ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി കളയുമോ? ഒരു സ്ഥിതിവിവര വിശകലനം 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി കളയുമോ? ഒരു സ്ഥിതിവിവര വിശകലനം 

2025 ജൂലൈ.

ഇന്ത്യയിലെ പ്രമുഖ ഐടി സേവന ദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) തലക്കെട്ടുകളിൽ നിറഞ്ഞു. ഉന്നത തലത്തിലും മധ്യ നിരയിലുമായി ജോലിചെയ്തിരുന്ന 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടാണ് ഇവർ വാർത്ത സൃഷ്ടിച്ചത്. ടിസിഎസിലെ മൊത്തം ജീവനക്കാരുടെ രണ്ടു ശതമാനത്തോളം വരുമിത്. ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായാണ് ജീവനക്കാരെ കൂട്ടമായി പിരിച്ച് വിട്ടതെന്നും അതിൽ നിർമ്മിത ബുദ്ധിക്ക് (AI) പങ്കൊന്നുമില്ലെന്നുമാണ് ടിസിഎസ് നൽകിയ വിശദീകരണം. എന്നാൽ ഇത് നിർമ്മിത ബുദ്ധി കാരണമുണ്ടാകാവുന്ന തൊഴിൽ പ്രശ്നങ്ങളുടെ തുടക്കം മാത്രമാണെന്നാണ് മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടിയത്. കോഡിംഗ്, ടെസ്റ്റിംഗ്, സാങ്കേതിക പിന്തുണ തുടങ്ങിയ ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുക്കാത്ത ജീവനക്കാരുടെ തസ്തികകൾ റദ്ദാക്കപ്പെടാൻ സാധ്യതയേറെയാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തി.

‘ഔട്ട്സോഴ്‌സിംഗ്’ എന്ന വിപണി മാതൃക 

സമീപകാലത്ത് ഇന്ത്യയിലെ തൊഴിൽ മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കിയ ഒന്നാണ് ഐ ടി, ബിസിനസ് പ്രൊസസ് മാനേജ്‌മെന്റ് (IT-BPM) മേഖലയുടെ വളർച്ച. വിദേശ കമ്പനികൾക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ വികസനം, ആപ്ലിക്കേഷൻ നിർമ്മാണം, ഡാറ്റാ പരിപാലനം, കോർപ്പറേറ്റ് സേവനങ്ങൾ എന്നിവ കുറഞ്ഞ ചെലവിൽ ലഭ്യമാക്കിക്കൊണ്ടാണ് ഈ മേഖല അടിത്തറയിട്ടത്. ‘ഔട്ട്സോഴ്‌സിംഗ്’ (outsourcing) എന്നറിയപ്പെട്ട ഈ വ്യവസായ മോഡൽ, ഒട്ടനവധി അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്കെത്തിച്ചു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള എൻജിനീയറിങ് ബിരുദധാരികളുടെ സാന്നിധ്യവും, ഇന്ത്യയിലെ കുറഞ്ഞ വേതന നിരക്കുമാണ് കമ്പനികളെ ഇങ്ങോട്ടേക്ക് ആകർഷിച്ച പ്രധാന ഘടകം. അതായത്, കമ്പനികൾക്ക് മറ്റ് രാജ്യങ്ങളിൽ നൽകേണ്ടി വരുന്നതിലും വളരെ കുറഞ്ഞ കൂലിയിൽ അതേ ജോലി ഇന്ത്യയിൽ നിന്ന് ചെയ്തു കിട്ടും. 1991-ൽ നടപ്പിലാക്കിയ സാമ്പത്തിക ഉദാരവൽക്കരണ (Liberalisation) നയങ്ങളാണ് ഈ മേഖലയുടെ കുതിപ്പിന് വഴിയിട്ടത്.

