
പ്രണയം, വിവാഹം, വിദ്വേഷം: മൊണാലിസക്കും ഫർമാനും കേരളത്തിനുമെതിരെ വെറുപ്പിന്റെ കൊടുങ്കാറ്റുമായി സോഷ്യൽ മീഡിയ
മൊണാലിസയുടെയും ഫർമാന്റെയും വിവാഹം യഥാർത്ഥ കേരള സ്റ്റോറിയുടെ മറ്റൊരു മാതൃകയായി പുരോഗമന കേരളം ഉയർത്തിക്കാട്ടുമ്പോൾ ഹിന്ദി ബെൽറ്റിൽ കേരളത്തിനെതിരായ വിദ്വേഷം ആഞ്ഞടിക്കുകയാണ്. കേരള സ്റ്റോറി രണ്ട് എന്ന പ്രൊപഗാണ്ട സിനിമ ശരിയാണെന്നു സമർത്ഥിക്കാനാണ് സാമൂഹ്യ മാധ്യമങ്ങളിലെ വലത് പക്ഷ അക്കൗണ്ടുകൾ ഈ സംഭവത്തെ ഉപയോഗിക്കുന്നത്.
“ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിക്ക് പത്രസമ്മേളനം നടത്തേണ്ടി വരുന്നു. 21ആം നൂറ്റാണ്ടിലെ ഇന്ത്യയിൽ ജീവിക്കുന്നത് തന്നെ എന്തൊരു അധപതനമാണ്!”
മാർച്ച് 12ന് പ്രമുഖ മാധ്യമപ്രവർത്തകയായ റാണാ അയൂബാണ് എക്സിൽ ഇങ്ങനെ കുറിച്ചത്. 2025ലെ കുംഭ മേളയിൽ മാല വില്പനക്കാരിയായി വന്ന് വൈറൽ ആയ മധ്യ പ്രദേശുകാരി മൊണാലിസയുടെയും ഉത്തർ പ്രദേശുകാരനായ ഫർമാന്റെയും വിവാഹം ഈയിടെ കേരളത്തിൽ നടന്നത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. വീട്ടുകാരെ ഭയന്ന് കേരളത്തിൽ അഭയം തേടിയ ഇവരുടെ വിവാഹം, വീണ്ടും ‘ലവ് ജിഹാദ്‘ ആരോപണങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഇതേ തുടർന്നാണ് റാണ അയൂബ് ഈ പ്രതികരണം നടത്തിയത്. ഹിന്ദുവായ മൊണാലിസ ബോസ്ലെ മുസ്ലിമായ ഫർമാനെ തന്റെ ജീവിത പങ്കാളിയായി തെരെഞ്ഞെടുത്തത് വലതുപക്ഷ, ഹിന്ദുത്വ സംഘങ്ങളെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നത്.

എറണാകുളത്ത് തന്റെ ആദ്യ മലയാള സിനിമയുടെ ഷൂട്ടിലായിരുന്നു മൊണാലിസ. ആ സമയത്ത് വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയും ബലം പ്രയോഗിച്ചു തിരിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ്, കാമുകനായ ഫർമാനേയും കൂട്ടി തിരുവനന്തപുരത്തെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിയതെന്ന് മൊണാലിസ പറയുന്നു . തുടർന്ന് മൊണാലിസയുടെ അച്ഛനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പ്രായപൂർത്തിയായതിനാൽ ആരുടെ കൂടെ ജീവിക്കണമെന്ന് നിയമപരമായി മൊണാലിസയ്ക്ക് തീരുമാനിക്കാമെന്ന് വീട്ടുകാരെ അറിയിച്ചു. അതിന് ശേഷം പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് ഹിന്ദു മതാചാര പ്രകാരം അവർ വിവാഹിതരാവുകയും ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയും പാർലിമെന്റ് അംഗം എ എ റഹീമും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ലവ് ജിഹാദ് ആരോപണങ്ങൾ ശക്തിയാർജ്ജിച്ചതിനെ തുടർന്ന് മൊണാലിസയും ഭർത്താവ് ഫർമാനും ചേർന്ന് പത്രസമ്മേളനം നടത്തിയിരുന്നു. ലവ് ജിഹാദ് അല്ലെന്നും വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടി വ്യക്തമാക്കുകയും ചെയ്തു.
