മുദ്രാവാക്യം വിളിച്ചതിനും കവിത ചൊല്ലിയതിനും ഐക്യദാർഢ്യം അറിയിച്ചതിനും കേസ്; ടാറ്റ ഇൻസ്റ്റിറ്റിട്യൂട്ട് വിദ്യാർത്ഥികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി 

മുദ്രാവാക്യം വിളിച്ചതിനും കവിത ചൊല്ലിയതിനും ഐക്യദാർഢ്യം അറിയിച്ചതിനും കേസ്; ടാറ്റ ഇൻസ്റ്റിറ്റിട്യൂട്ട് വിദ്യാർത്ഥികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി 

ജി എൻ സായിബാബയുടെ പേരിൽ അനുശോചന യോഗം സംഘടിപ്പിച്ച വിദ്യാർത്ഥികൾ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു , സായിബാബയെ അനുസ്മരിച്ച് ‘റസ്റ്റ് ഇൻ പീസ്’ എന്നതിന് പകരം ‘റെസ്റ്റ് ഇൻ പവർ’എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചു. നിരോധിച്ചിട്ടില്ലെങ്കിലും വിദ്യാർഥികൾ കൈ വശം വെച്ച പുസ്തകങ്ങൾ, അവർ എന്തിനാണ് വായിക്കുന്നതെന്ന് അറിയാൻ പോലീസ് കസ്റ്റഡി ആവശ്യമാണ്, ഇങ്ങനെ പോകുന്നു മുംബൈ അഡീഷണൽ സെഷൻസ് കോടതിയുടെ വാദങ്ങൾ.

മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (TISS) രണ്ട് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളിയ അസാധാരണമായ കോടതി ഉത്തരവ് ചർച്ചയാവുകയാണ്. അന്തരിച്ച ജി എൻ സായിബാബയുടെ പേരിൽ അനുശോചന യോഗം സംഘടിപ്പിച്ചതിനാണ് ഒൻപത് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത് അഞ്ച് വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച മുംബൈ സെഷൻസ് കോടതി രണ്ട് പേരുടെ ജാമ്യാപേക്ഷ തള്ളി.  

ജാമ്യം നിഷേധിക്കാനായി കോടതി നിരത്തിയ കാരണങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. യു എ പി എ കേസിൽ വിചാരണ നേരിടുന്ന ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവരെ മോചിപ്പിക്കണമെന്ന് മുദ്രാവാക്യം വിളിച്ചതാണ് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായി അഡീഷണൽ സെഷൻസ് ജഡ്ജ് വി ബി ബോറ ചൂണ്ടിക്കാണിച്ചത്.  ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൂർവ്വ വിദ്യാർത്ഥി അഭിരൂപ് പോളിനെ (32) പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അഭിരൂപിന് പുറമെ കാമാഖ്യ പ്രസാദ് ദാസ് (23) എന്ന വിദ്യാർത്ഥിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. TISS അധികൃതർ നല്‍കിയ പരാതിയിന്മേലാണ് പോലീസ് നടപടിയാരംഭിച്ചത്.

‘റെസ്റ്റ് ഇൻ പവർ’ എന്നെഴുതുന്നത് ‘കുറ്റകരം’

ഡൽഹി സർവകലാശയിലെ മുൻ അധ്യാപകനും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ജി എൻ സായിബാബയുടെ അനുസ്മരണ യോഗം ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ചിരുന്നു. ഇതിനായി കോളേജ് അധികാരികളിൽ നിന്ന് മുൻകൂട്ടി  അനുമതി വാങ്ങിയിരുന്നില്ല എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. യോഗത്തിനിടെ വിദ്യാർഥികൾ ‘ഉമർ ഖാലിദ് കോ റിഹാ കരോ’ (ഉമർ ഖാലിദിനെ മോചിപ്പിക്കുക), ‘ഷർജീൽ ഇമാം കോ റിഹാ കരോ’ (ഷർജീൽ ഇമാമിനെ മോചിപ്പിക്കുക) എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയതായും പൊലീസ് പറഞ്ഞു.

mid-day.com

പ്രോസിക്യൂഷൻ വാദം അനുസരിച്ച്, വിദ്യാർഥികൾ സായിബാബയുടെ ചിത്രങ്ങൾക്ക് സമീപമായി മെഴുകുതിരികൾ കത്തിക്കുകയും സായിബാബയുടെ കവിതകൾ വായിക്കുകയും ചെയ്തു. “Rest in Power (1967- Forever)” (ശക്തിയിൽ വിശ്രമിക്കുക) എന്നെഴുതിയ പ്ലക്കാർഡുകള്‍ യോഗത്തിൽ പങ്കെടുത്തവർ ഉയർത്തിപ്പിടിച്ചിരുന്നു.

