
വെറുപ്പിൻ്റെ ആസൂത്രിത നിർമ്മാണം:-കേരളത്തിനെതിരായ സൈബർ പ്രചാരണത്തിന് പിന്നിൽ
2023 ഒക്ടോബർ 29ന്, കൊച്ചിയിലെ കളമശ്ശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ ഒത്തുകൂടിയ സമ്മേളനവേദിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ എട്ടു പേർക്ക് ജീവൻ നഷ്ടമായി. സംഭവത്തിന് പിന്നാലെ, അന്ന് കേന്ദ്ര മന്ത്രി സ്ഥാനം വഹിച്ചിരുന്ന രാജീവ് ചന്ദ്രശേഖർ സമൂഹ മാധ്യമമായ എക്സിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു കൊണ്ട് ഒരു പോസ്റ്റ് എഴുതി. കേരളം ഭീകരവാദികളായ ഹമാസിനെയും ‘ജിഹാദി’നെയും പിന്തുണക്കുന്നതിന്റെ ഫലമായാണ് സ്ഫോടനം നടന്നതെന്ന ആരോപണമാണ് രാജീവ് ചന്ദ്രശേഖർ ഉന്നയിച്ചത്.
എന്നാൽ മണിക്കൂറുകള്‍ക്കകം, ഇതേ പ്രസ്ഥാനത്തിലെ അംഗം തന്നെയായ ഡോമിനിക് മാർട്ടിൻ എന്ന വ്യക്തി സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു കൊണ്ട് ഒരു വീഡിയോ സന്ദേശം പുറത്തു വിട്ടു. യഹോവയുടെ സാക്ഷികളോടുള്ള ആശയപരമായ എതിർപ്പാണ് കൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോമിനിക് മാർട്ടിൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പതിനാറ് വർഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന വ്യക്തിയാണ് താനെന്നും പിന്നീടാണ് ഇത് വളരെ തെറ്റായ ‘പ്രസ്ഥാനമാണെന്നും’ തിരിച്ചറിഞ്ഞതെന്നും അയാൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട ‘കുറ്റസമ്മതത്തിൽ’ വ്യക്തമാക്കി. മാര്‍ട്ടിന്‍ പിന്നീട് പൊലീസിന് കീഴടങ്ങുകയും ചെയ്തു
തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് വലതുപക്ഷത്തിന്‍റെ ‘സമുന്നത നേതാക്കന്മാർ’ കേരളത്തെ താറടിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ സംഭവമായിരുന്നില്ല അത്.
കേരളത്തിലെ വലതുപക്ഷ ഗ്രൂപ്പുകൾ മുസ്ലിംകൾക്കെതിരെ വെറുപ്പ് പടർത്താൻ സമൂഹ മാധ്യമമായ എക്സിനെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തുന്നു എന്നതിനെ കുറിച്ച് സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളായ ന്യൂസ് മിനുട്ടും ന്യൂസ് ലോൺഡ്രിയും സെപ്റ്റംബറിൽ ഒരു അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലിംകളെ പ്രതിരോധിക്കാനായി ഹിന്ദുക്കളോട് ‘ആയുധമെടുക്കാൻ’ എക്സിലൂടെ തുറന്ന ആഹ്വാനം നടത്തുന്ന തീവ്ര വലതു പക്ഷക്കാരെ കുറിച്ച് റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട് .
കേരളം വലതുപക്ഷ ‘ഹേറ്റ് ക്യാമ്പയിനു’കളുടെ എക്കാലത്തെയും ‘പ്രിയപ്പെട്ട’ ഇരയാണ്. വർഷങ്ങളായി, അത്തരത്തിലുള്ള എണ്ണമറ്റ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങളായി ഇതിനെ കാണാനാവില്ല. മറിച്ച് കേരളത്തിന്റെ മതേതര അടിത്തറയെയും സാമൂഹ്യ പുരോഗതിയെയും താറടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. വളരെ കാലമായി തുടരുന്ന ഒരു “പ്രതിഭാസ”മാണിത്. ജൂൺ 2025 മുതൽ നവംബർ 2025 വരെയുള്ള ആറു മാസ കാലയളവിൽ, ഈ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ കേരളത്തിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങളുടെ അളവും തീവ്രതയും പരിശോധിക്കാനാണ് ഈ റിപ്പോർട്ട് ശ്രമിക്കുന്നത്. OSINT (Open Source Intelligence- പ്രത്യേക ആവശ്യങ്ങൾക്കായി പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങളെ ശേഖരിക്കുകയും വിശകലനം ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി) റിസർച്ചിന്റെ സഹായത്തോടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഹാഷ് ടാഗുകളും കീ വേർഡുകളും
പഠനവിധേയമായ കാലയളവിൽ, കേരളത്തെ ആധാരമാക്കിയുള്ള തെറ്റായ വാർത്തകളും അതിലൂടെ വെറുപ്പും പ്രചരിപ്പിക്കാൻ ചില പ്രത്യേക ഹാഷ് ടാഗുകളും കീ വേർഡുകളും സമൂഹ മാധ്യമങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി. ഈ കീ വേർഡുകളിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനായി സ്ഥിരമായി ഉപയോഗിക്കുന്ന വർഗീയ സ്വഭാവമുള്ള പ്രയോഗങ്ങളും ഉൾപ്പെടുന്നു.

ജൂൺ മുതൽ നവംബർ വരെ ഉപയോഗിക്കപ്പെട്ട പ്രധാന ഹാഷ്ടാഗുകൾ
മേൽപ്പറഞ്ഞ ഹാഷ് ടാഗുകളും കീ വേർഡുകളും ഉൾപ്പെടുന്ന ഭൂരിഭാഗം പോസ്റ്റുകളുടെയും ഉത്ഭവം സമൂഹ മാധ്യമമായ എക്സാണ്. പിന്നീട് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മറ്റ് സമൂഹ മാധ്യമങ്ങൾ ഇവയെ ഏറ്റെടുക്കുകയാണ് പതിവ്.

ജൂൺ മുതൽ നവംബർ വരെ ഉപയോഗിക്കപ്പെട്ട പ്രധാന കീവേർഡുകൾ
ആരെല്ലാമാണ് ഈ പ്രചാരകര്‍ ?
തെറ്റിദ്ധരിപ്പിക്കുന്നതും വെറുപ്പ് പടർത്തുന്നതുമായ അടിക്കുറിപ്പുകളോടെ, പഴയതോ നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലാത്തതോ ആയ ചിത്രങ്ങൾ സ്ഥിരമായി പ്രചരിപ്പിക്കുന്ന പതിനാറ് അക്കൗണ്ടുകളെങ്കിലും ഒ ബി സി കണ്ടെത്തി. ഇതിൽ പ്രധാനപ്പെട്ട പല അക്കൗണ്ടുകളും സംഘടിതമായി പ്രവർത്തിക്കുന്നതായും കാണാം. ഒരേ ദൃശ്യങ്ങൾ സമാനമായ വർഗീയ സ്വഭാവമുള്ള സന്ദേശങ്ങളുടെ അകമ്പടിയോടെ ഈ അക്കൗണ്ടുകളിൽ നിന്ന് പ്രചരിപ്പിക്കപ്പെടുന്നു. തീർത്തും വ്യാജമാണെങ്കിലും, ഈ അക്കൗണ്ടുകളിൽ നിന്ന് വരുന്ന പോസ്റ്റുകൾക്കൊക്കെയും ഗണ്യമായ ‘എൻഗേജ്മെന്റ്’ ലഭിക്കാറുണ്ട്. പലരും സത്യമാണെന്ന് കരുതി കൊണ്ട് തന്നെ ഇവ റീപോസ്റ്റ് ചെയ്യുന്നതായി കാണാം. ഈ അക്കൗണ്ടുകളെയെല്ലാം കൂട്ടിയിണക്കുന്ന ഏക കണ്ണി അവയുടെ തീവ്ര വലതുപക്ഷ സ്വഭാവമാണ്.
മേൽ സൂചിപ്പിച്ച പതിനാറ് അക്കൗണ്ടുകളിൽ നിന്ന്, ശക്തമായ സ്വാധീനം ചെലുത്തുന്ന നാല് അക്കൗണ്ടുകള്‍ ഇവയാണ്.
@AnoopKaippalli
കേരളത്തിലെ ബി ജെ പി ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫിന്റെ അക്കൗണ്ട് ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടതാണ്. 2023 ഡിസംബർ 12ന്, തെറ്റിദ്ധാരണ പരത്തുന്ന ചില വർഗീയ പ്രചാരണങ്ങൾ അനൂപ് ആന്റണി എക്സിൽ നടത്തി. ‘ശബരിമല തീർത്ഥാടകരോടുള്ള സർക്കാരിന്റെ ക്രൂരത’യെന്ന തെറ്റായ അടിക്കുറിപ്പോടെ, ഏഷ്യാനെറ്റ് ന്യൂസിൽ വന്ന ഒരു വീഡിയോ ശകലം അനൂപ് ആന്റണി എക്സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിന് നിലവിൽ 1,37,600 കാഴ്ചക്കാരും 6200 ലൈക്കുകളുമുണ്ട്. 2800 പേർ പോസ്റ്റ് റീപോസ്റ്റ് ചെയ്തിട്ടുമുണ്ട്.