‘ആഗോള തീവ്രവാദത്തിന് വേദിയൊരുക്കുന്ന കേരളം’ : സാമൂഹ്യ മാധ്യമങ്ങൾ പറയുന്നതെന്ത്?
‘ലവ് ജിഹാദ് സത്യമാണ്! ഇവളെങ്കിലും ഒരു ഫ്രിഡ്ജിലോ സ്യൂട്ട് കേസിലോ അവസാനിക്കാതിരിക്കട്ടെ!’ @erbmjha എന്ന വലതുപക്ഷ എക്സ് അക്കൗണ്ട് മാർച്ച് 11ന് എക്സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. രണ്ടര ലക്ഷം പേർ കണ്ട ഈ പോസ്റ്റിന് ആറു ലക്ഷത്തിനടുത്ത് ലൈക്കും കിട്ടിയിട്ടുണ്ട്. വിവാഹത്തിന് ശേഷം മൊണാലിസയും ഭർത്താവും മാധ്യമങ്ങളെ കാണുന്ന ദൃശ്യം തൊട്ടടുത്ത ദിവസം, ഇതേ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇത് ഭരണകൂടം സ്പോൺസർ ചെയ്ത ലവ് ജിഹാദ് ആണ്, ഈ പെൺകുട്ടി തീർച്ചയായും പശ്ചാത്തപിക്കും.” എന്നാണ് അതിന് നൽകിയ അടിക്കുറിപ്പ്. ദമ്പതികൾ തമ്മിൽ ആറു മാസത്തിന്റെ പരിചയമേ ഉള്ളുവെന്നും, സിപിഎമ്മിന്റെ എം പിയായ എ. എ റഹീം അവിടെയുണ്ടായിരുന്നുവെന്നും പോസ്റ്റിൽ കൂട്ടി ചേർക്കുന്നു. ഏഴ് ലക്ഷത്തി അറുപത്തിഏഴായിരം പേർ കണ്ട ഈ പോസ്റ്റിന് 13,000 ലൈക്കുമുണ്ട് (മാർച്ച് 13 വരെ)

രണ്ടു ദിവസമായി തുടർച്ചയായി മൊണാലിസ എന്ന ടോപ്പിക്ക് എക്സിൽ ട്രെന്റിങ്ങാണ്. ഏതാണ്ട് പൂർണമായും വലതുപക്ഷ അക്കൗണ്ടുകളുടെ പോസ്റ്റുകളാണ് ഈ വിഷയത്തിൽ വന്ന് കൊണ്ടിരിക്കുന്നത്.
‘കുറച്ചു വർഷങ്ങൾക്കുള്ളിൽ ജിഹാദിയായ ഭർത്താവിൽ നിന്ന് തന്നെ രക്ഷിക്കാൻ ഇവൾ മോദിയോട് കെഞ്ചും.’, ‘ഹിന്ദു പെൺകുട്ടികൾക്ക് നാണം ഇല്ല, പെട്ടെന്ന് തന്നെ ഇവൾ ഹിജാബ് ധരിക്കുന്നതും കാണാം. പുരുഷന്മാർ നിങ്ങളുടെ പെൺകുട്ടികളെ ദയവ് ചെയ്ത് നിയന്ത്രിക്കുക’ തുടങ്ങിയ കമന്റുകളാണ് ഭൂരിഭാഗവും. ഹിന്ദുക്കൾ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്ന പൊതുബോധവും ഈ പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
‘ലവ് ജിഹാദ്’ ആഖ്യാനങ്ങൾ നന്നായി ഓടുന്നത് വടക്കേ ഇന്ത്യയിൽ ആണെങ്കിലും, ഈ വിഷയത്തിൽ കേരളത്തിലെ ചില അക്കൗണ്ടുകളിൽ നിന്നും സമാനമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് ആണ് കൂടുതലും ഇത്തരം ചർച്ചകൾക്ക് വേദിയാവുന്നത്. ‘കേരളമെന്ന, ലവ് ജിഹാദിന്റെ പറുദീസ’ തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് മൊണാലിസയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ പ്രചരിക്കുന്നത്.

