
ഉജ്ജൈനില്‍ തകര്‍ന്നുവീഴുന്നത്
നഗരവികസനത്തിനായി ഉജ്ജൈന്‍ ഷാഹി മസ് ജിദിന് നേരെ ബുള്‍ഡോസര്‍ ഉരുളുമ്പോള്‍ തകര്‍ന്നുവീഴുന്നത്, ഒരു പള്ളി മാത്രമാവില്ല, ചരിത്രത്തിന്‍റേയും സംസ്കാരത്തിന്‍റേയും സ്മരണകള്‍ കൂടിയാവും.
പന്ത്രണ്ട് വർഷങ്ങൾ കൂടുമ്പോൾ മധ്യപ്രദേശിലെ ഉജ്ജൈയിൻ നഗരത്തിൽ ക്ഷിപ്രാ നദീതീരത്ത് ആഘോഷിക്കപ്പെടുന്ന കുംഭമേള അറിയപ്പെടുന്നത് സിംഹസ്ഥ കുംഭമേള എന്നാണ്. അലഹബാദ് കുംഭമേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മതപരമായ ആഘോഷങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. 2028ൽ നടക്കുന്ന ഉജ്ജൈയിൻ സിംഹസ്ഥ കുംഭമേളയിൽ കോടിക്കണക്കിനാളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകരും മധ്യപ്രദേശ് സർക്കാരും പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായി മഹാകാലേശ്വർ ക്ഷേത്രത്തേയും ക്ഷിപ്രനദിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ കാന്താൽ ചൗരായയിൽ നിന്ന് ഗോപാൽ മന്ദിർ വരെയുള്ള 730 മീറ്റർ ദൂരമുള്ള റോഡിന്റെ വീതി 15 മീറ്ററായി വർദ്ധിപ്പിക്കാൻ ഉജ്ജൈയിൻ മുൻസിപ്പൽ കോർപറേഷൻ തീരുമാനിച്ചതാണ് വിവാദത്തിന്റെ ആരംഭം.
ഗോപാൽ മന്ദിറിടുത്ത്, ഛാത്രി ചൗക്കിലാണ് പുരാതനമായ ഷാഹി മസ്ജിദ് നിലകൊള്ളുന്നത്. ഈ പള്ളിയുടെ ഒരു ഭാഗവും റോഡിന് വീതി കൂട്ടാൻ പൊളിച്ച് മാറ്റണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടു. ഷാഹിമസ്ജിദിന് 636 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പുരാവസ്തു വകുപ്പ് പഴക്കം കണക്കാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം ആരാധന നടന്നിട്ടുള്ള ഇടമായി കണക്കാക്കപ്പെടുന്ന ഈ പുരാതന മതസ്ഥാപനം രണ്ട് നിയമങ്ങളാൽ സംരക്ഷിതമാണ്. ഒന്ന് പൈതൃക സ്ഥാപനങ്ങളുടെ സംരക്ഷണ നിയമം, രണ്ട് വഖഫ് ബോർഡിന്റെ കൈവശമുള്ള കെട്ടിടമെന്ന സംരക്ഷണം. ഈ രണ്ട് നിയമങ്ങളും കാറ്റിൽ പറത്തിയാണ് വിവാദങ്ങൾക്കൊടുവിൽ പള്ളിയുടെ ഒരു ഭാഗം പൊളിക്കാൻ മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകിയത്.
ആറൂ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കെട്ടിടത്തിന്, ഭാഗികമായി ഉണ്ടാകുന്ന തകർച്ച ആ കെട്ടിടത്തെ ഒന്നാകെ ബാധിക്കുമെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ പള്ളി പുരാതനവും രജിസ്റ്റർ ചെയ്തതുമായ ഒരു വഖഫ് സ്വത്താണെന്നും, നിർദ്ദിഷ്ട പൊളിച്ചുനീക്കൽ അതിന്റെ പ്രാർത്ഥനാ ഹാളിന്റെ (ജമാഅത്ത് ഖാന) ഒരു ഭാഗവും, 120 അടി ഉയരമുള്ള മിനാരവും, മസ്ഹർ ചൗക്ക് ഷാഹിയും തകർക്കുമെന്നും, ഇത് ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരമുള്ള തങ്ങളുടെ മതവിശ്വാസം ആചരിക്കാനും നിയന്ത്രിക്കാനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് പള്ളിക്കമ്മറ്റി കോടതിയെ സമീപിച്ചു. കൂടാതെ, പൊളിച്ചുനീക്കലിനായി 1956-ലെ മധ്യപ്രദേശ് മുൻസിപ്പൽ കോർപ്പറേഷൻ ആക്ടിലെ 322 അല്ലെങ്കിൽ 323 വകുപ്പുകൾ പ്രകാരമുള്ള നിർബന്ധിത നടപടിക്രമങ്ങൾ കോർപ്പറേഷൻ പാലിച്ചിട്ടില്ലെന്നും, 1995-ലെ വഖഫ് ആക്ട് പ്രകാരം മധ്യപ്രദേശ് വഖഫ് ബോർഡിന് നോട്ടീസ് നൽകിയിട്ടില്ലെന്നും, റോഡ് വികസനത്തിനായി തൊട്ടടുത്തുള്ള തോട്ടവും പള്ളിക്ക് എതിർവശത്തുള്ള വിജനമായ സ്ഥലവും ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങൾ ഉപയോഗിക്കാമായിരുന്നു എന്നും കോടതിയിൽ അവർ ചൂണ്ടിക്കാണിച്ചു.