2023 ഡിസംബർ 12ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
സമാനമായ രീതിയിൽ 2023 ഡിസംബർ 27ന് ‘കേരളത്തിലെ പിടിച്ചുപറി സംഘങ്ങളെ പാലൂട്ടി വളർത്തുന്ന ഇടതുപക്ഷ’മെന്ന അടിക്കുറിപ്പോടെ അനൂപ് ആന്റണി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. ഇടതു പക്ഷം കേരളത്തെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്ന ആരോപണവും പോസ്റ്റിലുണ്ടായിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ആസൂത്രിതമായൊരു ‘സ്ക്രിപ്റ്റഡ്’ വീഡിയോ ആയിരുന്നു. എൺപതിനായരിത്തിലധികം പേരാണ് ഈ വീഡിയോയുടെ കാഴ്ചക്കാരായത്.
@KreatlyMedia
തീവ്ര വലതുപക്ഷ സ്വഭാവമുള്ള പോസ്റ്റുകൾ നിരന്തരമായി പുറത്തു വിടുന്ന മറ്റൊരു അക്കൗണ്ടാണിത്. 2020 ജൂൺ 8നാണ് ഈ എക്സ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. നിലവിൽ 3,30,284 ഫോളോവേഴ്സ് ഉണ്ട്. ഈ അക്കൗണ്ടിലെ ഒരു പോസ്റ്റിന് ശരാശരി 34,193 കാഴ്ചക്കാരും 2422 എൻഗേജ്മെന്റുകളും ലഭിക്കാറുണ്ട്.
2025 മെയ് 30ന്, Hitchhiking Nomad എന്ന പേരിൽ ജനശ്രദ്ധ നേടിയ മാഹീൻ ഷാജഹാൻ എന്ന ഇൻഫ്ലുൻസറെയാണ് ഇവർ ലക്ഷ്യമിട്ടത്. ഷാജഹാനും സുഹൃത്തുക്കളും തൊടുപുഴയിലുള്ള ഒരു അമ്പലം സന്ദർശിക്കുന്നതിന്റെ വീഡിയോ അയാളുടെ വെരിഫൈഡ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹിന്ദു ആചാരങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ചു കൊണ്ട് വലത് പക്ഷ അക്കൗണ്ടുകളെല്ലാം ഷാജഹാന് നേരെ സൈബർ അക്രമം അഴിച്ചു വിട്ടു. Kreatly ആണ് ഇതിന് ചുക്കാൻ പിടിച്ചത്.
#BoycottMalabarGold എന്ന ക്യാമ്പയിനിന്റെയും മുഖ്യ പ്രചാരകർ ഇതേ അക്കൗണ്ട് ആയിരുന്നു. ഒക്ടോബർ 17ന് മുസ്ലിംകൾ അല്ലാത്ത ജ്വല്ലറി ഉടമകളുടെ ഒരു പട്ടിക ഇവർ പുറത്തു വിടുകയും എക്സ് ഉപയോക്താക്കളോട് മലബാർ ഗോൾഡ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. 1,76,000ത്തിൽപരം ആളുകളാണ് പോസ്റ്റ് കണ്ടത്.

2025 ഒക്ടോബർ 17ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തെ തുടർന്ന് അനധികൃത കുടിയേറ്റക്കാർ രാജ്യം വിടുന്നുവെന്ന അടിക്കുറിപ്പോടെ ഒരു പഴയ വീഡിയോ നവംബർ 9ന് ഈ അക്കൗണ്ട് പ്രചരിപ്പിക്കുകയുണ്ടായി. എന്നാൽ യഥാർത്ഥത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള ഒരു പഴയ വീഡിയോയാണിതെന്ന് സ്ഥിരീകരിച്ചു.
@ssaratht
Tathvam-asi എന്ന പേരിലുള്ള ഈ പ്രൊഫൈലിന് നിലവിൽ 82,671 ഫോളോവേഴ്സാണുള്ളത്. ഒരു പോസ്റ്റിന് ശരാശരി 29,437 കാഴ്ചക്കാരും 1271 എൻഗേജ്മെന്റുകളുമാണ് ലഭിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കേരളത്തിലെ മുസ്ലിംകൾ പാകിസ്താന് വേണ്ടി ഐക്യദാർഢ്യ റാലി നടത്തുന്നുവെന്ന അവകാശവാദത്തോടെ ഏപ്രിൽ 26ന് ഈ അക്കൗണ്ടിൽ നിന്ന് ഒരു ചിത്രം പോസ്റ്റ് ചെയ്തു. യഥാർത്ഥത്തിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ റാലിയുടെ ചിത്രമായിരുന്നു അത്.

