വിദ്വേഷം പ്രചരിപ്പിച്ച് തീവ്ര വലത് പക്ഷവും മത യാഥാസ്ഥിതികരും: മലയാളികളുടെ ഓണാഘോഷം അസ്വസ്ഥരാക്കുന്നത് ആരെ?

വിദ്വേഷം പ്രചരിപ്പിച്ച് തീവ്ര വലത് പക്ഷവും മത യാഥാസ്ഥിതികരും: മലയാളികളുടെ ഓണാഘോഷം അസ്വസ്ഥരാക്കുന്നത് ആരെ?

യുവതീയുവാക്കളുടെ ആഘോഷ പ്രകടനങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഓണപ്പാട്ടുകളും നൃത്തവും മാവേലിയുമെല്ലാമായി ക്യാംപസുകളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നുമുള്ള റീലുകൾ വൈറലാണ്. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മതപരമായ വിദ്വേഷ പ്രചാരണത്തിന് ഓണാഘോഷ ദൃശ്യങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഒരു വിഭാഗം ആളുകൾ.

പൊതു ഇടങ്ങളിലെ ഓണാഘോഷമാണ് കേരളത്തിൽ ഓണത്തിന്റെ വരവറിയിക്കുന്നത്. ഒരാഴ്ച മുൻപ് തന്നെ, സ്‌കൂളുകൾ, കോളേജുകൾ സർക്കാർ ഓഫീസുകൾ, വ്യവസായ ശാലകൾ, ആശുപത്രികൾ, വിവിധ ക്ലബുകൾ എന്നിവിടങ്ങളിലെല്ലാം ഓണാഘോഷങ്ങൾ നടന്നുകഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ റീലുകളായും പോസ്റ്റുകളായുമെല്ലാം അവ വലിയ തോതിൽ പ്രചരിച്ചു. മിക്ക വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അതേ സമയം കേരളത്തിലെ ഓണാഘോഷം ഒരു വിഭാഗം ആളുകളെനന്നായി അസ്വസ്ഥരാക്കുന്നുമുണ്ട്. തട്ടമിട്ടവരും പൊട്ടു തൊട്ടവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതും സദ്യ ഉണ്ണുന്നതും പലർക്കും ഇഷ്ടമായിട്ടില്ല. ‘ഹിന്ദുക്കളുടെ ഓണം’ എങ്ങനെയാണ് വ്യത്യസ്ത മത വിഭാഗക്കാർ കൂടി ആഘോഷിക്കുന്നത് എന്നാണ് അവരുടെയെല്ലാം സംശയം. ഓണത്തിന് ‘അന്യ പുരുഷന്മാരുടെ’ കൂടെ നൃത്തം വയ്ക്കുന്ന പെൺകുട്ടികളെ വേശ്യാനൃത്തം ചെയ്യുന്നവർ എന്നാണ് വേറൊരു വിഭാഗം ആളുകൾ വിളിക്കുന്നത്. ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് എന്ന് നിരവധി പേർ പ്രതികരിക്കുന്നുണ്ടെങ്കിലും  മലയാളികളുടെ ഓണാഘോഷ പോസ്റ്റുകൾ വെറുപ്പ് പ്രചരിപ്പിക്കുന്നവർക്ക് ആയുധമായി മാറുകയാണ്. 

സൈബർ ഇടങ്ങളിൽ കൃത്യമായ അജണ്ടയോടെ ആസൂത്രണം ചെയ്യപ്പെടുന്ന ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ ആരാണ്?

ഓണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവർ

എക്സിൽ ഇപ്പോൾ ഓണവുമായി ബന്ധപ്പെട്ട വൈറൽ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്നത് മിക്കതും വിദ്വേഷ പോസ്റ്റുകൾ ആണ് എന്നുപറയാം. #ഓണം #Onam 2026 എന്നീ ടാഗുകൾ സെർച്ച് ചെയ്തുനോക്കുമ്പോൾ അതിൽ ഓണത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന നിരവധി പോസ്റ്റുകൾ കാണാം. അധികം ഫോളോവേഴ്സ് ഇല്ലാത്ത അക്കൗണ്ടുകളും ഇത്തരം പോസ്റ്റുകൾ പങ്കുവെക്കുന്നതിൽ മുന്നിലുണ്ട് എന്നുപറയാം.

ഓണം ഹൈന്ദവരുടെ ആഘോഷമാണ് അതിൽ പങ്കെടുക്കരുത് എന്നാണ് ഒരു പോസ്റ്റിൽ പറയുന്നത്. തലയിൽ തട്ടമിട്ട് സ്റ്റേജിൽ നൃത്തം ചെയ്യുന്ന പെൺകുട്ടികളെയാണ് ആ വീഡിയോയിൽ കാണുന്നത്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

വിഷ്ണുവിൻ്റെ അവതാരമായ വാമനൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഓണാഘോഷത്തിൽ പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ആണിത്. രണ്ടായിരത്തിൽ താഴെ ഫോളോവേഴ്സ് മാത്രമാണ് ഈ അക്കൗണ്ടിൽ ഉള്ളത്.

ഓണം ഹിന്ദുക്കളുടേത് മാത്രമാണ് എന്ന് അവകാശപ്പെടുന്ന നിരവധി പോസ്റ്റുകൾ എക്സിൽ വൈറലാണ്. വലതുപക്ഷ അക്കൗണ്ടുകൾ തന്നെയാണ് ഇത്തരം പ്രചാരണങ്ങൾക്ക്  മുന്നിലുള്ളത്. എക്സിൽ 10,000ത്തിലധികം ഫോളോവേഴ്സ് ഉള്ള ‘MONK BHARATH’ എന്ന വെരിഫൈഡ് അക്കൗണ്ടിലും ഈ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

‘DuttonRacist’ എന്ന അക്കൗണ്ടും ഇതിന് സമാനമായ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. അറബികൾ അവരുടെ ആഘോഷങ്ങൾ മാത്രം കൊണ്ടാടണമെന്നും ഈ പോസ്റ്റ് പറയുന്നുണ്ട്. ക്ഷേത്രങ്ങളിൽ റീൽസ് എടുക്കാൻ വരുന്നവരെ അടിക്കും എന്നുവരെ ഈ പോസ്റ്റിൽ പറയുന്നുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

നരേന്ദ്രമോദിയെ കുറിച്ചുള്ള പോസ്റ്റുകൾ ദിനംപ്രതി പങ്കുവയ്ക്കുന്ന ഒരു അക്കൗണ്ട് ആണിത്.

തൊടുപുഴ പാലമല മുഹ്യുദ്ദീൻ ജുമാ മസ്ജിദ്, ഇമാം ആഷിഖ് ദാരിമി മുസ്ലിംകൾ ഓണം ആഘോഷിക്കരുത് എന്നും ആഘോഷങ്ങളിൽ പങ്കെടുക്കരുത് എന്നു പറയുന്ന രണ്ട് വർഷം മുൻപത്തെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നതായി കണ്ടു. 

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഈ വീഡിയോ റീ ഷെയർ ചെയ്തുകൊണ്ടും ഇപ്പോഴത്തെ ഓണാഘോഷ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവരുണ്ട്. കോളേജുകളിലെയും സ്‌കൂളുകളിലെയും ഓണാഘോഷ വീഡിയോകൾ തന്നെയാണ് വിദ്വേഷ പ്രചാരണങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്.

തട്ടമിട്ട പെൺകുട്ടികൾ ഓണം ആഘോഷിച്ചുകൂടാ!

കോളേജുകളിൽ ഓണാഘോഷ പരിപാടിക്ക് ഹിജാബ് ധരിച്ച് ഓണം ആഘോഷിക്കുന്ന പെൺകുട്ടികളെ കളിയാക്കുന്ന നിരവധി പോസ്റ്റുകൾ എക്സിൽ കാണാം. ഇപ്പോഴത്തെ ഓണാഘോഷ പരിപാടിക്ക് മുഴുവൻ ‘ജിഹാദികൾ’ ആണെന്നും ഓണത്തെ ജിഹാദികൾ കൊന്നു എന്നും പറയുന്ന പോസ്റ്റുകൾ ഉണ്ട്.

16.4K ഫോളോവേഴ്സ് ഉള്ള ‘MAHARATHY’ എന്ന എക്സ് അക്കൗണ്ടിലും മുസ്ലിം പെൺകുട്ടികൾ ഓണം ആഘോഷിക്കുന്നതിനെതിരെ ഉള്ള പോസ്റ്റുകൾ കാണാം. ‘മുസ്ലിങ്ങളുടെ ഓണാഘോഷത്തിന് കൈയ്യടിക്കുന്ന’ ഹിന്ദുക്കളെ കുറ്റം പറയുന്ന ഒരു പോസ്റ്റാണ് ഈ അക്കൗണ്ട് പങ്കുവെച്ചിട്ടുള്ളത്. 

