
തലക്കെട്ടുകൾ സൃഷ്ടിക്കാത്ത പ്രളയക്കെടുതി: അസമിൽ നിന്നുള്ള വാർത്തകൾ
കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തിലൂടെയാണ് അസം കടന്നുപോകുന്നത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും അടിക്കടിയുണ്ടാകുന്ന മിന്നൽ പ്രളയത്തിലും 68 പേരാണ് ഇതുവരെ (28/6/26) മരണപ്പെട്ടത്. അസമിലെ പ്രളയക്കെടുതി അർഹിക്കുന്ന ഗൗരവത്തോടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നില്ല.
ശിവസാഗർ, ജോർഹട്ട്, ഗോരാഘട്ട്, ചരൈഡിയോ, ഹോജായ്, ബിശ്വനാഥ് തുടങ്ങി അസമിലെ ഒൻപതോളം ജില്ലകളെയാണ് പ്രളയം ബാധിച്ചത്. എണ്ണൂറിലധികം ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. 48,000 ഹെക്ടറിലധികം കൃഷിഭൂമിയാണ് പ്രളയത്തിൽ നശിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസമിലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റിയുടെ (ASDMA) കണക്ക് പ്രകാരം, 37,724 പേരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുള്ളത്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് കൈത (KAITHA) എന്ന സംഘടന സമർപ്പിച്ച റിപ്പോർട്ട് അസമിലെ നിലവിലെ ദുരിതാവസ്ഥ വ്യക്തമാക്കുന്നു.
പ്രളയം ബാധിച്ചവർ, വെള്ളത്തിലായ ജില്ലകൾ
ഇതുവരെയുള്ള കണക്കിൽ (27/6/26 വരെ) 5,24,733 പേരെയാണ് പ്രളയം ബാധിച്ചത്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത് പ്രകാരം ചരായ്ദിയോ, ഗോലാഘട്ട്, ജോർഹാട്ട്, ശിവസാഗർ, ഹോജായ്, കാമരൂപ്, കാമരൂപ് മെട്രോ, നാഗോൺ, ദിബ്രുഗഢ് എന്നീ ഒൻപത് ജില്ലകളെയാണ് അതിരൂക്ഷമായി പ്രളയം ബാധിച്ചത്.
24 റവന്യൂ സർക്കിളുകളിലായി മൊത്തം 763 ഗ്രാമങ്ങളെ പ്രളയം ബാധിച്ചതായാണ് സംസ്ഥാന അതോറിറ്റിയുടെ കണക്ക്. നിലവിൽ വെള്ളപ്പൊക്കം തുടരുകയോ ദുരിതാശ്വാസ ക്യാമ്പുകൾ സജീവമായി പ്രവർത്തിക്കുകയോ ചെയ്യുന്ന ജില്ലകളുടെ എണ്ണം 9 ആണ്.

അപ്പർ അസമിലെ ചരായ്ദിയോ, ശിവസാഗർ എന്നീ ജില്ലകളിലാണ് പ്രളയത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ. ചരായ്ദിയോയിൽ 1.90 ലക്ഷത്തോളം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. ശിവസാഗർ ജില്ലയിൽ, ഒന്നര ലക്ഷത്തോളം ആളുകളാണ് പ്രളയക്കെടുതിയിലായത്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളതിൽ മൂന്നാമതുള്ള ജില്ല ജോർഹാട്ട് ആണ്. ഏകദേശം 1,40,000 പേരാണ് ഇവിടെ ദുരിതത്തിലായത്. ഗൊലാഘട്ടിലും വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാഗോൺ, ദിബ്രുഗഢ് എന്നീ ജില്ലകളും തൊട്ടു പിന്നിൽ പട്ടികയിലുണ്ട്.
ഈ മൺസൂൺ സീസണിലുടനീളം അസമിലെ ഇരുപത്തി അഞ്ചോളം ജില്ലകളിൽ പ്രളയക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോർഹാട്ട്, ശിവസാഗർ, ചായ്ദിയോ എന്നീ ജില്ലകളിൽ പലയിടത്തായി പ്രളയത്തിൽ റോഡുകൾ മുങ്ങിപ്പോവുകയോ, പാലങ്ങൾ തകരുകയോ ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ല.
അസം പ്രളയം: ജില്ല തിരിച്ചുള്ള നിലവിലെ സ്ഥിതിഗതികൾ
| ക്രമ നമ്പർ | ജില്ല | പ്രളയത്തിന്റെ തീവ്രത / അവസ്ഥ |
| 1 | ചരായ്ദിയോ | ഏറ്റവും രൂക്ഷം |
| 2 | ശിവസാഗർ | രണ്ടാമത് |
| 3 | ജോർഹാട്ട് | മൂന്നാമത് |
| 4 | ഗൊലാഘട്ട് | വലിയ നാശനഷ്ടം |
| 5 | നാഗോൺ | മിതമായ ആഘാതം |
| 6 | ദിബ്രുഗഢ് | സ്ഥിതി മെച്ചപ്പെടുന്നു |
| 7–9 | ഹോജായ്, കാമരൂപ്, കാമരൂപ് മെട്രോ | കുറഞ്ഞ അളവിലുള്ള പ്രളയ ബാധ |
ഇതുവരെ, 579 വീടുകൾ പ്രളയത്തിൽ തകർന്നതായി KAITHA കണക്കാക്കുന്നു. 1,611 വീടുകൾ ഭാഗികമായും തകർന്നു. ജോർഹാട്ട്, ശിവസാഗർ, ചരായ്ദിയോ എന്നീ ജില്ലകളിൽ പ്രധാന റോഡുകൾ വെള്ളത്തിനടിയിലാവുകയും പലയിടത്തും റോഡുകൾ ഇടിയുകയും ചെയ്തിട്ടുണ്ട്.
