കാണാതായ 75,000 കുട്ടികൾ; കേരളത്തെ ലക്ഷ്യം വെച്ചുള്ള മറ്റൊരു നുണക്കഥ

കാണാതായ 75,000 കുട്ടികൾ; കേരളത്തെ ലക്ഷ്യം വെച്ചുള്ള മറ്റൊരു നുണക്കഥ

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു സാധാരണ പരിശോധന, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുമുള്ള രാജ്യവ്യാപകമായ ഭീതിയായി മാറിയതെങ്ങനെ? പഴയ കണക്കുകളും വർഗീയ പ്രചരണങ്ങളും കൂട്ടിച്ചേർത്ത് തീവ്ര വലതുപക്ഷ മാധ്യമങ്ങൾ വീണ്ടും കേരളത്തിനെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുകയാണ്, അഥവാ മറ്റൊരു കേരള സ്റ്റോറി കെട്ടിച്ചമക്കുന്നു, ഒബിസിയുടെ അന്വേഷണം.

2026 ജനുവരി പതിനൊന്നിനാണ് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് ആ 23 അംഗ സംഘത്തെ പോലീസ് കണ്ടെത്തുന്നത്. സംഘത്തിലെ 21 പേരും കുട്ടികൾ. വിവേക് എക്സ്പ്രസിൽ ബിഹാറിൽ നിന്നും വന്ന 21 ആൺകുട്ടികൾ. ഇതിൽ അഞ്ച് കുട്ടികളുടെ രക്ഷകർത്താക്കൾ മാത്രമാണ് അവരുടെ കൂടെയുണ്ടായിരുന്നത്. 13 വയസ്സിന് താഴെ പ്രായമുള്ള ഈ കുട്ടികളുടെ കൈവശം യാത്രാരേഖകളൊന്നുമില്ലെന്ന് റെയിൽവേ പോലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ, കോഴിക്കോട്ടുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് കൂടെയുണ്ടായിരുന്നവർ അറിയിച്ചു. മാതൃഭൂമി, ന്യൂസ് 18 മലയാളം, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ജനുവരി പന്ത്രണ്ടിന് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ, ഫേസ്‌ബുക്കിലെ ചില അക്കൗണ്ടുകളും ജനം ടിവി, കർമ്മ ന്യൂസ് തുടങ്ങിയ തീവ്ര വലതുപക്ഷ മാധ്യമങ്ങളും ഈ വിഷയം മത പരിവർത്തനവുമായി ബന്ധപ്പെട്ടതാണെന്ന വാദമുയർത്തി. രാഷ്ട്രീയ പ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ 2025 ഡിസംബർ പത്തിന് തന്റെ പോഡ്‌കാസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഇവർ ആ വാദമുന്നയിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി കാണാതായ 75,000 കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിൽ മതപരിവർത്തനം ചെയ്ത് താമസിപ്പിച്ചിരിക്കുകയാണെന്ന അശ്വിനി ഉപാധ്യായയുടെ പ്രസ്താവന ജനുവരി പതിനാലിലെ ജനം ടിവി റിപ്പോർട്ടിലും ഉൾപ്പെടുത്തി. എന്നാൽ, കേരളത്തെ ലക്ഷ്യമിട്ട് നടത്തുന്ന മറ്റൊരു കേരള സ്റ്റോറി ചമയ്ക്കാനാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും വലതുപക്ഷ മാധ്യമങ്ങളും ഈ വിഷയത്തിൽ ശ്രമിക്കുന്നതെന്നാണ് ഒബിസിയുടെ കണ്ടെത്തൽ. പഴയ പല സംഭവങ്ങളെയും കൂട്ടിക്കലർത്തിയാണ് 75,000 കുട്ടികളെ കടത്തിയെന്നും കേരളത്തിൽ വെച്ച് അവരെ മതപരിവർത്തനം നടത്തിയെന്നുമുള്ള ഒരു നുണക്കഥ നിർമ്മിച്ചിരിക്കുന്നത്. സിബിഐ നടത്തിയ ഒരന്വേഷണത്തിലും ഇത്തരം അവകാശവാദങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലുകൾ ഒന്നും തന്നെയില്ല.

