‘ചൂട് പിടിക്കുന്ന’ വ്യാജ വാർത്തകൾ

‘ചൂട് പിടിക്കുന്ന’ വ്യാജ വാർത്തകൾ

കടുത്ത ചൂടാണ്. ഉയർന്ന അന്തരീക്ഷ താപനില സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിലെമ്പാടും. ഭയവും പരിഭ്രമവും ഉളവാക്കുന്ന ഈ വാർത്തകൾക്ക് ശാസ്ത്രത്തിന്റെ പിൻബലമുണ്ടോ? ഉയർന്ന ചൂട് മൂലം വാഹനങ്ങൾ കത്തുമോ? ഫാക്ട് ചെക്ക്.

ചൂടുകാലമാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവിധ ജില്ലകളിൽ ചൂട് മൂലം അപകട സാധ്യതാ മുന്നറിയിപ്പുകൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. അമിതമായ ചൂട് മൂലം സൂരാഘാതം പോലെയുള്ള സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ചൂട്, മനുഷ്യനും മറ്റു ജീവികൾക്കും മാത്രമല്ല, വാഹനങ്ങൾക്കും അപകടമാണ് എന്ന ആഖ്യാനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പാർക്ക് ചെയ്ത ഇരു ചക്ര വാഹനങ്ങൾ, അമിത ചൂടിൽ കത്തുന്നു എന്ന് തുടങ്ങിയ വാർത്തകളും വരുന്നത് ഈ സാഹചര്യത്തിൽ തന്നെയാണ്. കേരളത്തിലെ മുൻ നിര മാധ്യമങ്ങൾ എല്ലാം ഇത് ഒരുപോലെ വാർത്തയാക്കിയിരിക്കുന്നു. എന്നാൽ എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം? ഒരു വാഹനത്തെ മുഴുവൻ കത്തിനശിപ്പിക്കാൻ കഴിയുന്ന ചൂട് കേരളത്തിൽ ഇപ്പോൾ ഉണ്ടോ? മാധ്യമ വാർത്തകളിലെ സത്യമെന്താണ്? പരിശോധിക്കാം. 

അമിതമായ ചൂട് കാരണം, എറണാകുളം പഴങ്ങനാട് ബൈക്കിൻ്റെ സീറ്റ് അപ്പ്ഹോൾസ്റ്ററി കത്തി നശിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം കേരളത്തിലെ മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളിൽ കാർഡുകളായും ഈ വാർത്ത വന്നിരുന്നു. ആളുകളിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കാനിടയുള്ള ഒന്നായിരുന്നു ഈ വാർത്ത.

ഫേസ്ബുക്കില്‍ വന്ന വാര്‍ത്താ കാര്‍ഡ്‌, സ്ക്രീന്‍ഷോട്ട്

പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലൊന്ന് താപം മൂലം കത്തിനശിക്കുന്നു. ഒഴിവായത് വലിയ അപകടം എന്നൊക്കെയാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ, ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ് എന്നാണ് ശാസ്ത്ര വിദഗ്ധർ പറയുന്നത്. 

ഫേസ്ബുക്കില്‍ വന്ന വാര്‍ത്താ കാര്‍ഡ്‌, സ്ക്രീന്‍ഷോട്ട്

B4blaze Malayalam എന്ന പേജിലും ഈ പോസ്റ്റ് വന്നിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു എൻ്റർടെയ്ൻമെൻ്റ് പേജ് ആണ് B4blaze Malayalam.

റിപ്പോർട്ടർ ചാനലിലെ വാര്‍ത്താ കാർഡ് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പലരും പിന്നീട് പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കാണാം. 5000 ല്‍ അധികം പേര്‍ കാർഡ് ഇതുവരെ (28/4/26) ലൈക്ക് ചെയ്തിട്ടുണ്ട്. 47 കമൻ്റുകളും ഇതിന് ലഭിച്ചിട്ടുണ്ട്. പലരും ബൈക്ക് കത്തിയത് അമിതമായ ചൂട് കാരണമാണെന്നാണ് കമന്റ് ബോക്സിൽ പറയുന്നത്. ‘ചൂട് സഹിച്ച് ചാവണം’ ‘New fear Unlocked’ എന്നൊക്കെ കമന്റുകൾ കാണാം.

