
ശോഭ സുരേന്ദ്രനെതിരെ അശ്ലീല ആംഗ്യം? ഫാക്ട് ചെക്ക്
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ വോട്ടിന് വേണ്ടി ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും സംഘവും വീട്ടിലെത്തി വയോധികയ്ക്ക് പണം നൽകിയെന്ന ആരോപണം വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. കണ്ണാടി തരുവക്കുറിശ്ശി പ്രദേശത്തെ ഒരു വീട്ടിൽ കയറി വയോധികയ്ക്ക് കയ്യിൽ പണം വച്ച് നൽകുന്ന ഒരു സ്ത്രീയുടെ വീഡിയോ ദൃശ്യമാണ് വൈറലായത്. ഇവർ ശോഭാ സുരേന്ദ്രന്റെ കൂടെ യാത്ര ചെയ്ത ബിജെപി പ്രവർത്തകയാണെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ്/ കെ എസ് യു പ്രവർത്തകരാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. പിന്നാലെ കാറിൽ തന്നെ പിന്തുടർന്നെത്തിയ കോൺഗ്രസ് പ്രവർത്തകരെ പാലക്കാട് നഗരസഭാ മുൻ അധ്യക്ഷ പ്രമീള ശശിധരനും ശോഭ സുരേന്ദ്രനും ചേർന്ന് ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും വൈറലായി. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് വീഡിയോ പകർത്തി മാധ്യമങ്ങൾക്ക് നൽകിയത്.
ശോഭ സുരേന്ദ്രൻ്റെ ഒപ്പം കാറിന്റെ പിൻ സീറ്റിൽ ഇരുന്ന വെള്ള ചുരിദാർ ധരിച്ച യുവതിയാണ് വയോധികയ്ക്ക് പണം നൽകിയത് എന്നാണ് കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെടുന്നത്. വീഡിയോ പകർത്തിയ കോൺഗ്രസ് പ്രവർത്തകരെ ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും കാണാം. പ്രവർത്തകരെ കാണും വിധം ശോഭയും തന്റെ മൊബൈലിൽ വീഡിയോ പകർത്തുന്നുണ്ട്.
ഇതിന് പിന്നാലെ, താൻ വോട്ടിന് പണം നൽകിയെന്ന ആരോപണം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിക്കുകയായിരുന്നു ശോഭ ചെയ്തത്. കാറിലിരുന്ന് യുവാവ് തനിക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചു എന്നും തന്റെ അനുവാദമില്ലാതെ വീഡിയോ പകർത്തിയെന്നുമാണ് ശോഭ മാധ്യമങ്ങളോട് പറഞ്ഞത്.
ശോഭയുടെ വാർത്താസമ്മേളനം കഴിഞ്ഞ് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സൈബർ ഇടങ്ങളിൽ ശോഭയെ അനുകൂലിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ ആണ് വന്നത്. വയോധികയ്ക്ക് മരുന്നു വാങ്ങാൻ ആണ് ശോഭാ സുരേന്ദ്രൻ പണം നൽകിയത് എന്നും ബിജെപി സൈബർ പോരാളികൾ ന്യായീകരിച്ചു. പിന്നീട് ഒരു എഡിറ്റഡ് ചിത്രം അവർ വ്യാപകമായി പ്രചരിപ്പിച്ചു.
വീഡിയോ പകർത്തിയ കെ എസ് യു പ്രവർത്തകൻ മുഹമ്മദ് ഷാ ശോഭക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് ആ പോസ്റ്റുകളെല്ലാം പറയുന്നത്. കെ എസ് യു പ്രവർത്തകൻ ശോഭയ്ക്ക് നേരെ ആക്രോശിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്യുന്ന ഒരു ചിത്രം വച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. മാധ്യമങ്ങളിൽ എങ്ങും കാണാത്ത ആ ദൃശ്യം എങ്ങനെ ബിജെപി സൈബർ പോരാളികൾക്ക് ലഭിച്ചു? എന്താണ് ചിത്രത്തിന് പിന്നിലെ വസ്തുത? ഞങ്ങൾ അന്വേഷിച്ചു.
‘അച്ചു 2.0’ എന്ന ഒരു എക്സ് അക്കൗണ്ടിൽ ഒരു ഫോട്ടോ ഇന്നലെ (08/04/2026) പ്രചരിച്ചിരുന്നു. ” ഷാഫി പറമ്പിൽ ആർമിയിൽ ഉള്ളവനാണ്. ഇതാണ് കോൺഗ്രസുകാരുടെ സംസ്കാരം അമ്മയുടെ പ്രായമുള്ള ആളോടാണ് ഇവൻ ഇത് കാണിക്കുന്നത്” എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. എക്സിലെ ഒരു വെരിഫൈഡ് അക്കൗണ്ടാണ് ഇത്.