വൈറൽ പോസ്റ്റുകളും കമന്റുകളിലെ നുണ കഥകളും

കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെക്കുറിച്ച് , അശ്വിനി ഉപാധ്യായ സംസാരിക്കുന്ന 1 മിനിറ്റ് 25 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ 2025 ജനുവരി പതിമൂന്നിന്, ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു. ജാർഖണ്ഡ്, ഒറീസ, അസം, ബംഗാൾ, ബിഹാർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ഒരു വയസിനും അഞ്ചു വയസിനുമിടയ്ക്കുള്ള 75,000 കുട്ടികളെ കാണാതായെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ജനുവരി പതിനാറുവരെ ഈ പോസ്റ്റ് 2,400 പേരാണ് കണ്ടത്. 88 ഷെയറുകളും 19 കമന്റുകളും ഇതിനു ലഭിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യ ഹർജിയെത്തുടർന്ന് കേരള ഹൈക്കോടതി ഈ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം സൂചിപ്പിക്കുന്നു. കാണാതായ മുഴുവൻ കുട്ടികളെയും കേരളത്തിലെ യത്തീംഖാനകളിൽ  എത്തിച്ചുവെന്നും അവരെയെല്ലാം മതപരിവർത്തനത്തിന് വിധേയരാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം പറയുന്നു.

2025 ജനുവരി 12 ലെ ഫേസ്ബുക്ക് പോസ്റ്റ്

മതപരിവർത്തനത്തിന് വേണ്ടി വ്യാപകമായി തട്ടിക്കൊണ്ടുപോകൽ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, മതപരിവർത്തനത്തെ ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴിൽ കൊണ്ടുവന്ന് നിയമവിരുദ്ധമാക്കിയാൽ മാത്രമേ ഇത് തടയാൻ കഴിയൂ എന്നും അശ്വിനി ഉപാധ്യായ കൂട്ടിച്ചേർക്കുന്നു. കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തിയ പുതിയ സംഭവവുമായി ബന്ധിപ്പിച്ചാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വർഗീയ പ്രചാരണത്തിനാണ് വഴിതെളിച്ചത്. വസ്തുതകൾ പരിശോധിക്കാതെ പങ്കുവെക്കപ്പെട്ട ഈ വീഡിയോയ്ക്ക് താഴെ കേരളത്തെയും മുസ്ലിങ്ങളെയും  ലക്ഷ്യമിട്ടുള്ള വിദ്വേഷ കമന്റുകളുടെ പ്രവാഹമായിരുന്നു.

“ഇതിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ക്രിസ്ത്യാനികൾ ജനസംഖ്യ വർധിപ്പിക്കുകയാണെങ്കിൽ, മുസ്ലീങ്ങൾ ഈ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്”എന്നാണ്  ഈ പോസ്റ്റിനു വന്ന ഒരു കമന്റ്. കേന്ദ്ര ഏജൻസികൾ ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവന്നില്ലെങ്കിൽ കേരളം വലിയ വില നൽകേണ്ടി വരുമെന്നാണ് മറ്റൊരു കമന്റ്.  

ജനുവരി 14 ലെ ജനം ടിവി റിപ്പോർട്ട്

വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട മറ്റൊരു വിദ്വേഷ കമന്റ് ഇങ്ങനെയാണ്: “75,000 കുട്ടികളെ ഈ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി കേരളത്തിലെ അനാഥാലയങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ മുസ്ലീം മതലോബികൾ ഈ കുട്ടികളെ അവയവക്കടത്തിനായി അറബ് രാജ്യങ്ങളിലേക്ക് അയച്ച് കോടികൾ സമ്പാദിക്കുന്നു. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം അത്യാവശ്യമാണ്. ഇതിനുമുമ്പ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നൂറിലധികം കുട്ടികളുമായി ഒരു മുസ്ലീം പുരോഹിതൻ പിടിയിലായിരുന്നു. പിന്നീട്, മതലോബികൾ സർക്കാരിനെ സ്വാധീനിച്ച് രക്ഷപ്പെടുകയായിരുന്നു” സുപ്രീംകോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ എന്ന തലക്കെട്ടോടെ ജനം ടിവി ജനുവരി പതിനാലിന് ഇത് റിപ്പോർട്ട് ചെയ്തിരുന്നു.

സമാന രീതിയിൽ കർമ്മ ന്യൂസ് ജനുവരി 15നു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വടക്കേ ഇന്ത്യയിൽ നിന്നും 75,000 ത്തോളം കുട്ടികളെ കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നായിരുന്നു ഉള്ളടക്കം. ജനുവരി 16 വരെ, ഈ പോസ്റ്റിനു 5300 ലൈക്കുകളും 1400 കമന്റുകളും ലഭിച്ചിരുന്നു. 2700 ഓളം പേര് ഇതേ പോസ്റ്റ് ഷെയർ ചെയ്തിരുന്നതായും കാണാം. ഇതേ ദിവസം നിരവധി വലത് പക്ഷ ഫേസ്ബുക്ക് പേജുകൾ സമാന കണ്ടന്റുകൾ പോസ്റ്റ് ചെയ്തിരുന്നു.

