കാണ്മാനില്ല !! ഇനിയും തിരിച്ചെത്താത്ത കുഞ്ഞുങ്ങൾ 

കാണ്മാനില്ല !! ഇനിയും തിരിച്ചെത്താത്ത കുഞ്ഞുങ്ങൾ 

ഇന്ത്യയിൽ ഒരു മണിക്കൂറിൽ പത്ത് കുഞ്ഞുങ്ങളെ കാണാതാകുന്നുവെന്നാണ് കണക്ക്. കാണാതാകുന്ന കുട്ടികളിൽ മൂന്നിൽ ഒന്ന് പേരെയും ഒരിക്കലും കണ്ടെത്തുന്നില്ല. എവിടെ പോകുന്നു ഈ കുട്ടികൾ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാലവേല നടക്കുന്ന സംസ്ഥാനങ്ങളാണ് കുട്ടികളെ കണ്ടെത്തുന്നതിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നത്. കാണാതാകുന്ന കുട്ടികളിൽ 74 ശതമാനവും പെൺകുട്ടികളാണ്. കാണാതാകുന്ന കുട്ടികളെ വീണ്ടെടുക്കുന്നതിൽ ഒന്നാം സ്ഥാനത്ത് കേരളമാണ്. കാണാതാകുന്നവരിൽ 96 ശതമാനം പേരെയും കണ്ടെത്താൻ കേരളത്തിന് കഴിയുന്നുണ്ട്.

“സി ബി ഐ അവസാനം ഇവിടുന്ന് പോകുമ്പോ പറഞ്ഞത് എന്റെ കുഞ്ഞ് ഈ ലോകത്തെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നാണ്, അവന് എന്തേലും പറ്റിയിരുന്നേൽ തെളിവ് കിട്ടിയേനേന്ന്! കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ ആ പ്രതീക്ഷയിലാണ് ജീവിക്കുന്നത്.” 

2005 മെയ് 18 നു ആലപ്പുഴയിൽ നിന്ന് കാണാതായ ഏഴ് വയസ്സുകാരൻ രാഹുലിന്റെ അമ്മ മിനിയുടെ വാക്കുകളാണിത്. വാക്കുകളിടറുമ്പോഴും മകനെ പറ്റിയുള്ള പ്രത്യാശയിൽ മിനി ജീവിതം കണ്ടെത്തുന്നു. രാജ്യത്തെയാകെ ഞെട്ടിച്ച രാഹുൽ തിരോധാനത്തിന് 20 വർഷങ്ങൾക്കിപ്പുറവും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല. രാഹുലിനെ പലയിടത്തായി കണ്ടെന്നും ജീവിച്ചിരിപ്പുണ്ടെന്നും അവകാശപ്പെടുന്ന അപരിചിതരുടെ   കത്തുകൾ ഇന്നും മിനിയെ തേടി എത്തുന്നുന്നുണ്ട്.

രാഹുലിന്റെ തിരോധാനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (NCRB) 2023-ൽ പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത്, 18 വയസ്സിന് താഴെയുള്ള 1,38,609 കുട്ടികളെ കാണാതായിട്ടുണ്ട്. ഇതിൽ കണ്ടുകിട്ടാത്ത കുട്ടികളുടെ എണ്ണം 48,800 ആണ്. World Population Review ന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ശിശുക്കടത്ത് നടക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

കടപ്പാട് : PTI

കാണാതായ കുട്ടികളെ ബാലവേല മുതൽ ലൈംഗിക തൊഴിലിൽ നിന്ന് വരെ രക്ഷപ്പെടുത്തിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. “സംഘടിത കാർട്ടലുകൾ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കുന്നത് ഇന്ത്യയിൽ വിഷമിപ്പിക്കുന്ന  യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു” എന്നാണ് ഇതേ കുറിച്ച് സുപ്രീം കോടതി നിരീക്ഷിച്ചത്.  

