കെട്ടിട നിർമ്മാണ ഫീസ് കുറച്ചോ പുതിയ സർക്കാർ ? ഫാക്ട് ചെക്ക് 

കെട്ടിട നിർമ്മാണ ഫീസ് കുറച്ചോ പുതിയ സർക്കാർ ? ഫാക്ട് ചെക്ക് 

പുതിയ സർക്കാർ അധികാരമേറ്റത് മുതൽ സർക്കാരിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ കെട്ടിട നിർമ്മാണ ഫീസ് പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് നിലവിലെ വ്യാജ പ്രചാരണങ്ങൾ. സർക്കാർ, കെട്ടിട പെർമിറ്റ് ഫീസ് വർദ്ധന മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചുവെന്നാണ് പ്രചരിക്കുന്ന ഒരു പോസ്റ്ററിലെ അവകാശ വാദം. എന്നാൽ ഇത് വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി യുടെ ചിത്രമുൾപ്പെടെയുളള ഒരു പോസ്റ്ററാണ് വൈറലാകുന്നത്. 2022 – 26 കാലയളവിൽ വീടുകൾക്ക് പെർമിറ്റ് എടുത്തവർക്കെല്ലാം ‘ഈ മാസം’ 26 മുതൽ പൈസ തിരികെ നല്കുമെന്നാണ് പോസ്റ്ററിലെ വാഗ്ദാനം. 

പ്രചാരണം ഇങ്ങനെ

ഫേസ്ബുക്കിലാണ് പോസ്റ്റർ ഏറ്റവുമധികം പ്രചരിച്ചിരിക്കുന്നത്. ‘ജയിംസ് വലിമലയിൽ’ എന്ന അക്കൗണ്ടിലെ പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. യുഡിഎഫ് അനുകൂല പോസ്റ്റുകൾ സ്ഥിരമായി പങ്കുവയ്ക്കുന്ന അക്കൗണ്ടാണിത്. അടിക്കുറിപ്പൊന്നുമില്ലാതെ മെയ് 25 ന് പങ്ക് വെച്ച പോസ്റ്റിന് ഇതുവരെ 864 ലൈക്കും 225 ഷെയറുകളും ലഭിച്ചിട്ടുണ്ട്. 84 കമ്മന്റുമുണ്ട്. ‘യുഡിഎഫ് സർക്കാരിന്റെ നടപടി’യെ അഭിനന്ദിക്കുന്നവയാണ് കമ്മന്റുകളിൽ ഏറിയ പങ്കും.

Fake poster about Kerala building permit fee refund by K M Shaji fact check
ജയിംസ് വലിമലയിൽ’ പങ്ക് വെച്ച പോസ്റ്റ്

എന്നാൽ ഈ പോസ്റ്റിലെ കമന്റുകളിൽ തന്നെ വാർത്ത വ്യാജമാണെന്ന് ചില യുഡിഎഫ് അനുകൂല അക്കൗണ്ടുകൾ സൂചിപ്പിച്ചിട്ടുണ്ട്.

പോസ്റ്ററുപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ സമാനമായ വേറെയും പോസ്റ്റുകൾ ഫേസ്ബുക്കിൽ കണ്ടെത്തി. ‘നന്ദകുമാർ അട്ടപ്പുറത്ത്’ എന്ന അക്കൗണ്ടും ഈ പോസ്റ്റർ പങ്ക് വെച്ചിട്ടുണ്ട്. 1.12 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണിത്. ‘Voice of Kunnicode’ എന്ന ഫേസ്ബുക്ക് അക്കൗണ്ടും പോസ്റ്റർ പങ്ക് വെച്ചിട്ടുണ്ട്. ഏറ്റവും ആദ്യം ഈ പോസ്റ്റിട്ടതായി കണ്ടെത്തിയത് ‘ജയിംസ് വലിമലയിൽ’ എന്ന അക്കൗണ്ടാണ്. മെയ് 25 രാവിലെ 10 മണിക്ക് ശേഷം. കണ്ടെത്തിയ മറ്റ് പോസ്റ്റുകളും ഇതേ ദിവസം തന്നെയാണ് വന്നിട്ടുള്ളത്.