കർമ്മ ന്യൂസ് ജനുവരി 15 നു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

 “മേത്തന്മാർ ചെയ്യുന്നത് എന്ത് തന്നെ ആയാലും അത് ജിഹാദ് ആണ്. അതിന്റെയൊക്കെ പിന്നിൽ ഒരു ഹിഡൻ അജണ്ട ഉണ്ടാവും. ജാഗ്രതൈ.. ” എന്നായിരുന്നു പോസ്റ്റിനിടിയിലെ ഒരു കമന്റ്. മറ്റൊരു കമന്റിൽ “ഇതിൽ ഹിന്ദു മതത്തിലെ മേൽജാതിക്കാരുടെ അടിച്ചമർത്താലുകളിൽ നിന്ന് രക്ഷ തേടി  വന്നതാ. ആദ്യം ഹിന്ദുക്കൾ ജാതി വ്യവസ്ഥ മാറ്റണം, താഴ്ന്ന ജാതിക്കാരെ കൈപിടിച്ച് മുന്നിലേക്ക് കൊണ്ട് വരണം. അവരുടെ ദാരിദ്ര്യം മുതലെടുക്കൽ തന്നെയാണ് ക്രസ്ത്യൻ മിഷണറിമാരും ചെയ്യുന്നത്. മുൻപ് കേരളത്തിൽ പാൽ പൊടി കൊടുത്ത് മതം മാറ്റിയ പോലെ” എന്നും പറയുന്നു. മതത്തിന്റെ പേരിൽ ഏറ്റവുമധികം ആനുകൂല്യങ്ങൾ നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും ആദ്യം അത് നിർത്തലാക്കണമെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

‘75,000’ ത്തിന്റെ  കഥ…. 

75,000 എന്ന സംഖ്യയുടെ ഉറവിടം കണ്ടെത്തലായിരുന്നു അടുത്ത ഘട്ടം. ഇതിന്മേലുള്ള അന്വേഷണം 2013 മാർച്ച് 6 ലെ എൻഡിടിവി റിപ്പോർട്ടിലാണ് ചെന്നെത്തിയത്. 2010 മുതൽ 2012 വരെ രാജ്യത്ത് 75,000 ത്തോളം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് സർക്കാർ രാജ്യസഭയിൽ പറഞ്ഞതിനെപ്പറ്റിയായിരുന്നു റിപ്പോർട്ട്.

2013 മാർച്ച് 6 ലെ എൻഡിടിവി റിപ്പോർട്ട്

എൻഡിടിവി റിപ്പോർട്ട് പ്രകാരം, 2010 മുതൽ 2012 വരെ രാജ്യത്ത് 2,36,000 കുട്ടികളെ കാണാതായെന്നും ഇതിൽ 1,61,800 കുട്ടികളെ കണ്ടെത്താനായെന്നും  സർക്കാർ രാജ്യസഭയിൽ  അറിയിച്ചിരുന്നു. കണക്കുകളിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് അംഗീകരിച്ച മന്ത്രി, 75,000 കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്നും പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് മന്ത്രി കൃഷ്ണ തിരാത്ത്നുവേണ്ടി അന്നത്തെ പാർലമെൻററി കാര്യമന്ത്രി പ്രബൻ സിങ് ഘട്ടോവർ ആണ് കണക്ക് അവതരിപ്പിച്ചത്.

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ‘ക്രൈം ഇൻ ഇന്ത്യ’ 2023 പതിപ്പിലാണ് രാജ്യത്തെ കാണാതായ കുട്ടികളെ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകളുള്ളത്. 2023 ലെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് 48,800 കുട്ടികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിൽ 66 ശതമാനവും 12 നും 18 നുമിടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. മുഴുവൻ കണക്കെടുത്താൽ കണ്ടെത്താനാവാത്തതിൽ 73 ശതമാനവും പെൺകുട്ടികളാണ്. 

‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ട് കാണാതായ കുട്ടികളുടെ മതപരിവർത്തനത്തെ പറ്റിയുള്ള കണക്കുകളൊന്നും പരാമർശിക്കുന്നില്ല. അതേ സമയം കാണാതാകുന്നതിൽ വലിയൊരു ശതമാനം കുട്ടികളും ബാലവേലയ്ക്കോ ലൈംഗിക തൊഴിലുകൾക്കോ ഇരയാകുന്നുവെന്ന് ശിശു സംരക്ഷണ സംഘടനകൾ പറയുന്നു.

പാലക്കാട് സംഭവിച്ചത്…

2014 മെയ് 14,15 തീയതികളിലായിആറിനും പതിനാലിനുമിടയിൽ പ്രായമുള്ള 600 ഓളം കുട്ടികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. റിപ്പോർട്ടുകളനുസരിച്ച് ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമെത്തിയ കുട്ടികളോടൊപ്പം കെയർ ടേക്കേഴ്സ് എന്നവകാശപ്പെടുന്ന 43 യുവാക്കളുമുണ്ടായിരുന്നു. മെയ് 29 ലെ ഇന്ത്യ ടുഡേ റിപ്പോർട്ട് പ്രകാരം, കോഴിക്കോടുള്ള മൊയ്തീൻ പോയ ഹാജി മെമ്മോറിയലിലേക്കാണ് ഇവർ കുട്ടികളെ എത്തിക്കാൻ ഉദ്ദേശിച്ചിരുന്നത്. ദേശീയ തലത്തിൽ ചർച്ചയായ സംഭവത്തിൽ ശിശു കടത്ത് വരെ ആരോപിക്കപ്പെട്ടിരുന്നിരുന്നെങ്കിലും കേരളസർക്കാർ  ഈ സാധ്യത തള്ളിക്കളയുകയായിരുന്നു.

ഇതേ വർഷം ജൂൺ 5 ന്, 8 നും 14 നുമിടയിൽ പ്രായമുള്ള 58 കുട്ടികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു.

പൊതു താല്പര്യ ഹർജിയും സിബിഐ അന്വേഷണവും

സംഭവത്തെ തുടർന്ന്  പാലക്കാട് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ആൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതു താത്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. മറ്റ് നാലോളം പെറ്റിഷനുകളോടൊപ്പം അഡ്വ.ബി എച്ച് മൻസൂറാണ് ഹർജി ഫയൽ ചെയ്തത്.

ഹർജികളിന്മേൽ 2015 ജൂലൈ 6 ന്, കേരള ഹൈകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മറ്റ് ശിശുക്കടത്ത് കേസുകളെയും ഉൾപെടുത്തിയായിരുന്നു ഉത്തരവ്.

അഞ്ച് വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടികളെ കണ്ടെത്തിയ സംഭവം  ശിശുക്കടത്ത് അല്ലെന്ന്  2019 ഒക്ടോബറിൽ എറണാകുളം സിബിഐ കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് അന്വേഷണ പരിധിയിലുണ്ടായിരുന്ന കോഴിക്കോട് മുക്കം മുസ്ലിം ഓർഫനേജിനെയും മലപ്പുറം വെട്ടത്തൂരിലെ അൻവാറുൽ ഓർഫനേജിനെയും കോടതി കുറ്റവിമുക്തരാക്കി. 

ഡിസംബർ ഒന്നിലെ ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം സിബിഐയുടെ കണ്ടെത്തലുകൾ ഇവയായിരുന്നു;

  • മാതാപിതാക്കളുടെ പൂർണ്ണസമ്മതത്തോടെയാണ് കുട്ടികളെ കേരളത്തിൽ എത്തിച്ചത്. ഇതിനായി മാതാപിതാക്കളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായോ അവർക്ക് പണം  നൽകിയതായോ കണ്ടെത്തിയിട്ടില്ല.
  • കേരളത്തിലേക്ക്  ഒരു കുട്ടിപോലും ഇത്തരത്തിൽ കടത്തപ്പെട്ടിട്ടില്ലെന്ന് ബിഹാർ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
  • 2013 ജൂൺ 22 ലെ സാമൂഹ്യ നീതി വകുപ്പ് യോഗത്തിൽ ,  അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിൽ ചേർക്കാൻ അനുമതി നൽകിയിട്ടുണ്ട്. മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കുട്ടികളെയും ഇത് പ്രകാരം കേരളത്തിലെ അനാഥാലയങ്ങളിൽ നിർത്താനാകും.
  • 2700 കിലോമീറ്ററുകളോളം ട്രെയിനിൽ തിങ്ങി തിരക്കി നിൽക്കേണ്ടി വന്നതിലാണ് കുട്ടികൾ ക്ഷീണിതരായത്.കുട്ടികൾക്ക് കൃത്യ സമയത്ത്  ആഹാരവും വെള്ളവും ലഭ്യമാക്കിയിരുന്നു.
  • എല്ലാ കുട്ടികൾക്കും യാത്രാ ടിക്കറ്റുണ്ടായിരുന്നു. ഭാഷാപരിമിതി മൂലം റെയിൽവേ പോലീസും, മാധ്യമപ്രവർത്തകരും കുട്ടികളുമായി നടത്തിയ ആശയ വിനിമയത്തിൽ വന്ന വ്യക്തത  കുറവ് കൊണ്ടാണ് സംശയങ്ങൾ ഉണ്ടായത് .
  • കുറ്റാരോപിതരായ രണ്ട് അനാഥാലയങ്ങളും മികച്ച സുരക്ഷക്കും പരിചരണത്തിനും അവാർഡുകൾ നേടിയിട്ടുള്ളതാണ്.

ദേശീയ മാധ്യമമായ നാഷണൽ ഹെറാൾഡും സിബിഐ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ആരാണ് അശ്വിനി ഉപാധ്യായ?

നിരവധി കുപ്രസിദ്ധ പൊതു താൽപര്യ ഹർജികൾക്ക് പേരുകേട്ട സുപ്രീം കോടതി വക്കീലാണ് അശ്വിനി ഉപാധ്യായ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനിയായി ജനശ്രദ്ധയാകർഷിച്ച അശ്വിനി ഉപാധ്യായ , 2012 ൽ ആം  ആദ്മി പാർട്ടി അംഗമായി. രണ്ട് വർഷത്തെ സജീവ പ്രവർത്തനങ്ങൾക്ക് ശേഷം 2014 ൽ  ആം ആദ്മി വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചു. നരേന്ദ്ര മോദിയുടെ സ്വാധീനത്താലാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന് അദ്ദേഹം എന്ന് പറഞ്ഞിരുന്നു 

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി ആവശ്യപ്പെടുന്നതിൽ തുടങ്ങി രാഷ്ട്രീയക്കാരുടെ ക്രിമിനൽ കേസുകൾ ഒഴിവാക്കണമെന്ന് വരെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്  അശ്വിനി ഉപാധ്യായ്  പൊതു താൽപര്യ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ‘പ്ലേസ് ഓഫ് വർഷിപ് ആക്ട്’ നെതിരെയും മത പരിവർത്തന നിരോധന നിയമത്തിനും  അശ്വിനി ഉപാധ്യായ ഹർജികൾ നൽകിയിട്ടുണ്ട് … മുഗൾ ഭരണം നിലനിന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാനായി ‘റീനൈമിങ് കമ്മീഷൻ’ വേണമെന്നാവശ്യപ്പെട്ടും അശ്വിനി ഉപാധ്യായ ഹർജി കൊടുത്തിട്ടുണ്ട്  

2022 ലെ ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് അശ്വിനിയെ ‘ഇന്ത്യയുടെ പിഐഎൽ മാൻ’ എന്നാണ് വിശേഷിപ്പിച്ചത്. പൊതു താൽപര്യ ഹർജിയുടെ ചുരുക്കപ്പേരാണ് ‘പിഐഎൽ’. സുപ്രീം കോടതിയിൽ 125 ഉം ഹൈ കോടതികളിൽ 25 ഉം ചേർന്ന് 150 പൊതു താൽപര്യ ഹർജികളാണ് അശ്വിനി ഉപാധ്യായയുടെ  പേരിലുള്ളത്.

1995 ലെ വഖഫ് നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തു അശ്വിനി ഉപാധ്യായ നൽകിയ ഹർജി 2022 ഏപ്രിൽ 3 നു സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. രാജ്യത്ത് ട്രസ്റ്റുകൾക്കും, സന്നദ്ധ സംഘടനകൾക്കും മത സ്ഥാപനങ്ങളുടെ ഫണ്ടുകൾക്കുമായി പ്രത്യേക നിയമ വ്യവസ്ഥ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഹിന്ദു,ബുദ്ധ ജൈന, സിഖ് മത വിഭാഗക്കാർക്ക് അവരവരുടെ ആരാധനാലയങ്ങൾ നിയന്ത്രിക്കാൻ ഒരു പോലെ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി  അശ്വിനി ഉപാധ്യായ  നൽകിയ ഹർജിയും 2023 ഒക്ടോബർ 18 നു സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 26 നെ ചോദ്യം ചെയ്യുന്നതായിരുന്നു ഹർജി. 