കണക്കിലെ കുരുക്ക്

ഇന്ത്യയിലെ കാണാതായ കുട്ടികളെ പറ്റിയുള്ള ഔദ്യോഗിക കണക്കുകൾ ക്രോഡീകരിക്കുന്നത് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (NCRB) ‘ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിലാണ്.’ 2024 ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2023 ഡിസംബർ 31 വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാണാതായ കുട്ടികളുടെ എണ്ണം 1,38,609 ആണ്. ഇതിൽ തിരിച്ചുകിട്ടുകയോ കണ്ടെത്തുകയോ ചെയ്തത് 64.7% കുട്ടികളെ മാത്രമാണ്. അതായത്, കാണാതായതിൽ മൂന്നിലൊന്ന് കുട്ടികളെയും രാജ്യത്തെ ഭരണസംവിധാനങ്ങൾക്ക് കണ്ടെത്താനായിട്ടില്ല. കുട്ടികളുടെ ജനസംഖ്യയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ, കാണാതാവുന്ന 90 ശതമാനം കുട്ടികളെയും കണ്ടെത്താൻ  കഴിയുന്നുണ്ട്. എൻസിആർബി ഈ വിഷയത്തെ സംബന്ധിച്ചുള്ള ആധികാരിക കണക്കുകൾ 2016 മുതൽ മാത്രമാണ് ശേഖരിച്ചു തുടങ്ങിയതെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ സർക്കാർ ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്.

കാണാതായ കുട്ടികളിൽ 67% വും 12 നും 18നും ഇടയിൽ  പ്രായമുള്ള പെൺകുട്ടികളാണ്. പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള 7% പെൺകുട്ടികളെ കൂടി ചേർത്താൽ ഇത് 74 ശതമാനമാവും (1,02,633). 

ഇതുവരെയും കണ്ടെത്താൻ സാധിക്കാത്ത 48,800 കുട്ടികളിൽ 41,734 കുട്ടികളും12നും 18നും ഇടക്ക് പ്രായമുള്ളവരാണ്. കാണാതാകുന്നവരിൽ ഭൂരിപക്ഷവും കൗമാരപ്രായത്തിലുള്ള പെൺകുട്ടികളാണ് എന്നത് പോലെ തന്നെ കണ്ടെത്താനാവാത്ത കുട്ടികളിൽ ഭൂരിപക്ഷവും 12 നും 18 നും ഇടക്ക് പ്രായമുള്ള പെൺകുട്ടികളാണ് (66%). മറ്റ് പ്രായത്തിലുള്ള കുട്ടികളെ കൂടി ചേർത്താൽ, കണ്ടെത്താൻ കഴിയാത്തവരുടെ 73 ശതമാനവും  പെൺകുട്ടികളാണ്.

ബാലവേലക്ക് മുതൽ ലൈംഗിക തൊഴിലിന് വരെ ഈ പ്രായത്തിലുള്ള കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്  കണക്കുകൾ സൂചിപ്പിക്കുന്നു.

ട്രാൻസ്‍ജൻഡർ കുട്ടികളുടെ തിരോധാനം റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലുമില്ല എന്ന് വേണം ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ. 2023 ലെ കണക്ക് പ്രകാരം 35,965 ആൺകുട്ടികളെ കാണാതായപ്പോൾ രാജ്യത്താകെ 11 ട്രാൻസ് കുട്ടികളുടെ തിരോധാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ 18 വയസ്സിന് താഴെയുള്ള ട്രാൻസ്ജെൻഡർ കുട്ടികളുടെ എണ്ണം സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകളൊന്നും ലഭ്യമല്ലാത്തതിനാൽ ഈ കണക്കിലെ വിടവുകൾ മനസ്സിലാക്കുക അസാധ്യമാണ്.

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് പശ്ചിമ ബംഗാളിൽ നിന്നാണെന്ന് കാണാം. 2023 ലെ കണക്ക് പ്രകാരം 21,661 കുട്ടികളെയാണ് പശ്ചിമ ബംഗാളിൽ നിന്ന് കാണാതായത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഡൽഹിക്ക് പിറകെ സ്ഥാനം പിടിക്കുന്നത്. 

കാണാതായവരുടെ ബന്ധുക്കളോ പരിചയക്കാരോ അല്ലെങ്കിൽ അന്വേഷണ ഏജൻസികൾ സ്വയമേയോ റിപ്പോർട്ട് ചെയ്തിട്ടുള്ള  കേസുകൾ മാത്രമേ കണക്കുകളിൽ ഉൾപ്പെടുന്നുള്ളൂ. ഇതിനാൽ കാണാതായ കുട്ടികളുടെ യഥാർത്ഥ കണക്ക് എത്രയോ കൂടുതലാകാനാണ് സാധ്യത. ത്രിപുര ഒഴികെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 100 നു താഴെ കേസുകളേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ത്രിപുരയിൽ 298 കുട്ടികളെയാണ് കാണാതായത്. 

കേസുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ കണ്ടെത്തിയത്. 2023 ലെ കണക്കനുസരിച്ച് കാണാതായ 2471 കുട്ടികളിൽ  96 ശതമാനം കണ്ടെത്താൻ  കണ്ടെത്താൻ  കേരളത്തിനായിട്ടുണ്ട്.

കാണാതായ കുട്ടികളെ തിരയാത്ത സംസ്ഥാനങ്ങൾ 

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും പിറകിൽ നിൽക്കുന്ന സംസ്ഥാനം ഒഡീഷയാണ്. ഒഡീഷയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ  10,775 കേസുകളിൽ  7272 കുട്ടികളെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിൽ 89% വും പെൺകുട്ടികളാണ്. ഒഡീഷയ്ക്ക് പിന്നാലെയായി പശ്ചിമ ബംഗാൾ, ബീഹാർ, ഡൽഹി, മധ്യപ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളും കാണാതായ കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ വളരെ പിറകിലാണെന്ന് ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ കണ്ടെത്താതെ പോകുന്ന കുട്ടികളിൽ 63 മുതൽ 89 ശതമാനം വരെ പെൺകുട്ടികളാണ്.

കാണാതായവർ എങ്ങോട്ട്?

ജൂലൈ 27, 2025 – ചോരയിൽ കുതിർന്ന, മുഷിഞ്ഞ  ബനിയനും ധരിച്ച് തന്റെ അറ്റുപോയ ഇടത് കൈയുമായി ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന ഒരു കുട്ടിയെ ഹരിയാനയിലെ ബദൗലി ഗ്രാമവാസികൾ കണ്ടെത്തുന്നു. നിർബന്ധിത ബാലവേലയ്ക്കിടയിൽ അറ്റുപോയതായിരുന്നു, ബിഹാർ സ്വദേശിയായ  15 വയസ്സുകാരൻ സന്തോഷിന്റെ ഇടത് കൈ. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഡയറി ഫാർമിൽ നിന്ന് രക്ഷപെട്ട് പരിക്കേറ്റ കൈയുമായി 150 കിലോമീറ്ററുകളോളം നടന്നെത്തിയതായിരുന്നു സന്തോഷ്. ബാലവേലയ്ക്കിരയാക്കിയ പ്രതി നിയമ നടപടികൾ ഭയന്ന്  ചികിത്സ നൽകാതെ, സന്തോഷിനെ വഴിയരികിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 4 മാസങ്ങൾക്ക് മുൻപ് ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്ന് സന്തോഷിനെ കാണാതായതാണെന്ന് കണ്ടെത്തി. അച്ഛനോടൊപ്പമുള്ള യാത്രയ്ക്കിടയിൽ നഷ്ടമായതായിരുന്നു സന്തോഷിനെ. 

രാജ്യത്ത് കുട്ടികൾക്ക് നേരെ നടക്കുന്ന  ക്രൂരതയുടെ ഒരു ചെറിയ ചിത്രം മാത്രമാണ് സന്തോഷ്. വിവിധ സംസ്ഥാനങ്ങളിൽ നിർബന്ധിതമായും ജീവിത സാഹചര്യങ്ങൾകൊണ്ടും ബാലവേലയ്ക്കിരയാക്കപ്പെടുന്ന കുട്ടികളുടെവിവരങ്ങൾ  ദിവസേന പുറത്ത് വരുന്നു. പഞ്ചാബിൽ മാത്രം ‘ജീവൻ ജ്യോത്’ എന്ന ഓപ്പറേഷനിലൂടെ 367 കുട്ടികളെയാണ് 2024 സെപ്റ്റംബർ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ ഭിക്ഷാടനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിൽ 150  കുട്ടികളെ തിരിച്ച് അവരവരുടെ കുടുംബങ്ങളിൽ എത്തിക്കാനും സാധിച്ചിട്ടുണ്ട്. 

