മുസ്ലിം സ്ത്രീ: അടിച്ചമർത്തലുകളുടെയും ആത്മാവിഷ്കാരങ്ങളുടെയും ചരിത്രവും വർത്തമാനവും

മുസ്ലിം സ്ത്രീ: അടിച്ചമർത്തലുകളുടെയും ആത്മാവിഷ്കാരങ്ങളുടെയും ചരിത്രവും വർത്തമാനവും

മനുഷ്യരാശിയുടെ ചരിത്രത്തിൽ മതം പോലെ ശക്തമായി മനുഷ്യരെ സ്വാധീനിച്ച  മറ്റൊരു ഘടകവുമുണ്ടാകില്ല. അമൂർത്തമായ ഒരാശയമാണ് മതം. ഒരറ്റത്ത് ദൈവം നിലനിൽക്കുമ്പോഴും ദൈവത്തിൻ്റെ താത്പര്യങ്ങളെന്ന നിലയിൽ മനുഷ്യരാണ് മതത്തിൻ്റെ നിലപാടുകൾ രൂപപ്പെടുത്തുന്നത്. ഇടപെടുന്ന മനുഷ്യർ മാറുമ്പോൾ മതത്തിൻ്റെ ഭാവങ്ങളും മാറുന്നുവെന്നതാണ് ചരിത്രത്തിലും വർത്തമാനത്തിലും നാം കാണുന്നത്. മനുഷ്യരെ അണിനിരത്താനും ചലിപ്പിക്കാനും മതങ്ങൾക്കുള്ള ശക്തി അപാരമാണ്. 

മതത്തോടുള്ള ഭക്തിയിലും വൈകാരിക സമീപനത്തിലും ആണും പെണ്ണും തുല്യരാണ്. എന്നാൽ മതങ്ങൾക്ക് തിരിച്ച് അങ്ങനെയൊരു തുല്യ സമീപനമുണ്ടോ എന്നത് ഒരു തർക്ക വിഷയമാണ്. സ്ത്രീകളെയും പുരുഷന്മാരെയും പരിഗണിക്കുന്നതിൽ മതങ്ങളുടെ ആഖ്യാനങ്ങൾ ഇരട്ടത്താപ്പ് പുലർത്തുന്നുവെന്നാണ് പൊതുവേ ഉയരുന്ന വിമർശനം. മിക്ക മുഖ്യധാരാ മതങ്ങളുടെ പുരോഹിതരും സ്ത്രീകളെ തുല്യരായി കാണുന്നതിനോ പൊതുസമൂഹത്തിൽ അർഹമായ ദൃശ്യത നൽകുന്നതിനോ എക്കാലത്തും വിമുഖത കാണിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും അവരുടെ അസ്തിത്വവുമായി ബന്ധപ്പെട്ടുമുള്ള പൗരോഹിത്യ നിലപാടുകളെ ന്യായീകരിക്കാൻ അതിൻ്റെ വക്താക്കൾ പല നിലക്കും ശ്രമിക്കാറുണ്ടെങ്കിലും അതൊക്കെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ അവർ വിജയിച്ചിട്ടില്ല. 

പൗരോഹിത്യത്തിൻ്റെ സ്ത്രീ വിരുദ്ധമായ ഉറച്ച നിലപാടുകൾ വഴി സെമിറ്റിക് മതങ്ങൾ ഉൾപ്പെടെയുള്ള പല ആഗോള മതങ്ങളുടെയും ആഖ്യാനങ്ങൾ സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നതോ ഒതുക്കി വെക്കുന്നതോ ആണ് എന്ന തോന്നൽ ആധുനിക സമൂഹത്തിൽ വ്യാപകമാണ്. മതപ്രമാണങ്ങളുടെ തനിമയും പുരുഷാധിപത്യപരമായ പുരോഹിത വ്യാഖ്യാനങ്ങളും തമ്മിലുള്ള ഈ സംഘർഷത്തിന് പിന്നിൽ ചരിത്രപരവും സാമൂഹികവുമായ കുറെ കാരണങ്ങളുണ്ട്.

