‘വീട്ടിൽ ഇരിക്കാത്ത’ സ്ത്രീകൾ; തൊഴിൽ മേഖലയിലെ ഇന്ത്യൻ സ്ത്രീ; കോവിഡിന് മുൻപും ശേഷവും 

‘വീട്ടിൽ ഇരിക്കാത്ത’ സ്ത്രീകൾ; തൊഴിൽ മേഖലയിലെ ഇന്ത്യൻ സ്ത്രീ; കോവിഡിന് മുൻപും ശേഷവും 

ഇന്ത്യയിലെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്കിൽ സമീപകാലത്ത് വലിയ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് പുരോഗതിയുടെ ലക്ഷണമാണോ? അതോ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണോ? പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) കണക്കുകളും പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് രണ്ടാമത്തെ സാധ്യതയിലേക്കാണ്. കോവിഡിന് ശേഷം തൊഴിൽ മേഖലയിലെ യിലെ സ്ത്രീ പങ്കാളിത്തം കൂടി.പക്ഷേ വരുമാനം കുറഞ്ഞു. വരുമാനമില്ലാത്ത കാണാപ്പണികളിലേക്ക് ലക്ഷക്കണക്കിന് സ്ത്രീകൾ പുറന്തള്ളപ്പെട്ടു.

കോവിഡിനു ശേഷമുള്ള സ്ഥിതിവിവരക്കണക്കുകളിൽ, ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഉയർന്നതായാണ് രേഖപ്പെടുത്തുന്നത്. എന്നാൽ, അതിൽ ഭൂരിഭാഗവും ഗ്രാമീണ മേഖലയിലെ വേതനമില്ലാത്ത കുടുംബ തൊഴിലുകളോ താഴ്ന്ന വരുമാനമുള്ള സ്വയംതൊഴിലുകളോ ആണ്.

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) 2025 റിപ്പോർട്ട് അനുസരിച്ച്, പതിനഞ്ച് വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിൽ (FLFPR) വലിയ വർദ്ധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരി ക്കുന്നത്. കോവിഡിന് മുൻപ്, 2019-20 കാലയളവിൽ രാജ്യത്തെ 15 വയസ്സിന് മുകളിൽ പ്രായമുള്ള ആകെ സ്ത്രീകളിൽ 30 ശതമാനം മാത്രമായിരുന്നു തൊഴിലെടുക്കുന്നവർ. എന്നാൽ 2025 ൽ ഇത് 40 ശതമാനമായി ഉയർന്നു. അതായത്, നിലവിലെ കണക്കുകളനുസരിച്ച്, പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള അഞ്ചിൽ രണ്ട് സ്ത്രീകളും തൊഴിലാളികളാണ്. 

തൊഴിൽ പങ്കാളിത്തത്തിലെ വളർച്ച – നഗര, ഗ്രാമ അന്തരം 

എന്നാൽ ഈ വളർച്ച നഗര, ഗ്രാമ പ്രദേശങ്ങളിൽ ഒരു പോലെയല്ല. 2019-20 കാലഘട്ടത്തിൽ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 33 ശതമാനമായിരുന്നു. കോവിഡിന് ശേഷം ഇത് 45.9 ശതമാനമായി ഉയർന്നു. എന്നാൽ നഗരമേഖലകളിൽ 23.3 ശതമാനത്തിൽ നിന്ന് 27.7 ശതമാനമായേ കൂടിയിട്ടുള്ളൂ. അതായത്, കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ഗ്രാമീണ മേഖലയിലെ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്ക് വലിയ തോതിൽ കൂടി. പക്ഷേ നഗരങ്ങളിൽ ഈ വർധന ഉണ്ടായിട്ടില്ല. ഒറ്റനോട്ടത്തിൽ, ദശലക്ഷക്കണക്കിന് സ്ത്രീകൾ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നു എന്ന തരത്തിൽ ഈ കണക്കുകൾ വ്യാഖ്യാനിക്കപ്പെടാം. പക്ഷേ അതാണോ യാഥാർഥ്യം?

ജോലിയുണ്ട്, കൂലിയില്ല 

തൊഴിൽ പങ്കാളിത്തത്തിൽ വർദ്ധനവുണ്ടായെങ്കിലും അനുസൃതമായ സാമ്പത്തിക വളർച്ച സ്ത്രീകൾക്ക് ഉണ്ടായിട്ടില്ലെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന പ്രതിഫലമുള്ള തൊഴിലുകൾക്കുള്ള സാധ്യത കൂടിയത് കൊണ്ടല്ല,കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് ഇറങ്ങിയത്.മറിച്ച്, കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഒരു പ്രധാന കാരണം. കണക്കുകളനുസരിച്ച്, ഇക്കാലയളവിൽ, വേതനവും ഉൽപ്പാദനക്ഷമതയും കുറഞ്ഞ ജോലികളിലാണ് സ്ത്രീകൾ കൂടുതലായും എത്തിപ്പെടുന്നത്. ഇതിനൊപ്പം സ്ഥിരശമ്പളമുള്ള ജോലികളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും, ആകെ വരുമാനം താഴുകയും, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ അഭാവം രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. 

സ്വയം തൊഴിൽ എന്ന ‘കാണാപ്പണി’

തൊഴിലിന്റെ സ്വഭാവമനുസരിച്ച്, മൂന്ന് വിഭാഗങ്ങളായാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ തൊഴിലാളികളെ തരംതിരിക്കുന്നത്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർ (Self-employed), സ്ഥിരശമ്പളക്കാർ (Regular salaried), ദിവസക്കൂലിക്കാർ (Casual labor). സ്വന്തമായി തൊഴിൽ ചെയ്യുന്നവരെ വീണ്ടും രണ്ട് ഉപവിഭാഗങ്ങളായി തിരിക്കുന്നു. “ഓൺ അക്കൗണ്ട് വർക്കേഴ്‌സ്” (മറ്റു തൊഴിലാളികളെ നിയമിക്കാതെ സ്വന്തമായി ബിസിനസ്സ് നടത്തുന്നവർ), “വേതനമില്ലാത്ത കുടുംബ സഹായികൾ” (കുടുംബ സംരംഭങ്ങളിൽ വേതനമില്ലാതെ ജോലി ചെയ്യുന്നവർ) എന്നിങ്ങനെ. സ്ഥിരശമ്പളക്കാർക്ക് കൃത്യമായ ശമ്പളമോ നിശ്ചിത നിരക്കിലുള്ള കൂലിയോ ലഭിക്കുന്നു. എന്നാൽ ദിവസക്കൂലിക്കാർ താൽക്കാലിക കരാറുകളിൽ മറ്റുള്ളവരുടെ കൃഷിയിടങ്ങളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാണ്.

കോവിഡിന് ശേഷം ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ്, അടിസ്ഥാനപരമായി ഉൽപ്പാദനക്ഷമതയും വേതനവും സുരക്ഷിതത്വവും കുറഞ്ഞ തൊഴിലുകളിലാണെന്ന് സർവേയിൽ നിന്ന് വ്യക്തമാണ്. 2018-19 കാലഘട്ടത്തിൽ രാജ്യത്തെ ആകെ സ്ത്രീ തൊഴിൽ ശക്തിയിൽ 53.4 ശതമാനവും സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകളായിരുന്നു. ഇത് 2022-23 ആയപ്പോഴേക്കും 65.3 ശതമാനമായി ഉയർന്നു. കോവിഡ് കാലത്ത് മാത്രം സ്വയം ജോലി ചെയ്യുന്ന സ്ത്രീകളിൽ 12 ശതമാനം വർധനവുണ്ടായി. ഗ്രാമീണ മേഖലയിൽ വീട്ടുജോലികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ, കോവിഡിന് ശേഷം,കുടുംബത്തിന്റെ തന്നെ കൃഷികളിൽ വേതനമില്ലാതെ ജോലി ചെയ്യാൻ തുടങ്ങിയതാണ് ഈ വർധനയ്ക്ക് കാരണമായതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ സ്വയം തൊഴിൽ ചെയ്യുന്ന പുരുഷന്മാരിൽ രണ്ട് ശതമാനം വർദ്ധന മാത്രമാണുണ്ടായത്.

Bar chart in Malayalam displaying the average annual growth rate in rural female labour force participation across Indian states from 2019-20 to 2025 based on PLFS data.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാർഷിക മേഖലയിൽ പണിയെടുക്കുന്ന ഗ്രാമീണ സ്ത്രീകളുടെ എണ്ണം 5.1 ശതമാനം വർധിച്ചിട്ടുണ്ട്. നിലവിൽ, ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന ആകെ സ്ത്രീകളിൽ നാലിൽ മൂന്ന് പേരും (76.2%) കാർഷിക മേഖലയിലാണ് പണിയെടുക്കുന്നത്. 

സാധാരണയായി, താത്കാലിക ജോലികളിൽ (Casual jobs) നിന്ന് സ്ഥിരശമ്പള ജോലികളിലേക്കുള്ള (Regular jobs) മാറ്റം തൊഴിൽ സാഹചര്യങ്ങളിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ കോവിഡ് കാലത്ത് സ്ഥിരശമ്പള ജോലികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുകയാണ് ചെയ്തത്. കോവിഡിന് മുൻപ് (2018-19) ദേശീയ തലത്തിൽ ആകെ ജോലി ചെയ്യുന്ന സ്ത്രീകളിൽ 21.9 ശതമാനവും സ്ഥിര ശമ്പളമുള്ളവരായിരുന്നു. കോവിഡിന് പിന്നാലെ, ഇത് 15.9 ശതമാനമായി (2022-23) താഴ്ന്നു. ഗ്രാമീണ മേഖലയിലും സ്ഥിര ശമ്പളമുള്ള സ്ത്രീ തൊഴിലാളികളിൽ 3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇങ്ങനെ സ്ഥിരാവരുമാനമുള്ള ജോലികളിൽ നിന്ന് പുറത്തു പോകേണ്ടി വന്ന സ്ത്രീകൾ സ്വയം തൊഴിലിലേക്കും വേതനമില്ലാത്ത കുടുംബ തൊഴിലുകളിലേക്കും എത്തിപ്പെട്ടു. കോവിഡിന് ശേഷം കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം കൂടുതൽ മോശമായത്, സ്ത്രീകളെ ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് നിർബന്ധിതരാക്കിയെന്ന് പറയാം. 

കോവിഡിന് മുൻപ് (2018-19) ഇന്ത്യയിലെ ഗ്രാമങ്ങളിൽ സ്ഥിര വരുമാനമുള്ള സ്ത്രീകൾ 11 ശതമാനമായിരുന്നു. ഇത്, 2022-23 കാലത്ത് 8 ശതമാനം വരെയായി കുറഞ്ഞു. 2025 ലെ കണക്കനുസരിച്ച്, നിലവിൽ സ്ഥിര ശമ്പളമുള്ള ഗ്രാമീണ സ്ത്രീ തൊഴിലാളികൾ 9.3 ശതമാനമാണ്. കോവിഡ് കഴിഞ്ഞ് നാല് വർഷങ്ങൾക്കിപ്പുറവും സ്ഥിരശമ്പളമുള്ള സ്ത്രീകളുടെ നിരക്ക് പഴയ സ്ഥിതിയിലെത്തിയിട്ടില്ല. തൊഴിൽ സുരക്ഷയില്ലാത്ത ജോലികളിലേക്ക് സ്ത്രീകൾ കൂടുതലായി തള്ളപ്പെടുന്നുവെന്ന് ഈ കണക്കുകൾ കാണിക്കുന്നു.