‘ആ വിവരം കെട്ട പെണ്ണിനെ മുസ്ലിം ചതിയന്മാരുടെ കൈകളിൽ നിന്നും മോചിപ്പിച്ചു, തിരിച്ചറിവു ഉണ്ടാകുന്നതുവരെ ഏതെങ്കിലും റിഹാബിലിറ്റേഷൻ സെൻ്ററിൽ പാർപ്പിക്കണം – സർക്കാർ മേൽനോട്ടത്തിൽ തന്നെ.’ എന്നാണ് മറ്റൊരാൾ ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലും ഒരു ചെറിയ വിഭാഗം ലവ് ജിഹാദ് ആഖ്യാനങ്ങളുടെ പ്രചാരകർ ആവുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് മേൽപ്പറഞ്ഞ പോസ്റ്റുകൾ.
പ്രായപൂർത്തിയായില്ലെന്ന് ആരോപണങ്ങൾ : എന്താണ് സത്യം?
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ആരോപണമാണ് മൊണാലിസയ്ക്ക് പതിനെട്ടു വയസ്സ് തികഞ്ഞിട്ടില്ല എന്നത്. 2025ൽ, കുംഭ മേളയുടെ സമയത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മൊണാലിസയ്ക്ക് പതിനാറ് വയസ്സാണ് എന്നായിരുന്നു. ഒരു വർഷം കൊണ്ട് എങ്ങനെ 18 ആയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

എന്നാൽ രേഖകൾ തെളിയിക്കുന്നത് മറ്റൊന്നാണ്. കേരള സർക്കാരിന്റെ കെ സ്മാർട്ട് വെബ്സൈറ്റിൽ ലഭ്യമായ വിവാഹ സർട്ടിഫിക്കറ്റ് അനുസരിച്ച്, മൊണാലിസയുടെ ജനന തിയതി 2008 ജനുവരി ഒന്നാണ്. അതായത് ഈ വർഷം ജനുവരിയിൽ മൊണാലിസയ്ക്ക് പതിനെട്ടു വയസ്സ് തികഞ്ഞു. മധ്യ പ്രദേശ് സർക്കാരിൽ നിന്നും ലഭിച്ച ജനന സർട്ടിഫിക്കറ്റും ഇതേ ജനന തിയതിയാണ് കാണിച്ചിരിക്കുന്നത്. മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന വാദം വർഗീയ പ്രചാരണം നടത്തുന്നവരുടെ മറ്റൊരു ആയുധം മാത്രമാണെന്ന് സാരം.
വിശ്വ ഹിന്ദു പരിഷത്തിന്റെ കേരള ഘടകം ഈ വിവാഹത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. സംഘടന നടത്തിയ അന്വേഷണ പ്രകാരം മൊണാലിസയുടെ പ്രായം പതിനേഴു വയസ്സാണെന്ന് ഇവർ പരാതിയിൽ പറയുന്നു.