കാസിരംഗ ദേശീയോദ്യാന മേഖലയില്‍, ജലനിരപ്പുയർന്നതിനെ തുടർന്ന് വന്യമൃഗങ്ങൾക്ക് സുരക്ഷിതമായി കാർബി ആങ്‌ലോങ് കുന്നുകളിലേക്ക് കടന്നുപോകുന്നതിനായി എൻ.എച്ച് 715 വഴിയുള്ള വാഹനഗതാഗതത്തിന് പ്രത്യേക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഗ്രാമത്തിലെ കാർഷിക സമ്പദ് വ്യവസ്ഥയെയും പ്രളയം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. 48,742.09 ഹെക്ടറോളം കൃഷിഭൂമി പ്രളയത്തിൽ നശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 88,240 (കന്നുകാലികളും വളർത്തുമൃഗങ്ങളും ഉൾപ്പെടെ) മൃഗങ്ങളെയാണ് പ്രളയം ബാധിച്ചത്. ഇതിൽ 26,512 ഓളം കന്നുകാലികൾ പ്രളയത്തിൽ ഒലിച്ചുപോയതായി കണക്കാക്കുന്നു.
ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം
ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും ഇതുവരെ മാറ്റി പാർപ്പിച്ച 37,724 പേരും 109 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് കഴിയുന്നത്. ജൂലൈ 26 ന് ക്യാമ്പുകളിലുണ്ടായിരുന്നത് 18,902 പേരായിരുന്നുവെങ്കിൽ തൊട്ടടുത്ത ദിവസം അത് 28,695 പേരായി.
ക്യാമ്പുകളിൽ കഴിയുന്ന 37,724 പേർക്ക് പുറമെ, ഏകദേശം 1,53,833 പേർ പുറമെ നിന്നുമുള്ള ദുരിതാശ്വാസം കൈപ്പറ്റുന്നുണ്ട്. ഇവർക്കായി മാത്രം 245 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെ മൊത്തം 354 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനക്ക് (SDRF) പുറമേ ദേശീയ ദുരന്ത നിവാരണ സേനയും (NDRF) രക്ഷാപ്രവർത്തനത്തിനുണ്ട്.
152 മെഡിക്കൽ ടീമുകളാണ് രംഗത്തുള്ളത്. രക്ഷാപ്രവർത്തനത്തിനായി 36 ബോട്ടുകളും 2 ഹെലികോപ്റ്ററുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യൻ കരസേനയുടെ ഓപ്പറേഷൻ ജൽ റാഹത്തും പ്രവർത്തിക്കുന്നുണ്ട്.
അസമിലെ പ്രളയം; മുന്‍ വര്‍ഷങ്ങളില്‍
മുൻ വർഷങ്ങളിലും അസമിൽ വലിയ തോതിലുള്ള പ്രളയക്കെടുതികൾ ഉണ്ടായിട്ടുണ്ട്. 2024 ലും 2022 ലും വലിയ ആഘാതമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2024 ലെ പ്രളയം ബാധിച്ചത് 12.33 ലക്ഷം പേരെയാണ്. 90 പേർ അന്ന് മരിച്ചു. 2022 ൽ, 32 ജില്ലകളിലായി 55 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിച്ചത്. 190 പേരാണ് അന്ന് മരിച്ചത്. 2020 ലും വലിയ പ്രളയം തന്നെയാണ് അസമിൽ ഉണ്ടായത്.

മുൻ വർഷങ്ങളിൽ സാധാരണ മൺസൂൺ മഴയുടെ ആഘാതമാണ് പ്രളയത്തിന് കാരണമായതെങ്കിൽ, ഈ വർഷം, നാഗാലാൻഡിലുണ്ടായ മേഘവിസ്ഫോടനവും അതി തീവ്രമഴയുമാണ് മിന്നൽപ്രളയത്തിനു വഴിവച്ചത്. അപ്പർ അസമിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാരണം, പ്രളയം സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നതിന് പകരം ചില പ്രത്യേക മേഖലകളിൽ അത്യധികം വിനാശകരമായി ബാധിച്ചിരിച്ചിരിക്കുകയാണ് എന്നതാണ്.
മഴയുടെ ശക്തി കുറഞ്ഞതോടെ, അപ്പർ അസമിലെ മിക്ക പ്രദേശങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട് എങ്കിലും ഓഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ട് എന്നാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് (IMD) നൽകുന്ന മുന്നറിയിപ്പ്. അസമിലും മേഘാലയയിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ റെഡ് – ഓറഞ്ച് അലർട്ടുകൾ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്.