Fake K M Shaji poster on Kerala building permit fee reduction in Facebook comments
ഗ്യാസ് വിലവർദ്ധനവിനെ പറ്റി സിപിഎം നേതാവ് കെ എസ് അരുൺ കുമാർ ഇട്ട പോസ്റ്റിന് താഴെ പ്രചരിക്കുന്ന വ്യാജ പോസ്റ്റർ 

പ്രചരിക്കുന്ന പോസ്റ്ററിനെ ഗൂഗിൾ റിവേഴ്സ് സെർച്ച് ചെയ്ത് കണ്ടെത്തിയ  ചില പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയോ, പോസ്റ്റ് കാണാവുന്നവരുടെ ലിസ്റ്റ് പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. 

Fake Kerala building permit fee refund poster shared by Nandakumar Attapurath on Facebook fact check
നന്ദകുമാർ അട്ടപ്പുറത്ത്’ പങ്ക് വെച്ച പോസ്റ്റ്

എന്താണ് സത്യം?

കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത്, 2023 മാർച്ച് 31 ന് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ വലിയ വർദ്ധനവ് വരുത്തിയിരുന്നു. കെട്ടിടങ്ങളെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളായി തിരിച്ചായിരുന്നു അന്ന് നിരക്കുകൾ കുത്തനെ കൂട്ടിയത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചതെന്നായിരുന്നു അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. 

എന്നാൽ, പെർമിറ്റ് ഫീസ് വർധിപ്പിച്ചതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വി.ഡി സതീശൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് സർക്കാർ ഫീസ് ഘടന പുനഃപരിശോധിക്കാൻ തയ്യാറായി. തുടർന്ന്, 2024 ജൂലൈയിൽ നിരക്കുകൾ ഗണ്യമായി കുറച്ചുകൊണ്ട് പുതിയ ഉത്തരവിറക്കി.

ഈ പുതിയ ഉത്തരവ് പ്രകാരം 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ 50 രൂപയിൽനിന്ന് 25 രൂപയായും, മുൻസിപ്പാലിറ്റികളിൽ 70 രൂപയിൽനിന്ന് 35 രൂപയായും, കോർപ്പറേഷനുകളിൽ 100 രൂപയിൽനിന്ന് 40 രൂപയായുമാണ് കുറച്ചത്.

Official Kerala Government order from July 2024 reducing building permit fees LSGD circular
കെട്ടിട നിർമ്മാണ ഫീസ് കുറച്ച് കൊണ്ടുള്ള 2024 ജൂലൈയിലെ ഉത്തരവ്

മന്ത്രിയായതിന് പിന്നാലെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ തിരിച്ച് നല്കുമെന്നും കെ എം ഷാജി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണ നികുതി കുറച്ചുവെന്നും, ഫീസ് അടച്ചവർക്ക് സർക്കാർ പണം തിരികെ നൽകുമെന്നും വ്യാജ വാർത്ത പ്രചരിക്കുന്നത്.

എന്നാൽ ഫീസ് കുറച്ചു എന്നത് സ്ഥിരീകരിക്കാത്ത വിവരമാണ്. തദ്ദേശ സ്വയംഭരണ വകുപ്പാണ് കേരളത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പിരിക്കുന്നത്. ഫീസിലെ പരിഷ്കാരങ്ങളെ പറ്റിയുള്ള വിവരങ്ങൾ പങ്ക് വയ്ക്കുന്നതും ഈ വകുപ്പ് തന്നെ. നിലവിൽ കെട്ടിട നിർമ്മാണ ഫീസ് പരിഷ്കരിച്ചതായോ, പോസ്റ്ററിൽ അവകാശപ്പെടുന്നത് പോലെ അടച്ച തുക തിരികെ നൽകുന്നതായോ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.

“നിലവിൽ കെട്ടിട നിർമ്മാണ ഫീസ് പരിഷ്കരണത്തെ സംബന്ധിച്ച് യാതൊരു ഉത്തരവും ഞങ്ങൾക്ക് കിട്ടിയിട്ടില്ല” തദ്ദേശ സ്വയംഭരണ വകുപ്പിലെ ‘ആക്ട് ആൻഡ് റൂൾസ്’ സെക്ഷൻ സൂപ്രണ്ട് മനോജ് ഒബിസിയോട് പറഞ്ഞു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top