എന്ത് കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചു വിടണം? ഇതാ പത്ത് കാരണങ്ങൾ

എന്ത് കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചു വിടണം? ഇതാ പത്ത് കാരണങ്ങൾ

പരീക്ഷാ നടത്തിപ്പാണ് നാഷണൽ ടെസ്റ്റിംഗ് (NTA) ഏജൻസിയുടെ ജോലി. അത് ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമല്ല. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംഭവിച്ചിട്ടും വർഷാവർഷം പരീക്ഷാഫീസ് കൂട്ടുകയാണ് ഏജൻസി ചെയ്യുന്നത്. സുതാര്യമായ ഓഡിറ്റിങ് സംവിധാനമില്ല, വാർഷിക പ്രവർത്തന റിപ്പോർട്ടില്ല. ഈ ഏജൻസി എന്ത് കൊണ്ട് പിരിച്ചു വിടണമെന്നതിന് ഇനിയുമുണ്ട് കാരണങ്ങൾ.

രണ്ട് ദശലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ ഭാവി തകർത്തുവെന്ന ആരോപണം നേരിടുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ലാഭമുണ്ടാക്കാനുള്ള സ്ഥാപനമാണോ? സർക്കാർ പാർലിമെന്റിൽ വെച്ച രേഖകൾ പരിശോധിച്ചാൽ അങ്ങനെ തന്നെ കരുതേണ്ടി വരും.

തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷ റദ്ദാക്കലുകളും ഇരുപതോളം വിദ്യാർത്ഥികളുടെ ആത്മഹത്യയും തുടർന്ന് രാജ്യമൊട്ടാകെ നടന്ന സമരങ്ങളിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഒരൊറ്റ സ്ഥാപനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി. രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകളുടെയെല്ലാം രജിസ്ട്രേഷൻ ഫീസ് വർഷാവർഷം വർദ്ധിപ്പിക്കുകയും, NTA വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്നതാണ് കേന്ദ്ര സർക്കാർ പാർലിമെന്റിൽ വെച്ച രേഖകൾ.

2026 ജൂലൈ 22-ന് രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള എംപി ഡോ. വി ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകന്ത മജുംദാർ നൽകിയ മറുപടിയിലാണ് NTA യുടെ സാമ്പത്തിക സ്ഥിതിവിവരങ്ങൾ അടങ്ങിയിരിക്കുന്നത്. 2019-20 സാമ്പത്തിക വർഷം മുതലുള്ള NTA യുടെ വരവുചെലവ് കണക്കുകൾ വ്യക്തമാക്കുന്ന മറുപടിയിൽ, 2023-24 വരെയുള്ള എല്ലാ വർഷങ്ങളിലും NTA അധികത്തുക സമ്പാദിച്ചിരിക്കുന്നതായി കാണാം. 

2017 ൽ സ്ഥാപിതമായത് മുതൽ ഇന്ത്യയിലെ എല്ലാ പ്രധാന ദേശീയ പ്രവേശന പരീക്ഷകളും നടത്തുന്നത് NTA യാണ്. രാജ്യത്ത് 2013 വരെ നിലവിലുണ്ടായിരുന്നത് വലിയൊരു പരിധി വരെ വികേന്ദ്രീകൃതമായ പ്രവേശന പരീക്ഷ സമ്പ്രദായമായിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്, 2013 മുതൽ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറിയെങ്കിലും, നടത്തിപ്പ് ചുമതല സിബിഎസ്ഇ ക്കായിരുന്നു. പിന്നീട് നീറ്റ്‌ അടക്കമുള്ള പരീക്ഷകളുടെ ചുമതല NTA ക്ക് കൈമാറുകയായിരുന്നു. ഇത് കൂടാതെ ജെഇഇ മെയിൻസ് (JEE Mains), കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകൾ (CUET), സിമാറ്റ് പരീക്ഷ, പിഎച്ച്ഡി തല ഗവേഷണത്തിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതക്കുമായുള്ള നെറ്റ് (UGC,CSIR NET) തുടങ്ങിയ പരീക്ഷകളുടെയും നടത്തിപ്പ് ചുമതല NTA ക്കാണ്. ഈ പരീക്ഷകളിൽ നിന്നുള്ള രജിസ്ട്രേഷൻ തുക തന്നെയാണ് NTA യുടെ പ്രധാന വരുമാന മാർഗ്ഗവും.

