
ഗ്യാസില്ലെന്ന് പരാതിപ്പെട്ടയാളോട് പരിഹരിക്കാമെന്ന് പറഞ്ഞത് മോദിയാണോ? ഫാക്ട് ചെക്ക്.
രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ല എന്ന വിമർശനം സാധുവാണ്. എന്നാൽ പ്രധാനമന്ത്രിയെ വിമർശിക്കാനായി വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നാണ് ഈ വ്യാജ പ്രചാരണം കൂടുതലായി നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ തിരക്കുകളിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. എന്നാൽ പ്രചാരണങ്ങൾക്കൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
പാചകവാതക ക്ഷാമത്തിനെ പറ്റിയുള്ള പരാതിക്ക് പ്രധാന മന്ത്രി തന്നെ നേരിട്ട് മറുപടി നൽകുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു റോഡ് ഷോയ്ക്കിടെ നരേന്ദ്ര മോദി എന്നവകാശപ്പെടുന്ന ഒരാളോട് ‘ഗ്യാസ് കിട്ടാനില്ല’ എന്ന് ആൾക്കൂട്ടത്തിൽ നിന്നാരോ പറയുന്നതും, പരിഹരിക്കാം എന്ന തരത്തിൽ മോദി തിരികെ ആംഗ്യം കാണിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ചോദ്യം ചോദിക്കുന്ന ആളാരാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. പക്ഷേ ഈ പ്രചരണം വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.
ഫേസ്ബുക്കിൽ ‘വേടത്തി’ എന്ന അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ച വീഡിയോയാണ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്.
‘മോദിജി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി റോഡ് ഷോ നടത്തുമ്പോൾ അജ്ഞാതനായ ഏതോ ദേശവിരുദ്ധൻ “ഗ്യാസ് നഹി മിൽ രഹാ അങ്കിൾ ” (ഗ്യാസ് ക്ഷാമം പരാതിപ്പെടുന്നു) എന്ന് വിളിച്ചു പറയുന്നു 😌’ എന്ന ക്യാപ്ഷനോടെ പങ്ക് വെച്ച പോസ്റ്റിന് ഇതുവരെ 596 ലൈക്കുകളും കമന്റുകളും കിട്ടിയിട്ടുണ്ട്. 188 പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. 43,000 തവണ കണ്ടിട്ടുമുണ്ട്.

ഈ വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ ഗൂഗിൾ സെർച്ചിൽ സമാനമായ നിരവധി പോസ്റ്റുകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി പ്രചരിക്കുന്നുവെന്ന് മനസ്സിലായി. കണ്ടെത്തിയതിൽ കൂടുതലും കോൺഗ്രസ് അനുകൂല അക്കൗണ്ടുകൾ. ഇതിൽ ഫേസ്ബുക്കിൽ ഏറ്റവുമധികം പ്രചരിച്ചിട്ടുള്ളത് ‘ആന്ധ്രപ്രദേശ് യൂത്ത് കോൺഗ്രസ് ’ എന്ന ഫേസ്ബുക്ക് പേജ് പങ്ക് വെച്ച പോസ്റ്റാണ്. ഈ പേജിൽ ഇതേ വീഡിയോ രണ്ട് തവണ പോസ്റ്റ് ചെയ്തിട്ടുള്ളതായി കാണാം. രണ്ട് പോസ്റ്റിലുമായി ഏകദേശം 1.33 ലക്ഷം തവണ ഈ വീഡിയോ കണ്ടിട്ടുമുണ്ട്.

‘കൃഷ്ണ അല്ലവാരു’ എന്ന കോൺഗ്രസ് അനുകൂല അക്കൗണ്ടിൽ നിന്നുള്ള മറ്റൊരു പോസ്റ്റ് 67,000 വട്ടമാണ് പലരായി കണ്ടിട്ടുള്ളത്. 3.18 ലക്ഷം ഫോളോവേഴ്സുള്ള ഈ പ്രൊഫൈലിൽ ‘ഐസിസി ഇൻചാർജ് ബിഹാർ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇയാൾ ബിഹാർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ചുമതലയുള്ള അഖിലേന്ത്യ നേതാവാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഈ പോസ്റ്റും 1300 ഓളം പേര് ലൈക്ക് ചെയ്തിട്ടുണ്ട്. ഈ വീഡിയോകളെല്ലാം ഏപ്രിൽ 1 ന് തന്നെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
മോദിയാണോ അത്?
എന്നാൽ വ്യാജമാണെന്ന് തിരിച്ചറിയാൻ സഹായിച്ചത് മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ‘റൂർക്കല വൈൻസ്’ (rourkela vines) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇതേ പരിപാടിയുടെ മറ്റൊരു വശത്ത് നിന്നുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിനൊപ്പമുള്ള അടിക്കുറിപ്പ് ‘ജിടിഎ 6 ന് മുൻപ് റൂർക്കല നവമിക്കിടയിൽ ഞങ്ങൾക്ക് മോദി ജിയെ കാണാനായി’ എന്നാണ്. ലോകത്താകെ ആരാധകരുള്ള വീഡിയോ ഗെയിം പരമ്പരയാണ് ‘ജിടിഎ’. ഇതിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ അധ്യായമാണ് ‘ജിടിഎ 6’.
3 ലക്ഷത്തോളം തവണ കണ്ട വീഡിയോയ്ക്ക് പതിനായിരത്തിന് മുകളിൽ ലൈക്കുകളും കിട്ടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ഈ പോസ്റ്റ് പ്രകാരം വീഡിയോ ചിത്രീകരിച്ചിട്ടുള്ളത് റൂർക്കല എന്ന സ്ഥലത്തെ നവമി ആഘോഷങ്ങൾക്കിടയിലാണ്. ഒഡീഷയിലെ സുന്ദർഗർഹ് ജില്ലയിലെ ഒരു നഗരമാണ് റൂർക്കല.

