
മൊറോക്കോയുടെ തോൽവിയും മലപ്പുറവും തമ്മിലെന്ത്? വൈറലാകുന്ന മറ്റൊരു വ്യാജപ്രചാരണം
ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായത് ഫുട്ബോൾ പ്രേമികളായ മലയാളികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമൊന്നുമല്ല. മൊറോക്കോയെക്കാൾ കേരളത്തിൽ ആരാധകർ ഉള്ളത് ഫ്രാൻസിന് തന്നെയാണ്. പക്ഷെ മൊറോക്കോയുടെ തോൽവി മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമായി എടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ തീവ്ര വലത് പക്ഷ അക്കൗണ്ടുകൾ.
ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനോട് പരാജയപ്പെട്ട് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ പുറത്തായത് ഫുട്ബാൾ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമല്ല. ഇരുപത്തിയേഴാം മിനിറ്റിൽ എംബാപ്പെ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയിട്ട് പോലും കളിയിൽ ഒരു ഘട്ടത്തിലും മേൽക്കൈ നേടാൻ മൊറോക്കോക്ക് കഴിഞ്ഞില്ല. എന്തായാലും 2030 ൽ പോർച്ചുഗലിനും സ്പെയിനിനുമൊപ്പം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാമെന്ന സന്തോഷത്തിലാണ് മൊറോക്കോയുടെ ആരാധകർ.
എന്നാൽ, മൊറോക്കോയുടെ ഈ തോൽവി മുസ്ലിങ്ങൾക്കെതിരായ വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള മറ്റൊരു അവസരമായി എടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിലെ തീവ്ര വലതു പക്ഷക്കാർ. മറ്റൊരു രാജ്യത്ത് മറ്റൊരു സന്ദർഭത്തിൽ നടന്ന കലാപത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഈ വിദ്വേഷ പ്രചാരണം നടക്കുന്നത്.
പ്രചരിക്കുന്ന വീഡിയോ എന്ത്?
ഇറ്റാലിയൻ ആർമിയുടെ മുൻ സബ് ഓഫീസറും എഴുത്തുകാരനുമായ (എക്സ് ബയോ പ്രകാരം) ഒരു വ്യക്തിയുടെ 4,200 ത്തിലധികം ഫോളോവേഴ്‌സുള്ള വെരിഫൈഡ് എക്സ് അക്കൗണ്ടിൽ ജൂലായ് പത്തിനാണ് ഒരു വീഡിയോ പോസ്റ്റ് വരുന്നത്.
“മൊറോക്കൻ, വടക്കേ ആഫ്രിക്കൻ സോക്കർ ടീം മത്സരത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുസ്ലീങ്ങൾ പാരീസിന് തീയിട്ടു” എന്നാണ് ഇറ്റാലിയൻ ഭാഷയിലുള്ള ക്യാപ്‌ഷൻ.

11 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, റോഡിൽ കാറുകൾ മറിഞ്ഞ് കിടക്കുന്നതായും തീപിടിച്ച് കത്തിയമരുന്നതായും കാണാം.
പിന്നാലെ, കേരളത്തിലെ ചില എക്സ് അക്കൗണ്ടുകളും ഈ വീഡിയോ പ്രചരിപ്പിച്ചു. മറ്റ് വിശദീകരണങ്ങൾ ഒന്നും നൽകാതെ ‘മുസ്ലീങ്ങൾ പാരീസിന് തീയിട്ടു’ എന്ന വാദമുയർത്തിയാണ് ചില വലതുപക്ഷ പ്രൊഫൈലുകൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
മലപ്പുറത്തെ പോലെ പ്രസവ ജിഹാദ് നടത്തി മറ്റ് രാജ്യങ്ങൾ നശിപ്പിക്കാൻ കുടിയേറിയ മുസ്ലിങ്ങൾ പാരീസ് കത്തിക്കുന്നു എന്ന അടിക്കുറിപ്പോടെ
Meghna എന്ന എക്സ് അക്കൗണ്ടാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നതിൽ മുന്നിലുള്ളത്.

മുസ്ലിം അഭയാർഥികൾ പാരീസ് കത്തിക്കുന്നു എന്ന അടിക്കുറിപ്പോടെ ഇതുവരെ (13/7/26) നാല് വീഡിയോകളാണ് ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുള്ളത്. ഈ വർഷം മേയിൽ പാരീസിൽ നടന്ന അക്രമ സംഭവങ്ങളുടെ വീഡിയോ തന്നെയാണ് സമാന അവകാശ വാദത്തോട് കൂടി പങ്കുവച്ചിരിക്കുന്നത്.
‘Muslims are burning Paris – 2’ എന്ന അടിക്കുറിപ്പോടെ 36 സെക്കൻ്റുള്ള മറ്റൊരു വീഡിയോയും Refugee Muslims are burning Paris – 3 എന്ന അടിക്കുറിപ്പോടെ ജൂലൈ പത്തിന് തന്നെ മറ്റൊരു വീഡിയോയും പങ്കുവച്ചതായി കാണാം.

10,000 ഫോളോവേഴ്സ് ഉള്ള Vijay Hindustani എന്ന ഫേസ്ബുക്ക് പേജിലും ഈ വീഡിയോ സമാന അവകാശവാദത്തോടെ ജൂൺ ഒന്നിന് പങ്കുവച്ചിട്ടുണ്ട്.

നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വാസ്തവമെന്താണ്?
വീഡിയോയുടെ കീ ഫ്രെയിംസ് പരിശോധിച്ചപ്പോൾ ഇതേ വീഡിയോ സോഷ്യൽ മീഡിയയിൽ വേറെയും ചില അക്കൗണ്ടുകൾ പങ്കുവെച്ചതായി കണ്ടെത്തി. പക്ഷേ ഇപ്പോൾ വൈറലായ പോസ്റ്റുകളിൽ പറയുന്നതുപോലെ മുസ്ലീങ്ങൾ നടത്തിയ കലാപമല്ല അത്. യഥാർത്ഥ സംഭവത്തെ കുറിച്ചുള്ള വാർത്താറിപ്പോർട്ടുകൾ ലഭ്യമാണ്.
സംഭവം ഇങ്ങനെ:
2026 മേയിൽ പാരീസിൽ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങളാണിത്. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പി എസ് ജി, ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയിച്ചതിനെ തുടർന്ന് ആരാധകർ പാരിസ് നഗരത്തിൽ നടത്തിയ ആഹ്ലാദപ്രകടനമാണ് അക്രമത്തിലും സംഘർഷത്തിലും കലാശിച്ചത്. ഫ്രഞ്ച് പോലീസ് അന്ന് 780 ഓളം പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നു. മെയ് 31 ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതേ സംഭവത്തിന്റെ മറ്റ് ചില ദൃശ്യങ്ങൾ ഉപയോഗിച്ച് മുൻപും സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. മുസ്ലിങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഐഫല്‍ ടവറിന് തീപിടിച്ചു എന്ന അവകാശവാദത്തോടെ ഇതേ സംഭവത്തിന്റെ വേറെ ചില വീഡിയോകൾ മുൻപ് വൈറലായിരുന്നു. ഒബിസി ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട പാരീസിൽ നടന്ന ഒരു സംഭവത്തിന്റെ പഴയ ദൃശ്യങ്ങൾ എടുത്ത് അതിലേക്ക് മലപ്പുറം, അഭയാർത്ഥികൾ, പ്രസവ ജിഹാദ് തുടങ്ങിയ വിദ്വേഷ വാക്കുകൾ ചേർത്ത് പ്രചരിപ്പിക്കുകയാണ് തീവ്ര വലതുപക്ഷ അനുകൂലികൾ. പി എസ് ജിയുടെ ആരാധകർ നടത്തിയ ആഹ്ളാദ പ്രകടനത്തിൽ ഉണ്ടായ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഒരു മത വിഭാഗത്തിനെതിരെ വെറുപ്പ് പടർത്താൻ ഉപയോഗിക്കുന്നത്.