നഗരപ്രദേശങ്ങളിലും സ്ത്രീകൾ സ്ഥിരാവരുമാനമുള്ള തൊഴിലുകളിൽ നിന്ന് പുറത്താവുകയും സ്വയം തൊഴിലിലേക്ക് എത്തിപ്പെടുകയും ചെയ്തിട്ടുണ്ട്.കോവിഡിന് മുൻപ് നഗര പ്രദേശങ്ങളിൽ സ്വയം തൊഴിലിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ 34.6 ശതമാനമായിരുന്നു. 2019-2025 കാലയളവിൽ ഇത് 40.4 ശതമാനമായി ഉയർന്നു. സ്ത്രീകളിലെ സ്ഥിരശമ്പള തൊഴിലാളികൾ 54.2 ശതമാനത്തിൽ നിന്ന് 50.9 ശതമാനമായി കുറയുകയും ചെയ്തു. ദിവസവേതന തൊഴിലാളികളാവട്ടെ, 11.1 ശതമാനത്തിൽ നിന്ന് 8.7 ശതമാനമായും കുറഞ്ഞു.

കാർഷിക മേഖലയെ താങ്ങി നിർത്തുന്ന വേതനമില്ലാത്ത പണിക്കാർ 

സ്ത്രീകളുടെ സ്വയംതൊഴിൽ കാർഷിക മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാമീണ മേഖലയിലെ സ്ത്രീ തൊഴിലാളികളിൽ 70.7 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവരാണ്. ഗ്രാമങ്ങളിലെ സ്ത്രീ തൊഴിലാളികളിൽ 72.7 ശതമാനം പേരും കാർഷിക മേഖലയിലാണ് പണിയെടുക്കുന്നതെന്നും പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പറയുന്നു. അതായത്, ഗ്രാമീണ മേഖലയിൽ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളധികവും പണിയെടുക്കുന്നത് കാർഷിക മേഖലയിലാണ്. ഇവരിൽ ഏറിയ പങ്കും കുടുംബങ്ങളുടെ തന്നെ കൃഷി പണിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. പ്രതിഫലമില്ലാത്ത ജോലിയാണിത്. സ്വന്തം കുടുംബത്തിന്റെ തന്നെ കൃഷി ആയത് കൊണ്ട്, രേഖകളിൽ ‘സ്വയം തൊഴിൽ’ വിഭാഗത്തിലാണ് ഇവരെ കണക്കാക്കുക. വേതനമില്ലെങ്കിലും ഇവരെ ‘തൊഴിലാളികളായി’ പരിഗണിക്കേണ്ടി വരുന്നു. ഗ്രാമീണ മേഖലയിലെ മൂന്നിലൊന്ന് (32.9%) സ്ത്രീ തൊഴിലാളികളും ഇത്തരത്തിൽ കുടുംബങ്ങളെ ‘സഹായിക്കുന്നവർ’ മാത്രമാണ്. ദേശീയ തലത്തിൽ ഇത് 27.6 ശതമാനമാണ്.

ഗ്രാമങ്ങളിലെ ആകെ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ 46.5 ശതമാനവും വേതനമില്ലാത്ത ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തമാകുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി മൂലം, കൂലിയില്ലാത്ത ജോലികളിലേക്കാണ് സ്ത്രീകൾ പ്രവേശിച്ചതെങ്കിലും, കണക്കുകളിൽ ഇത് കാർഷിക മേഖലയിലെ ‘സ്ത്രീ പ്രാതിനിധ്യത്തിന്റെ’ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു.

തൊഴിലുണ്ട്, പക്ഷേ ദരിദ്രരാണ് ! 

ഒരു വശത്ത് സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിയപ്പോൾ, മറുവശത്ത് രാജ്യത്തെ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ശരാശരി പ്രതിദിന വരുമാനം ഇടിയുകയാണുണ്ടായത്. 2018-19 ൽ 120 രൂപയായിരുന്ന ദിവസ വരുമാനം, 2022-23 ൽ 103 രൂപയായി കുറഞ്ഞു (പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് കൊണ്ടുള്ള തുക). ഇതിന്റെ ഫലമായി, സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ മൂന്നിൽ രണ്ടും (66.3%) സ്ഥിരശമ്പളമുള്ള സ്ത്രീകളിൽ നാലിലൊന്നും (25.1%) അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം ‘ദരിദ്ര തൊഴിലാളികളാണ്’. ലോക ബാങ്കിന്റെ വിലയിരുത്തലനുസരിച്ച്, പ്രതിദിനം 2.15 ഡോളറിന് (180 രൂപ) താഴെ മാത്രം വരുമാനമുള്ളവരെ ദരിദ്രരായാണ് കണക്കാക്കുന്നത്. 