​ചരിത്രപരമായി നോക്കിയാൽ, ലോകത്തെ പ്രധാനപ്പെട്ട മതങ്ങളെല്ലാം ഉടലെടുത്തത് ശക്തമായ പിതൃദായക്രമം നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥകളുടെ പശ്ചാത്തലത്തിലാണ്. പുരാതന സമൂഹങ്ങളിൽ ഗോത്രങ്ങളുടെ നിലനിൽപ്പ്, സ്വത്തവകാശം, യുദ്ധങ്ങൾ, വംശവർദ്ധനവ് എന്നിവയുമായി ബന്ധപ്പെട്ട് പുരുഷന്റെ നേതൃത്വമാണ് നിർണായകമായി കണക്കാക്കപ്പെട്ടിരുന്നത്. ഈ സാമൂഹിക ഘടനയെയാണ് ആ കാലഘട്ടങ്ങളിൽ രൂപപ്പെട്ട മതനിയമങ്ങളും ആഖ്യാനങ്ങളും പ്രതിഫലിപ്പിച്ചത്. സദാചാരം, കുടുംബമഹിമ, രക്തശുദ്ധി എന്നിവയെല്ലാം സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെടുത്തിയാണ് അക്കാലങ്ങളിൽ വ്യാഖ്യാനിക്കപ്പെട്ടത്. സ്ത്രീകളെ നിയന്ത്രിക്കാൻ അതല്ലാതെ മറ്റൊരു മാർഗവും അന്നില്ലായിരുന്നു. ഇത് സ്ത്രീകൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മതപണ്ഡിതന്മാരെയും ഭരണാധികാരികളെയും പ്രേരിപ്പിച്ചു. 

ചരിത്രത്തിലുടനീളം മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനാവകാശം കുത്തകയാക്കി വച്ചിരുന്നത് പുരുഷന്മാരാണ്. സ്ത്രീകളെ അതിനനുവദിച്ചിട്ടില്ല. സ്വന്തം സ്ത്രീകളെ സംബന്ധിച്ച് പുരുഷനുള്ള ആധി ഇക്കാലത്തുള്ളതിനേക്കാൾ രൂക്ഷമായി അക്കാലത്തുണ്ടായിരുന്നു. യുദ്ധവും സംഘർഷങ്ങളും ഒരു സാമൂഹിക ക്രമമായിരുന്ന ആ കാലഘട്ടത്തിൽ മതം കൊണ്ട് സ്ത്രീകളെ സംരക്ഷിച്ച് നിർത്തേണ്ടത് പൗരോഹിത്യത്തിന് ഒരു അനിവാര്യതയായിരുന്നു. ഇത് ഭരണകൂട താൽപ്പര്യങ്ങൾക്കും പുരുഷാധിപത്യ താല്പര്യങ്ങൾക്കും അനുകൂലമായ രീതിയിൽ മതപ്രമാണങ്ങൾ വ്യാഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാന കാരണമായി മാറി. അതിനെ ചോദ്യം ചെയ്യാനോ തിരുത്തുകൾ വരുത്താനോ കഴിയാതെ പോയതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. ഒന്ന് മതമെന്ന പേരിലാണ് സ്ത്രീകൾക്ക് മേലുള്ള ഈ നിയന്ത്രണങ്ങളെല്ലാം  രൂപപ്പെടുത്തിയത്. മതം എക്കാലത്തും വൈകാരികമായാണ് മനുഷ്യ ചരിത്രത്തിൽ നിലനിന്നിട്ടുള്ളത്. അതിനെ സ്പർശിക്കാനുള്ള ഭയമാണ് മതത്തിൻ്റെ പേരിൽ മനുഷ്യർ രൂപം കൊടുത്ത അനീതികൾ എല്ലാം അങ്ങനെ തന്നെ തുടരാൻ കാരണമായത്. രണ്ടാമത്, മതത്തിൻ്റെ അധികാര ഘടനയിൽ സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് തങ്ങളുടെ ഭാഗങ്ങൾ കൂടി പറയാനോ തിരുത്തുകൾ നിർദേശിക്കാനോ സ്ത്രീകൾക്ക് കഴിഞ്ഞില്ല. സ്ത്രീയെ സംബന്ധിച്ച് പുരുഷനുള്ള കാമനകൾ മതവ്യാഖ്യാനങ്ങളുടെ രൂപത്തിൽ ആവിഷ്കരിക്കപ്പെട്ടു. കാലക്രമേണ ഈ പുരുഷാധിപത്യ ആഖ്യാനങ്ങളെല്ലാം മതത്തിന്റെ അനിഷേധ്യമായ ഭാഗമായി മാറുകയും ചെയ്തു.