1. ലാഭം കൊയ്യുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി 

    രാജ്യസഭാ രേഖകൾ പ്രകാരം, 2019-20 സാമ്പത്തിക വർഷത്തിൽ വിവിധ പരീക്ഷാ ഫീസുകളിൽ നിന്ന് NTA ക്ക് ആകെ 504.16 കോടി രൂപയുടെ വരുമാനമുണ്ടായിട്ടുണ്ട്. അതേ വർഷം ആകെ രേഖപ്പെടുത്തിയിരിക്കുന്ന ചെലവ് 440.20 കോടി രൂപ മാത്രമാണ്. അതായത്, ഈ ഒരൊറ്റ വർഷത്തിൽ NTA യ്ക്ക് ഏകദേശം 64 കോടി രൂപയുടെ മിച്ചമുണ്ടായി. തുടർന്ന് 2020-21 കാലയളവിൽ 79 കോടി രൂപയും, തൊട്ടടുത്ത വർഷം (2021-22 ൽ) 82 കോടി രൂപയും NTA ലാഭമുണ്ടാക്കി. 

    Protesters holding Scrap NTA posters during a demonstration against National Testing Agency exam issues
    ഡൽഹിയിലെ ജെൻസി സമരത്തിൽ നിന്ന്. NTA പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്ലക്കാർഡുകൾ കാണാം.

    കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ ഏകീകരിക്കുന്നത് (CUET) 2022 ലാണ്. 2021 വരെ നിലവിലുണ്ടായിരുന്ന ‘CUCET’ (Central Universities Common Entrance Test) എന്ന പരീക്ഷ 12 കേന്ദ്ര സർവകലാശാലകളിലേക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) നടപ്പിലാക്കിയതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. 2022-23 ൽ ഏജൻസിയുടെ വരുമാനം 900.56 കോടി രൂപയായി ഉയർന്നു. 219.04 കോടിയാണ് മിച്ചം വന്നത്. 2023-24 ഓടെ ഏജൻസിയുടെ വാർഷിക വരുമാനം 1,116.84 കോടി രൂപയായി. ഇതേ വർഷത്തെ മിച്ചം 75.88 കോടി രൂപയാണ്.

    ചുരുക്കത്തിൽ, 2019 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി വിവിധ പരീക്ഷാ ഫീസുകളിലൂടെ മാത്രം NTA ക്ക് ലഭിച്ചത് 519.92 കോടി രൂപയുടെ അധികത്തുകയാണ്. ഒരു വർഷത്തെ ഏജൻസിയുടെ ആകെ ചെലവിന്റെ പകുതിയോളം വരും ഈ തുക.

    2. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സ്റ്റാറ്റൂട്ടറി ബോഡി അല്ല 

      ഘടനാപരമായി തന്നെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് പരീക്ഷാർഥികളോട് പരിമിതമായ ഉത്തരവാദിത്വം മാത്രമേയുള്ളൂ. 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരമാണ് 2017 ൽ NTA നിലവിൽ വന്നത്. അതായത്, നിയമപരമായി ഒരു സൊസൈറ്റിയായാണ് NTA രൂപീകരിച്ചിരിക്കുന്നത്. പാർലിമെന്റ് നിയമത്തിലൂടെയല്ല. ഒരു സ്റ്റാറ്റൂട്ടറി ബോഡി അല്ലാത്തതിനാൽ തന്നെ ഏജൻസിക്ക് പരീക്ഷാർത്ഥികളോടുള്ള നിയമപരമായ ഉത്തരവാദിത്തവും പരിമിതമാണ്. നീറ്റ്-യുജി 2026 പരീക്ഷ റദ്ദാക്കിയപ്പോൾ, പുനപരീക്ഷ നടത്തുകയും ജനറൽ വിഭാഗത്തിന് ഫീസ് (1,700 രൂപ) തിരികെ നൽകുകയും ചെയ്തതോടെ NTA യുടെ ഉത്തരവാദിത്വം അവസാനിച്ചു. ഇത് മൂലം പരീക്ഷാർത്ഥികൾക്കുണ്ടാകുന്ന മാനസികവും വൈകാരികവുമായ സമ്മർദ്ദങ്ങൾക്കും സമയ നഷ്ടത്തിനും ഏജൻസി മറുപടി പറയേണ്ടതില്ല. ഈ നിയമപദവി കാരണം ഏജൻസി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) നേരിട്ടുള്ള പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

