അഫ്‌ഗാനികളുടെ ജനഗണ മന ! വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ എന്ത്?   

അഫ്‌ഗാനികളുടെ ജനഗണ മന ! വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ എന്ത്?   

അഫ്ഗാനിസ്ഥാനിൽ വലിയ ജനക്കൂട്ടം ഒന്നിച്ചുചേർന്ന് ഇന്ത്യൻ ദേശീയപതാക ഉയർത്തുകയും ജനഗണ മന ആലപിക്കുകയും ചെയ്തു എന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വന്ദേമാതരം ചൊല്ലാന്‍ തയ്യാറാവാത്ത മലയാളികള്‍ ഇത് കാണണം എന്ന് പറയുന്ന മലയാളം പോസ്റ്റുകളും ഫേസ്ബുക്കില്‍ ധാരാളം പ്രചരിക്കുന്നുണ്ട്. പക്ഷെ ഇത് സത്യമാണോ? പൊതു വേദികളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ‍ത്തിനിടെ നടക്കുന്ന ഈ സോഷ്യല്‍ മീഡിയാപ്രചാരണം എത്രത്തോളം ശരിയാണ്? ഒബിസി പരിശോധിച്ചു.

പ്രചരിക്കുന്ന പോസ്റ്റുകള്‍ ഇങ്ങനെ

ഫേസ്ബുക്കില്‍ 5.8K ഫോളോവേഴ്സ് ഉള്ള കേരള വര്‍മ പഴശിരാജ എന്ന ഒരു അക്കൗണ്ട് വഴി ഈ പോസ്റ്റ്‌ പ്രചരിക്കുന്നതായി കണ്ടു. വന്ദേമാതരം ആലപിക്കാന്‍ പറ്റാത്ത മലയാളികളും ദേശീയ പതാക ഉയര്‍ത്താൻ കഴിയാത്ത മലയാളികളും ഇതൊന്നു കാണണം എന്നെല്ലാം ഈ പോസ്റ്റിൽ പറയുന്നുണ്ട്. ഇതുവരെ (15/8/26) എണ്ണായിരത്തിലധികം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

അനില്‍ പല്ലശന എന്ന മറ്റൊരു വ്യക്തിഗത ഫേസ്ബുക്ക് പേജും ഇതേ വീഡിയോ സമാനമായ അവകാശ വാദത്തോടെ ഷെയര്‍ ചെയ്തിട്ടുള്ളതായി കാണാം.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ചില യുട്യൂബ് ചാനലുകളിലും ഈ വീഡിയോ പ്രചരിക്കുന്നതായി കണ്ടെത്തി.

എന്താണ് സത്യാവസ്ഥ?

വീഡിയോയുടെ സത്യാവസ്ഥ അറിയുന്നതിനായി, പ്രചരിക്കുന്ന വിഡിയോയിലെ കീ ഇമേജസ് റിവേഴ്സ് ഇമേജ് സേര്‍ച്ച്‌ ചെയ്തു നോക്കി. ഹിന്ദിയിലുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അപ്പോള്‍ ലഭിച്ചത്. ഉത്തർപ്രദേശിലെ ദേവ്ബന്ദിലുള്ള മതപാഠശാലയായ ദാറുൽ ഉലൂമിൽ നിന്നുള്ളറിപ്പബ്ലിക് ദിന വീഡിയോ വയറൽ ആകുന്നു എന്നാണ് ഹിന്ദിയിലുള്ള ക്യാപ്ഷന്‍.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ജനുവരി 27 നാണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളത് അല്ല എന്നാണ് ഈ പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. ഇത് ഉറപ്പുവരുത്തുന്നതിനായി ഈ സംഭവത്തിന്റെ എന്തെങ്കിലും വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. അതിനായി UP, Darul Uloom എന്നീ  കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സേര്‍ച്ച്‌ ചെയ്തു. 

ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ ദാറുൽ ഉലൂം ക്യാമ്പസിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപനത്തില്‍ ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്ത ഈ സംഭവം നവ്ഭാരത് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അലീഗഢ് മുസ്ലിം സർവ്വകലാശാലയുടെ  പേജിലും ഈ വീഡിയോ അന്ന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 

നവ്ഭാരത് ടൈംസ് റിപ്പോർട്ട്, സ്ക്രീന്‍ഷോട്ട്

അതായത്, ഈ വീഡിയോ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല, മറിച്ച് ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പ്രശസ്തമായ ദേവ്ബന്ദ് ദാറുൽ ഉലൂം മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ചിത്രീകരിച്ചതാണെന്ന് വേണം കരുതാൻ. മാസങ്ങള്‍ മുന്‍പുള്ള ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും മറ്റൊരു സാഹചര്യത്തില്‍ തെറ്റായ അവകാശവാദത്തോടെ പ്രചരിക്കുന്നത്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top