2025 ഏപ്രിൽ 26ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന് പിന്നാലെ ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യം വിടുന്നുവെന്ന അവകാശവാദവുമായി നവംബർ 11ന് kreatlyൽ വന്ന അതേ പോസ്റ്റ് ഈ അക്കൗണ്ടും പ്രചരിപ്പിച്ചിരുന്നു. മലബാർ ഗോൾഡ് മുസ്ലിം വിദ്യാർത്ഥികൾക്കായി മാത്രം പ്രത്യേകം സ്കോളർഷിപ്പുകൾ നൽകുന്നുവെന്ന വ്യാജ പ്രചരണം ഉണ്ടായതും ഇതേ അക്കൗണ്ടിൽ നിന്നാണ്.
@the_kerala_girl
@da_kerala_girl എന്ന അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് പിറകെ, 2024 മാർച്ച് 13നാണ് @the_kerala_girl എന്ന എക്സ് അക്കൗണ്ട് ഉണ്ടാകുന്നത്. നിലവിൽ 6564 ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിലെ ഒരു പോസ്റ്റിന് ശരാശരി 17,099 കാഴ്ചക്കാരെയും 376 എൻഗേജ്മെന്റുകളും ലഭിക്കുന്നു. പോസ്റ്റുകളെല്ലാം തീവ്ര വലതു പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും വർഗീയ പരാമർശങ്ങൾ അടങ്ങിയതുമാണ്.

2025 നവംബർ 11ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
ഡൽഹി സ്ഫോടനത്തിന് പിറകെ, നവംബർ 11ന് ഈ അക്കൗണ്ടിൽ നിന്നും വന്ന പോസ്റ്റിലെ സന്ദേശം,
ഇന്ത്യയിലെ മദ്രസ്സകൾ മത മൗലികവാദത്തിന്റെ ഉത്ഭവ സ്ഥാനങ്ങളാണെന്നും, അവയെല്ലാം അടച്ചു പൂട്ടുന്നത് വരെ രാജ്യത്ത് ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിക്കുകയില്ലെന്നുമായിരുന്നു.
പലസ്തീനെ പിന്തുണച്ചതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള ഒരു എക്സ് അക്കൗണ്ടിനെ ലക്ഷ്യം വച്ചും പ്രസ്തുത അക്കൗണ്ടിൽ നിന്ന് വിദ്വേഷ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. പേരിനൊപ്പം പലസ്തീന്റെ കൊടി ഉൾപ്പെടുത്തിയതിന് ഈ വ്യക്തിയെ വിമർശിക്കുകയും, ഇന്ത്യയുടെ കൊടി പ്രൊഫൈലിൽ വച്ചിട്ടില്ല എന്ന് ചൂണ്ടി കാണിക്കുകയും ചെയ്തു. ‘തെക്കിന്റെ കശ്മീർ’ ആണ് കേരളം എന്ന പരിഹാസവും പോസ്റ്റിലുണ്ടായിരുന്നു.
@MahaRathii
2019 മാർച്ച് 6നാണ് ഈ എക്സ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. 12,500ഓളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിൽ ഒരു പോസ്റ്റിന് ശരാശരി 700 കാഴ്ചക്കാരെയും 53 എൻഗേജ്മെന്റുകളും ലഭിക്കുന്നു.
നവംബർ 24ന് ഈ അക്കൗണ്ട് കാസർഗോട്ടെ തൃക്കരിപ്പൂർ നടന്ന യു ഡി എഫ് റാലിയുടെ ദൃശ്യങ്ങൾ പങ്കു വച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥികളെ കാണിക്കുന്ന ഈ വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു : “ഇത് കാബൂളോ കറാച്ചിയോ ധാക്കയോ അല്ല. കേരളമാണ്! കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ എന്ന സ്ഥലമാണ്. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി യു ഡി എഫിന്റെ (കോൺഗ്രസ്സ്) നാമനിർദേശ പട്ടിക സമർപ്പിക്കാൻ പോവുന്ന മുഴുവൻ പേരും ബുർഖയണിഞ്ഞു പോകുന്നു. വൈവിധ്യത്തിന്റെ ഒരു തരി പോലുമില്ല. ഒരു സമുദായം, ഒരേയൊരു വേഷവിതാനം. ഹിന്ദുക്കൾ ഇപ്പോഴും നിശബ്ദരാണ്, ഇപ്പോഴും ഉറക്കത്തിലാണ്, എല്ലാം സാധാരണ ഗതിയിലാണെന്ന് നടിക്കുകയാണ്. പക്ഷെ കാര്യങ്ങളുടെ ഗതി മാറുകയാണ്, നാം ഉണരാൻ അവർ കാത്തിരിക്കില്ല. വലിയ ജനസംഖ്യാപരിവർത്തനം നിശബ്ദമായി, അതിവേഗത്തിൽ അടിത്തട്ടിൽ നടന്നു കൊണ്ടിരിക്കുകയാണ്. ‘മതേതര കേരളം’ അതിനെ അപകടകരമാം വിധം അവഗണിക്കുന്നു.”