ഇസ്ലാം മതം ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ഉദയം ചെയ്തപ്പോൾ അന്നത്തെ സമൂഹത്തിൽ അതിരൂക്ഷമായ സ്ത്രീവിരുദ്ധ ആചാരങ്ങളായിരുന്നു നില നിന്നിരുന്നത്. പെൺകുട്ടികൾ ജനിക്കുന്നത് അപമാനമായും സാമ്പത്തിക ഭാരമായും സമൂഹം കരുതിയിരുന്നു. ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ പെൺകുട്ടികൾ ശത്രുക്കളുടെ കയ്യിൽ പെട്ട് അപമാനിതരാകുമെന്ന ഭയവും ഇതിന് കാരണമായി. പെൺകുട്ടികളുടെ ജനനം ഗോത്രത്തിൻ്റെ അന്തസിനെ ഇടിച്ച് താഴ്ത്തുന്ന ഒരു സാഹചര്യം രൂപപ്പെട്ടപ്പോൾ പലരും നവജാത ശിശുക്കളായ പെൺകുട്ടികളെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയിരുന്നു. പുരുഷന്മാർ മാത്രം യുദ്ധം ചെയ്യുകയും ഗോത്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നു എന്ന കാരണം പറഞ്ഞ്, മരണപ്പെട്ട മാതാപിതാക്കളുടെയോ ഭർത്താക്കന്മാരുടെയോ സ്വത്തവകാശത്തിൽ നിന്ന് സ്ത്രീകളെ പൂർണമായും ഒഴിവാക്കിയിരുന്നു. അത് കൊണ്ട് പുരുഷന്മാർ മാത്രമായിരുന്നു സ്വത്തിന്റെ അവകാശികൾ. പുരുഷന്മാർ ഏകപക്ഷീയവും അനിയന്ത്രിതവുമായി വിവാഹം കഴിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത് കൊണ്ടിരുന്നു. പുരുഷന്മാർക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും ഒരേസമയം വിവാഹം കഴിക്കാമായിരുന്നു. ഭർത്താവ് മരണപ്പെടുന്ന സ്ത്രീകളെ ഭർത്താവിന്റെ സ്വത്തെന്നോണം ബന്ധുക്കൾ അനന്തരാവകാശമായി ഏറ്റെടുത്തിരുന്നു. ഒരിക്കൽ വിവാഹം കഴിക്കപ്പെട്ടാൽ സ്ത്രീകൾക്ക് വിവാഹമോചനം നേടാനുള്ള യാതൊരു പൗരാവകാശവും ഉണ്ടായിരുന്നില്ല. സമൂഹത്തിൽ സ്ത്രീകൾക്ക് സ്വതന്ത്രമായ വ്യക്തിത്വമോ വ്യക്തിസ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. പുരുഷന്മാരുടെ വെറുമൊരു ഭോഗവസ്തുവായി മാത്രമാണ് അവരെ കണക്കാക്കിയിരുന്നത്. പൊതുരംഗത്തോ ഭരണപരമായ കാര്യങ്ങളിലോ അവർക്ക് യാതൊരു പങ്കാളിത്തവും അനുവദിച്ചിരുന്നില്ല. ഈ സാമൂഹ്യ സാഹചര്യത്തെ മുന്നിൽ വെച്ച് വേണം മുഹമ്മദ് നബി അക്കാലത്ത് രൂപപ്പെടുത്തിയ ഒരു സാമൂഹിക ക്രമത്തിന്റെ പുരോഗമന സ്വഭാവത്തെ വിശകലനം ചെയ്യാൻ. സ്ത്രീകളെ പുരുഷന് തുല്യമായ ഒരു സാമൂഹിക ജീവിയായി തത്വത്തിൽ അംഗീകരിച്ചു എന്നതാണ് അക്കാലത്ത് മുഹമ്മദ് നബി നടത്തിയ ഏറ്റവും വലിയ ഒരു വിപ്ലവം. സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ് നല്ല മനുഷ്യൻ എന്ന് അദ്ദേഹം തൻ്റെ അനുയായികളെ ഓർമ്മപ്പെടുത്തി. വിവാഹം, വിവാഹ മോചനം എന്നിവയിൽ സ്ത്രീകൾക്കും   പുരുഷന്മാരെപ്പോലെ സ്വാതന്ത്ര്യമുണ്ട് എന്ന നിലപാടെടുത്തു.  സ്ത്രീകൾക്ക് സ്വത്തവകാശവും സാമൂഹിക സുരക്ഷിതത്വവും നൽകി. അക്കാലത്ത് സ്ത്രീകൾക്ക് കച്ചവടം ചെയ്യാനും യുദ്ധം ചെയ്യാനും പൊതു സഭകളിൽ പങ്കെടുക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും, മുഹമ്മദ് നബിയോട് പോലും നേർക്ക് നേരെ നിന്ന് തർക്കിക്കാനും കഴിയുന്ന ഒരു സാമൂഹിക സാഹചര്യം രൂപപ്പെട്ടിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലും പ്രമാണങ്ങളിലും മുകളിൽ സൂചിപ്പിച്ച ഓരോന്നിനും ഉദാഹരണങ്ങളുണ്ട്. ഇതെല്ലാം പരിശോധിക്കുമ്പോൾ തുല്യതയുള്ള സമൂഹമായി വളർന്ന് വരാനുള്ള സാധ്യതകളെ നിലനിർത്തിക്കൊണ്ടാണ് മുഹമ്മദ് നബി ഇസ്ലാമിൻ്റെ പേരിൽ ഒര സാമൂഹിക അടിത്തറയെ ഒരുക്കിയതെന്ന് നമുക്ക് മനസിലാകും.    

