ഈ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്തം വിജയ്ക്കാണോ? ഫാക്ട് ചെക്ക്

ഈ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്തം വിജയ്ക്കാണോ? ഫാക്ട് ചെക്ക്

വിജയ് മുഖ്യമന്ത്രിയായി ചുമതല ഏറ്റപ്പോൾ തന്നെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ വലത് പക്ഷ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. ഇതിൽ സത്യമുണ്ടോ? 

തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 144 എം.എൽ.എമാരുടെ പിന്തുണ നേടിയാണ് ടി.വി.കെ സർക്കാർ ഭരണമുറപ്പിച്ചത്. മെയ് പത്തിനാണ് മുഖ്യമന്ത്രിയായി വിജയ് ഉൾപ്പെടെ ടി.വി. കെയുടെ ഒൻപത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാരിനു രൂപം കൊടുത്തത്. 

രണ്ടുമാസം 500 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനമാണ് പുതിയ സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്ന്. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനും  ലഹരി മരുന്ന് തടയാനും പ്രത്യേക സേന രൂപീകരിക്കും എന്നും പുതിയ ഗവണ്മെന്റ് പ്രഖ്യാപിച്ചു. 

അതേ സമയം, മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യമിട്ട് വ്യാജ വാർത്താ പ്രചാരണം കൊടുമ്പിരികൊള്ളുകയാണ്.

പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തുടങ്ങിയെന്നു പ്രചരിപ്പിക്കുകയാണ് സൈബര്‍ ഇടങ്ങളിലെ വലതുപക്ഷ ഹാന്‍ഡിലുകള്‍. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തെയും സാംസ്‌കാരിക സ്വത്വത്തെയും രൂപപ്പെടുത്തിയ പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നാണ് ഹിന്ദി വിരുദ്ധ പ്രക്ഷോഭം. കേന്ദ്രസർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആശങ്കയെത്തുടർന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലായി ശക്തമായ സമരങ്ങളുണ്ടായിട്ടുണ്ട് തമിഴ് നാട്ടിൽ. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ, വീണ്ടും സമരങ്ങള്‍ തുടങ്ങി എന്നാണ് ഈ ഹാന്‍ഡിലുകള്‍ പറയാന്‍ ശ്രമിക്കുന്നത്. 

ഹിന്ദി വിരുദ്ധത എന്നത് തമിഴ്നാട്ടിലെ ഓരോ രാഷ്ട്രീയ കക്ഷിയുടെയും നിലപാടാണ്, ടി.വി.കെയും അത് തന്നെ സ്വീകരിച്ചുവെന്നാണ് ഈ പോസ്റ്റുകൾ പറയുന്നത്. ബിജെപിക്ക് എതിരെ ഇവര്‍ പ്രയോഗിക്കുന്ന ഒരെയോരായുധം ഇതാണ് എന്നും ഈ അക്കൗണ്ടുകള്‍ പറയുന്നു. പക്ഷേ എന്താണ് ഇപ്പോൾ തമിഴ്നാട്ടിൽ നടക്കുന്നത്? സോഷ്യൽ മീഡിയയിൽ കാണുന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൻ്റെ വീഡിയോകൾ ടി.വി.കെ അധികാരത്തിൽ വന്നതിന് ശേഷം ഉള്ളതാണോ? സത്യാവസ്ഥയെന്താണ്?

വലതുപക്ഷ പ്രചാരണം ഇങ്ങനെ

നിരവധി വലതുപക്ഷ അക്കൗണ്ടുകളില്‍ (എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം)  ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു എന്ന് ഒബിസി കണ്ടെത്തി. ബിജെപി/ സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ ദിനംപ്രതി പങ്കുവയ്ക്കുന്ന പേജുകളാണ് പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

എക്സിൽ 36,000 ൽ അധികം (36.6K) ഫോളോവേഴ്സ് ഉള്ള ‘Bhakt Prahlad’ എന്ന അക്കൗണ്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഒരു വീഡിയോ മെയ് പത്തിന് പ്രചരിച്ചിരുന്നു, പുതിയ സർക്കാർ അധികാരമേറ്റ അതേ ദിവസം. 

റെയിൽവേ സ്റ്റേഷനിലെ ബോർഡുകളിലെ ഹിന്ദി എഴുത്തുകൾ മായ്ക്കുന്നതായി അവകാശപ്പെടുന്ന വീഡിയോയാണ് അത്.