2025 നവംബർ 24ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
‘ഹിന്ദുക്കൾ അപകടത്തിൽ’
സെപ്റ്റംബർ 8ന്, @MahaRathii എന്ന അക്കൗണ്ടിൽ നിന്ന്, 2016-2023 കാലയളവിലെ കേരളത്തിലെ ഹിന്ദു-മുസ്ലിം ജനസംഖ്യയുടെ കണക്കുകൾ എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു പോസ്റ്റ് വന്നു. 1736ൽ കൂടുതൽ പേരാണ് ഈ പോസ്റ്റ് കണ്ടത്.

2025 സെപ്റ്റംബർ 8ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
കേരളത്തിലെ ഹിന്ദുക്കളുടെ ജനസംഖ്യ ഭയാനകമായ രീതിയിൽ കുറയുന്നു എന്ന തരത്തിലുള്ള വർഗീയ പരാമർശങ്ങളായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. ‘ഇനിയും ഉണർന്നില്ലെങ്കിൽ’ കേരളത്തിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന ഭീതി സൃഷ്ടിക്കാനും ഈ പോസ്റ്റുകൾ ശ്രമിച്ചിരുന്നു.
കേരള സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് പുറത്തിറക്കുന്ന വാർഷിക റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങളാണ് മേൽപ്പറഞ്ഞ പോസ്റ്റുകൾക്ക് ആധാരം. എന്നാൽ 2022ലെയും 2023ലെയും റിപ്പോർട്ടിലെ ജനന നിരക്ക് താരതമ്യം ചെയ്തപ്പോൾ,
രണ്ടു മതങ്ങളിലും കുറവ് സംഭവിച്ചതയാണ് കണ്ടെത്തിയത്. മുസ്ലിംകളുടെ ജനസംഖ്യ 2,00,325ൽ നിന്ന് 1,76,312 ആയും, ഹിന്ദുക്കളുടെ ജനസംഖ്യ 1,77,037ൽ നിന്ന് 1,58,399 ആയും കുറഞ്ഞു.
മുസ്ലിംകളുടെ ഉയർന്ന ജനന നിരക്ക് ഹിന്ദുക്കൾക്കെതിരെയുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായാണ് എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റുകളെല്ലാം ശ്രമിച്ചത്.
മിശ്ര വിവാഹിതരായ ദമ്പതികൾക്ക് നേരെയുള്ള ആക്രമണങ്ങൾ
വ്യത്യസ്ത മതങ്ങളിൽ പെട്ട ദമ്പതിമാരെ ‘ലവ് ജിഹാദ്’ എന്ന പേരിൽ ലക്ഷ്യം വച്ച് ആക്രമിക്കുന്നത് ഈ അക്കൗണ്ടുകളൊക്കെയും നിരന്തരമായി ചെയ്യുന്നതാണ്. ഇത്തരം ദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോകളും ഇവർ വർഗീയ ചുവയുള്ള അടിക്കുറിപ്പുകളോടെ പങ്കു വയ്ക്കുന്നു. ഇതിൽ പല ചിത്രങ്ങളും ഈ ദമ്പതിമാർ തന്നെ വിവാഹ വാർഷികം പോലെയുള്ള ആഘോഷവേളകളിൽ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ്.