എന്നാൽ, സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ മുൻസിപ്പൽ കോർപ്പറേഷൻ വാദിച്ചത് പ്രധാനമായും വരുന്ന കുംഭമേളയുടെ വികസനത്തെ മുൻനിർത്തിയാണ്. ഗോപാൽ മന്ദിറിനെ മഹാകാൽ മന്ദിറുമായും ക്ഷിപ്ര നദിക്കരയുമായും ബന്ധിപ്പിക്കുന്ന ഈ പാത ഉത്സവ സമയങ്ങളിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ഉപയോഗിക്കുന്നതാണെന്ന് കോർപറേഷനും സർക്കാരും വാദിച്ചു. ഹർജിക്കാരോട് യാതൊരുവിധ വിവേചനപരമായ നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനായി, ഈ പദ്ധതിക്കായി ഉജ്ജൈയിനിലുടനീളം എൺപതോളം ആരാധനാലയങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നും, നിലവിലെ റോഡിൽ നിന്ന് മാത്രം 10 ക്ഷേത്രങ്ങളും ഒരു പള്ളിയും ഉൾപ്പെടെ 11 ആരാധനാലയങ്ങൾ ഇതിനകം നീക്കം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും കോർപ്പറേഷൻ ചൂണ്ടിക്കാട്ടി. മൊത്തത്തിൽ ഇരുന്നൂറിലധികം കെട്ടിടങ്ങൾ പൊളിക്കുന്നുണ്ടെന്നാണ് ഇവരുടെ വാദം.
എന്നാൽ ഈ പൊളിക്കപ്പെടുന്ന കെട്ടിടങ്ങളിലൊന്നും തന്നെ ഷാഹി മസ്ജിദിനോളം ചരിത്രപരമോ മതപരമോ ആയ പ്രധാന്യമില്ല. ഉജ്ജൈയിനിലെ ഹൈന്ദവവിശ്വാസികളെ സംബന്ധിച്ചടത്തേളം മഹാകാലേശ്വർ ക്ഷേത്രവും ഗോപാൽ ക്ഷേത്രവും എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ മുസ്ലീം മതവിശ്വാസികൾക്ക് ഷാഷി മസ്ജിദ് പ്രധാനമാണ്. അത്തരമൊരു പൗരാണിക പള്ളി പൊളിക്കേണ്ട തരത്തിൽ റോഡിന് വീതി കൂട്ടാനുള്ള നിശ്ചയം കൈക്കൊള്ളുന്നത് സംസ്ഥാത്തിന്റേയും ഉജ്ജൈയിൻ കോർപറേഷന്റേയും ഭരണം ന്യൂനപക്ഷ വിരുദ്ധമായ നിലപാടുകൾക്കൊണ്ട് കുപ്രസിദ്ധയാർജ്ജിച്ച ബി.ജെ.പി ആണെന്നിരിക്കേ വിവാദമുയർന്നത്. സ്വഭാവികമാണ്. റോഡിന് വീതി കൂട്ടണമെങ്കിൽ മറുഭാഗത്തെ കെട്ടിടങ്ങൾ പൊളിക്കുകയോ പള്ളിക്കെതിർ വശത്തുള്ള വിജനമായ സ്ഥലമോ ഏറ്റെടുക്കാനുള്ള പള്ളിക്കമ്മിറ്റിയുടെ ആവശ്യത്തെ നിരാകരിക്കുന്നതും അത്രസ്വഭാവികമല്ല.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഉജ്ജൈയിനിൽ ജനിച്ച് വളർന്ന രാഷ്ട്രീയ പ്രവർത്തകനാണ് എന്നുള്ളതാണ് മറ്റൊരു പ്രധാനമായ കാര്യം. സൗത്ത് ഉജ്ജൈയിൻ മണ്ഡലത്തെ ഒരു ദശാബ്ദത്തിലേറെയായി പ്രതിനിധീകരിക്കുന്ന മോഹൻയാദവിന് നൂറ്റാണ്ടുകളായി പ്രദേശിക മുസ്ലീം വിശ്വാസികളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള മുസ്ലീങ്ങളുടെ ആരാധനാലയങ്ങളിൽ ഒന്നായ ഷാഹിമസ്ജിദിന്റെ ചരിത്രവും പ്രാധാന്യവും വ്യക്തമായി അറിയാവുന്ന ആളുമാണ്. അതുകൊണ്ട് തന്നെയാണ് ഉജ്ജൈയിനിൽ ഷാഹിമസ്ജിദ് കുംഭമേള വികസനത്തിലായി പൊളിച്ച് മാറ്റപ്പെടുന്നതിൽ വലിയ പ്രതിഷേധമുയരുന്നതും.

ശ്രീജിത്ത് ദിവാകരൻ
പ്രിന്റ്, ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമാണ് ശ്രീജിത്ത് ദിവാകരൻ.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക