
സ്വരാജ്-പ്രതീഷ് വിശ്വനാഥ് ‘കൂടിക്കാഴ്ച’: വോട്ടെടുപ്പിന് ശേഷമുള്ള എ ഐ യുദ്ധങ്ങൾ
സിപിഎം നേതാവ് എം സ്വരാജ് ആർ എസ് എസുകാരനായ പ്രതീഷ് വിശ്വനാഥിനൊപ്പം ഇരിക്കുന്ന എ ഐ നിർമിത ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയാണ് ലീഗ് കോൺഗ്രസ്സ് അണികൾ. ലീഗ് നേതാക്കൾ ഇതേ വ്യക്തിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ എ ഐ ഉപയോഗിച്ച് നിർമ്മിച്ചാണ് സഖാക്കൾ പകരം വീട്ടുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾക്ക് നേരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും വ്യാജ പ്രചാരണങ്ങൾ വരുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ വോട്ടെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സി പി ഐ എം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്.
ആർ എസ് എസ് പ്രവർത്തകനും ഹിന്ദു സേവ കേന്ദ്രത്തിന്റെ സ്ഥാപകനുമായ പ്രതീഷ് വിശ്വനാഥുമായി സ്വരാജ് കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രചാരണം. ദേശാഭിമാനിയുടേതെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയ കാർഡായാണ് ഇത് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ്സ് ഹാൻഡിലുകളാണ് കൂടുതലും പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
‘പോരാളി വാസു’ എന്ന യു ഡി എഫ് അനുകൂല പേജ് ഏപ്രിൽ 24ന് ഈ കാർഡ് പോസ്റ്റ് ചെയ്തിട്ടുണ്ട്. “പ്രതീഷ് വിശ്വനാഥ് എന്നെ കാണാൻ വന്നത് സൗഹൃദത്തിന്റെ പേരിൽ. അത് വിവാദമാക്കേണ്ട കാര്യമില്ല.”- എം. സ്വരാജ് എന്നാണ് കാർഡിൽ എഴുതിയിരിക്കുന്നത്. എം സ്വരാജിന്റെയും പ്രതീഷ് വിശ്വാനാഥിന്റെയും ചിത്രങ്ങൾ വച്ച കാർഡിൽ ദേശാഭിമാനിയുടെ ലോഗോയും 23 ഏപ്രിൽ 2026 എന്ന തിയതിയും കാണാം.

“നിയമ സഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചു ബി ജെ പി യിൽ പോകാൻ ഉള്ള ഡീൽ പറഞ്ഞു ഉറപ്പിച്ചത് ആയിരിക്കും ഇത്..സ്വരാജ് ബി ജെ പി യിലേക്ക്..” എന്നാണ് പോസ്റ്റിന് താഴെയുള്ള ഒരു കമന്റ്. 855 ലൈക്കും 208 കമന്റുകളും 101 ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട് (ഏപ്രിൽ 25 വരെ). 2,72,000 ഫോളോവേഴ്സ് ഉള്ള അക്കൗണ്ടാണിത്. “കമ്മികൾക്ക് എന്തും ആകാം ഇതേ കാര്യം മറ്റുള്ള പാർട്ടിക്കാർ ചെയ്താൽ അപ്പോഴേ സംഘി ആയി.” തുടങ്ങിയ കമന്റുകളുമുണ്ട്.
ഓസ്റ്റിൻ ചെറുപുഴ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഈ പോസ്റ്റ് വന്നിട്ടുണ്ട്. “എല്ലാ അന്തം കമ്മികളും, നിർബന്ധമായും ഈ ക്യാപ്‌സൂൾ വിഴുങ്ങിയേക്കണം..! അല്ല; RSS നേതാവുമായി യുട്യൂബ് സഖാവിന് എന്ത് ബന്ധം..?” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
സമാനമായ രീതിയിൽ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് ഈ പോസ്റ്റ് പ്രചരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അനുകൂല ഗ്രൂപ്പുകളിലും വ്യാപകമായി പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടതായി കണ്ടെത്തി.

ഈ പ്രചാരണം ഫേസ്ബുക്കിൽ മാത്രമല്ല നടക്കുന്നത്. എക്സിൽ @inckerala1 എന്ന അക്കൗണ്ടിലും ഏപ്രിൽ 23ന് ഇതേ കാർഡ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ലീഡർ’ എന്ന് പേരുള്ള ഈ അക്കൗണ്ടിന് 1837 ഫോളോവേഴ്സുണ്ട്. “ഇനി എല്ലാരും പിരിഞ്ഞു പോണം. ലാൽ സലാം.🚩🚩” എന്നാണ് പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിട്ടുള്ളത്.

എന്താണ് സത്യം?
പ്രചരിക്കുന്ന കാർഡിൽ ദേശാഭിമാനിയുടെ ലോഗോയും 23 ഏപ്രിൽ എന്ന തിയതിയുമുണ്ട്. കാർഡ് യഥാർഥമാണോ എന്ന് കണ്ടെത്താൻ, ദേശാഭിമാനിയുടെ സാമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ മേൽപ്പറഞ്ഞ തിയതിയിൽ വന്ന പോസ്റ്റുകൾ പരിശോധിച്ചു. എന്നാൽ ഇങ്ങനെയൊരു കാർഡ് ദേശാഭിമാനി പോസ്റ്റ് ചെയ്തതതായി കാണുന്നില്ല .
ഏപ്രിൽ 24ന് സ്വരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പ്രസ്തുത പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് .. “സംഘപരിവാരത്തിൻ്റെ വ്യാജ പ്രചാരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമാഅത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു.” എന്നാണ് പോസ്റ്റിൽ സ്വരാജ് പറയുന്നത്. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോസ്റ്റിൽ സ്വരാജ് വ്യക്തമാക്കുന്നു.

“ഞാൻ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരാളെ കണ്ടെന്നു പ്രചരിപ്പിക്കുന്നു. പിന്നീട് ഇത് ഒരു സൗഹൃദസന്ദർശനമായി ചിത്രീകരിക്കുന്നു. സാധാരണ വർഗീയവാദികൾ കള്ളമാണ് പറയുന്നതെങ്കിൽ, ജമാഅത്തെ ഇസ്ലാമി ഇരട്ടക്കള്ളമാണ് പറയുന്നത്.” സ്വരാജ് കൈരളി ന്യൂസിന് കൊടുത്ത പ്രതികരണം ഇങ്ങനെയായിരുന്നു.
ഇതിന് പിറകെ, ഏപ്രിൽ 24ന് ദേശാഭിമാനിയും കാർഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റർ കൂടിയാണ് എം. സ്വരാജ്.

പ്രതികരണങ്ങളും പ്രത്യാക്രമണങ്ങളും
വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ചില ജമാഅത്തെ ഇസ്ലാമി അനുകൂല അക്കൗണ്ടുകളിൽ നിന്ന് ഒരു എ ഐ നിർമിത ചിത്രം പ്രചരിച്ചിരുന്നു. സ്വരാജും പ്രതീഷ് വിശ്വനാഥും ഒന്നിച്ചിരിക്കുന്ന ചിത്രത്തിന്, “പേപ്പട്ടിയുമായി എന്ത് സൗഹൃദം?” എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്. ഖാലിദ് മൂസ നദ്‌വി എന്ന മുൻ ജമാഅത്തെ നേതാവാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. മീഡിയ വൺ ടിവിയുടെ മാനേജിങ് എഡിറ്റർ സി ദാവൂദിന്റെ സഹോദരനുമാണ് ഖാലിദ് മൂസ നദ്‌വി. ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ പ്രസ്തുത പോസ്റ്റ് പിൻവലിച്ച് ഇയാൾ മാപ്പ് പറഞ്ഞു. ഇതിനകം മറ്റ് പല അക്കൗണ്ടുകളിലേക്കും ഈ ചിത്രം പങ്കു വയ്ക്കപ്പെട്ടിരുന്നു.

ഇതിന് പ്രത്യാക്രമണവുമായി സിപിഐഎം അനുകൂല അക്കൗണ്ടുകളും രംഗത്ത് വന്നിരുന്നു. പ്രതീഷ് വിശ്വനാഥ് ചില ജമാഅത്തെ പ്രവർത്തകരോടൊപ്പം ഇരിക്കുന്ന എ ഐ നിർമിത ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.

എം സ്വരാജ് മുൻപും പല തവണ വ്യാജ വാർത്തകളുടെ ഇരയായിട്ടുണ്ട്. എന്നാൽ ഇത്തവണ ദേശാഭിമാനിയുടെ തന്നെ വ്യാജ കാർഡ് ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം നടന്നത്. എന്തായാലും പ്രചാരണം വ്യാജമാണെന്ന് ഔദ്യോഗിക അക്കൗണ്ടുകൾ വഴി എം സ്വരാജും ദേശാഭിമാനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