ഇന്ന് രാജ്യത്തെ തൊഴിൽ വിപണിയിൽ ഒഴിച്ചു കൂടാനാകാത്ത കണ്ണിയായി ഐടി ഔട്ട്സോഴ്സിംഗ് മേഖല മാറിയിട്ടുണ്ട്. കണക്കുകൾ പ്രകാരം, പ്രതിവർഷം 3 ലക്ഷത്തോളം കോടി രൂപയുടെ വരുമാനം ഈ മേഖലയ്ക്കുണ്ട്. രാജ്യത്തിന്റെ ആകെ ജിഡിപി യുടെ 7 ശതമാനത്തിലധികം വരുമിത്. മൊത്തം സേവന കയറ്റുമതിയുടെ 80 ശതമാനവും സംഭാവന ചെയ്യുന്നതും സോഫ്റ്റ്വെയർ, ബാക്ക് ഓഫീസ് ജോലികൾ തന്നെയാണ്. 56 ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന ഈ രംഗം, രാജ്യത്തേക്ക് വൻതോതിൽ വിദേശനാണ്യം എത്തിക്കുന്ന പ്രധാന സ്രോതസ്സു കൂടിയാണ്. ഇതിനുപുറമേ, ശക്തമായൊരു നഗര കേന്ദ്രീകൃത മധ്യവർഗ സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ഐടി മേഖല വഹിച്ച പങ്ക് വലുതാണ്. ബെംഗളൂരു, ഹൈദരാബാദ്, പുണെ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ്, വാഹന, റീട്ടെയിൽ വിപണികളുടെ ഉണർവിന് പ്രധാന കാരണമായത് ഈ മേഖലയിലെ ജീവനക്കാരുടെ സാമ്പത്തിക പ്രാപ്തിയായിരുന്നു.

മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം പേരുടെ പണി പോയേക്കും!

എന്നാൽ, വൻതോതിൽ മനുഷ്യവിഭവശേഷിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഈ പരമ്പരാഗത ഐടി ബിസിനസ് മോഡൽ ഇന്ന് ജനറേറ്റീവ് എഐയുടെയും ഓട്ടോമേഷൻ സാങ്കേതികവിദ്യകളുടെയും കടന്നുവരവോടെ വലിയ ഭീഷണി നേരിടുകയാണ്. സോഫ്റ്റ്‌വെയർ കോഡുകൾ എഴുതുന്നതും, കസ്റ്റമർ സപ്പോർട്ട് കൊടുക്കുന്നതുമായ ജോലികൾക്കാണ് വിദേശ കമ്പനികൾ ഇന്ത്യൻ ജോലിക്കാരെ വലിയ തോതിൽ ആശ്രയിച്ചിരുന്നത്. എന്നാൽ പുതുതായെത്തിയ ജനറേറ്റീവ് എഐ മോഡലുകൾക്ക് ഇത്തരം ജോലികൾ പൂർണമായും ചെയ്യാൻ സാധിക്കും. ഇത് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടാക്കി. ഇതിന് പിന്നാലെ, ചെലവ് ചുരുക്കലിനായി മനുഷ്യർക്ക് പകരം സാങ്കേതികവിദ്യയെ ഉപയോഗിക്കാൻ കമ്പനികൾ തുടങ്ങിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷത്തോളം ഐടി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് മേഖലയിലെ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

എഐ പഠിച്ചില്ലെങ്കിൽ തൊഴിൽ സാധ്യത കുറയുമെന്ന് ഐഎംഎഫും 

ഇന്ത്യൻ തൊഴിൽ വിപണിയിൽ എഐ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധി (IMF) 2025 ൽ പുറത്തുവിട്ട റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ തൊഴിൽ ശക്തിയുടെ 43 ശതമാനത്തോളം ഇപ്പോഴും കാർഷിക മേഖലയിലാണ്. ജിഡിപിയുടെ 15 മുതൽ 16 ശതമാനം വരെ മാത്രം സംഭാവന ചെയ്യുന്ന ഈ മേഖലയിൽ ഇതുവരെയും നിർമിത ബുദ്ധിക്ക് കടന്ന് കയറാൻ സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. അതിനാൽ തന്നെ, ഉൽപ്പാദന-സേവന മേഖലകളിലേക്ക് ചുവടുമാറ്റം നടത്തിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ തൊഴിൽ മേഖലയിൽ എഐ ചെറിയ തോതിലേ ബാധിക്കാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര നാണയ നിധി നടത്തിയ പഠനപ്രകാരം ഇന്ത്യയിലെ 26 ശതമാനം തൊഴിലാളികളും ശക്തമായ എഐ സ്വാധീനമുള്ള മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ 14 ശതമാനം പേർക്ക് ഉൽപ്പാദനക്ഷമതയും വേതനവും വർദ്ധിപ്പിക്കുന്നതിന് എഐ സാങ്കേതികവിദ്യ സഹായകമാകുന്നുണ്ട്. എന്നാൽ 12 ശതമാനം പേരുടെ ജോലികൾ എഐ കാരണം പൂർണ്ണമായി ഇല്ലാതാകാൻ സാധ്യതയുണ്ട്. തൊഴിൽ വിപണിയിലുണ്ടാകുന്ന ഈ മാറ്റങ്ങൾക്ക് അനുസൃതമായി രാജ്യത്തെ തൊഴിൽ ശക്തിയെ സജ്ജരാക്കിയില്ലെങ്കിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക കൂടുതൽ പ്രയാസമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഔട്ട്സോഴ്‌സിംഗിൽ നിന്ന് പിൻവാങ്ങുന്ന അന്താരാഷ്ട്ര കമ്പനികൾ 