16,000 ൽ അധികം പേരാണ് ഈ അക്കൗണ്ടിലൂടെ പോസ്റ്റ് എക്സിൽ കണ്ടത് എന്ന് മെട്രിക്സ് വിവരങ്ങൾ കാണിക്കുന്നു. 58 പേർ കമൻറ് ചെയ്യുകയും 116 പേർ ഈ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുവരെ (09/04/26) 342 പേർ ഈ പോസ്റ്റ് ലൈക്കും ചെയ്തിട്ടുണ്ട്.
11.1 K ഫോളോവേഴ്സ് ഉള്ള ‘Padavalam’ എന്ന എക്സ് അക്കൗണ്ടിലൂടെയും ഈ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്.
” ഈ കോൺഗ്രസ് ഊളയുടെ സംസ്കാരത്തിൽ ചേച്ചി അവൻറെ ചെകിട് അടിച്ചു പൊട്ടിക്കണമായിരുന്നു” എന്നാണ് ക്യാപ്ഷൻ.

ഇതുവരെ (9/4/26) 6864 പേർ പോസ്റ്റ് ഈ അക്കൗണ്ടിൽ കണ്ടിട്ടുണ്ട്.
ബിജെപി പുതുക്കാട് പോലെ ചില ബിജെപി പ്രാദേശിക പേജുകളിലും ഇതേ പോസ്റ്റ് പ്രചരിച്ചതായി കണ്ടു.
“പാലക്കാട്ടെ ഓരോ വോട്ടും സ്ത്രീത്വത്തെ അപമാനിച്ച കോൺഗ്രസിനെതിരെ ആകട്ടെ, അങ്ങനെ ആകാനേ പാടുള്ളൂ” എന്ന കുറിപ്പോടെ ‘Maharathi’ എന്ന എക്സ് അക്കൗണ്ടും ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. എക്സിൽ സ്ഥിരമായി വ്യാജ വാർത്തകളും വർഗീയ പോസ്റ്റുകളും പങ്കുവെക്കുന്ന ഒരു അക്കൗണ്ട് ആണിത്.
ഒബിസി ഫാക്ട് ചെക്ക്
കോൺഗ്രസ് പ്രവർത്തകൻ്റെ പ്രചരിക്കുന്ന ചിത്രവും ഇന്നലെ മാധ്യമങ്ങൾ പ്രദർശിപ്പിച്ച ചിത്രവും ഒന്നല്ല എന്നുള്ളതാണ് വസ്തുത.
മുഹമ്മദ് ഷായുടെ എ ഐ ഇൻ്റഗ്രേറ്റഡ് ചിത്രമാണ് മിക്ക അക്കൗണ്ടുകളും പങ്കുവയ്ക്കുന്നത്. അതായത്, യഥാർത്ഥ വീഡിയോയിൽ മുഹമ്മദ് ഷാ ആക്രോശിക്കുന്നില്ല എങ്കിലും പ്രചരിപ്പിക്കുന്ന ഫോട്ടോകൾ എല്ലാം അങ്ങനെയുള്ളതാണ്.

കെപിസിസിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് അക്കൗണ്ടിലും ഇതേ ഫോട്ടോ തന്നെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് കാണാം.

ശോഭയുടെ മാധ്യമ സമ്മേളനത്തിന് ശേഷം, ഉച്ച തിരിഞ്ഞ് 3:49 നാണ് കെപിസിസി പേജിൽ ഈ ചിത്രം വരുന്നത്. വീഡിയോ പകർത്തിയ കെ എസ് യു പ്രവർത്തകനെ അഭിനന്ദിക്കുന്ന ഒരു പോസ്റ്റായിരുന്നു ഇത്. ഇപ്പോൾ ബിജെപി അക്കൗണ്ടിൽ വരുന്ന മറ്റ് പോസ്റ്റുകൾ ഉണ്ടാക്കിയത് ഈ പോസ്റ്റിലെ ചിത്രം ഉപയോഗിച്ചാണെന്ന് അനുമാനിക്കാം. കാരണം മറ്റ് പോസ്റ്റുകൾ എല്ലാം അതിനു ശേഷം മാത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് .
മാധ്യമങ്ങളിൽ വന്ന വീഡിയോയിൽ മുഹമ്മദ് ഷാ ഇങ്ങനെയൊരു ആംഗ്യം കാണിക്കുന്നില്ല. ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റ് ഡിജിറ്റലി മാനിപുലേറ്റഡ് ആണ്.
വീഡിയോയുടെ തുടക്ക ഭാഗം (0.01) സ്ക്രീൻഷോട്ട് എടുത്ത് എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ്.
Image Whisperer ടൂൾ ഉപയോഗിച്ച് ഇത് പരിശോധിച്ചു. ചിത്രത്തിൽ നാല് ഭാഗത്ത് എഡിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് ടൂൾ നിഗമനം.

ബിജെപി അനുകൂല അക്കൗണ്ടുകളിൽ പ്രചരിച്ച പോസ്റ്റ് എ ഐ നിർമിതം ആണെന്ന സൂചനയാണ് Image Whisperer ടൂൾ നൽകുന്നത്. ചിത്രത്തിലെ ചില ഭാഗങ്ങളിൽ വ്യക്തത കുറവുണ്ട്, മുഹമ്മദ് ഷായുടെ മുഖത്തിൻ്റെയും കൈയുടെയും ക്ലാരിറ്റിയിൽ പ്രകടമായ വ്യത്യാസമുണ്ട്, ടൂളിൻ്റെ നിഗമനം ഇങ്ങനെയാണ്.

കോൺഗ്രസ് അക്കൗണ്ടിൽ വന്ന ഈ ചിത്രത്തെയാണ് ബിജെപി അനുകൂല അക്കൗണ്ടുകൾ വീണ്ടും റീ എഡിറ്റ് ചെയ്ത്, അശ്ലീല ആംഗ്യം കാണിക്കുന്ന രീതിയിൽ മാനിപ്പുലേറ്റഡ് ചെയ്തു പ്രചരിപ്പിക്കുന്നത് എന്നാണ് ഒബിസിയുടെ അന്വേഷണത്തിൽ നിന്നും മനസ്സിലായത്. മാധ്യമങ്ങൾ പുറത്ത് വിട്ട വീഡിയോകളിൽ എവിടെയും മുഹമ്മദ് ഷാ, ഇത്തരത്തിലൊരു ആംഗ്യം കാണിക്കുന്നതായി കാണുന്നില്ല എന്നത് വ്യക്തമാണ്.
വോട്ടെടുപ്പിന്റെ അവസാന ലാപ്പിൽ എത്രത്തോളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ ദുരുപയോഗം ചെയ്യപ്പെടാം എന്നതിന് ഉദാഹരണം കൂടിയാണ് ഈ സംഭവം.