      3. കെടുകാര്യസ്ഥതയും ക്രമക്കേടും കുറയുന്നില്ല, ഫീസ് കൂട്ടുന്നു 

        NTA യുടെ സാമ്പത്തിക കാര്യങ്ങളിലും ഈ ഉത്തരവാദിത്ത രാഹിത്യം കാണാം. 2019 മുതൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി ചെലവിനേക്കാൾ ഏതാണ്ട് 520 കോടി രൂപ അധികത്തുക പരീക്ഷാർഥികളിൽ നിന്ന് NTA പിരിച്ചെടുത്തിട്ടുണ്ട്. ഇത്രയും തുക മിച്ചം ലഭിച്ചിട്ടും, 2019 കളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാൽ പല പ്രധാന പ്രവേശന പരീക്ഷകളുടെയും ഫീസ് കുത്തനെ ഉയർത്തിയതായും കാണാം. എംബിഎ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ‘സിമാറ്റ്’ പരീക്ഷാ ഫീസ് ഉദാഹരണമായെടുക്കാം. 2019 ൽ ജനറൽ, ഒബിസി വിഭാഗങ്ങളിലുള്ള ആൺകുട്ടികൾക്ക് 1,400 രൂപയും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് 700 രൂപയുമായിരുന്നു സിമാറ്റ് പരീക്ഷാ ഫീസ്. എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക് 700 രൂപയും. എന്നാൽ ഏഴ് വർഷങ്ങൾക്കിപ്പുറം, 2026 ൽ ജനറൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് സിമാറ്റ് പരീക്ഷാ രജിസ്ട്രേഷനായി ചെലവാക്കേണ്ടി വരിക 2,500 രൂപയാണ്. പരീക്ഷ ഫീസിൽ ഏതാണ്ട് 78.5 ശതമാനം വർദ്ധന. SC/ST, വിഭാഗക്കാരുടെയും പെൺകുട്ടികളുടെയും ഫീസ് 1,250 രൂപയായി ഉയർത്തിയിട്ടുണ്ട് (78.5%). അതേ സമയം ഒബിസി വിഭാഗത്തിനെ SC/ST വിഭാഗത്തിനോടൊപ്പമാക്കി, അവരുടെ ഫീസ് 1,250 രൂപയായി കുറച്ചു.

        Graph showing NTA entrance exam registration fee hikes for NEET, CUET, NET, and CMAT from 2019 to 2026

        സിമാറ്റിൽ മാത്രമല്ല, CUET, യുജിസി നെറ്റ് പരീക്ഷകളിലും ഇക്കാലയളവിലായി (2019 – 2026) രജിസ്ട്രേഷൻ ഫീസ് 50 ശതമാനത്തിലധികം വർധിപ്പിച്ചിട്ടുണ്ട്. രൂപീകരിച്ച കാലം മുതൽക്കേ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ സുരക്ഷ ഉറപ്പാക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടിട്ടും നീറ്റ് പരീക്ഷയുടെ ജനറൽ വിഭാഗം ഫീസ് 2019 ലെ 1,400 രൂപയിൽ നിന്ന് 2026 ൽ 1,700 രൂപയായി വർധിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ഫീസ് 750 ൽ നിന്ന് 1,000 രൂപയിലെത്തി നിൽക്കുന്നു. യുജിസി നെറ്റ് പരീക്ഷയുടെ കാര്യവും വ്യത്യസ്തമല്ല. 

        4. ഫീസ് വർധനയുടെ അമിത ഭാരം പട്ടികജാതി / പട്ടികവർഗ വിദ്യാർത്ഥികളുടെ മേലും.

          പല പരീക്ഷകളിലും SC/ST വിഭാഗങ്ങളുടെ പരീക്ഷാ ഫീസ് അമിതമായ രീതിയിൽ വർധിപ്പിച്ചിരിക്കുന്നതായി കാണാം. കഴിഞ്ഞ ഏഴ് വർഷങ്ങളിലായി CUET പരീക്ഷയുടെ ഫീസ് ഒബിസി ജനറൽ വിഭാഗങ്ങൾക്ക് 50 മുതൽ 75 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതേ കാലയളവിൽ SC/ST വിഭാഗത്തിന്റെ ഫീസ് വർധിപ്പിച്ചിരിക്കുന്നത് 214 ശതമാനമാണ്. 350 രൂപയിൽ നിന്ന് 1,100 രൂപയാക്കി. പല തവണകളായാണ് ഈ പരീക്ഷകളുടെയെല്ലാം ഫീസുകൾ വർധിപ്പിച്ചിട്ടുള്ളത്.

