
പാമ്പ് ഭീതി പരത്തുന്ന മാധ്യമങ്ങൾ: വാർത്തകളിലെ ശരിയും തെറ്റും
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ മുതൽ വീട്ട് വളപ്പിൽ പാമ്പിനെ കാണുന്നത് വരെ പ്രധാന തലക്കെട്ടുകളാകുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. മാധ്യമങ്ങൾ പരത്തുന്ന ഈ ‘പാമ്പ് ഭീതി’യിൽ എത്രത്തോളം യുക്തിയുണ്ട്? സ്ഥിതിവിവരക്കണക്കുകളുടെയും ശാസ്ത്രീയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു വിശകലനം.
“നടക്കുന്നിടത്തും ഇരിക്കുന്നിടത്തും കിടക്കുന്നിടത്തുമെല്ലാം പാമ്പിനെ പേടിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്.” മലയാളം വാർത്താ ചാനലുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആവർത്തിച്ച് കേൾക്കുന്നുണ്ട് ഇത്തരം പരാമർശങ്ങൾ. അത് ശരിയാണെന്ന തോന്നലുണ്ടാക്കുന്ന നിരവധി വാർത്തകളും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതായും കാണാം.
ചൂട് കൂടിയതോടെ പാമ്പുകൾ വലിയ രീതിയിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുവെന്നും, പാമ്പ് കടിയേൽക്കുന്ന സംഭവങ്ങളും മരണങ്ങളും അസാധാരണാമാം വിധം കൂടുന്നുവെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ എട്ടു വയസ്സുകാരൻ ദിക്ഷൽ ദിലീപ് വീടിനകത്ത് ഉറങ്ങുമ്പോൾ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന് പിറകെ പാമ്പുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു. പാമ്പ് കടി ഏറ്റുള്ള മരണങ്ങൾ മാത്രമല്ല വാർത്തകളിൽ ഇടം പിടിക്കുന്നത്. വീട്ട് വളപ്പിൽ പാമ്പുകളെ കാണുന്നത് മുതൽ ചക്ക വീണ് പാമ്പ് ചാവുന്നത് വരെ വാർത്തയാകുന്ന യുക്തി രാഹിത്യത്തിലേക്കാണ് മാധ്യമങ്ങൾ പോകുന്നത്
12 വർഷം മുൻപ് പാമ്പ് കടിയേറ്റയാൾ മരണപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
ചൂട് കൂടുമ്പോൾ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമെന്ന വാദം വസ്തുതാപരമായി ശരിയാണോ? മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് പോലെ, ഈ വർഷം പാമ്പ് കടിയേൽക്കുന്ന സംഭവങ്ങളും മരണങ്ങളും മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ടോ? ഇത്തരം സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വേനൽക്കാലത്താണോ?
കണക്കുകളും, വിദഗ്ദാഭിപ്രായങ്ങളും പറയുന്നത് മറ്റൊന്നാണ്.
ചൂടും പാമ്പുകളും തമ്മിൽ
മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം ചൂടാണ് ഇത്തവണ കേരളത്തിൽ അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പനുസരിച്ച് 36 മുതൽ 40 ഡിഗ്രി വരെ ചൂടാണ് പല ജില്ലകളിലും രേഖപ്പെടുത്തിയിട്ടുള്ളത് എന്നാൽ ഈ ചൂടിന് പാമ്പുകളുമായി നേരിട്ട് ബന്ധമുണ്ടോ? ചൂട് കൂടുന്നത് കൊണ്ട് മാത്രമാണോ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നത്?

മേൽപ്പറഞ്ഞ വാദങ്ങൾ ശാസ്ത്രീയമല്ല എന്നാണ് ഗവേഷകനും ശാസ്ത്രലേഖകനായ വിജയകുമാർ ബ്ലാത്തൂർ പറയുന്നത്. “വേനൽ കടുക്കുമ്പോൾ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്നൊരു പൊതുധാരണ നമ്മുടെ ഇടയിലുണ്ട്. എന്നാൽ ശാസ്ത്രീയമായ വസ്‌തുതകൾ പരിശോധിച്ചാൽ ഇതിന്റെ നേർ വിപരീതമാണ് സംഭവിക്കുക. അന്തരീക്ഷ താപനില ഉയരുമ്പോൾ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുകയല്ല, മറിച്ച് കൂടുതൽ ആഴത്തിലുള്ള മാളങ്ങളിലേക്ക് അഭയം തേടുകയാണ് ചെയ്യുന്നത്.” ഫേസ്ബുക്ക് പോസ്റ്റിൽ ബ്ലാത്തൂർ വിശദീകരിക്കുന്നു.
യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിൽ നടത്തിയ ഒരു പഠനമനുസരിച്ച്, ഉപരിതല താപനിലയേക്കാൾ ഏകദേശം 27 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില മാളങ്ങൾക്കുള്ളിൽ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുറത്ത് അതിശക്തമായ ചൂടുള്ളപ്പോഴും മാളത്തിനുള്ളിൽ പാമ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം നിലനിൽക്കുന്നു എന്നാണല്ലോ ഇത് തെളിയിക്കുന്നതെന്നും ബ്ലാത്തൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്ത് കൊണ്ട് വീടുകൾക്കുള്ളിൽ?
“മാളത്തിനുള്ളിലെ താപനില അസഹനീയമാവുകയോ, അല്ലെങ്കിൽ മാളങ്ങൾ വെള്ളം കയറി നശിക്കുകയോ ചെയ്താൽ മാത്രമേ അവ സുരക്ഷിതമായ മറ്റൊരു ഇടം തേടി ചൂടു കൂടിയ പകൽ സമയം പുറത്തിറങ്ങാറുള്ളൂ. ഇപ്പോൾ പാമ്പുകൾ കൂടുതലായി പുറത്ത് കാണുന്നുണ്ടെങ്കിൽ അത് പ്രജനന കാലം ആയതിനാലും, ചൂട് മൂലം ഇര ലഭ്യത കുറയുന്നതിനാലുമാണ് .ഇര തേടിയാകാം ഇവ നമ്മുടെ വീട്ട് പരിസരത്തേക്ക് എത്തുന്നത്”, ബ്ലാത്തൂർ വ്യക്തമാക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റും വനം വകുപ്പിൻ്റെ സർപ്പ (Snake Awareness Rescue and Protection App) മാസ്‌റ്റർ ട്രെയിനറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ. സന്ദീപ് ദാസ് പങ്കു വയ്ക്കുന്നതും സമാനമായ അഭിപ്രായമാണ്. “വീടിനകത്തേക്ക് പാമ്പുകൾ വരുന്നതിന്റെ ഒരു പ്രധാന കാരണം ഇര പിടിക്കൽ തന്നെയാണ്. എലി, പല്ലി, തവള, പാറ്റ പോലുള്ള ചെറിയ ജീവികളുടെ പിറകെ വന്നിട്ടാണ് പാമ്പുകൾ നമ്മുടെ വീടുകൾക്കകത്തേക്ക് കിടക്കുന്നത്.” സന്ദീപ് ദാസ് പറയുന്നു.
“നോക്കുന്നിടത്തെല്ലാം വിഷപ്പാമ്പുകൾ” കണക്കുകൾ പറയുന്നതെന്ത്?
നൂറ്റിമുപ്പതോളം ഇനങ്ങളിൽ (species) പെട്ട പാമ്പുകൾ കേരളത്തിലുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. ഇതിൽ ഏകദേശം പത്തോളം സ്പീഷിസിൽ മാത്രമാണ് വിഷമുള്ളത് (venomous species). അത് കൊണ്ട് തന്നെ വീട്ട് പരിസരങ്ങളിൽ കാണുന്ന പാമ്പുകളിൽ മിക്കവയും വിഷമുള്ളവ ആകണമെന്നില്ല.
കേരളത്തിൽ പാമ്പ് കടിയേൽക്കുന്നവരുടെ സമഗ്രമായ സ്ഥിതിവിവരക്കണക്കുകൾ ഇപ്പോൾ ലഭ്യമല്ല എന്നത് ഒരു പരിമിതിയാണ്. മാധ്യമങ്ങൾ പുറത്ത് വിടുന്ന അർദ്ധ സത്യങ്ങൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് ഇതും ഒരു കാരണമാണ് . 2025 ഒക്ടോബർ 10നാണ് പാമ്പുകടിയേറ്റുള്ള വിഷബാധയെ (snakebite envenomation) കേരളം പൊതുജനാരോഗ്യ പ്രാധാന്യമുള്ള രോഗമായി പ്രഖ്യാപിക്കുന്നത്.2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരമാണ് ഈ നടപടി. ഈ നീക്കത്തിന്റെ ഭാഗമായി, അടുത്ത വർഷം മുതൽ ആരോഗ്യ വകുപ്പിൽ നിന്ന് ഏകീകൃതമായ വിവരങ്ങൾ ലഭ്യമാകും.
പാമ്പ് കടിയേറ്റ് മരിക്കുന്നവർക്ക് വനം വന്യജീവി വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള നാല് ലക്ഷം രൂപയാണ് പാമ്പ്, തേനീച്ച അല്ലെങ്കിൽ കടന്നൽ എന്നിവയുടെ ആക്രമണം മൂലം സംഭവിക്കുന്ന മരണങ്ങൾക്ക് അനുവദിക്കുന്നത്.