“ടി.വി.കെ സർക്കാർ വന്നതോടെ, ഹിന്ദി വിരുദ്ധ പ്രക്ഷോഭം തുടങ്ങി തമിഴ്നാട്” എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിനം പ്രതി ബിജെപി അനുകൂല പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ഒരു അക്കൗണ്ടാണ് ‘Bhakt Prahlad’. തീവ്ര ഹിന്ദുത്വ പോസ്റ്റുകളും മുസ്ലിം വിരുദ്ധ പോസ്റ്റുകളും ഈ അക്കൗണ്ട് പങ്കുവയ്ക്കാറുണ്ട്. 

‘Bhakt Prahlad’ എക്സ് അക്കൗണ്ട്, സ്ക്രീന്‍ഷോട്ട് 

സനാതനി, പ്രൌഡ് ഹിന്ദു എന്നാണ് അക്കൗണ്ട് സ്വയം വിശേഷിപ്പിക്കുന്നത്. മുസ്ലിം വിരുദ്ധത നിറഞ്ഞ വ്യാജ പോസ്റ്റുകളും ഈ അക്കൗണ്ട് പങ്കുവയ്ക്കാറുണ്ട്.

എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഈ ഒരു അക്കൗണ്ടിൽ നിന്ന് മാത്രം, 2 ലക്ഷത്തിലധികം പേർ (2.69.5K) ഇതുവരെ (13/5/26) ഈ വീഡിയോ കണ്ടിട്ടുണ്ട്. 260 പേർ കമൻ്റ് ചെയ്തിട്ടുമുണ്ട്.

കമന്റ് സെക്ഷനില്‍ നിന്നും, സ്ക്രീന്‍ഷോട്ട്

തീവ്ര തമിഴ് വികാരം പ്രകടിപ്പിച്ചു കൊണ്ടാണ് ചിലർ ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുള്ളത്. തമിഴ് അല്ലാത്ത എല്ലാ സിനിമാ താരങ്ങളെയും നിർമ്മാതാക്കളെയും ബഹിഷ്കരിക്കണമെന്നും, തമിഴ് നടീനടന്മാരെ മാത്രമേ സിനിമകളിൽ അഭിനയിപ്പിക്കാവൂ എന്നുമുള്ള കമന്റുകളും പോസ്റ്റിനു കീഴിലുണ്ട്. 

4000 ൽ അധികം പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം പേർ (1.5K) റീ പോസ്റ്റ് ചെയ്തിട്ടുള്ളതായും കാണാം. ഈ വീഡിയോ തന്നെ സമാന രീതിയിൽ, നിരവധി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. 

ഫേസ്ബുക്കിൽ ചില വലതുപക്ഷ വ്യക്തിഗത പ്രൊഫൈലുകളും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍, 3.8K സുഹൃത്തുക്കള്‍ ഉള്ള Mahadeva Devodatta എന്ന പ്രൊഫൈലില്‍ മാര്‍ച്ച്‌ 11 ന് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്ക്‌ പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

പ്രൊഫൈൽ ബയോയിൽ സ്വയം RW Hindu (Right Wing Hindu) എന്നാണ് ഈ അക്കൗണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. ഹൈന്ദവ അനുകൂല /വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ഒരു അക്കൗണ്ട് ആണ് ഇതെന്ന് വ്യക്തമാകുന്നു. 

ഫേസ്ബുക്ക് പ്രൊഫൈല്‍ ബയോ, സ്ക്രീന്‍ഷോട്ട്

ഇൻസ്റ്റഗ്രാമിലും നിരവധി പ്രൊഫൈലുകൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, മിക്കതും വൈറലാണ്. 

90 ലക്ഷം ഫോളോവേഴ്സ് ഉള്ള ‘Indians’ എന്ന അക്കൗണ്ടും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭം തുടങ്ങി, തമിഴനാട്ടില്‍ ഹിന്ദിക്ക് ഇടമില്ല എന്നാണ്, വീഡിയോ പങ്കുവച്ചുകൊണ്ട് ഈ അക്കൗണ്ട് പറയുന്നത്. മേയ് 11 നാണ് വീഡിയോ ഈ പേജില്‍ പങ്കുവചിട്ടുള്ളത്. 