സ്ത്രീകളുടെ സ്വയം നിർണ്ണായവകാശം എന്ന ചോദ്യം
“അവൾ ഒരു മുസ്ലിമിനെ കല്യാണം കഴിച്ചതല്ലേ ഉള്ളൂ, മതം മാറിയില്ലല്ലോ, എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ഇത് ഒരു തമാശയായാണ് തോന്നുന്നത്. ഒരു പെൺകുട്ടി ഹിന്ദുവല്ലാത്ത ഒരാളെ പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ ചെയ്യുന്ന നിമിഷം അവൾ ഒരു ഹിന്ദുവല്ലാതായി മാറും. ഒരു സ്ത്രീയുടെ മതം അവളുടെ അച്ഛനെയോ ഭർത്താവിനെയോ ആശ്രയിച്ചാണ് ഇരിക്കുന്നത്.” മാർച്ച് 11ന് @venom1s എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റിൽ ഇങ്ങനെ പറയുന്നു. സനാതന ധർമത്തിലേക്ക് നിങ്ങളുടെ മതനിരപേക്ഷതയെയും ഫെമിനിസത്തെയും വലിച്ചിഴയ്ക്കരുത് എന്നും പോസ്റ്റിൽ ഈ നീണ്ട പറയുന്നുണ്ട്.

പ്രായപൂർത്തിയായ സ്ത്രീകളുടെ സ്വയം നിർണ്ണായവകാശത്തെ കുറിച്ച് പിന്തിരിപ്പൻ വാദങ്ങൾ അവതരിപ്പിക്കുക കൂടിയാണ് ഇത്തരം പോസ്റ്റുകൾ ചെയ്യുന്നത്. പുരുഷന്മാരോട് ചേർന്ന് നിൽക്കുന്നതും മതത്തിന് വിധേയപ്പെട്ടതും മാത്രമായ ഒന്നാണ് സ്ത്രീകളുടെ അസ്തിത്വം എന്ന പ്രതിലോമകരമായ ആശയം മുന്നോട്ട് വെക്കുകയാണ് ഇത്തരം പോസ്റ്റുകളിലൂടെ വലത് പക്ഷം ചെയ്യുന്നത്. മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട് വലത് പക്ഷ – ഹിന്ദുത്വ അക്കൗണ്ടുകൾ നടത്തുന്ന സാമൂഹ്യ മാധ്യമ പ്രചാരണങ്ങളിൽ സ്ത്രീകളുടെ ‘സ്വതന്ത്രമായ തെരഞ്ഞെടുപ്പ്’ എന്ന ആശയം തന്നെ അദൃശ്യമാക്കപ്പെടുന്നു.
ഒരു സമുദായത്തിന്റെ അഭിമാനം മുഴുവൻ സ്ത്രീകളുടെ മേലാണ് എന്ന ചിന്താഗതി, എങ്ങനെയാണ് സ്ത്രീകളുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയാണിത്. ലവ് ജിഹാദ് എന്ന ഗൂഢാലോചന സിദ്ധാന്തത്തിന്റെ അടിസ്ഥാന ആശയം ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് മതം മാറ്റുക വഴി മുസ്ലിം ജനസംഖ്യ വർധിപ്പിക്കുക എന്നതാണെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു . ഇതു വഴി വഴി ഹിന്ദു സ്ത്രീകളുടെ ശരീരങ്ങളെ “ജനസംഖ്യാപരമായ യുദ്ധക്കള”മാക്കി തീർക്കുകയാണ് എന്ന് ഇവർ വിലയിരുത്തുന്നു . ഇത്തരം വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുമ്പോൾ, വ്യത്യസ്ത മതങ്ങളിൽ പെട്ട ദമ്പതിമാർക്ക് മേൽ നടത്തുന്ന കടന്ന് കയറ്റങ്ങൾ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു.