വിഭിന്ന മതങ്ങളിൽ നിന്നുള്ള ദമ്പതിമാരെ അധിക്ഷേപിക്കുന്ന എക്സ് പോസ്റ്റുകളുടെ സ്ക്രീന്ഷോട്ടുകൾ
സ്രോതസ്സ്: link1,link2,link3, link4.
സെപ്റ്റംബർ 13ന് @ssaratht എന്ന അക്കൗണ്ടിൽ നിന്ന് പങ്കു വച്ച പോസ്റ്റിന് 3,89,500 കാഴ്ചക്കാരും 8500 ലൈക്കുകളും 3200 റീപോസ്റ്റുകളുമാണ് ലഭിച്ചത്. ഈ നാല് പോസ്റ്റുകൾക്കും ശരാശരി 1,28,995 കാഴ്ചക്കാരും 2892 ലൈക്കുകളും 1092 റീപോസ്റ്റുകളും ഉണ്ടായി.
കേരളത്തിലെ മുസ്ലിം പുരുഷന്മാരെല്ലാം ‘ലവ് ജിഹാദി’ന്റെ വക്താക്കളാണെന്നും, ഹിന്ദു പെൺകുട്ടികളെ അവരുടെ മതത്തിൽ ചേർക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രണയം നടിച്ച് വിവാഹം കഴിക്കുന്നത് എന്നുമൊക്കെയാണ് ഈ പോസ്റ്റുകളെല്ലാം അവകാശപ്പെടുന്നത്. ‘വൈകുന്നതിന് മുമ്പ് ഹിന്ദുക്കൾ ഉണരാ’നുള്ള ആഹ്വാനവും ഈ പോസ്റ്റുകളുടെയെല്ലാം പൊതു സ്വഭാവമാണ്.
കേരളത്തെ ലക്ഷ്യം വയ്ക്കുന്ന വ്യാജ വാർത്തകൾ
കേരളത്തിലെ ഒരു മുസ്ലിം ആദിവാസി സ്ത്രീയേ മതപരിവർത്തനം നടത്താൻ ശ്രമിച്ചോ?
3500ഓളം ലൈക്കുകളും 1700 റീപോസ്റ്റുകളും ലഭിച്ച ഒരു വീഡിയോ ജൂൺ 4ന് ഒരു എക്സ് ഉപയോക്താവ് പങ്കു വച്ചു. പോസ്റ്റിന്റെ അടിക്കുറിപ്പ് സൂചിപ്പിക്കുന്നത് കേരളത്തിലെ മുസ്ലിംകൾ ആദിവാസികളെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്നാണ്.

എന്നാൽ സത്യമെന്തായിരുന്നു?
ഈ ദൃശ്യങ്ങളിൽ കാണുന്നത് ഹൈദരാബാദിൽ നിന്നുള്ള ആക്ടിവിസ്റ്റും രാഷ്ട്രീയക്കാരനുമായ സൽമാൻ ഖാൻ എന്ന വ്യക്തിയെയാണ്. അവിടുത്തെ ഒരു കുടുംബത്തിന് അദ്ദേഹം സാമ്പത്തിക സഹായം നൽകുന്നതിന്റെ ദൃശ്യങ്ങളാണ് വൈറൽ പോസ്റ്റുകളിൽ ഉള്ളത്. ഇതിന്റെ യഥാർത്ഥ വീഡിയോ സൽമാൻ ഖാൻ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒക്ടോബർ 25ന് പങ്കു വച്ചിരുന്നു.
തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഈ അക്കൗണ്ടുകളെല്ലാം പ്രചരിപ്പിച്ചത്.
കേരളത്തിലെ സംഗീത പരിപാടി മുസ്ലിംകൾ ബലം പ്രയോഗിച്ചു തടഞ്ഞോ?
ആലപ്പുഴയിലെ ഒരു കുഞ്ഞു വയലിനിസ്റ്റിന്റെ പരിപാടിയും വലതു പക്ഷ ഹാൻഡിലുകൾക്ക് വെറുപ്പ് പടർത്താനുള്ള ഉപാധിയായിത്തീര്‍ന്നു. മുസ്ലിംകൾ നിർബന്ധിതമായി പ്രസ്തുത പരിപാടി നിർത്തിച്ചുവെന്ന ആരോപണത്തോടെ 2025 ജൂലൈയിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പോസ്റ്റുകൾ വന്നു.



എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ
സ്രോതസ്സ്: link1, link2, link3.
ആലപ്പുഴയിൽ ഒരു അമ്പലത്തിലെ ഉത്സവത്തിൽ ഗംഗ ശശിധരൻ എന്ന പെൺകുട്ടി വയലിൻ വായിക്കുന്ന വീഡിയോയാണ് വിവാദമായത്. മനോരമ ന്യൂസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കു വച്ചിട്ടുണ്ട്. പ്രകടനങ്ങൾക്ക് അനുവദിച്ച സമയ പരിധി അവസാനിച്ചതിനാൽ പരിപാടി പോലീസ് നിർത്തിച്ചതാണ് എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. (രാത്രി പത്തു മണിക്കും രാവിലെ 6 മണിക്കുമിടയിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നത് പോലീസിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.)
OneIndia എന്ന ഓൺലൈൻ മാധ്യമവും മാർച്ച് 6ന് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തിന് കേരളത്തിലെ മുസ്ലിംകളുമായി യാതൊരു ബന്ധമില്ലെന്നും, ആസൂത്രിതമായി വർഗീയ സ്പർദ്ധ വളർത്തൽ ലക്ഷ്യമാക്കി ഉള്ളതാണെന്നും വ്യക്തമാണ്.
കേരള പോലീസ് ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ചോ?
സെപ്റ്റംബർ 9ന്, ഒരു എക്സ് ഉപയോക്താവ് ഹിന്ദിയിൽ ഇത്തരമൊരു അടിക്കുറിപ്പോടെ ഒരു വീഡിയോ പങ്കു വച്ചു : “കേരളത്തിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണ്. ജയ് ഹിന്ദിന് പകരം കേരളത്തിലെ പോലീസ് ട്രെയിനികൾ ജയ് ഹാദിസം എന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത്. പോലീസ് വർഗീയ മുദ്രാവാക്യങ്ങൾ വിളിക്കുകയാണ്.”

2025 സെപ്റ്റംബർ 9ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
എന്നാൽ ഈ ദൃശ്യങ്ങൾക്ക് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല. കാസർഗോഡ് നിന്നുള്ള ഈ വർഷത്തെ നബി ദിന റാലിയുടെ ദൃശ്യങ്ങളാണിത്.
കാസർഗോട്ടെ നബി ദിനാഘോഷങ്ങളിൽ, പല നിറങ്ങളിലുള്ള യൂണിഫോമുകൾ ധരിച്ച് മദ്രസ്സ വിദ്യാർത്ഥികൾ ജാഥകൾ നടത്താറുണ്ട്. ജില്ലയിലെ കോട്ടപ്പാറയിൽ നടന്ന നബിദിന ജാഥ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന് മുന്നിൽ ആദരവ് അര്‍പ്പിച്ചു കടന്ന് പോയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
കേരളത്തിലെ ക്ലാസ്സ്‌റൂമുകളിൽ ലിംഗ വേർതിരിവോ?
ഒക്ടോബർ 20ന്, @TMoolamattom എന്ന എക്സ് അക്കൗണ്ട് ‘കേരളത്തിലെ ക്ലാസ്സ്‌റൂമുകളിലെ ലിംഗ വേർതിരിവ്’ എന്ന് വർഗീയ പരാമർശമടങ്ങുന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ പങ്കു വച്ചു. ഇതേ വീഡിയോ @KreatlyMedia, @MeghUpdates, @ssaratht, @the_kerala_girl എന്നീ അക്കൗണ്ടുകളെല്ലാം, കേരളവുമായി ബന്ധപ്പെടുത്തുന്ന അടിക്കുറിപ്പുകളോടെ പങ്കു വച്ചിരുന്നു.

2025 ഒക്ടോബർ 20ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
എന്നാൽ ഈ ദൃശ്യം മഹാരാഷ്ട്രയിലെ MOS അക്കാദമിയിൽ നിന്നുള്ളതാണ്. ദൃശ്യങ്ങൾ കേരളത്തിലേതല്ലെന്നും മഹാരാഷ്ട്രയിലെ അവരുടെ സ്ഥാപനത്തിൽ നിന്നാണെന്നും അക്കാഡമിയുടെ ഡയറക്ടർ മുഹമ്മദ് ആമിര്‍ സ്ഥിരീകരിച്ചു.




2025 ഒക്ടോബർ 22ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
സ്രോതസ്സ്: link1,link2,link3,link4.
ശബരിമല: പഴയ ചിത്രങ്ങൾ, പുതിയ തെറ്റിദ്ധാരണകൾ
ഈ വർഷത്തെ മണ്ഡലകാലം നവംബർ 16ന് ആരംഭിച്ചു. ഇതോടെ, ശബരിമലയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെ കുത്തൊഴുക്കും തുടങ്ങി. ശബരിമലയിലെ നിലവിലെ സാഹചര്യമെന്ന് അവകാശപ്പെട്ടു കൊണ്ട് നവംബർ 19ന് എക്സിൽ ചില ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. ഒരു ഉപയോക്താവ് #IslamicInvasion എന്ന ഹാഷ് ടാഗും ചിത്രങ്ങൾക്കൊപ്പം ഉപയോഗിക്കുകയുണ്ടായി.