          ലഭ്യമായ രാജ്യസഭാ രേഖകളനുസരിച്ച്, 2019 ൽ തന്നെ NTA സാമ്പത്തിക മിച്ചമുണ്ടാക്കുന്നുണ്ട്. എന്നിട്ടും 2019 മുതലുള്ള കണക്കുകളെടുത്താൽ പല പരീക്ഷകളുടെയും ഫീസുകൾ ക്രമാതീതമായി ഉയർത്തിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ മാത്രമല്ല, NTA പോലൊരു സ്ഥാപനത്തിന്റെ ലക്ഷ്യം ലാഭമുണ്ടാക്കലാണോ എന്ന ചോദ്യവും ഉയർത്തേണ്ടിയിരിക്കുന്നു. ‘ശരിയായ’ വിദ്യാർത്ഥികളെ ‘മികച്ച സ്ഥാപനങ്ങളിലേക്ക്’ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് NTA അവകാശപ്പെടുമ്പോഴും, വർഷാ വർഷം ഫീസ് കൂട്ടുന്നതെന്തിന് എന്ന ചോദ്യം ബാക്കിയാകുന്നു.

          5. അശാസ്ത്രീയമായ പരീക്ഷാ നടത്തിപ്പ് രീതികൾ 

            നീറ്റ്-യുജി പരീക്ഷയുടെ നടത്തിപ്പും തികച്ചും അശാസ്ത്രീയമാണെന്ന വിമർശനങ്ങളുണ്ട്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശനം നിർണ്ണയിക്കുന്നത് രാജ്യമൊട്ടാകെ ഒരൊറ്റ ദിവസം ഒരേ ചോദ്യാവലിയുമായി നടക്കുന്ന പരീക്ഷയിലൂടെയാണ്. പരീക്ഷ നടക്കുന്ന ഏതെങ്കിലുമൊരു കേന്ദ്രത്തിൽ മാത്രം സുരക്ഷാ വീഴ്ച സംഭവിച്ചാൽ പോലും, പരീക്ഷ പൂർണ്ണമായി റദ്ദാക്കി പുതിയത് നടത്തുക എന്നതല്ലാതെ മറ്റ് താൽക്കാലിക സംവിധാനങ്ങൾ NTA യ്ക്കില്ല. അപേക്ഷ സമർപ്പണം മുതൽ പരീക്ഷയും ഫലപ്രഖ്യാപനവും വരെയുള്ള നടപടികൾ നീണ്ടുപോകുന്നതും, അതിനിടയിലുണ്ടാകുന്ന റദ്ദാക്കലുകൾ മൂലം പ്രവേശനം വൈകുന്നതും പരീക്ഷാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.

            തുടക്കത്തിൽ കേന്ദ്ര സർക്കാർ 25 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റ് നൽകിയിരുന്നെങ്കിലും, വിദ്യാർത്ഥികളിൽ നിന്ന് പിരിക്കുന്ന ഫീസ് കൊണ്ട് പൂർണ്ണമായി പ്രവർത്തിക്കാനാണ് NTA ലക്ഷ്യമിട്ടത്. എന്നാൽ കുറഞ്ഞ ചെലവിൽ പരീക്ഷകൾ നടത്തുക എന്നത് സർക്കാരിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തമായിരിക്കെ, പരീക്ഷാർത്ഥികളിൽ നിന്ന് 500 കോടിയോളം രൂപ ലാഭമുണ്ടാക്കുന്ന മാതൃകയായി NTA മാറുകയാണുണ്ടാവുന്നത്.