മുഹമ്മദ് നബിക്ക് ശേഷം അല്പകാലം കഴിഞ്ഞപ്പോൾ തന്നെ ഏകീകൃതമായ ഇസ്‌ലാം എന്ന സങ്കല്പം അവസാനിച്ചു. പിന്നീട് ഇസ്‌ലാം മുന്നോട്ട് പോയത് ഓരോയിടത്തും ഓരോ നിലയിലായിരുന്നു. മുഹമ്മദ് നബി നിർമിച്ച അടിത്തറയെ വികസിപ്പിക്കാനുള്ള ശ്രമം പോലെ തന്നെ അതിനെ വീണ്ടും സ്ത്രീവിരുദ്ധമാക്കാനുള്ള ശ്രമവും ഒരു പോലെ നടന്നു. ഇന്നും അതാണ് തുടരുന്നത്. ഓരോ കാലങ്ങളിലും ഭരണാധികാരികളുടെ മനോഭാവവും രാഷ്ട്രീയ സാഹചര്യങ്ങളുമനുസരിച്ച് അത് മാറിക്കൊണ്ടിരുന്നു. 

ചരിത്രത്തിലും സമകാലിക ലോകത്തും അതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. മുഹമ്മദ് നബിക്ക് ശേഷം രൂപം കൊണ്ട അബ്ബാസി, അമവി ഭരണകൂടങ്ങളിൽ ചിലത് സ്ത്രീകളെ സാമൂഹികമായും ഭരണപരമായും ഉയർത്തിക്കൊണ്ട് വരാൻ ശ്രമിച്ചപ്പോൾ പിൽക്കാല മധ്യകാല മുസ്‌ലിം സംസ്കാരങ്ങൾ റോമൻ കൊട്ടാര ഭരണങ്ങളുടെ മാതൃകയിൽ സ്ത്രീകളെ അദൃശ്യവൽക്കരിക്കാനായി ശ്രമിക്കുകയാണുണ്ടായത്. മതം കൽപിച്ചു നൽകിയ അവകാശങ്ങളുടെയും അക്കാലത്തെ ഭരണാധികാരികളുടെ തുറന്ന മനോഭാവത്തിന്റെയും പിന്തുണയോടെ അറേബ്യ, സ്പെയിൻ, ഈജിപ്ത്, ബാഗ്ദാദ് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ സ്ത്രീകൾ അധികാരത്തിലും വിജ്ഞാനമേഖലയിലും  ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. അബ്ബാസി ഖലീഫ ഹാറൂൺ റഷീദിന്റെ ഭാര്യ, സുബൈദ ബിൻത് ജാഫർ ഭരണകാര്യങ്ങളിൽ നേരിട്ട് ഇടപെട്ട, സാമൂഹിക പരിഷ്കർത്താവ് കൂടിയായ വനിതയായിരുന്നുവെന്നാണ് ചരിത്രം വിശദീകരിക്കുന്നത്. മക്കയിലേക്കുള്ള തീർത്ഥാടകർക്കായി വലിയ ജലവിതരണ പദ്ധതികൾ അവർ സ്വയം ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. 

അടിസ്ഥാന ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും മത വിജ്ഞാനത്തിലും പാണ്ഡിത്യം നേടിയിരുന്ന അനേകം വനിതകളെ ഇക്കാലഘട്ടത്തിൽ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബാഗ്ദാദിലെ സുതൈത അൽ മഹ്മാലിയെയും ഫാത്തിമ അൽഫിഹ്‌രിയെയും പോലെയുമുള്ള അനേകം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. മൊറോക്കോയിലെ ഫെസ് നഗരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയായ അൽ ഖറവിയ്യുൻ സ്ഥാപിച്ചത് ഫാത്തിമ അൽ ഫിഹ്‌രിയെന്ന മുസ്ലിം വനിതയായിരുന്നു. കൊർദോവയിലെ ഖലീഫയുടെ കൊട്ടാര ലൈബ്രറിയുടെ മേധാവിയും പ്രമുഖ ഗണിതശാസ്ത്രജ്ഞയും പണ്ഡിതയുമായിരുന്നു ലബ്ന അൽ. 

അൽ ഖറവിയ്യുൻ/ wikipedia.org

കുർത്തുബി എന്ന വനിതാരത്നം. പത്താം നൂറ്റാണ്ടിൽ ഖലീഫ അൽഹകം രണ്ടാമൻ ഭരണാധികാരിയായിരുന്ന കാലത്ത് ജീവിച്ചിരുന്ന അവർ ഒരു ഗണിതശാസ്ത്രജ്ഞയും വ്യാകരണ വിദഗ്ധയും കവയിത്രിയും ഒപ്പം ഖലീഫയുടെ സെക്രട്ടറിയുമായിരുന്നു. ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന കൊർദ്ദോവ ലൈബ്രറിയുടെ മേൽനോട്ടവും അപൂർവ്വ കയ്യെഴുത്തു പ്രതികൾ ശേഖരിക്കുന്നതും വിവർത്തനം ചെയ്യുന്നതും ലബ്നയുടെ പ്രധാന ചുമതലകളിൽപെട്ടതായിരുന്നു. ആയിരക്കണക്കിന് അപൂർവ്വ ഗ്രന്ഥങ്ങൾ ശേഖരിക്കാനും വിജ്ഞാനം വ്യാപിപ്പിക്കാനും ഇവർ നേതൃത്വം നൽകി. 

ആദ്യകാല ഇസ്ലാമിക സമൂഹത്തിലെ പ്രശസ്തയായ മറ്റൊരു പണ്ഡിതയും നിയമവിദഗ്ധയുമാണ് ഉമ്മു ദർദാഅ്. സമകാലിക പൗരോഹിത്യത്തിന് അചിന്ത്യമാകുന്ന നിലയിൽ ഡമസ്കസിലെ മസ്ജിദുകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും അവർ മതവിജ്ഞാനം പകർന്നുനൽകി. അമവി ഖിലാഫത്തിലെ ഭരണാധികാരികളും പണ്ഡിതന്മാരും അവരുടെ അടുത്തുചെന്ന് കർമ്മശാസ്ത്രപരമായ സംശയങ്ങൾ ദൂരീകരിച്ചിരുന്നുവെന്ന ചരിത്ര രേഖകളെ ഇന്നത്തെ മുസ്‌ലിം പുരോഹിതർ വിശ്വാസികൾക്ക് മുന്നിൽ വെളിപ്പെടുത്താറില്ല. പൗരോഹിത്യത്തിന്റെ കടുംപിടുത്തങ്ങളില്ലാതെ അറിവ് പ്രചരിപ്പിക്കുന്നതിൽ ഉമ്മു ദർദാഅ് വലിയ മാതൃക തീർത്തു. ഇസ്‌ലാമിക ചരിത്രത്തിൽ സ്വന്തം ജീവിതം കൊണ്ട് പുതിയൊരധ്യായം തന്നെ രചിച്ച വീര വനിതയാണ് ശജറത്ത് അൽ ദുർ. ഈജിപ്തിലെ ചരിത്രത്തിൽ സ്വന്തം പേരിൽ അവർ ഭരണം നടത്തി. അക്കാലത്തെ നാണയങ്ങളിൽ തൻ്റെ അധികാരത്തിൻ്റെ മുദ്ര പതിപ്പിക്കുകയും ചെയ്തു. പ്രഗൽഭയായ ഒരു മുസ്‌ലിം വനിതാ ഭരണാധികാരിയായാണ് ശജറത്തിനെ ചരിത്രം രേഖപ്പെടുത്തുന്നത്. മംലൂക്ക് ഭരണകൂടത്തിന്റെ സ്ഥാപനത്തിൽ നിർണ്ണായക പങ്കുവഹിച്ച അവർ, പ്രതിസന്ധിഘട്ടങ്ങളിൽ സ്വന്തം സാമ്രാജ്യത്തെ ബുദ്ധിപൂർവ്വം നയിക്കുകയും കുരിശു യുദ്ധക്കാരെ ചെറുത്തുതോൽക്കുന്നതിൽ തന്ത്രപരമായ നേതൃത്വം നൽകുകയും ചെയ്തു.

മധ്യകാല ഇസ്ലാമിക ചരിത്രം പൂർണമായും സ്ത്രീ സൗഹാർദ്ദപരവും അവരുടെ സാമൂഹികമായ തുല്യതയെ ഉറപ്പ് വരുത്തുന്നതുമായിരുന്നുവെന്ന് സമർത്ഥിക്കാനല്ല മുകളിലെ ഉദാഹരണങ്ങൾ നൽകിയത്. സ്ത്രീകളെ സ്വതന്ത്രമായി കാണുകയും  അവരുടെ സാമൂഹികമായ അസ്ഥിത്വത്തെയും തുല്യതയെയും അംഗീകരിക്കുകയും ചെയ്തിരുന്ന ഇസ്ലാമിക സമൂഹങ്ങളും ചരിത്രത്തിലുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ് ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയത്. മധ്യ കാലഘട്ടത്തിൻ്റെ അവസാന കാലങ്ങളിൽ രൂപപ്പെട്ട സെൽജൂക്കിയൻ, ഓട്ടോമൻ ഖിലാഫത്തോടെയാണ് മുസ്‌ലിം സ്ത്രീകളുടെ സാമൂഹികമായ പ്രാതിനിധ്യത്തിന് ഇടിവ് പറ്റിത്തുടങ്ങുന്നത്. 