 ചൂട് കാരണം വാഹനങ്ങൾ കത്തുമോ?

ചൂട് കാരണം, വാഹനങ്ങൾക്ക്  തീ പിടിക്കുന്നു എന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ് എന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറയുന്നത്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നത് വഴി വാഹനങ്ങളുടെ അപ്ഹോൾസ്റ്ററി നേരിട്ട് കത്തുക എന്നത് ശാസ്ത്രീയമായി സാധ്യമല്ല എന്നാണ് അദ്ദേഹം പറയുന്നത്.

“തെർമൽ എക്സ്പാൻഷൻ (Thermal Expansion) കാരണം കെട്ടിടങ്ങളിലെ ടൈലുകൾ പൊട്ടുന്നതോ, വാഹനങ്ങളുടെ ചില്ലുകൾക്ക് വിള്ളൽ സംഭവിക്കുന്നതോ ആയ സാഹചര്യങ്ങൾ ഉണ്ടാകാം. എന്നാൽ വണ്ടികൾ കത്തുന്നത് പൂർണ്ണമായും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാറുകൾ മൂലമാണ്. വാഹനങ്ങളിൽ കൂടുതലായി നടത്തുന്ന മോഡിഫിക്കേഷനുകൾ വലിയ അപകടസാധ്യതയാണ്. വയറിംഗ് കൃത്യമല്ലാത്ത പക്ഷം അത് എഞ്ചിനിലെ ചൂടുള്ള ഭാഗങ്ങളിൽ തട്ടുന്നത് തീപിടുത്തത്തിന് കാരണമാകും. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (BMS) കാര്യക്ഷമമല്ലെങ്കിൽ കൂളിംഗ് പ്രോസസ്സ് തടസ്സപ്പെടുകയും ബാറ്ററി കത്തുകയും ചെയ്യാം.” ശേഖർ കുര്യാക്കോസ് ഒബിസിയോട് പറഞ്ഞു.

ലക്ഷക്കണക്കിന് വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ ഒന്നോ രണ്ടോ വാഹനങ്ങൾക്ക് സംഭവിക്കുന്ന ഇത്തരം തകരാറുകളെ കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ പീരിയോഡിക് സർവീസിംഗും കമ്പനി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും പാലിച്ചാൽ വാഹനങ്ങൾ തികച്ചും സുരക്ഷിതമാണ്.

ബൈക്ക് കത്തിയത് അമിത ചൂട് കാരണമല്ല

ഏറണാകുളം പഴങ്ങനാട് ബൈക്കിന് തീപിടിച്ചത് കടുത്ത ചൂടിനെ തുടർന്നാണ് എന്ന വാദം മോട്ടോർ വാഹന വകുപ്പ് നിഷേധിച്ചിട്ടുണ്ട്. വാഹനം നീങ്ങി കൊണ്ടിരിക്കുന്ന സമയത്താണ് തീ കത്തിയത് എന്നും പാർക്കിംഗ് ഏരിയയിൽ ഒരുപാട് നേരം വെയിലിൽ നിർത്തിയത് കൊണ്ടല്ല വണ്ടിക്ക് തീപിടുത്തം ഉണ്ടായത് എന്നും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 

“ഇന്ധനം ലീക്ക് ആയത് കൊണ്ട് ബൈക്കിനു തീ പിടിച്ചതാകാം എന്നാണ് മനസിലാകുന്നത്. ആ ദിവസം അമിതമായ ചൂടുണ്ടായിരുന്നു. ഇതാകാം ചൂട് കൊണ്ടാണ് തീപിടുത്തം ഉണ്ടായത് എന്ന നിഗമനത്തിലേക്ക് എത്താന്‍ കാരണം”. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് ഒബിസിയോട് പറഞ്ഞു. 

മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുന്നേയാണ്‌ മാധ്യമങ്ങള്‍ അമിതമായ ചൂട് മൂലം വണ്ടി കത്തി നശിച്ചു എന്ന വാര്‍ത്ത ചിത്രങ്ങളോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പങ്കുവച്ചുകൊണ്ടിരിക്കുന്നത്. 

സമകാലിക മലയാളം വാർത്ത, സ്ക്രീൻഷോട്ട്   

വണ്ടുകള്‍ അപകടകാരികളോ?

വേനല്‍ കാലത്ത് ബൈക്കുകള്‍ക്ക് തീ പിടിക്കാന്‍ ഉള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അതിലെ ഇന്ധന ചോര്‍ച്ചയാകാം എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ചോര്‍ച്ചയോടൊപ്പം ചെറിയ സ്പാര്‍ക്ക് ഉണ്ടായാല്‍ പോലും തീ പിടിക്കാം.

വാഹനങ്ങളിലെ പഴക്കം ചെന്ന ഇന്ധന പൈപ്പുകളിലെ വിള്ളലുകൾ, മെക്കാനിക്കൽ തകരാറുകൾ എന്നിവയാണ് സാധാരണയായി ഇന്ധനച്ചോർച്ചയ്ക്ക് കാരണമാകാറുള്ളത്. എന്നാൽ ഇതിനു പുറമെ, കേരളത്തിൽ കാണപ്പെടുന്ന ഒരു പ്രത്യേക പ്രാണി വർഗ്ഗം ഇന്ധന പൈപ്പുകൾ തുരന്ന് ചോർച്ചയുണ്ടാക്കുന്നതായും മുമ്പ് നടന്ന പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ കാണപ്പെടുന്ന ഒരു പ്രാണി വർഗമാണ് ഇതിനുകാരണം.
കേരളത്തിൽ അടുത്തിടെയുണ്ടായ ചില വാഹന തീപിടുത്തങ്ങൾക്കു പിന്നിൽ ‘അംബ്രോസിയ’ (Ambrosia Beetle) വിഭാഗത്തിൽപ്പെട്ട വണ്ടുകൾ ആയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2022 – 2023 ല്‍ ഇതിനെക്കുറിച്ച്‌ കേരള വന ഗവേഷണ കേന്ദ്രം പഠിച്ചിട്ടുണ്ട്.

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഈ വണ്ട്, വാഹനങ്ങളിലെ ഇന്ധന പൈപ്പുകൾ തുരന്ന് ചോർച്ചയ്ക്കും ഇതുവഴി തീപിടുത്തതിനും കാരണമാകുന്നു. എഥനോളിന്റെ മണമാണ് ഇവയുടെ ആകര്‍ഷണമെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന മുൻ കെ എഫ് ആർ ഐ ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവ് പറയുന്നു.

കേരളാ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിട്യൂട്ടിന്റെ ഗവേഷണ സംഘമാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. മധ്യ കേരളത്തിലെ നിരവധി സർവീസ് സെന്ററുകളിൽ ഇത്തരം വണ്ടുകളെ പഠനസംഘം കണ്ടെത്തിയിട്ടുണ്ട്.

അടുത്ത കുറച്ചു ദിവസങ്ങളിലും താപനില ഇതേരീതിയിൽ തുടരാൻ തന്നെയാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നത്. ചൂട് കാലങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും മനസിലാക്കാനായി കേരളാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നോ ഉള്ള വിവരങ്ങളെ മാത്രം ആശ്രയിക്കുക. പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിന് മുൻപ് അവയുടെ നിജസ്ഥിതി പരിശോധിക്കുക. 



സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top