            6. നികത്തപ്പെടാത്ത തസ്തികകൾ 

              വർഷാവർഷം സാമ്പത്തിക മിച്ചമുണ്ടാക്കുന്നെങ്കിൽ കൂടി, NTA യിൽ നികത്തപ്പെടാത്ത തൊഴിൽ തസ്തികകളുമുണ്ടെന്ന് രാജ്യസഭാ രേഖ പറയുന്നു. NTA യിൽ അനുവദിക്കപ്പെട്ട 39 സ്ഥിരം തസ്തികകളിൽ 15 എണ്ണം ഒഴിവുകിടക്കുകയാണെന്നാണ് എംപി വി. ശിവദാസന് നൽകിയ മറുപടിയിൽ മന്ത്രി മജുംദാർ വ്യക്തമാക്കിയത്. ബാക്കിയുള്ള 24 ജീവനക്കാരും മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്നവരാണ്. NTA നേരിട്ട് നിയമിച്ചവരല്ല. അതായത്, രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പരീക്ഷകൾ നടത്തുന്ന ഏജൻസിക്ക് സ്വന്തമായി ഒരു ജീവനക്കാരൻ പോലുമില്ല. 

              “ഇത്രയും പ്രധാനപ്പെട്ട ഒരു കേന്ദ്രീകൃത ഏജൻസി സ്ഥിരമായ ജീവനക്കാരില്ലാതെ പ്രവർത്തിക്കുന്നത് ഭരണപരമായ വീഴ്ചയാണ്” രാജ്യസഭാ എംപി വി ശിവദാസൻ മാധ്യമങ്ങളോട് പറഞ്ഞു. അശാസ്ത്രീയവും കച്ചവടകേന്ദ്രീകൃതവുമായ ഒരു മാതൃകയായി NTA മാറിക്കഴിഞ്ഞുവെന്ന് ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ തുടക്കം മുതൽക്കേ ആരോപിക്കുന്നുണ്ട്.

              2022-23-ൽ സിയുഇടി (CUET) പരീക്ഷ തുടങ്ങിയതോടെ NTA യുടെ വരുമാനം വർദ്ധിച്ചു. കേന്ദ്ര സർവ്വകലാശാലകളിലേക്കായി പത്തുലക്ഷത്തിലധികം വിദ്യാർത്ഥികളെ ഒരൊറ്റ പരീക്ഷയ്ക്ക് കീഴിൽ കൊണ്ടുവന്നതോടെ, NTA യുടെ വരുമാനം ഒറ്റ വർഷത്തിനുള്ളിൽ 78 ശതമാനമാണ് കൂടിയത്. വരുമാനം, 2021-22-ലെ 490.35 കോടി രൂപയിൽ നിന്ന് 873.20 കോടി രൂപയായി (2022 – 23) ഉയർന്നു. 

              7. പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ അവഗണിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി

                വിദ്യാഭ്യാസത്തിനായുള്ള പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 2025 മാർച്ചിൽ രാജ്യസഭയിൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. 2018 മുതൽ, ആറ് വർഷങ്ങൾ കൊണ്ട് NTA 448 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കിയതായി ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. NTAയുടെ ഈ മിച്ച ഫണ്ട് ഉപയോഗിച്ച് സ്വന്തമായി പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാനും കരാർ ഏജൻസികളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 മാർച്ച് മാസത്തിൽ സമർപ്പിച്ച റിപ്പോർട്ടിലെ ഈ പരാമർശം NTA നടപ്പിലാക്കിയിട്ടില്ല. 2025 ഡിസംബറിൽ രാജ്യസഭയിൽ അവതരിപ്പിച്ച മറ്റൊരു റിപ്പോർട്ടിലും മിച്ച ഫണ്ട് ഇത്തരത്തിൽ വിനിയോഗിക്കണമെന്ന് ഇതേ കമ്മിറ്റി ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

                8. പൊതു ഓഡിറ്റിങ് സംവിധാനമില്ലാത്ത, സുതാര്യത ഇല്ലാത്ത ഏജൻസി 

                  NTA യ്ക്ക് സുതാര്യമായ പൊതു ഓഡിറ്റ് സംവിധാനമില്ലെന്നും പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. NTA യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വാർഷിക റിപ്പോർട്ട് പാർലിമെന്റിൽ സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അത്തരമൊരു റിപ്പോർട്ടും ഇവർ പാർലിമെന്റിൽ വെച്ചതായി വിവരമില്ല. പരീക്ഷ നടത്താൻ സ്വന്തമായി ജീവനക്കാരില്ലാത്ത NTA സ്വകാര്യ പങ്കാളികളെ അമിതമായി ആശ്രയിക്കുന്നത് പരീക്ഷാ സുരക്ഷ തകരാനും ചോദ്യപേപ്പർ ചോർച്ചയ്ക്കും വഴിവെക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

