
ഇ ഡി ക്ക് ‘കുരുക്ക് മുറുക്കി’യ കഥ: ഡോക്ടർ തോമസ് ഐസക്കും ഇ ഡിയും തമ്മിൽ
പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കും ജനപ്രതിനിധികൾക്കും ‘കുരുക്ക് മുറുക്കുന്ന’ഏജൻസി ആയി ഇ ഡി അറിയപ്പെട്ടു തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാൽ ‘കുരുക്ക്’ മുറുക്കാനുള്ള ശ്രമങ്ങൾ ഇ ഡി ക്ക് തന്നെ തിരിച്ചടിയായ സംഭവങ്ങളുമുണ്ട്.
സ്വതന്ത്ര അന്വേഷണ ഏജൻസി എന്നതിൽ നിന്നും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ മാത്രം ലക്ഷ്യംവെക്കുന്ന രാഷ്ട്രീയ ഏജൻസി എന്ന നിലയിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാറിയിട്ട് പത്ത് വർഷത്തിലേറെയായി. ഇ ഡി ലക്ഷ്യം വെക്കുന്നവരിൽ കോൺഗ്രസ്സ് നേതാക്കളടക്കം പലരും ബിജെപി പാളയത്തിൽ എത്തുന്നതാണ് കുറച്ച് കാലമായി കണ്ടു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ വസതിയിൽ നടത്തിയ റെയ്‌ഡിനെയും രാഷ്ട്രീയ വേട്ടയായി തന്നെയാണ് അരവിന്ദ് കെജ്രിവാൾ, എം കെ സ്റ്റാലിൻ, തേജസ്വി യാദവ് തുടങ്ങിയ പ്രതിപക്ഷ കക്ഷിനേതാക്കൾ വിലയിരുത്തിയത്.
വർഷങ്ങളായി ഇ ഡി യെ കോടതിയിൽ നേരിടുന്ന മറ്റൊരു രാഷ്ട്രീയ നേതാവുണ്ട് കേരളത്തിൽ. മുൻധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്‌ബി സമാഹരിച്ച മസാല ബോണ്ടിൽ കള്ളപ്പണം ആരോപിച്ചാണ് ഇ ഡി ഐസക്കിനെ കുരുക്കാൻ ശ്രമിച്ചത്. എന്നാൽ ഇ ഡിയുടെ ഓരോ നീക്കവും കോടതിയിൽ അവർക്ക് തന്നെ തിരിച്ചടിയായി. കോടതിയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഇ ഡി എന്ന ഏജൻസി രാഷ്ട്രീയ പ്രേരിതമായാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് തോമസ് ഐസക്കിനെതിരായ കേസിൽ ഉണ്ടായിട്ടുള്ള കോടതി വ്യവഹാരങ്ങൾ.
മസാല ബോണ്ടിനെതിരായ ആരോപണം
2022 ജൂലൈ മുതലാണ് ഇ ഡി തോമസ് ഐസക്കിന് സമൻസ് അയച്ചു തുടങ്ങുന്നത്. നിരവധി തവണ സമൻസ് അയച്ചെങ്കിലും തോമസ് ഐസക്കിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്യാൻ പോലും ഇത് വരെ ഇ ഡി ക്ക് കഴിഞ്ഞിട്ടില്ല. ഓരോ തവണയും ഇ ഡി യുടെ നടപടിക്കെതിരെ തോമസ് ഐസക് കോടതിയെ സമീപിച്ചു. അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്ന കേരള ഹൈക്കോടതിയുടെ ചോദ്യത്തിന് ഫലപ്രദമായ മറുപടി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

എന്താണ് ഇ ഡി തോമസ് ഐസക്കിനെതിരെ ഉയര്‍ത്തിയ ആരോപണം? അദ്ദേഹം ധനമന്ത്രി ആയിരിക്കെ ‘മസാല ബോണ്ടുകള്‍’ വഴി കിഫ്ബി (Kerala Infrastructure Investment Fund Board) സമാഹരിച്ച പണം, ‘ഫെമ ‘ (Foreign Exchange Management Act) നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തൽ.
വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന്, ഇന്ത്യൻ രൂപയിൽ തന്നെ പണം സമാഹരിക്കാനായി ഇന്ത്യൻ സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് (Bonds) മസാല ബോണ്ടുകൾ. കിഫ്‌ബി മസാല ബോണ്ട് വഴി പണം സമാഹരിച്ചത് റിസേർവ് ബാങ്കിന്റെ അനുമതിയോടെയാണെന്ന് തോമസ് ഐസക് കോടതിയിൽ വാദിച്ചു. ഫെമ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം വിദേശ വായ്പ സ്വീകരിക്കാൻ അനുമതി നൽകാൻ ആർ ബി ഐ ക്ക് അധികാരമുണ്ട്. ഇത്തരത്തിൽ റിസേർവ് ബാങ്കിന്റെ അനുമതിക്ക് വിധേയമായാണ് കിഫ്‌ബി മസാല ബോണ്ട് വഴി പണം സമാഹരിച്ചിട്ടുള്ളത്.
കിഫ്‌ബിക്കെതിരെ മാത്രം മതിയോ അന്വേഷണം?
മസാല ബോണ്ട് വഴി പണം സമാഹരിക്കുന്ന ആദ്യത്തെ സ്ഥാപനമല്ല കിഫ്‌ബി. തെർമൽ പവർ കോർപ്പറേഷനും (NTPC) ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയും (IREDA) ദേശീയ പാത അതോറിറ്റിയും (NHAI )സമാനമായ രീതിയില്‍ മസാല ബോണ്ടുകൾ വഴി പണം സമാഹാരിച്ചിട്ടുണ്ടെന്നും, എന്നാൽ അവർക്കെതിരെ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഐസക്കിന്റെ ഈ വാദം ഇ ഡി ക്ക് കോടതിയിൽ കുരുക്കായി. മസാല ബോണ്ട് വഴി പണം സമാഹരിച്ച മറ്റ് സ്ഥാപനങ്ങൾക്കെതിരെ സ്വീകരിച്ച നിയമനടപടികളുടെ വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഇ ഡി ക്ക് നിർദേശം നൽകി. എന്നാൽ മസാല ബോണ്ടിന്റെ പേരിൽ മറ്റാർക്കെതിരെയും കേസെടുത്തിട്ടില്ലാത്തതിനാൽ അത്തരത്തിൽ ഒരു രേഖയും ഹാജരാക്കാൻ ഇ ഡി ക്ക് കഴിഞ്ഞില്ല.
വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് ഇ ഡി ഡോക്ടർ തോമസ് ഐസക്കിന് ‘കുരുക്ക് മുറുക്കാൻ ‘ ശ്രമിച്ചത് എന്ന് വ്യക്തമാണ്. മസാലബോണ്ടുകൾ തികച്ചും നിയമ വിധേയമായ ധനസമാഹരണ മാർഗമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2021 മാർച്ച് 22 ന് ലോക്സഭയിൽ ഒരു ചോദ്യത്തിനുത്തരമായി കേന്ദ്ര സഹമന്ത്രി അനുരാഗ് സിംഗ് ടാക്കൂർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കോടതിയിൽ തിരിച്ചടി നേരിട്ടെങ്കിലും പിന്മാറാൻ ഇ ഡി ഒരുക്കമായിരുന്നില്ല.
വീണ്ടും സമൻസ്
2022 ഓഗസ്റ്റിൽ ഇ ഡി ഡോക്ടർ ഐസക്കിന് വീണ്ടും സമൻസ് അയച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം എന്ന് മാത്രമായിരുന്നില്ല ആവശ്യം. അദ്ദേഹം ഹാജരാക്കേണ്ട രേഖകളുടെ സുദീർഘമായ ഒരു ലിസ്റ്റുമുണ്ടായിരുന്നു. തോമസ് ഐസക്കിന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും കഴിഞ്ഞ പത്ത് വർഷത്തെ മുഴുവൻ ബാങ്ക് ഇടപാടുകളുടെ രേഖകളും ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിനോ കുടുംബത്തിനോ ഉള്ള സ്ഥാവര ജംഗമ സ്വത്ത് വിവരങ്ങളും കഴിഞ്ഞ പത്ത് വർഷത്തെ ആദായ നികുതി രേഖകളും ഇക്കാലയളവിലെ എല്ലാ വിദേശ യാത്രകളുടെയും വിവരങ്ങളും ഹാജരാക്കാനാണ് ഇ ഡി ആവശ്യപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ തോമസ് ഐസക്ക് ഡയറക്ടർ ആയിരുന്ന കമ്പനികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ഇ ഡി ഉത്തരവിട്ടു.