നിയമവിരുദ്ധമായി ക്യാമ്പസില്‍ ഒത്തുചേർന്നുവെന്നും യു എ പി എ നടപടികൾ നേരിടുന്നവരെ അനുകൂലിച്ചുവെന്നും അനുചിതമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നുമാണ് എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടുന്നത്. 

TISS അധികൃതർ നൽകിയ പരാതിയിൽ ആദ്യം ട്രോംബെ പോലീസ് എടുത്ത കേസ്, പിന്നീട് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (CID) കൈമാറുകയായിരുന്നു. അന്വേഷണത്തിനിടെ, വിദ്യാർത്ഥികളിൽ നിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ജാമ്യാപേക്ഷ തള്ളിയ വിദ്യാർത്ഥികളിൽ ഒരാളുടെ പക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും മറ്റ് മെറ്റീരിയലുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി പ്രോസിക്യൂഷൻ പറഞ്ഞു.

എഫ്ഐആറിൽ ഉൾപ്പെട്ട വിദ്യാർത്ഥികളായ അഭിരൂപ് പോൾ (32), കാമാഖ്യ പ്രസാദ് ദാസ് (23) എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. എന്നാല്‍, കേസിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികളായ നികിത ഡിസൂസ, ഉത്കർഷ് ഖുന്തിയ, യാഷ് കൗണ്ഡിൽയ, അവന്തിക, ഇഷ്പ്രീത് കൗർ എന്നിവർക്ക് ജാമ്യം അനുവദിച്ചു.

‘സായിബാബയെ കുറ്റവിമുക്തനാക്കിയെന്നത് ശരി തന്നെ, പക്ഷേ’…

സായിബാബയെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതാണെന്നും, ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും മോചനത്തിനായി മുദ്രാവാക്യം വിളിച്ചതിൽ കുറ്റങ്ങളൊന്നുമില്ലെന്നുമാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

എന്നാൽ ഈ വാദം, അഡീഷണൽ സെഷൻസ് ജഡ്ജ് വി ബി ബോറ തള്ളി. സായിബാബയ്ക്ക് വേണ്ടി അനുശോചനയോഗം നടത്തിയത് നിയമവിരുദ്ധമല്ല എന്നാൽ, രാജ്യത്തിനെതിരായ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിചാരണ നേരിടുന്ന ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും മോചിപ്പിക്കാൻ മുദ്രാവാക്യം വിളിക്കാനുള്ള വേദിയായിരുന്നില്ല ഇതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. സുപ്രീം കോടതി ഇവരുടെ (ഉമർ ഖാലിദ്, ഷർജിൽ ഇമാം) ജാമ്യാപേക്ഷ തള്ളിയതാണെന്നും, വിദ്യാർത്ഥികൾ എന്ന നിലയിൽ രാജ്യത്തെ നിയമവ്യവസ്ഥയെ അവർ ബഹുമാനിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

lawbeat.in/

ശാരീരിക വൈകല്യമുള്ളയാളായിട്ടും സായിബാബയ്ക്ക് 10 വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നു എന്ന വിദ്യാർത്ഥികളുടെ വാദവും കോടതി പരിശോധിച്ചു. ഇത്തരം വാദങ്ങളിലൂടെ കോടതികളുടെ പ്രവർത്തനരീതിയെ പ്രതികൾ ചോദ്യം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് ജഡ്ജി ബോറ നിരീക്ഷിച്ചത്. വിചാരണാ നടപടികൾ നീണ്ട് പോകുന്നതിന് പല കാരണങ്ങൾ ഉണ്ട് .എന്നും ജഡ്ജിമാരുടെ കുറവും കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ പെരുപ്പവുമെല്ലാം മൂലം കോടതി നടപടികൾ നീണ്ടു പോകാം വിദ്യാർഥികൾ കോടതി നടപടികളെ കുറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയുമാണ് ചെയ്തത്.ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ജുഡീഷ്യൽ ഓഫീസർ വി ബി ബോറ പറയുന്നു. 