സേവനങ്ങൾ ബാഹ്യ കരാറുകൾ വഴി നൽകുന്ന ‘ഔട്ട്സോഴ്‌സിംഗ്’ രീതിയിൽ നിന്ന് ആഗോള കോർപ്പറേറ്റുകൾ പിൻമാറുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ‘ഇൻസോഴ്‌സിംഗ്’ (കമ്പനിക്കുള്ളിൽ തന്നെ ജോലികൾ പൂർത്തീകരിക്കുക) രീതിയിലേക്കുള്ള മാറ്റമാണ് സംഭവിക്കുന്നത്. മുൻകാലങ്ങളിൽ കമ്പനികൾ ടെക് സപ്പോർട്ട്, ശമ്പള ക്രമീകരണം തുടങ്ങിയ അനുബന്ധ ജോലികൾക്കാണ് പുറംകരാർ നൽകിയിരുന്നത്. ഏതൊരു വ്യവസായത്തിന്റെയും നട്ടെല്ലായി വിവര സാങ്കേതിക വിദ്യ മാറിയതോടെ രഹസ്യ സ്വഭാവം നിലനിർത്തേണ്ട ജോലികൾ ഔട്ട്സോഴ്സ് ചെയ്യുന്നത് കമ്പനികൾ കുറച്ചിരുന്നു. ഒരു ബാങ്കിനെ ഉദാഹരണമായെടുക്കാം. പണമിടപാടുകൾ നടത്താൻ മാത്രമാകുമ്പോൾ സാങ്കേതിക വിദ്യയ്ക്കായി ബാങ്കുകൾക്ക് മറ്റ് കമ്പനികളെ ആശ്രയിക്കാം. എന്നാൽ, വായ്പ നൽകുന്നതുപോലെയുള്ള പ്രധാന തീരുമാനങ്ങൾക്കായി ഇതേ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടി വന്നാൽ അത് സ്ഥാപനത്തിന് ഉള്ളിൽ തന്നെ നിർവ്വഹിക്കേണ്ടി വരുന്നു. ഇതോടെ ഈ ബാങ്കിന് സേവനം നൽകിയിരുന്ന ഐടി സ്ഥാപനം പ്രതിസന്ധിയിലാകും. വിദേശ കമ്പനികളുടെ ഔട്ട്സോഴ്സിംഗ് ജോലികൾ ചെയ്തിരുന്ന ഇന്ത്യൻ ഐടി കമ്പനികളെ ഈ മാറ്റം സാരമായി ബാധിച്ചു. സ്വാഭാവികമായും ഇതുവഴി ഉണ്ടാകേണ്ടിയിരുന്ന തൊഴിൽ സാധ്യതകളിലും ഇടിവുണ്ടായി. 