കടപ്പാട് : PTI

കാണാതാവുന്ന കുട്ടികളെ ബാലവേലയിൽ നിന്നും ഭിക്ഷാടനത്തിൽ നിന്നുമൊക്കെ രക്ഷപ്പെടുത്തുന്ന സംഭവങ്ങൾ  ഉണ്ടാകുന്നുണ്ടെങ്കിലും ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള ഔദ്യോഗിക കണക്കുകളൊന്നും തന്നെ ലഭ്യമല്ല. രാജ്യത്തെ ബാലവേല കണക്കുകൾ സംബന്ധിച്ച്, തമിഴ്നാട്ടിൽ നിന്നുള്ള എം പി ഡോ. ഡി രവി കുമാർ 2025 ഫെബ്രുവരിയിൽ ലോക്സഭയിൽ  ഉന്നയിച്ച ചോദ്യത്തിന് സർക്കാർ കൊടുത്ത മറുപടിയിൽ ഉള്ളത് ബാലവേല തടയുന്നതിനായുള്ള സർക്കാർ പദ്ധതികളുടെ വിവരങ്ങളും രെജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും മാത്രമാണ്. ഈ കണക്കുകളിലും പൊരുത്തക്കേടുകൾ കാണാനാകും. തൊഴിൽ മന്ത്രാലയം നൽകിയ കണക്ക് പ്രകാരം രാജസ്ഥാനിൽ 2018 മുതൽ 2023 വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ബാലവേല 18 എണ്ണം മാത്രമാണ്. ഒരു വർഷം മുൻപ് ദി ഗാർഡിയനിൽ വന്ന റിപ്പോർട്ടിൽ രാജസ്ഥാനിലെ 5 ഗ്രാമങ്ങളിലായി നൂറു കണക്കിന് കുട്ടികൾ അപകടകരമായ തറക്കല്ല് നിർമ്മാണവ്യവസായത്തിൽ ജോലി ചെയ്യുന്നതായി  പറയുന്നു.

കാണാതാകുന്ന ഈ കുട്ടികൾ എവിടെ പോകുന്നു? ഇന്ത്യയിലെ ബാലവേലയുടെ കണക്കെടുത്താൽ മതി ഇത് കണ്ട് പിടിക്കാൻ. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലാണ്, ബാലവേല ശക്തമായ പല വ്യവസായങ്ങളും പ്രവർത്തിക്കുന്നത്. 

2016 ൽ സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സംഘടന ഇന്ത്യയിലെ ബാലവേലയെ പറ്റി പഠനം നടത്തിയിരുന്നു. പഠന പ്രകാരം രാജ്യത്തെ 50 ശതമാനം ബാലവേലയും ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. കണ്ടെത്താനാവാത്ത കുട്ടികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ബിഹാർ. അഞ്ചാം സ്ഥാനത്തായി മധ്യപ്രദേശും, 8,9 സ്ഥാനങ്ങളിലായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. 

യു എസ് തൊഴിൽ വകുപ്പ് 2024 ഇൽ പുറത്തുവിട്ട പഠന പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാലവേല നടക്കുന്നത് ബീഡി, പിത്തള, കട്ട, കാർപെറ്റ്, കോട്ടൺ, പടക്കം തുടങ്ങിയ നിർമ്മാണ വ്യവസായങ്ങളിലാണ്. ഇന്ത്യയിൽ ഏറ്റവുമധികം ബീഡി നിർമ്മാണം നടക്കുന്നത് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു. 2023 ലെ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ റിപ്പോർട്ട്  പ്രകാരം, കണ്ടെത്താനാവാത്ത കുട്ടികളുടെ കണക്കിൽ രണ്ടാം സ്ഥാനത്താണ് പശ്ചിമ ബംഗാൾ. പിത്തള, കട്ട, കാർപെറ്റ്  നിർമ്മാണത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. കോട്ടൺ വ്യവസായത്തിൽ മഹാരാഷ്ട്രയും പടക്ക നിർമ്മാണത്തിൽ തമിഴ്നാടുമാണ്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ തന്നെയാണ് ഇവ.