സായിബാബയെ കുറ്റവിമുക്തനാക്കിയതാണെങ്കിലും അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവമുള്ളതായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം.

നിരോധിക്കാത്ത പുസ്തകങ്ങൾ ഫോണിലോ ലാപ്‌ടോപ്പിലോ സൂക്ഷിക്കുന്നത് കുറ്റകരമല്ലെങ്കിലും പ്രസ്തുത പുസ്തകങ്ങൾ വിദ്യാർത്ഥികൾ വായിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നറിയാൻ  പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ജാമ്യാപേക്ഷ തള്ളാനുള്ള ഒരു കാരണമായി കോടതി പറയുന്നത്. പുസ്തകങ്ങൾ നിരോധിച്ചതല്ലെങ്കിലും അവ രാജ്യവിഭജനത്തെക്കുറിച്ച് സംസാരിക്കുന്നു എന്നതാണ് ഇതിന് കാരണമായി കോടതി പറയുന്നത്. 

നിരോധിക്കാത്ത പുസ്തകങ്ങൾ വായിക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമല്ലെന്ന് സമ്മതിക്കുമ്പോഴും, അതിനുപിന്നിലെ ഉദ്ദേശ്യമറിയാൻ വിദ്യാർത്ഥികളെ ചോദ്യം ചെയ്യണമെന്ന സെഷൻസ് കോടതിയുടെ നിലപാട്, നിലവിലുള്ള സുപ്രീംകോടതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. നിരോധിത സംഘടനയിൽ അംഗമാകുന്നത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ലെന്ന് ‘Arup Bhuyan vs State of Assam, (2011)’ എന്ന കേസിൽ നേരത്തെ സുപ്രീം കോടതി വിധിച്ചിരുന്നു.

നിരോധിത സംഘടനയായ ഉൾഫയിൽ (ULFA) അംഗമാണെന്ന് ആരോപിച്ച് TADA (Terrorist and Disruptive Activities (Prevention) Act പ്രകാരം അറസ്റ്റിലായ അരൂപ് ഭുയാന്‍ എന്ന വ്യക്തിയെ കുറ്റവിമുക്തനാക്കിക്കൊണ്ട്, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു: “ഒരു നിരോധിത സംഘടനയിൽ അംഗമായി എന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. അയാൾ നേരിട്ട് അക്രമത്തിൽ ഏർപ്പെടുകയോ, അക്രമത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്താൽ മാത്രമേ അത് കുറ്റകരമാകൂ”.

സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ രംഗത്തുവന്നു. കോടതിയുടെ തീരുമാനം ലജ്ജാകരമാണെന്നും ഇത് സർക്കാരിന്റെ അസഹിഷ്ണുതയെയും ജുഡീഷ്യറിയുടെ നിലവിലെ അവസ്ഥയെയും കാണിക്കുന്നുവെന്നും രാജ്യസഭാ എം പി കൂടിയായ അദ്ദേഹം എക്സില്‍ വ്യക്തമാക്കി.

കപില്‍ സിബലിന്റെ എക്സ് പോസ്റ്റ്, സ്ക്രീന്‍ഷോട്ട് 

2020 ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന  ആരോപണത്തിൽ, യുഎപിഎ നിയമ  പ്രകാരം ഉമർ ഖാലിദും ഷർജീൽ ഇമാമും അഞ്ച് വർഷത്തിലേറെയായി ജയിലിലാണ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏഴ് വർഷത്തിലേറെ ജയിലിൽ കിടന്ന വ്യക്തിയായിരുന്നു 90 ശതമാനം ശാരീരിക വൈകല്യമുള്ള ജി എൻ സായിബാബ. 2024 മാർച്ചിൽ മുംബൈ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അതേവർഷം ഒക്ടോബറിലാണ് അദ്ദേഹം മരണപ്പെട്ടത്.



സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top