫെഡറൽ സംഘടനയാണ്. ഇന്ത്യയിലെ പോലെ 75:25 അനുപാതത്തിലാണ് യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരുകളും പണം വഹിക്കേണ്ടതെങ്കിലും ഇതിൽ രാജ്യത്തെ ദുരന്തങ്ങളിലുണ്ടാവുന്ന നഷ്ടം മുഴുവനായും ഉൾപ്പെടും. 

SDRF മാർഗ്ഗരേഖകളെ അടിസ്ഥാനമാക്കി ധനകാര്യ കമ്മീഷൻ തീരുമാനിക്കുന്ന ഫണ്ട് ആയത് കൊണ്ട് തന്നെ, വ്യവസ്ഥാനുസൃതമായ കുറവുകളല്ലാതെ സംസ്ഥാനങ്ങൾക്ക് അർഹിക്കുന്ന വിഹിതം ലഭിക്കേണ്ടതാണ്. എന്നാൽ വിവേചനാധികാരത്തിലാണ് ദേശീയ ദുരന്തനിവാരണ ഫണ്ടായ NDRF വിതരണം ചെയ്യപ്പെടുന്നത് എന്നതിനാൽ, ഇതിൽ രാഷ്ട്രീയ സ്വാധീനങ്ങളുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു.

2010 നു മുൻപ് രാജ്യത്തെ ദുരന്തനിവാരണ ഫണ്ടുകൾ മുഴുവൻ നാഷണൽ കാലാമിറ്റി കണ്ടിജൻസി ഫണ്ട്  (NCCF) എന്ന പേരിൽ ഒറ്റ കുടക്കീഴിലായിരുന്നു. 2005 ലെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് ആക്ട് പ്രകാരം, 2010 മുതലാണ് NDRF സംവിധാനം നിലവിൽ വന്നത്.

അവഗണനയോ പക്ഷപാതമോ? 

2025 ഡിസംബർ 9 നു രാജ്യത്തെ ദുരന്തനിവാരണ ഫണ്ടുകളെ സംബന്ധിച്ച ചോദ്യത്തിന്  ബംഗാൾ എംപി ശ്രീ മഹ്വ മൊയ്ത്ര ക്ക് ലഭിച്ച മറുപടിയിൽ 2014 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ച NDRF തുകകളുടെ കണക്ക് വ്യക്തമാക്കുന്നു. 

ഈ ലിസ്റ്റ് പ്രകാരം രാജ്യത്ത് 2014 മുതൽ 2025 വരെ ഏറ്റവുമധികം NDRF തുക ലഭിച്ചത് കർണാടകയ്ക്കാണ്. 9 തവണയായി 11548.94 കോടി രൂപ ആവശ്യപ്പെട്ടതിൽ 5309.11 കോടി  രൂപയാണ് കർണാടകയ്ക്ക് ലഭിച്ചത്. അതായത് ആവശ്യപ്പെട്ട തുകയുടെ 46 ശതമാനത്തോളം കർണാടകയ്ക്ക് ലഭിച്ചു. 2014 മുതലുള്ള കണക്കുകളാണെങ്കിലും, കർണാടകയ്ക്ക് ലഭിച്ചതിൽ 97 ശതമാനവും തുക ലഭിച്ചിരിക്കുന്നത് 2018 മുതൽ 2023 വരെയാണ്. 

ഈ കാലയളവിൽ കർണാടക ഭരിച്ചിരുന്നത് ആരെന്നത് കൂടി അറിഞ്ഞാൽ കണക്കിലെ കുഴപ്പങ്ങളിൽ വ്യക്തത വരും. അത് ബിജെപിയാണ്. 11 വർഷത്തെ കണക്കുകളിൽ 97 ശതമാനം ദുരന്തനിവാരണ ഫണ്ടുകളും കൈപ്പറ്റിയത് 2018 മുതൽ 2023 വരെയുള്ള 5 വർഷങ്ങളിലായാണ്. ബിജെപി ഭരിച്ചിരുന്ന കാലയളവിൽ 2018, 2019 വർഷങ്ങളിലെ  പ്രളയവും, 2019 ലെ ബന്ദിപ്പൂർ കാട്ടുതീയും, 2021ലെ ടൗട്ടെ ചുഴലിക്കാറ്റുമാണ്  കർണാടക നേരിടേണ്ടി വന്ന കാലാവസ്ഥാ ദുരന്തങ്ങൾ. ഇതിൽ 2019 ലെ പ്രളയം 35,000 കോടി  രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും 2018 ലേത് 2,500 കോടിയോളം നഷ്ടമുണ്ടാക്കിയെന്നും കർണാടക സർക്കാരിന്റെ മെമ്മോറാണ്ടങ്ങൾ വ്യക്തമാക്കുന്നു. എല്ലാ ദുരന്തങ്ങളിലുമായി 86 മരണങ്ങളും 38,000 കോടി രൂപയോളം നഷ്ടവുമുണ്ടായിട്ടുണ്ട്. ഈ അഞ്ച് ദുരന്തങ്ങൾക്ക് മാത്രമായി കർണാടകയ്ക്ക് NDRF ൽ നിന്ന് ലഭിച്ച തുക 5,159 കോടി രൂപയാണ്. അതായത്  2018 ൽ കേരളത്തിലുണ്ടായ പ്രളയത്തിന് സമാനമായ നാശനഷ്ടത്തിന് കർണാടകയ്ക്ക് നൽകിയത് കേരളത്തിനേക്കാൾ 200 ശതമാനത്തോളം അധികതുക. കേരളത്തിന് 2018 പ്രളയത്തിൽ NDRF ഇൽ നിന്ന് 2304.85 കോടി രൂപ മാത്രമാണ് ലഭിച്ചത്.