പ്രധാന മന്ത്രിയുടെ എല്ലാ പൊതു സന്ദർശനങ്ങളെ പറ്റിയുള്ള വിവരങ്ങളും pm.india.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ പറയുന്ന വിവരണങ്ങളനുസരിച്ച്, നരേന്ദ്ര മോദി അവസാനമായി ഒഡീഷ സന്ദർശിച്ചത്, 2025 സെപ്റ്റംബർ 27 നാണ്. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അന്ന് പ്രധാനമന്ത്രി ഒഡീഷയിലെ ജാർസുഗുഡ ജില്ല സന്ദർശിച്ചത്. രാജ്യത്ത് പാചക വാതക പ്രതിസന്ധി അനുഭവപ്പെട്ടതോ, ഈ വർഷം മാർച്ച് മാസം മുതൽക്കെയാണ്. അതായത്, പാചക വാതക പ്രതിസന്ധി തുടങ്ങിയതിന് ശേഷം പ്രധാന മന്ത്രി ഒഡീഷ സന്ദർശിച്ചിട്ടില്ല. മാത്രവുമല്ല, റൂർക്കല എന്ന സ്ഥലം ജാർസുഗുഡയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയാണ്. ഇതോടെ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമായി.

വീഡിയോയിലുള്ളത് ആരാണ്?
വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ കൂടുതൽ അന്വേഷണങ്ങൾ ചെന്നെത്തിയത് 2026 മാർച്ച് 28 ന് പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് വീഡിയോയിലാണ്. പ്രചരിക്കുന്ന പരിപാടിയുടെ മറ്റൊരു വശത്ത് നിന്നുള്ള വീഡിയോയാണിത്. ഒഡീഷയിലെ പ്രാദേശിക വാർത്ത മാധ്യമമായ ‘ഒഡീഷ റിപ്പോർട്ടർ’ (Odisha Reporter) പങ്ക് വെച്ച ഈ വീഡിയോയിൽ നരേന്ദ്ര മോദിയെന്ന് വ്യാഖ്യാനിക്കപ്പെടുന്നയാൾ’ സംസാരിക്കുന്നുണ്ട്. തന്റെ പേര് ‘സദാനന്ദ നായക്’ എന്നാണെന്നും കർണാടകയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്നും വീഡിയോയിൽ ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. “റൂർക്കലയുടെ രാമ നവമി ആഘോഷം വളരെ സന്തോഷമുള്ളതാണ്” എന്നും അദ്ദേഹം പറയുന്നു.

റിപ്പോർട്ടറുടെ ആവശ്യപ്രകാരം സ്വയം വീഡിയോയിൽ സദാനന്ദ നായക് മോദിയെ അനുകരിക്കുന്നുമുണ്ട്. മോദി അവസാനമായി ഒഡീഷയിൽ പങ്കെടുത്ത ജാർസുഗുഡ ജില്ലയിലെ പരിപാടിയിൽ സദാനന്ദ നായക് പങ്കെടുത്തതിന്റെ വീഡിയോയും മറ്റൊരു പ്രാദേശിക വാർത്ത മാധ്യമം യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.
കർണാടകയിലെ ഉടുപ്പിയാണ് സദാനന്ദ നായകിന്റെ ജന്മദേശം. ഇദ്ദേഹത്തിന്റെ മോദിയുമായുള്ള രൂപ സാദൃശ്യത്തെ പറ്റി വർഷങ്ങൾക്ക് മുൻപ് തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ, പ്രചരിക്കുന്ന പോസ്റ്റുകളെല്ലാം തെറ്റിദ്ധാരണയുണ്ടാക്കുന്നവയാണ്. വീഡിയോ മാർച്ച് 27, 28 ദിവസങ്ങളിൽ റൂർക്കലയിൽ നടന്ന രാമനവമി ആഘോഷങ്ങളുടേതാണ്. എന്നാൽ ഈ വീഡിയോയ്ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി യാതൊരുവിധ ബന്ധവുമില്ല.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക