വി ഡി സതീശൻ എക്‌സിൽ പങ്ക് വെച്ച ആ ചിത്രം വ്യാജമാണോ? ഫാക്ട് ചെക്ക് 

വി ഡി സതീശൻ എക്‌സിൽ പങ്ക് വെച്ച ആ ചിത്രം വ്യാജമാണോ? ഫാക്ട് ചെക്ക് 

കേരളത്തെ നടുക്കിയ വൻ ദുരന്തമാണ് ഇന്നലെ തൃശൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൃശ്ശൂരിലെ മുണ്ടത്തിക്കോട് പടക്കശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോഴെല്ലാം വ്യാജ ചിത്രങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്നത് പതിവാണ്. മുൻകാലങ്ങളിൽ സംഭവിച്ച സമാന ദുരന്തങ്ങളുടെ ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നതും സാധാരണ നടക്കാറുണ്ട്. 

മുണ്ടത്തിക്കോട് അപകടവുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ചില പഴയ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പലരും പഴയതോ അല്ലെങ്കിൽ വ്യാജമോ ആണെന്നറിയാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനായി അങ്ങനെ ചെയ്യുന്നവരും ഉണ്ടാകാം. എന്നാൽ  പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് തന്നെ ഇത്തരത്തിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന പോസ്റ്റുകൾ വന്നാലോ? കൂടുതൽ ഗൗരവത്തോടെ കാണേണ്ട കാര്യമാണത്. 

ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇത്തരത്തിൽ ഒരു തെറ്റായ ഫോട്ടോ ഉൾപ്പെടുത്തിയിട്ടുള്ളത്.

വി.ഡി സതീശൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് 

2026 ഏപ്രിൽ 21 വൈകുന്നേരം 6.04 ന് പോസ്റ്റ് ചെയ്ത ഈ പോസ്റ്റ് ഇതിനകം 3,451 ആളുകളാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇത്  ഒരു പഴയ ചിത്രമാണെന്നാണ് അന്വേഷണത്തിൽ കണ്ടത്താനായത്.  “ദി സൌത്ത് ഇന്ത്യ ടൈംസ് എന്ന ഓൺലൈൻ മാധ്യമവും അവരുടെ ലേഖനത്തിൽ ഈ ചിത്രം തൃശ്ശൂർ സ്ഫോടനവുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചതായി കാണുന്നു.

THE SOUTH INDIA TIMES അവരുടെ ആർട്ടിക്കിളിൽ ചിത്രം ഉപയോഗിച്ചതിന്റെ സ്ക്രീൻഷോട്ട് 

എന്നാൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇത് പഴയ ചിത്രമാണെന്ന് ഞങ്ങൾ കണ്ടെത്തി.“ഡെക്കാൻ ഹെറാൾഡ്” പത്രം 2024 ഒക്ടോബർ 28ന് അവരുടെ  ലേഖനത്തിൽ ഈ ചിത്രം  ഉപയോഗിച്ചിട്ടുണ്ട്. 2024 ലെ തൃശ്ശൂർ പൂരം സംബന്ധിച്ച വിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സർക്കാരിനെ വിമർശിച്ചതും, ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതുമാണ് വാർത്തയുടെ ഉള്ളടക്കം.

“തൃശൂർ പൂരം ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട്, 2024 ഏപ്രിൽ 20 ശനിയാഴ്ച.” എന്ന ക്യാപ്ഷനോടെ DECCAN HERALD അവരുടെ ആർട്ടിക്കിളിൽ ചിത്രം ഉപയോഗിച്ചതിന്റെ സ്ക്രീൻഷോട്ട്.

ഇത് കൂടാതെ  “ദി ഹിന്ദു” പത്രവും 2024 ഏപ്രിൽ 20ന് പങ്കുവെച്ച ലേഖനത്തിൽ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. മുണ്ടത്തിക്കോട് അപകടത്തിന്റേതാണ് എന്ന രീതിയിൽ പ്രതിപക്ഷ നേതാവ് പോസ്റ്റ് ചെയ്തത്  2024 ലെ തൃശൂർ പൂരത്തിൽ നിന്നും എടുത്ത ചിത്രമാണെന്നും ഇന്നലെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടതല്ല എന്നും വ്യക്തമാണ്.

 


റിൻഷ എം കെ

റിൻഷ എം കെ

റിൻഷ എം കെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാധ്യമ വിദ്യാർത്ഥിയാണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top