നവംബർ 19ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
എന്നാൽ ഈ ചിത്രങ്ങൾ പഴയതാണെന്നും നിലവിലെ ശബരിമലയിലെ സാഹചര്യങ്ങളുമായി ബന്ധമൊന്നുമില്ലെന്നും കണ്ടെത്താനായി. ചവറ്റു കുട്ടക്ക് സമീപം കിടക്കുന്ന പെൺകുട്ടിയുടെ ചിത്രം 2018ലേതാണ്. കൂപ്പു കൈകളുമായി കരയുന്ന കുട്ടിയുടെ ചിത്രം 2023ലേതും. തിരക്കിനിടയിൽ പെട്ട് അച്ഛനെ കാണാതായി കരയുകയും പോലീസിനോട് സഹായം തേടുകയും ചെയ്യുന്ന കുട്ടിയുടെ ചിത്രമാണത്. 2023 ഡിസംബർ 12ന് ഏഷ്യാനെറ്റ് ന്യൂസ് സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് മീതെ എൽ ഡി എഫിന്റെ വികസന റാലിയോ?
കേരളത്തിലെ ബി ജെ പി ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഒക്ടോബർ 21ന് എക്സിൽ ഒരു വീഡിയോ പങ്കു വച്ചു. ഒരു ജാഥയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്. പൊട്ടി പൊളിഞ്ഞ റോഡുകൾ മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുന്നവരെ ദൃശ്യങ്ങളിൽ കാണാം. പോസ്റ്റിന്റെ അടിക്കുറിപ്പ് സൂചിപ്പിക്കുന്നത് എൽ ഡി എഫ് സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളെ ആഘോഷിക്കുന്ന റാലിയാണ് പൊട്ടിപൊളിഞ്ഞ റോഡുകൾക്ക് മീതെ കടന്നു പോകാൻ പ്രയാസപ്പെടുന്നത് എന്നാണ്.

ഒക്ടോബർ 21ലെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്
എന്നാൽ കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ എൽ ഡി എഫ് നടത്തിയ കാൽനട ജാഥയാണ് ഇത്. സി പി ഐ എം പേരാമ്പ്ര ഏരിയ സെക്രട്ടറി കുഞ്ഞമ്മദ് ഇത് ഒ ബി സിയോട് സ്ഥിരീകരിച്ചു.
ഒന്നിലധികം കോടതി വിധികൾ നിലനില്‍ക്കുന്ന സാഹചര്യത്തില്‍പോലും , ഇന്ത്യയിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ വർദ്ധിച്ചു വരികയാണ്. ‘ഹേറ്റ് സ്‌പീച്ച്’ എന്നാൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് മാത്രമല്ല എന്ന് 2023ലെ കൗശൽ കിഷോർ v. സ്റ്റേറ്റ് ഓഫ് ഉത്തർ പ്രദേശ് എന്ന കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സമുദായത്തെയാകെ പാർശ്വവൽക്കരിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുന്നതെന്തും ഹേറ്റ് സ്പീച്ചിൽ ഉൾപ്പെടും. മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾക്കെല്ലാം ശക്തമായ പ്രത്യാഘാതങ്ങളുണ്ടായിരിക്കുമെന്ന് 2025ലെ വിശാൽ തീവാരി v. യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ കോടതി നിരീക്ഷിക്കുന്നുണ്ട്. അത്തരം പരാമർശങ്ങൾ ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവുന്നതല്ല എന്നത് പലപ്പോഴായി ഇന്ത്യൻ നീതിന്യായ സംവിധാനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഓൺലൈൻ ഹേറ്റ് സ്‌പീച്ച് നിയന്ത്രിക്കണമെന്ന് യൂണിയൻ സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദേശം നൽകിയത് അടുത്ത കാലത്താണ്. എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ അപകടരമായി പടരുന്ന വർഗീയ ഉള്ളടക്കങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരിൽ ക്ഷമിച്ചു കൊടുക്കാനാവുന്നതല്ലെന്നും കോടതി പറഞ്ഞിരുന്നു. എങ്കിലും, വിദ്വേഷ പ്രചാരണം ഭീമമായ അളവിൽ വർദ്ധിച്ചു വരുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. സംഘടിതമായി പ്രവർത്തിക്കുന്ന ഇത്തരം ശൃംഖലകളെല്ലാം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും വർഗീയ സ്പർദ്ധ വളർത്താനും ഡിജിറ്റൽ സംവിധാനത്തെ തന്നെയാണ് ആശ്രയിക്കുന്നത്.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക