
“എൽഡിഎഫിന്റെ മൂന്നാം ടേമിലേക്കുള്ള യാത്ര തകർച്ചയിലേക്കാണ്”: ഗോവിന്ദൻ മാഷ് അങ്ങനെ പറഞ്ഞോ?
തെരഞ്ഞെടുപ്പ് കാലം വ്യാജ വാർത്തകളുടെ വ്യാപകമായ പ്രചാരണ കാലം കൂടിയാണ്. സ്ഥാനാർത്ഥികളുടെ പേരിലും മുന്നണിയുടെ പേരിലുമെല്ലാം നിരവധി വ്യാജ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകാറുണ്ട്. എഡിറ്റഡ് വീഡിയോകളും എ ഐ നിർമിത ചിത്രങ്ങളും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത് സോഷ്യൽ മീഡിയയിൽ പതിവാണ്.
എഡിറ്റ് ചെയ്ത് ചേർത്ത വീഡിയോകൾ പക്ഷെ ജനങ്ങൾക്ക് എളുപ്പം മനസിലാകണമെന്നില്ല.. അങ്ങനെയൊരു വീഡിയോ, അടുത്തിടെ ചില ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോയാണ് എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത്. നിരവധി കാഴ്ചക്കാരുള്ള ആ വ്യാജ വീഡിയോ എങ്ങനെയാണ് സൈബറിടത്തിൽ പ്രചരിപ്പിക്കപ്പെട്ടത്?
‘മലപ്പുറത്തെ ലീഗുകാർ; എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് എം വി ഗോവിന്ദന്റെ എഡിറ്റഡ് വീഡിയോ പ്രചരിക്കുന്നത് കണ്ടത്. സർക്കാരിനെതിരെ ദിനംപ്രതി പോസ്റ്റുകൾ ഇടുന്ന ഈ അക്കൗണ്ടിന് ഒരു ലക്ഷത്തി എഴുപത്തി നാലായിരം ഫോളോവെർസ് ഉണ്ട് . “ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള യാത്ര വലിയ രീതിയിലുള്ള തകർച്ചയ്ക്ക് രൂപം നൽകിയിട്ടുള്ള ഒന്നായിരിക്കും” എന്ന് സെക്രട്ടറി മാധ്യമങ്ങളോട് പറയുന്ന പതിനേഴു സെക്കന്റ് ദൈർഘ്യം ഉള്ള വീഡിയോയാണ് പ്രചരിക്കുന്നത്. മാര്‍ച്ച് 24 നാണ് ഈ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.
സിപിഎം സ്ഥാനാർത്ഥികളെ മനഃപൂർവം തോൽപ്പിക്കാൻ തന്നെ നിർത്തിയത് എന്നാണ് വീഡിയോയുടെ ഒപ്പമുള്ള കാർഡിൽ പറയുന്നത്. ഈ അക്കൗണ്ടിൽ നിന്നുമാത്രം രണ്ടു ലക്ഷത്തി എൺപതിനായിരത്തിലധികം പേരാണ് ആ വീഡിയോ കണ്ടിട്ടുള്ളത്. മൂവായിരത്തിലധികം പേരാണ് വീഡിയോക്ക് ലൈക്ക് ചെയ്തിട്ടുള്ളത്. നാന്നൂറിലേറെ പേർ കമന്റ് ചെയ്തിട്ടുമുണ്ട്. പക്ഷെ ഒരു കമന്റ് പോലും ആളുകൾ വീഡിയോ എഡിറ്റ് ആണെന്ന് പരാമർശിക്കുന്നതായി കാണുന്നില്ല. മറ്റു ചില അക്കൗണ്ടുകളിലും ഈ വീഡിയോ പ്രചരിക്കുന്നതായി കണ്ടു.

‘മര്യാദക്ക് ഒരു വാചകം പോലും പറയാൻ കഴിയാത്ത ഒരു മാഷ്’, ‘ഇയാൾ മന്ദബുദ്ധി ആണോ’?
‘അന്തംകമ്മി എന്ന് പറഞ്ഞാൽ ഇതാണ്’ എന്നിങ്ങനെ ഒക്കെയാണ് ഈ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
ചില കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിലും മറ്റു ചില പ്രൈവറ്റ് അക്കൗണ്ടുകളിലും ഈ വീഡിയോ സമാന ക്യാപ്ഷനോട് കൂടി പ്രചരിച്ചിട്ടുണ്ട്. 38,000 ലധികം അംഗങ്ങൾ ഉള്ള ‘Congress keralam – INC’ എന്ന ഗ്രൂപ്പിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തിലധികം ഫോളോവെർസ് ഉള്ള ‘ബിജെപി കേരളം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ഈ വീഡിയോ പ്രചരിച്ചിട്ടുണ്ട്.
പതിനേഴ് സെക്കന്റുള്ള വീഡിയോയുടെ തുടക്ക ഭാഗത്തു തന്നെ ഒരു കട്ട് വരുന്നതു കാണാം. പ്രസ് മീറ്റ് വീഡിയോ എഡിറ്റഡ് ആണ് എന്നതിന്റെ സൂചനയാണിത്. പന്ത്രണ്ടാം സെക്കന്റിലും ഒരു കട്ട് വരുന്നുണ്ട്. വീഡിയോ എഡിറ്റഡ് ആണോ എന്ന് മനസിലാക്കുന്നതിനായി പ്രചരിക്കുന്ന പതിനേഴു സെക്കന്റ് വീഡിയോയുടെ ഒറിജിനൽ വീഡിയോ കണ്ടെത്തി.
“സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന്റെ വലിയ തകര്‍ച്ചയ്ക്ക് വഴിവെക്കും, മൂന്നാംടേം അനിവാര്യം” എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ ഇതിന്റെ ഒറിജിനൽ വീഡിയോ കണ്ടു, മാർച്ച് പത്തൊൻപതിനാണ് ആ വീഡിയോ, മാതൃഭൂമിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വലിയ രീതിയിലുള്ള തകർച്ചയ്ക്ക് രൂപം നൽകിയിട്ടുള്ള ഒന്നായിരിക്കും ഇപ്പോഴത്തെ സ്ഥാനാർഥി നിർണ്ണയം എന്നാണ് സെക്രട്ടറി പറയുന്നത്. പക്ഷെ വീഡിയോ തുടർന്ന് കണ്ടാൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തെ കുറിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നതെന്ന് മനസ്സിലാകും .
“ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള യാത്ര അതിശക്തിയായ രീതിയിൽ ജനങ്ങളാകെ ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ”… ഇങ്ങനെയാണ് എം വി ഗോവിന്ദൻ സംസാരിക്കുന്നത്.
ഈ വാചകത്തെയാണ് ചിലർ കട്ട് ചെയ്യുകയും സെക്രട്ടറിയുടെ തന്നെ മറ്റൊരു വാചകത്തിന്റെ കൂടെ ചേർക്കുകയും ചെയ്തത്.
എ എൻ ഐ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിന് മുൻപ് അതിന്റെ വസ്തുത പരിശോധിക്കുക.