ഇക്കാലഘട്ടത്തിൽ യാഥാസ്ഥിതികത്വം മതത്തിനുള്ളിൽ രൂക്ഷമായി. രാഷ്ട്രീയ അസ്ഥിരതകളും യാഥാസ്ഥിതികത്വവും  വർദ്ധിച്ചതോടെയാണ് മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക ഇടങ്ങൾ ക്രമേണ ചുരുങ്ങിപ്പോയത്. പല മുസ്‌ലിം സമൂഹങ്ങളും സ്ത്രീകളെ സാമൂഹികമായി ഉൾക്കൊള്ളുന്നതിൽ വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചത്. ചരിത്രത്തിൽ മാത്രമല്ല, വർത്തമാന കാലത്തും ഇത് തന്നെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. വർത്തമാന കാലത്തെ സൗദി അറേബ്യ, യു എ ഇ, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് മുസ്‌ലിം രാജ്യങ്ങളെ മാത്രം ഉദാഹരണങ്ങളായെടുത്താൽ ഈ വ്യത്യാസം നമുക്ക് കാണാം.  ഇക്കാലത്തും മതം എങ്ങനെയൊക്കെയാണ് സ്ത്രീകളോടുള്ള അതിൻ്റെ സമീപനത്തിൽ വ്യത്യാസപ്പെട്ട് നിലനിൽക്കുന്നതെന്ന് നമുക്ക് മനസിലാകും. അധികാരവും ഭരണവുമാണ് മതത്തിൻ്റെ ആഖ്യാനങ്ങളെ ഓരോ കാലത്തും നിർണയിച്ചിരുന്നത്. മുസ്‌ലിം ഭരണാധികാരികൾ ഇല്ലാത്ത രാജ്യങ്ങളിൽ പ്രധാനപ്പെട്ട മത സംഘടനകളും അതിൻ്റെ നേതാക്കന്മാരുമാണ് ഇന്ന് ഇസ്ലാമിൻ്റെ സാമൂഹിക ആഖ്യാനങ്ങൾ ആധികാരികമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഖലീഫയും രാജാവും നിലനിൽക്കുമ്പോഴും അതില്ലാത്തപ്പോഴും മുസ്‌ലിം സമൂഹത്തിൽ പൗരോഹിത്യം അദൃശ്യമായ ഒരധികാര ഘടന എന്നും നിലനിർത്തിയിട്ടുണ്ട്. ഭാഷ്യങ്ങളിലും സമീപനങ്ങളിലും വ്യത്യാസങ്ങളുണ്ടാകുമ്പോഴും സ്ത്രീ വിരുദ്ധതയെന്ന അടിസ്ഥാന പ്രശ്നത്തിൽ നിന്ന് മറികടക്കാൻ മുഖ്യമായ മതാഖ്യാനങ്ങൾക്ക് ഇന്നും കഴിയാത്തതിൻ്റെ പ്രധാന കാരണമിതാണ്.  