സ്ഥിര ജോലിയുണ്ട്; പക്ഷേ തൊഴിൽ സുരക്ഷ ഇല്ല 

കാർഷികേതര മേഖലകളിൽ സ്ഥിരശമ്പള ജോലികൾ ലഭിക്കുന്ന സ്ത്രീകൾക്ക് പോലും തൊഴിൽ സുരക്ഷയില്ലെന്ന് വേണം പറയാൻ. 2025 ലെ കണക്കനുസരിച്ച്, സ്ഥിര ജോലിയുള്ള 57.2 ശതമാനം സ്ത്രീകൾക്കും വ്യക്തമായ തൊഴിൽ കരാറുകളില്ല. 45.9 ശതമാനം പേർക്ക് ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയില്ല, 55.2 ശതമാനം പേർക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. എന്ന് വെച്ചാൽ ആകെ സ്ത്രീ തൊഴിലാളികളിൽ 93.1 ശതമാനം പേരും യാതൊരു തൊഴിൽ സുരക്ഷയുമില്ലാത്ത അസംഘടിത മേഖലകളിലാണ് പണിയെടുക്കുന്നത്. 

സ്വയം തൊഴിൽ ചെയ്യുന്ന പുരുഷന്മാർ സമ്പാദിക്കുന്നതിന്റെ 35.3% മാത്രമാണ് (ഏകദേശം മൂന്നിലൊന്ന്) സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകൾ സമ്പാദിക്കുന്നത്. ഈ മേഖലയിൽ പുരുഷന്മാർ പ്രതിമാസം ശരാശരി 17,914 രൂപ സമ്പാദിക്കുമ്പോൾ സ്ത്രീകൾ നേടുന്നത് 6,374 രൂപ മാത്രമാണ്. അതായത്, പുരുഷന്മാർ സമ്പാദിക്കുന്ന ഓരോ 1 രൂപയ്ക്കും സ്ത്രീകൾക്ക് ലഭിക്കുന്നത് വെറും 36 പൈസ മാത്രമാണ് (ഇത് 2018-19 ൽ 43 പൈസയായിരുന്നു).

കൂലിയില്ലാത്ത ജോലികളിലേക്ക് ഗ്രാമീണ സ്ത്രീകളെ തള്ളി വിട്ട ഉദാരവത്കരണം 

1991 ലെ നരസിംഹ റാവു സർക്കാർ നടപ്പാക്കിയ ഉദാരവത്കരണ നയങ്ങളുടെ (Liberalization) തുടർച്ചയായാണ് ഇന്ത്യയിൽ സ്ത്രീകളുടെയിടയിൽ സ്വയം തൊഴിൽ സമ്പ്രദായം വർധിച്ചതെന്ന് വിവിധ പഠനങ്ങൾ പറയുന്നു. അന്ന് മുതൽക്കേ സ്വയം തൊഴിൽ ഒരു അതിജീവന മാർഗമായാണ് സ്ത്രീ തൊഴിലാളികൾക്കിടയിൽ നിലനിന്നത്. കേവലമൊരു വരുമാന മാർഗ്ഗം മാത്രമല്ലായിരുന്നു. ‘ജേർണൽ ഓഫ് കണ്ടംപററി ഏഷ്യ’ (Journal of Contemporary Asia) യിൽ 2018 ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. പഠനത്തിൽ പറയുന്നതനുസരിച്ച്, ഉദാരവത്കരണ നയങ്ങൾ മൂലം കാർഷിക മേഖലയിൽ ഉൽപ്പാദനച്ചെലവ് കുത്തനെ കൂടി. ഇതോടെ ചെറുകിട കർഷകരുടെ ഉപജീവനമാർഗം തകരുന്ന അവസ്ഥയുണ്ടായി. ഈ പ്രതിസന്ധിയെ മറികടക്കാൻ കുടുംബങ്ങളിലെ പുരുഷന്മാർ താൽക്കാലിക ജോലികൾ തേടി നഗരങ്ങളിലേക്ക് കുടിയേറി തുടങ്ങി. ഈ സാഹചര്യത്തിൽ ഗ്രാമീണ സ്ത്രീകൾ തകർച്ചയിലായ കുടുംബ കൃഷിഭൂമികൾ ഏറ്റെടുത്ത് നടത്താൻ നിർബന്ധിതരാവുകയായിരുന്നു. അങ്ങനെ ലക്ഷക്കണക്കിന് സ്ത്രീകൾ പ്രതിഫലമില്ലാത്ത ‘കുടുംബ സഹായികളായി’ (Unpaid household helpers) തൊഴിൽ വിപണിയിലേക്ക് പ്രവേശിച്ചു.