ഈ കണക്ക് അനുസരിച്ച്, കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണനിരക്ക് ഗണ്യമായി കുറയുകയാണ് ചെയ്തത്. 2018-19 കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 123 മരണങ്ങളാണ്. എന്നാൽ 2025-26ൽ ഇത് 18 ആയി കുറഞ്ഞു. വനം വകുപ്പിന്റെ തന്നെ കണക്കനുസരിച്ച്, ശരാശരി മൂവായിരം മുതൽ നാലായിരം വരെ, പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ഒരു വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പാമ്പ് കടി മരണങ്ങൾക്ക് നഷ്ടപരിഹാരമുണ്ട് എന്നറിയാത്തതിനാലും മറ്റ് കാരണങ്ങളാലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന മരണങ്ങളുണ്ടാകാമെന്നതിനാൽ ഈ സ്ഥിതിവിവരക്കണക്കുകളും കൃത്യമാകണമെന്നില്ല

സർപ്പ അപ്ലിക്കേഷൻ അടക്കം വനം വകുപ്പ് സ്വീകരിച്ച നടപടികൾ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ കുറയാനിടയാക്കിയിട്ടുണ്ടെന്ന് സംസ്ഥാന കുടുംബാരോഗ്യ ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അജൻ എം ജെ ഒബിസിയോട് പറഞ്ഞു. “ഈ ആപ്പിൽ പാമ്പ് പിടുത്തക്കാരുടെയും (snake rescuers) സന്നദ്ധപ്രവർത്തകരുടെയുമൊക്കെ വിവരങ്ങൾ ലഭ്യമാണ്. ഇത്തരം നടപടികൾക്ക് ഒപ്പം വനം വകുപ്പിന്റേതായ ശ്രമങ്ങളും മരണസംഖ്യ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.” ഡോ. അജൻ പറയുന്നു.
കേരളത്തിൽ ആന്റി വെനം (anti-venom) ലഭ്യതയിൽ പ്രതിസന്ധിയുണ്ടോ?
നിലവിൽ കേരളത്തിലെ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിൽ താലൂക്ക് ആശുപത്രികൾ മുതൽ മുകളിലേക്കുള്ള ആശുപത്രികളും തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും ഉൾപ്പെടുന്നു.
“ആന്റി വെനം കൊടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കപ്പോഴും ആശുപത്രികളുടെ സൗകര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്. ആന്റി വെനം നൽകുമ്പോൾ സൈഡ് എഫക്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൃത്യമായ മെഡിക്കൽ പ്രോട്ടോകോൾ നോക്കണം. ഇതെല്ലാം പരിഗണിച്ചാണ് ചിലപ്പോൾ ആന്റി വെനം നൽകാതെ മറ്റ് സ്ഥലങ്ങളിലേക്ക് റെഫർ ചെയ്യുന്ന സാഹചര്യം ഉണ്ടാവാറുള്ളത്. ഭൂരിഭാഗം പാമ്പുകളും വിഷമല്ലാത്തത് ആയതു കൊണ്ട്, വിഷപ്പാമ്പ് ആണ് കടിച്ചത് എന്നത് ഉറപ്പാക്കാതെ ആന്റി വെനം കൊടുക്കാൻ സാധിക്കില്ല. അല്ലാതെ, കേരളത്തിലെ ആശുപത്രികളിൽ ആന്റി വെനം കിട്ടാത്ത സാഹചര്യമില്ല.” ഡോ. അജൻ വ്യക്തമാക്കി.
യുക്തിരഹിതമായ ‘പാമ്പ് ഭീതി’
കണക്കുകളും ശാസ്ത്രീയ വിവരങ്ങളും പരിശോധിക്കുമ്പോൾ, മാധ്യമങ്ങൾ പരത്തുന്ന ‘പാമ്പ് ഭീതി’ യുക്തിരഹിതമാണെന്ന് തന്നെയാണ് വ്യക്തമാവുന്നത്. ചൂട് മാത്രമാണ് പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ കൂടാനുള്ള കാരണമെന്ന വാദവും ശാസ്ത്രീയമായി അടിസ്ഥാനമുള്ളതല്ല. 2024ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ദക്ഷിണേന്ത്യയിൽ പാമ്പ് കടിയേറ്റുള്ള അപകടങ്ങളുടെ 67 ശതമാനവും സംഭവിക്കുന്നത് മൺസൂൺ (ജൂൺ മുതൽ സെപ്റ്റംബർ വരെ) കാലത്താണ്.
സ്ഥിതിവിവരക്കണക്കുകളെയോ താരതമ്യപഠനങ്ങളെയോ വിദഗ്ധ അഭിപ്രായങ്ങളെയോ കണക്കിലെടുക്കാതെ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പൊതു സമൂഹത്തിൽ അകാരണമായ ഭീതി സൃഷ്ടിക്കാനേ സഹായിക്കൂ. പാമ്പ് കടിയേറ്റ് സംഭവിച്ച മരണങ്ങളെ വൈകാരികമായി ചിത്രീകരിച്ചും ദൃശ്യ മാധ്യമങ്ങൾ ഈ ഭീതി പരത്തലിൽ പങ്കാളികളായിട്ടുണ്ട്.