എഐ അധിഷ്ഠിത കോഡിങ് ടൂളുകൾ ലഭ്യമായതോടെ കൂടുതൽ ഐടി പ്രവർത്തനങ്ങൾ സ്വന്തമായി ചെയ്യാൻ കമ്പനികൾക്ക് സാധിക്കുന്നുണ്ട്. കോഡിങ്ങിനായി ഇന്ത്യൻ ഐടി സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന ഒരു കമ്പനിക്ക്, എഐ യുടെ വരവോട് കൂടി അത് മുഴുവനായി കമ്പനിക്കുള്ളിൽ തന്നെ നടത്താൻ സാധിച്ചു. ഉദാഹരണത്തിന്, ആഗോള റെസ്റ്റോറന്റ് ശൃംഖലയായ സ്റ്റാർബക്സ്, ഡിജിറ്റൽ പണമിടപാടിനും സ്റ്റോക്ക് നിരീക്ഷണത്തിനുമായുള്ള ‘പോയിന്റ് ഓഫ് സെയിൽ’ (POS) സോഫ്റ്റ്വെയറുകൾക്കായി ആശ്രയിച്ചിരുന്നത് ഇന്ത്യൻ ഐടി കമ്പനികളെയാണ്. ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ കമ്പനികളാണ് സ്റ്റാർബക്സിന് സാങ്കേതിക പിന്തുണ നൽകിയിരുന്നത്. എന്നാൽ എഐ സംവിധാനമുപയോഗിച്ച് ഇത്തരം സോഫ്റ്റ്വെറുകൾ സ്വന്തമായി വികസിപ്പിക്കാനൊരുങ്ങുകയാണ് സ്റ്റാർബക്സ്. 2027 ഓടെ അവർ സ്വന്തം സോഫ്റ്റ്വെറുകൾ ഉപയോഗിച്ചാകും പ്രവർത്തിക്കുക. ഇതോടെ, സ്റ്റാർബക്സിനെ ആശ്രയിച്ചിരുന്ന കമ്പനികളും ഔട്ട്സോഴ്സിങ് ജീവനക്കാരും പ്രതിസന്ധിയിലാകും.

ഇനിയും കമ്പ്യൂട്ടർ സയൻസ് തന്നെ പഠിക്കണോ?

ഘടനാപരമായ ഈ മാറ്റം കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളെയാണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഐടി കൺസൾട്ടിംഗ് മേഖലയിലെ തുടക്കക്കാരുടെ പ്രതിവർഷ ശമ്പളം കഴിഞ്ഞ ഇരുപത് വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. പ്രതിവർഷം 3.1 ലക്ഷം രൂപയാണ് ഇവരുടെ ശരാശരി വേതനം. എന്നിരുന്നാലും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടർ സയൻസ് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. 2010-കളുടെ തുടക്കത്തിൽ ഇത് 3.4 കോടിയായിരുന്നു. എന്നാൽ 2024-ൽ വിദ്യാർത്ഥികളുടെ എണ്ണം 4.5 കോടിയായി ഉയർന്നു. തൊഴിൽ വിപണിക്ക് ആവശ്യമായ നൈപുണ്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും, എഐ പരിജ്ഞാനമുള്ളവരെയാണ് കമ്പനികൾ തിരയുന്നതെന്നും മേഖലയിലെ വിദഗ്ദർ വ്യക്തമാക്കുന്നു. പ്രമുഖ തൊഴിൽ സേവന പോർട്ടലായ നൗക്രിയുടെ (NAUKRI) കണക്കുകൾ പ്രകാരം, ഐടി ജീവനക്കാരുടെ ആവശ്യകതയിൽ കഴിഞ്ഞ വർഷം മാത്രം 3 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഇതേ സമയം, എഐ, മെഷീൻ ലേണിംഗ് മേഖലകളിലെ തൊഴിൽ അവസരങ്ങളിൽ 25 ശതമാനം വർദ്ധനവുണ്ടായി.

എഐ അറിയാവുന്നവർക്ക് മികച്ച അവസരങ്ങൾ, കൂടുതൽ ശമ്പളം 

എന്നാൽ പുതിയ സാങ്കേതികവിദ്യകൾ പഠിച്ചെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച വരുമാനമുള്ള ജോലി ലഭിക്കുന്നുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേക എഐ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് സാധാരണ കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളേക്കാൾ ഇരട്ടി ശമ്പളം ലഭിക്കുന്നുണ്ട്. ഇത് വിദഗ്ധരായ എൻജിനീയർമാർക്ക് മികച്ച അവസരങ്ങൾ നൽകുന്നു. അതേസമയം ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകിയിരുന്ന എൻട്രി ലെവൽ ജോലികൾ ഇല്ലാതാവുകയും ചെയ്യുന്നു.

ഈ വർഷം ഫെബ്രുവരിയിൽ ന്യൂ ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിൽ സംസാരിക്കവെ പ്രമുഖ വ്യവസായി വിനോദ് ഖോസ്‌ല പറഞ്ഞത്, 2030-ഓടെ പരമ്പരാഗത ഐടി സേവനങ്ങളും ഔട്ട്സോഴ്സിംഗ് മേഖലയും പൂർണ്ണമായി ഇല്ലാതാകുമെന്നാണ്. ഈ ദശകത്തിന്റെ അവസാനത്തോടെ എൻട്രി ലെവലിലുള്ള 50 ശതമാനം വെള്ള കോളർ ജോലികളും എഐ ഇല്ലാതാക്കുമെന്നും ഐടി സേവനങ്ങൾ എന്ന സങ്കൽപ്പം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ എഐ സേവനങ്ങൾ രൂപകൽപ്പന ചെയ്യാൻ എൻജിനീയർമാർക്ക് അവസരങ്ങൾ ഉണ്ടാകുമെങ്കിലും, ഈ മാറ്റം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കുമെന്നും വിനോദ് ഖോസ്‌ല പറയുന്നു. 

പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 

ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) 2025 ലെ റിപ്പോർട്ടനുസരിച്ച്, ആഗോള തലത്തിലെ മൊത്തം തൊഴിലുകളുടെ 47 ശതമാനം മനുഷ്യൻ ഒറ്റയ്ക്കും, 30 ശതമാനം മനുഷ്യരും സാങ്കേതികവിദ്യയും ചേർന്നുള്ള സഹകരണത്തിലൂടെയും, 22 ശതമാനം പൂർണ്ണമായി സാങ്കേതികവിദ്യ വഴിയുമാണ് നിർവ്വഹിക്കുന്നത്. 2030-ഓടെ ഇത് മൂന്നും 33 ശതമാനം വീതം പങ്കിടുന്ന രീതിയിലേക്ക് മാറും. അതായത്, സാങ്കേതികവിദ്യ വലിയ തോതിൽ മനുഷ്യരുടെ തൊഴിലുകളേറ്റെടുക്കും എന്നർത്ഥം. ഇൻഷുറൻസ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ ഡിജിറ്റൽ അധിഷ്ഠിത മേഖലകളിലെ 95 ശതമാനം തൊഴിലുകളും മനുഷ്യനെ ഒഴിവാക്കി സാങ്കേതിക വിദ്യ കൊണ്ട് മാത്രം കൈകാര്യം ചെയ്യാവുന്ന തരത്തിലാകുമെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളിൽ മനുഷ്യരും സാങ്കേതികവിദ്യയും തമ്മിലുള്ള സഹകരണത്തിനാണ് സാധ്യത കൂടുതലെന്നും റിപ്പോർട്ട് പറയുന്നു.

World Economic Forum 2025 Future of Jobs Report cover highlighting AI impact on employment
ലോക സാമ്പത്തിക ഫോറത്തിന്റെ 2025 ലെ റിപ്പോർട്ട്

ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടനുസരിച്ച്, 2030 ഓട് കൂടി ഏകദേശം 90 ലക്ഷത്തിലധികം തൊഴിലുകൾ എഐ ഏറ്റെടുക്കും. എന്നാൽ 1.1 കോടി പുതിയ തൊഴിലുകൾ എഐ കാരണം ഉടലെടുക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

ആഗോളതലത്തിൽ നടക്കുന്ന ഈ മാറ്റങ്ങളോട് പ്രതികരിക്കാൻ ഇന്ത്യൻ തൊഴിലുടമകൾ പുനർനൈപുണ്യ (Reskilling) പദ്ധതികൾ ആരംഭിക്കുന്നുണ്ട്. ഇക്കണോമിക് ഫോറം നടത്തിയ സർവേയനുസരിച്ച്, ഇന്ത്യൻ തൊഴിലുടമകളിൽ 86 ശതമാനം പേരും തങ്ങളുടെ ജീവനക്കാരെ എഐ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകാൻ പദ്ധതിയിടുന്നു. ആഗോള തലത്തിൽ ഇത്തരം പദ്ധതിയുള്ള തൊഴിലുടമകൾ 77 ശതമാനം പേരാണ്. കൂടാതെ, 62 ശതമാനം കമ്പനികൾ എഐ അധിഷ്ഠിത വിദഗ്ധരെ നിയമിക്കാനും, 69 ശതമാനം കമ്പനികൾ എഐ ടൂളുകൾ വികസിപ്പിക്കുന്നവരെ കണ്ടെത്താനും ലക്ഷ്യമിടുന്നു. 30 ശതമാനം കമ്പനികൾ, ബിരുദമില്ലെങ്കിലും എഐ നൈപുണ്യമുള്ളവരെ നിയമിക്കുന്ന രീതി പിന്തുടരാനും തീരുമാനിച്ചിട്ടുണ്ട്.

ജീവനക്കാരുടെ പുനർനൈപുണ്യ പരിപാടികൾ നടക്കുമ്പോൾ തന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ട്. ആഗോളതലത്തിൽ 41 ശതമാനം തൊഴിലുടമകളും എഐ ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പദ്ധതിയിടുന്നു. ലോക സാമ്പത്തിക ഫോറം റിപ്പോർട്ടനുസരിച്ച്, ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഐടി മേഖലയിൽ ആകെ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത് 1.7 ലക്ഷം പുതിയ ജീവനക്കാർ മാത്രമാണ്. മുൻകാല ശരാശരി 2.3 ലക്ഷമായിരുന്നു. പ്രമുഖ അഞ്ച് ഐടി കമ്പനികളുടെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 7,000 പേരുടെ കുറവുണ്ടായി. ടിസിഎസ് തങ്ങളുടെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് 40,000-ൽ നിന്ന് 25,000 ആയി കുറച്ചു.

നിഫ്റ്റി ഐടി ഇൻഡക്സിലെ കമ്പനികളിലെ ആകെ ജീവനക്കാരുടെ എണ്ണം 2023 ൽ 17.1 ലക്ഷമായിരുന്നു. 2026 ജൂണോടെ ഇത് 16.6 ലക്ഷമായി കുറഞ്ഞിരുന്നു. 2022 വരെ, ഈ കമ്പനികളിലെ തൊഴിലുകളുടെ എണ്ണം പ്രതിവർഷം 6 ശതമാനം വീതം കൂടിയിരുന്നു. എന്നാൽ 2022 അവസാനത്തിൽ പ്രമുഖ എഐ മോഡലായ ചാറ്റ്ജിപിടി യുടെ വരവിന് പിന്നാലെയാണ് തൊഴിലുകളുടെ എണ്ണത്തിൽ ഇത്രയും വലിയ ഇടിവുണ്ടായത്. എന്നാൽ, ഈ തൊഴിൽ നഷ്ടം എഐ മൂലം മാത്രമാണെന്ന് പറയാനാകില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കോവിഡ് കാലത്ത്, ഐടി മേഖലയിൽ തൊഴിലുകളുടെ എണ്ണം കൂടുതലായിരുന്നു. ആ സമയത്ത് നടന്ന അമിത നിയമനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ മേഖലയിൽ ഉണ്ടാകുന്ന തൊഴിൽ നഷ്ടമെന്നാണ് വിലയിരുത്തൽ. കോവിഡ് കാലത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ 9 ശതമാനം അധികം തൊഴിലുകൾ ഇപ്പോഴും ഈ മേഖലയിലുണ്ടെന്നാണ് കണക്ക്.

സാമ്പത്തിക സേവന സ്ഥാപനമായ ജെപി മോർഗൻ ഈ മാറ്റത്തെ സ്വാഭാവികമായ പ്രതിഭാസമായിട്ടാണ് വിലയിരുത്തുന്നത്. പരമ്പരാഗത ഐടി സേവന കമ്പനികൾ വിപണിയിൽ നൽകുന്ന സാങ്കേതിക പിന്തുണ പൂർണ്ണമായി പകരം വെക്കാൻ എഐക്ക് പെട്ടെന്ന് സാധിക്കില്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. എഐ സാങ്കേതികവിദ്യകളുടെ വികസനം ബിസിനസ്സ് സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും, പുതിയ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും പഴയ സാങ്കേതികവിദ്യകൾ നവീകരിക്കുന്നതിനും എഐ സഹായകമാകുമെന്നാണ് ഇൻഫോസിസ് സിഇഒ സലിൽ പരേഖ് ബിബിസി യോട് പറഞ്ഞത്. ഐടി സേവന കമ്പനികളുടെ സഹായം ഉപഭോക്താക്കൾക്ക് കൂടുതൽ ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു. 

ചുരുക്കത്തിൽ, ഇന്ത്യൻ ഐടി മേഖല പെട്ടെന്നുള്ള തകർച്ചയിലല്ല, മറിച്ച് ജീവനക്കാരുടെ പുനർനൈപുണ്യത്തിലൂടെയും സാങ്കേതിക നവീകരണത്തിലൂടെയും മുന്നേറേണ്ട സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് വ്യവസായികളുടെ പക്ഷം.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top