​കാലങ്ങളായി പുരുഷ പണ്ഡിതന്മാർ രൂപപ്പെടുത്തിയ ഫിഖ്ഹ് അഥവാ കർമ്മശാസ്ത്ര നിയമങ്ങൾ കേവലം ഓരോ കാലത്തെ സാമൂഹിക സാഹചര്യങ്ങളുടെ ഉൽപ്പന്നമായിരുന്നുവെങ്കിലും അവയെ ശാശ്വതവും മാറ്റമില്ലാത്തതുമായ ദിവ്യനിയമങ്ങളായാണ് പൗരോഹിത്യം  അവതരിപ്പിക്കുന്നത്. ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വലിയ തടസ്സമായി മാറുകയാണ്. സ്ത്രീകളെ സംബന്ധിച്ച് മുഹമ്മദ് നബിയുടെ കാലത്തെ മനുഷ്യർ നിലനിർത്തിയ അതേ യുക്തിയും ആശങ്കകളും തന്നെയാണ് ഇക്കാലത്തും അനേകം മനുഷ്യർ നിലനിർത്തുന്നതെന്നാണ് സ്ത്രീ സമൂഹത്തിൻ്റെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ടുയരുന്ന ചർച്ചകളിലെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്. 

കുടുംബം എന്ന ഘടകത്തിനകത്ത് സ്ത്രീയെ ഒതുക്കിനിർത്തുന്ന പ്രവണതയാണ് മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനങ്ങളും പണ്ഡിതന്മാരും എപ്പോഴും മുൻപിൽ വെക്കുന്നത്. സ്ത്രീകളുടെ ശബ്ദവും രൂപവും പൊതുസമൂഹത്തിൽ ദൃശ്യമാകുന്നതിനെ കുഴപ്പങ്ങളുടെ കാരണമായി ചിത്രീകരിക്കുന്ന ഒരു രീതി ഇതിന് പിന്നിലുണ്ട്. മിഠായി കവറുകൾക്കുള്ളിൽ മിഠായി സൂക്ഷിക്കുന്നത് പോലെയും ആഭരണപ്പെട്ടിയിൽ ആഭരണം സൂക്ഷിക്കുന്നത് പോലെയുമുള്ള ഉദാഹരണങ്ങൾ പറഞ്ഞ് സ്ത്രീകളെ സാമൂഹികമായി അടച്ചിടാനുള്ള ത്വരയാണ് ഇപ്പോഴും നമുക്ക് കാണാൻ കഴിയുന്നത്. സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിച്ചാൽ സമൂഹം വഴിതെറ്റിപ്പോകുമെന്ന ഒരുതരം സദാചാര ഭീതിയാണ് മത സംഘടനകൾ നിരന്തരം ഉന്നയിക്കുന്നത്. ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേൽ കടിഞ്ഞാണിടാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ടൊരു വാദമാണ്.

ഇസ്ലാമിന്റെ പ്രാരംഭ കാലഘട്ടത്തിൽ സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വലിയ സ്വാതന്ത്ര്യങ്ങൾ മുഹമ്മദ് നബി നൽകിയിരുന്നുവെങ്കിലും, പിൽക്കാല ചരിത്രത്തിൽ പുരോഹിത വർഗ്ഗം അവരെ തടവറകളിൽ തളയ്ക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചരിത്രപരമായ ഈ മാറ്റങ്ങളും പൗരോഹിത്യത്തിന്റെ ഇടപെടലുകളും സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെ എങ്ങനെ മാറ്റിമറിച്ചു എന്ന് വർത്തമാന കാല യാഥാർഥ്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുകയാണ്. ചരിത്രത്തിന്റെ ഇരുളടഞ്ഞ വഴികളിൽ പൗരോഹിത്യത്തിന്റെ കണ്ണികളാൽ തളയ്ക്കപ്പെട്ട മുസ്ലിം സ്ത്രീകളുടെ നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട്, അറിവിന്റെയും അവകാശ ബോധത്തിന്റെയും പുതിയ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുന്ന പുതിയ തലമുറ ഒരു പ്രതീക്ഷയാണ്. മതത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കപ്പെട്ട പൗരോഹിത്യത്തിൻ്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ഓരോ സ്ത്രീക്കും സ്വന്തം ചിറകുകൾ വിരിച്ചുപറക്കാൻ കഴിയുന്ന ഒരു കാലം അവർ നേടിയെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

എം എസ് ഷൈജു

എം എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top