2023 നു ശേഷമുള്ള കുട്ടികളുടെ തിരോധാനങ്ങളെ സംബന്ധിച്ച് രാജ്യത്തെ മൊത്തം ഏകീകരിച്ച ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും, ചില സംസ്ഥാനങ്ങൾ തനത് കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. കേവലം 1-2 വർഷങ്ങളുടെ വ്യത്യാസത്തിൽ  എൻസിആർബി റിപ്പോർട്ടിൽ നിന്ന് വലിയ തോതിലുള്ള മാറ്റം ഈ കണക്കുകളിൽ കാണാം.

2025 ജൂലൈ 9 നു ഡൽഹി പോലീസ് പുറത്തുവിട്ട കണക്ക് പ്രകാരം, സംസ്ഥാനത്ത് അതുവരെ കണ്ടെത്താനാകാത്ത കുട്ടികളുടെ എണ്ണം 47,930 ആണ്. ഇതിൽ 22,193 ആൺകുട്ടികളും 25,737 പെൺകുട്ടികളും ഉൾപ്പെടുന്നു. 2023 ലെ  എൻസിആർബി റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ കണ്ടെത്താനാവാത്ത കുട്ടികളുടെ എണ്ണം 5352 മാത്രമാണ്. താരതമ്യപ്പെടുത്തിയാൽ, 2 വർഷത്തിനിടയ്ക്ക് ഡൽഹിയിൽ കണ്ടെത്താനാവാത്ത കുട്ടികളുടെ എണ്ണത്തിൽ പത്തിരട്ടിയോളം വർധനയുണ്ടായതായി കാണാനാകും. ഇത് എൻസിആർബി റിപ്പോർട്ടിന്റെ തന്നെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്.

ഇത്രയധികം കുട്ടികളെ കാണാതാവുന്നതിനും കണ്ടെത്താൻ കഴിയാതെ പോകുന്നതിനും, ജീവിത സാമൂഹ്യ സാഹചര്യങ്ങൾ മുതൽ നടപടിക്രമങ്ങളിലെ അപര്യാപ്തത വരെ കാരണമാണ്. 2020 ഇൽ ബിബിസി ജാർഖണ്ഡിൽ നടത്തിയ അന്വേഷണത്തിൽ ദരിദ്ര ഗ്രാമങ്ങളിൽ നിന്ന് ബാലവേലക്കായി കുട്ടികളെ കടത്തുന്നതായി പറയുന്നു. ഉയർന്ന വേതനം വാഗ്ദാനം ചെയ്താണ് ഇങ്ങനെ കുട്ടികളെ കടത്തുന്നത്. എൻസിആർബി 2023 വരെയുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, 2025 മാർച്ച് 25 നു അസമിൽ നിന്നുള്ള എംപി കമാഖ്യ പ്രസാദ് താസ യുടെ ചോദ്യത്തിന് 2022 ലെ കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. 

കുട്ടികളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ ക്രോഡീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി  എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് കഴിഞ്ഞ വർഷം ഡിസംബർ 9 നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാജ്യത്ത് കാണാതാകുന്ന കുട്ടികളുടെ വർദ്ധന ഉന്നയിച്ച് ഗുരിയ സ്വയം സേവി സൻസ്താൻ എന്ന എൻജിഒ നൽകിയ പൊതുതാല്പര്യ ഹർജിന്മേലായിരുന്നു കോടതിയുടെ ഉത്തരവ്.

കുട്ടികളെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനിത-ശിശു വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ‘ഖോയ പോയ’ എന്ന പ്രത്യേക പോർട്ടലും ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ മുസ്കാൻ’ എന്ന പേരിൽ പ്രത്യേക പദ്ധതിയും പ്രവർത്തിക്കുന്നുണ്ട്. ഡൽഹി പോലീസ് ഓപ്പറേഷൻ മിലാപ് എന്ന പേരിൽ അന്വേഷണങ്ങൾക്കായി പ്രത്യേക പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്.

പദ്ധതികളും സംവിധാനങ്ങളും കുറവല്ലെങ്കിലും  കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നത് കൂടിക്കൊണ്ടേയിരിക്കുന്നു. കാണാതാകുന്ന കുട്ടികളെ കണ്ടെത്താനും പുനരധിവസിപ്പിക്കാനും ഫലപ്രദമായ ഇടപെടലുകൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു .

Featured Image Courtesy : UNICEF

Graphics : Gokul S Vijay

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top