“ആവർത്തിക്കുന്ന കേരള സ്റ്റോറി”
കഴിഞ്ഞ ഫെബ്രുവരി 28ന് ആണ് കേരള സ്റ്റോറി രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ലവ് ജിഹാദ് എന്നൊന്നില്ലെന്ന് കേന്ദ്ര സർക്കാർ പാർലിമെന്റിൽ വ്യക്തമാക്കിയതിന് ശേഷവും, ലവ് ജിഹാദ് ആരോപണം ഉയർത്തി കേരളത്തെ താറടിച്ചു കാണിക്കുന്ന ഈ പ്രൊപഗാൻഡ സിനിമ ഉയർത്തിയ ചർച്ചകൾ അവസാനിച്ചിട്ടില്ല . മൊണാലിസയുടെ വിവാഹം കേരള സ്റ്റോറിയിലെ വാദങ്ങളെ സാധൂകരിക്കുന്നതാണെന്നാണ് വലതുപക്ഷ അക്കൗണ്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
സിനിമയിലെ ദിവ്യ പാലിവാൾ എന്ന കഥാപാത്രവുമായാണ് മൊണാലിസയെ താരതമ്യം ചെയ്യുന്നത്. കണ്ടന്റ് ക്രിയേറ്ററായ ദിവ്യയെ റഷീദ് എന്ന മുസ്ലിം യുവാവ് വിവാഹം കഴിക്കുകയും അവസാനം കൊല്ലുകയും ചെയ്യുന്നു. കുംഭ മേളയ്ക്കിടെ മൊണാലിസയും പെട്ടെന്ന് പ്രശസ്തയാവുകയായിരുന്നു. സിനിമയിലെ കഥാപാത്രം കൊല്ലപ്പെടുകയാണെന്നും മൊണാലിസയുടെ വിധി എന്താകുമെന്ന് അറിയില്ലെന്നും എക്സിലെ ചില പോസ്റ്റുകളില്‍ പറയുന്നു.

‘കേരള സ്റ്റോറി വ്യാജമാണെങ്കിൽ പിന്നെന്തിനാണ് മധ്യ പ്രദേശുകാരിയായ യുവതിയും മഹാരാഷ്ട്രക്കാരനായ യുവാവും കേരളത്തിലെത്തിയത്?’ @Sagar4BJP എന്ന അക്കൗണ്ടിൽ വന്ന ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു.
“ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. നമുക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നിൽ മതേതരത്വത്തിനും മനുഷ്യത്വത്തിനും പേര് കേട്ട നാടാണ് കേരളം.” വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നുവെന്നും, ആ സ്വർഗ്ഗമാണ് കേരളമെന്നുമായിരുന്നു രാജ്യ സഭ അംഗം എ എ റഹീം പറഞ്ഞത്. ഏത് മതത്തിൽ പെട്ട ആളുകളെയും വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും അത് സാധ്യമാവുന്നില്ല. അത് നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാണെന്നും റഹീം കൂട്ടിച്ചേർത്തു. കേരളം എല്ലാ കാലത്തും മത നിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.

കേരളം മനോഹരവും സുരക്ഷിതവുമായ സ്ഥലമാണെന്നാണ് മൊണാലിസയും ഭർത്താവും പ്രതികരിച്ചു. “പ്രണയത്തിൽ ഹിന്ദു, മുസ്ലിം എന്നൊന്നില്ല. മൊണാലിസ ഒരു ഹിന്ദുവാണ്. വിവാഹം കഴിക്കാൻ ഞാൻ ഹിന്ദുവാകണമെന്നോ അവൾ മുസ്ലിം ആകണമെന്നോ ഇല്ല. എല്ലാ മതങ്ങളും തുല്യമാണ്.” വിവാഹത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ ഫർമാൻ പറഞ്ഞു. ലവ് ജിഹാദ് എന്നൊന്നില്ലെന്നും, താൻ അമ്പലത്തിലും പള്ളിയിലും ഒരേ പോലെ പോകുന്ന ആളാണെന്നും ഫർമാൻ കൂട്ടിച്ചേർത്തു. മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണങ്ങളോട്, വിവാഹ സർട്ടിഫിക്കറ്റും ആധാർ കാർഡും ഉയർത്തി കാട്ടിയാണ് ഇവർ പ്രതികരിച്ചത്.