മേയ് 11ന് പോസ്റ്റ്‌ ചെയ്ത വീഡിയോ, സ്ക്രീന്‍ഷോട്ട്

രാഷ്ട്രീയം, കായികം, വിനോദം എന്നിയാണ് ഈ പേജിലെ മുഖ്യ കണ്ടന്റുകള്‍. 

ഇൻസ്റ്റാഗ്രാം പേജ്, സ്ക്രീന്‍ഷോട്ട്

ഇതുവരെ (13/5/26) 40 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഒരു ലക്ഷത്തിലധികം (133.3K) ലൈക്കുകളും വീഡിയോക്ക് ലഭിച്ചു. 11,000 ൽ (11.7K) അധികം പേർ കമൻ്റ് ചെയ്തിട്ടുണ്ട്. 

സത്യമെന്താണ്?

പ്രചരിക്കുന്ന വീഡിയോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഈ വര്‍ഷം   മാർച്ച് മാസവും ഈ വീഡിയോ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രചരിച്ചിരുന്നതായി കണ്ടെത്തി. 

അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ‘Unseen chennai’ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ മാർച്ച് 12 ന് ഇതേ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടു. 

Unseen chennai എന്ന പേജില്‍ മാര്‍ച്ചില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ, സ്ക്രീന്‍ഷോട്ട്

ചെന്നൈ വാർത്തകൾ പങ്കുവയ്ക്കുന്ന പേജ് ആണ് ‘Unseen chennai’. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ കുറിച്ചുള്ള നിരവധി ന്യൂസ്‌ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, മാർച്ച് 11 ന് തമിഴ്നാട് സന്ദർശിച്ചപ്പോൾ ആണ് വീഡിയോയിൽ കാണുന്ന സംഭവം നടന്നത്. തമിഴ് മനുഷ്യാവകാശ പ്രവർത്തകനായ തിരു മുരുകൻ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മെയ് 17 പ്രസ്ഥാനമാണ് (May 17 Movement) പ്രതിഷേധിക്കുന്നത്. 

കേന്ദ്ര സർക്കാരിൻ്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ പ്രതിഷേധ സൂചകമായി, മെയ് 17 പ്രസ്ഥാനത്തിന്റെ പ്രവർത്തകർ  ചെന്നൈ പാർക്ക് റെയിൽവേ സ്റ്റേഷനിലെ സൈൻ ബോർഡുകളിൽ കറുത്ത പെയിൻ്റ് അടിക്കുകയായിരുന്നു. ഇതേകുറിച്ചുള്ള വാർത്തകൾ അന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതിഷേധത്തെ കുറിച്ചുള്ള മാര്‍ച്ച്‌ 13 ലെ The wire റിപ്പോര്‍ട്ട്‌   

കോയമ്പത്തൂരിലും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായി

 മാര്‍ച്ച്‌ 13 ലെ ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്, സ്ക്രീന്‍ഷോട്ട്

തമിഴ്‌നാടിന്റെ രാഷ്ട്രീയ – സാമൂഹിക ചരിത്രത്തെ നിർണ്ണയിക്കുന്നതിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് വലിയ പങ്കുണ്ട്. ഭാഷാപരമായ വിയോജിപ്പുകൾക്കപ്പുറം തമിഴ് സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണമായാണ് അവിടത്തെ ജനത ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തെ കാണുന്നത്. ഇപ്പോള്‍, വിജയ്‌ അധികാരത്തില്‍ വന്നതിനു ശേഷം തുടങ്ങിയതല്ല തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധത.  ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിലെ വിവിധ കൂട്ടായ്മകള്‍ പലപ്പോഴായി ഇതുപോലെയുള്ള പല പ്രതിഷേധങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു. അത്തരത്തില്‍ ഒന്നാണ് മാര്‍ച്ച്‌ മാസത്തില്‍ നടന്നത്. 

വിജയ് അധികാരത്തിൽ വന്നതിനുശേഷം ടിവികെ ഇത്തരത്തിൽ എന്തെങ്കിലും പ്രക്ഷോഭം നടത്തിയതായി മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തമിഴ് നാട് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ മതസ്വത്വം മുൻനിർത്തി വ്യാപകമായി ആക്രമിക്കുന്ന പ്രവണത സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നുണ്ട്. മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ പങ്കില്ലാത്ത ഒരു പ്രക്ഷോഭം അവരുടെ തലയിൽ കെട്ടിവെക്കുന്നതും വലതുപക്ഷ ഹാൻഡിലുകളാണ്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top