‘MAHARATHY’ എന്ന അക്കൗണ്ടിലെ എക്സ്പോസ്റ്റ്, സ്ക്രീൻഷോട്ട്

ഓഗസ്റ്റ് 26 ആം തീയതി പങ്കുവച്ച ഈ പോസ്റ്റ് ഇതുവരെ (24/8/26) രണ്ടായിരത്തിൽ കൂടുതൽ ആളുകൾ കണ്ടിട്ടുണ്ട്. 

തട്ടമിട്ട് നൃത്തം ചെയ്യുന്ന പെൺകുട്ടികളെ അധിക്ഷേപിക്കുന്ന നിരവധി പോസ്റ്റുകൾ എക്സിൽ കാണാം. ഇക്കാര്യത്തിൽ ഇസ്ലാം അനുകൂല അക്കൗണ്ടുകളും ഒട്ടും കുറവല്ല. ആയിരത്തോളം ഫോളോവേഴ്സ് ഉള്ള ‘Asma Anjum Khan’ അതിലൊന്നാണ്.

ഹിജാബ് ധരിച്ചുള്ള ഡാൻസ് ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ട മുജ്‌റ നൃത്തമാണെന്നാണ് ചില പോസ്റ്റുകൾ പറയുന്നത്. 

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഹിജാബ് ധരിച്ച് ഡാൻസ് കളിക്കുന്ന പെൺകുട്ടികളുടെ വീഡിയോക്ക് താഴെ വരുന്ന കമൻ്റുകളും അധിക്ഷേപകരമാണ്.

മുസ്ലിങ്ങളെ കൊണ്ട് ഓണം ആഘോഷിക്കുന്ന ‘മലയാളി ഹിന്ദുക്കളുടെ മിടുക്ക്’

വിഷ്ണുവിൻറെ ഉത്സവമായ ഓണം മുസ്ലിങ്ങളെ കൊണ്ട് ആഘോഷിപ്പിക്കുന്നത് മലയാളി ഹിന്ദുക്കളുടെ തന്ത്രമാണ് എന്ന് പറയുന്ന പോസ്റ്റുകൾ എക്സിൽ നിരവധിയുണ്ട്.

“മലയാളി ഹിന്ദുക്കൾ ഡബിൾ ഏജൻറുകളാണ്. അവർ ഓണത്തിൻ്റെ പേരിൽ മുസ്ലിങ്ങളെ കൊണ്ട് വിഷ്ണുവിനെ ആരാധിക്കുന്നു എന്ന് പരിഹാസരൂപേണ പറയുന്ന ഒരു പോസ്റ്റ് എക്സിൽ വൈറലാണ്.

‘Gudumba Satti’ എന്ന എക്സ് പോസ്റ്റിലാണ് ഇങ്ങനെയൊരു പോസ്റ്റ് വന്നിട്ടുള്ളത്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഇപ്പോൾ മുസ്ലിങ്ങളും കൂടി ഓണം ആഘോഷിച്ചു തുടങ്ങി, നാളെ ഓണത്തിന് പ്രധാനമായ സദ്യയിൽ നോൺവെജ് വിഭവങ്ങൾ കൂടി വരാൻ സാധ്യതയുണ്ട് എന്ന് പറയുന്ന പോസ്റ്റുകളും എക്സിൽ കാണാം.

മലയാളികളുടെ ഓണാഘോഷത്തിനെതിരെ, വടക്കേ ഇന്ത്യയിൽ നിന്നുള്ള പോസ്റ്റുകൾക്ക് പ്രതികരണ പോസ്റ്റുകൾ നിരവധിയാണ് ഇതിന് പിന്നാലെ വന്നിട്ടുള്ളത്. മലയാളി ഇൻഫ്ലുവൻസർമാരും മറുപടി വീഡിയോകളുമായി രംഗത്തുവന്നു. പക്ഷേ ഇപ്പോഴും മലയാളികളുടെ ഓണാഘോഷ വീഡിയോകൾ സൈബർ ഇടങ്ങളിൽ വിദ്വേഷം നിറച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ പക്ഷപാതിത്വമുള്ള വലതുപക്ഷ പേജുകൾ മാത്രമല്ല തീവ്ര ഇസ്ലാം പക്ഷ പേജുകളും ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ തന്നെയുണ്ട്.






സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top