ജനുവരി 11ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വ്യക്തമായ രേഖകളില്ലാതെ യാത്ര ചെയ്തിരുന്ന 21 കുട്ടികളെ ആർപിഎഫ് കണ്ടെത്തിയിരുന്നു. ആർപിഎഫ് അറിയിച്ചതിനെ തുടർന്ന് പാലക്കാട്  ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി) കുട്ടികളെ താത്കാലികമായി ഒരു അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നായിരുന്നു കുട്ടികളെത്തിയത്. 

“10 നും 13 നുമിടയിൽ പ്രായമുള്ളതായിരുന്നു മുഴുവൻ കുട്ടികളും. അതിൽ അഞ്ച് പേരുടെ മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ  പറഞ്ഞത് ഖുറാൻ പഠനത്തിനായി കോഴിക്കോടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് കുട്ടികളെ കൊണ്ട് വന്നതാണെന്നാണ് . എല്ലാ കുട്ടികൾക്കും ആധാർ കാർഡുകളുണ്ടായിരുന്നു. എല്ലാവരും ഇസ്ലാം മതത്തിൽ പെട്ടവരുമായിരുന്നു .അത് കൊണ്ട് തന്നെ മതപരിവർത്തന വാദമൊന്നും മുഖവിലക്കെടുക്കാൻ കഴിയില്ല . ഞങ്ങൾ കുട്ടികളെ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയിരുന്നു. നിലവിൽ കുട്ടികൾ കോഴിക്കോട്ടെ സർക്കാർ അനാഥാലയത്തിലാണ്. അനാഥാലയത്തിലെ ഉദ്യോഗസ്ഥർ കുട്ടികളുടെയെല്ലാം രക്ഷാകർത്താക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.” പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധ്യക്ഷൻ, എം സേതുമാധവൻ ഒബിസി യോട് പറഞ്ഞു. ഈ സംഭവത്തിന് മുൻപ് പാലക്കാട് നടന്ന സംഭവങ്ങളൊന്നുമായും ബന്ധമില്ലെന്ന് അധ്യക്ഷൻ  സ്ഥിരീകരിച്ചു. 

ഇത്തരത്തിൽ കുട്ടികളെ കൊണ്ട് പോകുമ്പോൾ മുൻപ് പഠിച്ചിരുന്ന സ്ഥാപനത്തിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണമെന്നുണ്ട്. കുട്ടികൾക്ക് ആർക്കും തന്നെ  അത് ഇതില്ലാതിരുന്നതാണ് ആർപിഎഫ് നെ ആശങ്കയിലാക്കിയത്. അത് കൊണ്ടാണ് അവർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ബന്ധപ്പെട്ടത് .

ഉത്തർപ്രദേശ് പോലീസും വ്യാജ ലൗ ജിഹാദും 

2025 ജൂലൈ 28 ലെ അഴിമുഖം റിപ്പോർട്ടിൽ, ഉത്തർപ്രദേശ് പോലീസ് കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടന്നുവെന്ന പേരിൽ വ്യാജ കേസെടുത്തതായി പറയുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടികൊണ്ട് വന്ന്. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നാണ് കേസ്. എന്നാൽ നാട് വിട്ട് ജോലി തേടി കേരളത്തിലെത്തിയ കുട്ടികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു ആർപിഎഫ് .തുടർന്ന് തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മാതാപിതാക്കളെ ബന്ധപ്പെട്ട് കുട്ടികളെ തിരിച്ചേൽപ്പിച്ചിരുന്നു. 

തൃശൂരിൽ തടവിലായിരുന്ന കുട്ടികൾ രക്ഷപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു എന്നാണ് യുപി പോലീസിന്റെ റിപ്പോർട്ട്. എന്നാൽ ഈ കുട്ടികൾകണ്ടെത്തിയത് മുതൽ ഒരു മാസത്തോളം തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു. കുട്ടികളെ കാണാതാവുന്നതുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ ഇത്തരത്തിൽ നിരവധി വ്യാജ ആഖ്യാനങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. അത്തരം വ്യാജ കഥകൾ നിർമിക്കുന്നതിൽ പോലീസും അഭിഭാഷകരും വരെ പങ്കെടുക്കുകയും ചെയ്യുന്നു.

സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top