ഈ സമൻസിനെതിരെ തോമസ് ഐസക്ക് വീണ്ടും കോടതിയെ സമീപിച്ചു. കിഫബിയിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും മന്ത്രിയായിരിക്കെ വഹിച്ചിട്ടുള്ള പദവികളല്ലാതെ ഒരു കമ്പനിയിലും ഡയറക്ടർ അല്ലെന്ന് ഡോക്ടർ ഐസക് കോടതിയെ അറിയിച്ചു. പത്ത് വർഷത്തെ തന്റെയും കുടുംബത്തിന്റെയും യാത്രാ രേഖകളും ബാങ്ക് വിവരങ്ങളും ആവശ്യപ്പെടുന്നത് സ്വാകാര്യതയുടെ ലംഘനമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. കൂടാതെ ഡോക്ടർ ഐസക് കോടതിയിൽ ഉയർത്തിയ മറ്റൊരു വാദം വീണ്ടും ഇ ഡി ക്ക് കുരുക്കായി. മസാല ബോണ്ട് വഴി പണം സമാഹരിച്ചത് റിസർവ് ബാങ്കിന്റെ അനുമതിയോടെയും അറിവോടെയും ആയതിനാൽ റിസർവ് ബാങ്കിനെ കൂടി കേൾക്കണമെന്ന ഐസക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചു. റിസർവ് ബാങ്കിന് നോട്ടീസയച്ചു.
നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് റിസർവ് ബാങ്കിന്റെ സത്യവാങ്മൂലം
കിഫ്‌ബിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും തങ്ങളുടെ അറിവോടെയാണെന്ന് ആർ ബി ഐ ഹൈക്കോടതിയെ അറിയിച്ചു.എല്ലാ മാസവും കിഫ്‌ബി ആർ ബി ഐ ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നുണ്ടെന്നും അവർ കോടതിയിൽ ബോധിപ്പിച്ചത് വീണ്ടും ഇ ഡി ക്ക് തിരിച്ചടിയായി. പക്ഷേ ,ഫെമ നിയമത്തിലെ സെക്ഷൻ 37(1) പ്രകാരം, ഇത്തരം കേസുകളിൽ അന്വേഷണം നടത്താനുള്ള അധികാരം ഇ ഡിക്കാണെന്നും, അത് റിസർവ് ബാങ്കിനല്ലെന്നും ആർ.ബി.ഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തങ്ങളുടെ ഉദ്യോഗസ്ഥന്മാർക്ക് സ്ഥിരമായി സമൻസ് അയച്ചു ബുദ്ധിമുട്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കിഫബിയും ഹൈക്കോടതിയെ സമീപിച്ചു. നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് പൊതുവിപണിയിൽ കിഫ്ബിയുടെ വിശ്വാസ്യത തകർക്കുമെന്നും ഇത് ധനസമാഹരണത്തിന് തടസ്സമാകുമെന്നും കിഫ്ബിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
തുടർനടപടികൾക്ക് താത്കാലിക വിലക്ക്
2022 ഒക്ടോബറിൽ ഇ ഡി തോമസ് ഐസക്കിന് വീണ്ടും സമൻസയച്ചു. ഒക്ടോബറിലും ഇ ഡി തോമസ് ഐസക്കിന് സമ്മന്‍സ് അയച്ചു. തുടർനടപടികൾ സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതോടെ സമൻസുകൾ തത്കാലം നിലച്ചു. കേസിന്റെ അടിത്തറയിൽ തന്നെ സംശയം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്. മസാല ബോണ്ട് ഇറക്കിയ മറ്റ് സ്ഥാപനങ്ങൾക്കെതിരെയുള്ള സമാനമായ കേസുകളുടെ വിവരങ്ങൾ ഹാജരാക്കാൻ ഇ ഡി ക്ക് കഴിയാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഒരിടവേളക്ക് ശേഷം , 2023 നവംബറിൽ തോമ്സ് ഐസക്കിനും കിഫ്ബിക്കും വീണ്ടും സമൻസ് അയക്കാൻ ഇ ഡി യെ ഹൈക്കോടതി അനുവദിച്ചു. ഇക്കുറി പക്ഷേ പത്ത് വര്ഷത്തെ രേഖകൾ ഹാജരാകണമെന്ന ആവശ്യത്തിൽ നിന്ന് ഇ ഡി പിൻവാങ്ങിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട ചില രേഖകൾ മാത്രം ഹാജരാക്കണമെന്നായിരുന്നു ഇ ഡി യുടെ ആവശ്യം. വീണ്ടും തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണവുമായി സഹകരിച്ചു കൂടെ എന്ന ചോദ്യം ഉയർത്തുകയാണ് ഹൈക്കോടതി ചെയ്തത്.

2024 ഫെബ്രുവരിയിൽ ഇ ഡി വീണ്ടും സമൻസ് അയച്ചു. എന്നാൽ ഇത്തവണ വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല. ഇ ഡി അന്വേഷണവുമായി സഹകരിക്കാൻ തോമസ് ഐസക്കിനോടും കിഫ്ബിയോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. “അറസ്റ്റോ ചോദ്യം ചെയ്യലോ അല്ല , അവർക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി ഒറ്റ തവണ മാത്രം ഹാജരാവണം’ കോടതി വാക്കാൽ പറഞ്ഞ നിർദേശം ഇങ്ങനെയായിരുന്നു.
ഒടുവിൽ പരാതി ഫയൽ ചെയ്ത് ഇ ഡി
മൂന്ന് വർഷം നീണ്ടുനിന്ന സമൻസുകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ ഇ ഡി അന്വേഷണം പൂർത്തിയാക്കി. 2025 ജൂൺ 27ന്, ഫെമ നിയമത്തിലെ സെക്ഷൻ 13 പ്രകാരം കിഫ്ബിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ട് ഇ ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെ ഔദ്യോഗികമായി പരാതി നൽകി. മസാല ബോണ്ടുകൾ വഴി സമാഹരിച്ച തുകയിൽ നിന്ന് 466 കോടി രൂപയോളം ഭൂമി വാങ്ങുന്നതിനായി വകമാറ്റി ചിലവഴിച്ചെന്നാണ് ഇ ഡി കണ്ടെത്തിയ ചട്ടലംഘനം.
കിഫ്ബി ചെയർമാൻ കൂടിയായ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കെതിരെ 2025 നവംബറിൽ ഇ ഡി 466 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് (Show-cause notice) പുറപ്പെടുവിച്ചു.
ഇതോടെ കിഫ്ബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.ഇ ഡി ക്ക് വീണ്ടും തിരിച്ചടി. കിഫ്ബിക്കെതിരെ ഇ ഡി പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. തുടർനടപടികൾ മൂന്ന് മാസത്തേക്ക് മരവിപ്പിച്ചുകൊണ്ട് 2025 ഡിസംബറില്‍ ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
കിഫ്ബി മുന്നോട്ടുവെച്ച വാദങ്ങൾ
2019 മാർച്ചിലാണ് മസാല ബോണ്ടുകൾ വഴി പണം സമാഹരിക്കാന്‍ തുടങ്ങുന്നത്. ആ സമയത്ത് നിലവിലുണ്ടായിരുന്ന നിയമം, 2019 ജനുവരി 16ന് ആർ.ബി.ഐ കൊണ്ടുവന്ന ഇസിബി (ECB) ചട്ടങ്ങളും 2019 മാർച്ച് 26ലെ മാസ്റ്റർ ഡയറക്ഷനുമാണ്. ഈ ചട്ടപ്രകാരം, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രവർത്തനങ്ങളെ ‘റിയൽ എസ്റ്റേറ്റ്’ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഇ ഡി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. തങ്ങളുടെ നടപടിക്രമങ്ങൾ കൃത്യമാണെന്ന വാദമാണ് ഇ ഡി ഡിവിഷൻ ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത്.
ഡിവിഷൻ ബെഞ്ച് ഇ ഡിയുടെ ഈ വാദത്തോട് യോജിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. വിഷയം നിലവിൽ ഒരു ചട്ടലംഘനമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, കിഫ്ബിക്ക് അവരുടെ എല്ലാ ആക്ഷേപങ്ങളും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെത്തന്നെ ഉന്നയിച്ചുകൂടെ എന്നാണ് കോടതി ചോദിച്ചത്.
2026 മാർച്ചോടെ, ഡിസംബറിൽ സിംഗിൾ ബെഞ്ച് അനുവദിച്ച മൂന്ന് മാസത്തെ ഇടക്കാല സ്റ്റേയുടെ കാലാവധി അവസാനിച്ചു. ഫലത്തില്‍ ഇപ്പോള്‍, ഹൈക്കോടതിക്ക് മുൻപാകെയുള്ള ഈ കേസിലെ പ്രധാന ഹർജിയിൽ തുടർ നടപടികൾ ഉണ്ടാകും.
തോമസ് ഐസക്കിന്റെ പ്രതികരണം
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേസിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഡോക്ടർ തോമസ് ഐസക് ഒബിസിയോട് പറഞ്ഞു. “പുതിയ സര്‍ക്കാരിന്റെ നിലപാട് എങ്ങനെയയിരിക്കുമെന്നത് നിശ്ചയമില്ല. എന്ത് തന്നെയായാലും വ്യക്തിപരമായി ഇ ഡിയുടെ രാഷ്ട്രീയ പക പോക്കലുകളെ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം.” ഐസക് പറയുന്നു.