ഏറ്റവും കൂടുതൽ NDRF തുക കിട്ടിയതിൽ മൂന്നാം സ്ഥാനത്ത്  NDA ഭരിക്കുന്ന സംസ്ഥാനമായ ബിഹാർ ആണ്. ഈ കണക്കുകൾ NDRF അനുവദിക്കുന്നതിലെ രാഷ്ട്രീയ താല്പര്യങ്ങൾ  വ്യക്തമാക്കുന്നു. 

2018 പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളം വിദേശ ഫണ്ടുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. യുഎഇ 10 കോടി ഡോളറും ഖത്തർ 5 കോടി ഡോളർ വരെയും വാഗ്ദാനവും ചെയ്തിരുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഈ വിദേശ ഫണ്ടുകൾക്ക് അനുമതി നിഷേധിച്ചു. എന്നാൽ 2025 ജൂണിൽ മഹാരാഷ്ട്രയിലെ ബിജെപി  സർക്കാരിന് ദുരന്ത നിവാരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കാൻ   കേന്ദ്രം അനുമതി കൊടുത്തു.

മിറ്റിഗേഷൻ ഫണ്ട്

ദേശീയ ശരാശരിയുടെ ഇരട്ടിയോളം അധികം മഴ കിട്ടുന്ന സംസ്ഥാനമാണ് കേരളം. നീതി ആയോഗ് വൾണറബിലിറ്റി  മാപ്പിൽ കേരളത്തിന്റെ ഭൂമികുലുക്ക സാധ്യത ലെവൽ രണ്ടാണ്.  കേരളത്തിൽ വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനുമുള്ള സാധ്യതയും സമാനമായി തന്നെ  പ്രവചിക്കുന്നു. ഇതൊക്കെയും സംസ്ഥാനത്തിന്റെ കാലാവസ്ഥാ ദുരന്ത സാധ്യത വർദ്ധിപ്പിക്കുന്നു. 2005 ദേശീയ ദുരന്തനിവാരണ നിയമ പ്രകാരം, സ്റ്റേറ്റ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് ഫണ്ട് (SDRMF) ൽ നിന്ന് മാറ്റിവെയ്ക്കുന്ന 20 ശതമാനം തന്നെയാണ് ദുരന്ത സാധ്യതകളെ കൈകാര്യം ചെയ്യുന്നതിലേക്കായുള്ള SDMF ആയി ഉപയോഗിക്കേണ്ടത്. എന്നാൽ ദേശീയ ഫണ്ടായ NDMF ഫണ്ടുകൾ മതിയായ അളവിൽ കേരളത്തിന് ലഭിക്കുന്നില്ല. 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 2024, 2025 കാലയളവിൽ NDMF ൽ നിന്ന് കേരളത്തിന് ഒരു രൂപ പോലും കിട്ടിയിട്ടില്ല.

“മുൻകൂട്ടി തീരുമാനിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കാവശ്യമായ SDMF തുക തീരുമാനിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥാ പ്രത്യേകതകൾ മാനിച്ചല്ല ഈ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത് എന്നതാണ് പ്രശ്നം” ഗോപകുമാർ കൂട്ടിച്ചേർത്തു. 

ആസാം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് മാത്രമാണ് 2025-26 കാലയളവിൽ NDMF അനുവദിച്ചിട്ടുള്ളത്.

ഫെഡറൽ സംവിധാനങ്ങൾക്കുള്ളിൽ ഭരണകൂടങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിൽ മാത്രമേ ദുരന്തനിവാരണ പ്രക്രിയകൾ പൂർണ്ണമാകൂ. തങ്കച്ചനെപ്പോലുയുള്ള  ദുരന്ത ബാധിതർക്ക് ഭരണസംവിധാനങ്ങളല്ലാതെ മറ്റ് പ്രതീക്ഷകളില്ല. ദുരിതാശ്വാസ സഹായത്തിന് കക്ഷി രാഷ്ട്രീയതാല്പര്യങ്ങൾ മാനദണ്ഡമാകുമ്പോൾ ഈ മനുഷ്യരുടെ ജീവിതമാണ് വഴി മുട്ടുന്നത്.

ഗ്രാഫിക്സ് : Gokul S Vijay

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top