                  9. കരിമ്പട്ടികയിൽ പെടുത്തിയ സ്വകാര്യ കമ്പനികൾക്ക് പോലും കരാർ 

                    മറ്റ് സംസ്ഥാന സർക്കാരുകൾ കരിമ്പട്ടികയിൽ പെടുത്തിയ (Blacklisted) സ്വകാര്യ കമ്പനികൾക്ക് പോലും NTA യുടെ പ്രധാന പരീക്ഷകളുടെ കരാറുകൾ ലഭിക്കുന്നുണ്ടെന്നും പാർലിമെന്ററി കമ്മിറ്റി പറയുന്നു. ഇത് തടയാൻ ഇത്തരം കമ്പനികളുടെ ദേശീയതലത്തിലുള്ള കരിമ്പട്ടിക തയ്യാറാക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു.

                    10. പാർലിമെന്റിൽ വെച്ച കണക്കുകളിൽ പോലും വൈരുധ്യം 

                    NTA യുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച് പാർലിമെന്റിന് സമർപ്പിച്ച വിവരങ്ങളിലെ വൈരുദ്ധ്യം നിലവിൽ വലിയ രാഷ്ട്രീയ തർക്കത്തിന് കാരണമായിട്ടുണ്ട്. 2024 ജൂലൈയിൽ എംപി വിവേക് കെ തൻഖയ്ക്ക് നൽകിയ മറുപടിയിലെയും, 2026 ജൂലൈയിൽ എംപി വി ശിവദാസന് നൽകിയ മറുപടിയിലെയും കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഒരേ സാമ്പത്തിക വർഷങ്ങളിലെ NTA യുടെ വരുമാന-ചെലവ് കണക്കുകൾ, രണ്ട് മറുപടികളിലും വ്യത്യസ്തമാണ്. 2024 ൽ കേന്ദ്ര സർക്കാർ നൽകിയ കണക്കുകൾ പ്രകാരം, 2019 മുതൽ 2024 വരെ NTA യുടെ ആകെ മിച്ചം 465.2 കോടി രൂപയാണ്. എന്നാൽ ഈ വർഷം എംപി വി ശിവദാസന് നൽകിയ മറുപടിയിൽ, ഈ തുക ഏകദേശം 520 ഓളം കോടി രൂപ വരും.

                    NTA financial figures and profit growth table showing Rajya Sabha data from 2019 to 2024
                    2024 ലെയും 2026 ലെയും രാജ്യസഭാ രേഖകളിലെ NTA യുടെ സാമ്പത്തിക നേട്ടം സംബന്ധിച്ച കണക്കുകൾ. രണ്ട് രേഖകളിലെയും കണക്കുകൾ തമ്മിൽ പൊരുത്തക്കേടുകൾ കാണാം.

                    ഈ കണക്കുകൾ പാർലിമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച എംപി വി. ശിവദാസൻ വിദ്യാഭ്യാസ സഹമന്ത്രി സുകന്ത മജുംദാർക്കെതിരെ അവകാശ ലംഘനത്തിന് (Privilege motion) നോട്ടീസ് നൽകിയിട്ടുണ്ട്.

                    2026-ലെ നീറ്റ്-യുജി വിവാദത്തിന്റെ പശ്ചാത്തലത്തിൽ, NTA പൂർണ്ണമായി പിരിച്ചുവിടണമെന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരീക്ഷാ ചോർച്ചയ്ക്ക് പിന്നാലെ NTA 47 ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, അടിസ്ഥാനപരമായ പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തിന്റെ തന്നെ ഭാവിയെ വാർത്തെടുക്കേണ്ട, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷകൾ നിയന്ത്രിക്കുമ്പോൾ തന്നെ നിയമപരമായി ഒരു ‘സൊസൈറ്റി’യായി മാത്രം തുടരുകയാണ് NTA.ചോദ്യപേപ്പർ ചോർന്നാൽ പുനഃ പരീക്ഷ നടത്തുകയോ ഫീസ് തിരിച്ചു കൊടുക്കുകയോ അല്ല, പരീക്ഷാ നടത്തിപ്പിൽ ഘടനാപരവും സമഗ്രവുമായ മാറ്റങ്ങളാണ് വേണ്ടതെന്നാണ് സമരരംഗത്തുള്ള വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

                    ഗോകുൽ എസ് വിജയ്

                    ഗോകുൽ എസ് വിജയ്

                    ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

                    കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
                    Share Email
                    Top