പ്രതിഫലം കുറഞ്ഞതോ ഇല്ലാത്തതോ ആയ സ്വയം തൊഴിലുകളിലേക്ക് സ്ത്രീകൾ വൻതോതിൽ പ്രവേശിച്ചിട്ടു പോലും പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളുടേത് ഇപ്പോഴും വളരെ കുറവാണെന്നും കാണാം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 52 മുതൽ 55 ശതമാനം വരെയാണ്. അതായത്, ആകെ പുരുഷന്മാരിൽ പകുതിയിലധികം പേരും തൊഴിലെടുക്കുന്നവരാണ്. എന്നാൽ ആകെ സ്ത്രീ ജനസംഖ്യയിൽ 29.8 ശതമാനം മാത്രമേ തൊഴിൽ ചെയ്യുന്നുള്ളൂ. കൂടാതെ, പുരുഷന്മാർ കാർഷിക മേഖല വിട്ട് മറ്റ് മേഖലകളിലേക്ക് എത്തുന്നുണ്ട്. കോവിഡിന് മുൻപ് ആകെ പുരുഷ തൊഴിലാളികളിൽ 40.2 (2017-18) ശതമാനം പേരും പണിയെടുത്തിരുന്നത് കാർഷിക മേഖലയിലാണ്. എന്നാൽ കോവിഡിന് പിന്നാലെ ഇത് 37.1 ശതമാനമായി (2022-23) കുറഞ്ഞു. എന്നാൽ സ്ത്രീകൾ കൂടുതൽ കൃഷിയിലേക്ക് എത്തുന്ന അവസ്ഥയാണുള്ളത്. കോവിഡിന് ശേഷം ആകെ സ്ത്രീ തൊഴിലാളികളിൽ കാർഷിക മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം 12 ശതമാനം കൂടുകയാണ് ചെയ്തത്. 

സ്ത്രീ തൊഴിലാളികൾ കൃഷിയിൽ നിന്ന് ഉൽപ്പാദന മേഖലയിലേക്ക് ചെറിയ തോതിൽ മാറിയിട്ടുണ്ട്. എന്നാൽ വളരെ പരിമിതമാണ് ഈ മാറ്റം. ഉൽപ്പാദന മേഖലയിലെ സ്ത്രീ തൊഴിലുകളിൽ പകുതിയോളവും തയ്യൽ, ബീഡി നിർമ്മാണം തുടങ്ങിയ ജോലികളാണ്. ഇവ വൈദഗ്ധ്യം കുറഞ്ഞതും വീട്ടിലിരുന്ന് ചെയ്യാവുന്നതുമായ തൊഴിലുകളാണ്. ഇത്തരം ജോലികളിൽ ഒരു മാസത്തെ ശരാശരി വരുമാനം 2,000 രൂപ മുതൽ 5,200 രൂപ വരെ മാത്രമാണ്.

തൊഴിൽ വിപണിയിൽ നിന്ന് പുറത്താക്കപ്പെടുന്ന അഭ്യസ്ത വിദ്യരായ സ്ത്രീകൾ

ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകൾ തൊഴിൽ വിപണിയിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കുന്ന സാഹചര്യവുമുണ്ട്. സാമൂഹികമായ നിയന്ത്രണങ്ങൾ, കുറഞ്ഞ നിലവാരമുള്ള ജോലികളോടുള്ള വിമുഖത, വെള്ളക്കോളർ ജോലികളുടെ അഭാവം എന്നിവ കാരണം ഉയർന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകൾ തൊഴിൽ വിപണിയിൽ നിന്ന് പുറത്തുനിൽക്കാൻ നിർബന്ധിതരാകുന്നു.

വിദ്യാഭ്യാസ യോഗ്യത തിരിച്ചുള്ള തൊഴിൽ പങ്കാളിത്തം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാവും. സെക്കൻഡറിയും അതിനുമുകളിലും വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 29.4 ശതമാനവും ബിരുദധാരികളുടെത് 32.4 ശതമാനവുമാണ്. പുരുഷന്മാരിൽ ഇതേ വിദ്യാഭ്യാസ നിലവാരമുള്ളവരുടെ തൊഴിൽ പങ്കാളിത്തം 73.2 ശതമാനവും (സെക്കൻഡറി) 82.1 ശതമാനവുമാണ് (ബിരുദധാരികൾ). പ്രൊഫഷണൽ, എക്സിക്യൂട്ടീവ് ജോലികളിലെ സ്ത്രീ-പുരുഷ അനുപാതത്തിലും ഈ വ്യത്യാസം കാണാം. പ്രൊഫഷണൽ, സാങ്കേതിക മേഖലകളിൽ സ്ത്രീകൾ പകുതിയോളമുണ്ട് (49.9%). എന്നാൽ, തീരുമാനങ്ങളെടുക്കുന്ന എക്സിക്യൂട്ടീവ് തസ്തികകളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്. നിയമനിർമ്മാതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മാനേജർമാർ എന്നീ തസ്തികകളിൽ സ്ത്രീ-പുരുഷ അനുപാതം 13.1 ശതമാനം മാത്രമാണ്. അതായത്, ഈ മേഖലകളിൽ ശരാശരി 100 പുരുഷന്മാർക്ക് 13 സ്ത്രീകളെയുള്ളൂ. 

Bar chart in Malayalam comparing male and female education levels in the Indian workforce across rural and urban sectors based on PLFS data.

തൊഴിലിടത്തിലോ കോളേജുകളിലോ ഇല്ലാത്ത അദൃശ്യരായ സ്ത്രീകൾ 

വിദ്യാർത്ഥികളോ തൊഴിലാളികളോ അല്ലാത്ത സ്ത്രീകളുടെ കണക്കുകളും PLFS റിപ്പോർട്ടിൽ ലഭ്യമാണ്. രാജ്യത്തെ 15 നും 19 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ 18.1 ശതമാനം പേരും വിദ്യാർത്ഥികളോ തൊഴിലാളികളോ അല്ലാത്തവരാണ്. എന്നാൽ 20 നും 24 നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ 50.1 ശതമാനവും, 25 നും 29 നും ഇടയിലുള്ളവരിൽ 58.2 ശതമാനവും ഇത്തരക്കാരാണ്. അതായത്, രാജ്യത്തെ 20നും 29 നുമിടയിൽ പ്രായമുള്ള യുവതികളിൽ പകുതിയിലധികവും (54.1%) തൊഴിൽ വിപണിയിലോ പഠന രംഗത്തോ ഇല്ല.

Bar chart in Malayalam displaying the average annual growth rate in rural female labour force participation across Indian states from 2019-20 to 2025 based on PLFS data.

2023 ലെ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് പഠനം ചൂണ്ടിക്കാണിക്കുന്നത്, 6.8 കോടി സ്ത്രീകളെക്കൂടി സജീവ തൊഴിൽ ശക്തിയുടെ ഭാഗമാക്കി മാറ്റാൻ സാധിച്ചാൽ 2025 ലേക്ക് ലക്ഷ്യമിടുന്ന ജിഡിപിയേക്കാൾ 60 ശതമാനം അധിക വളർച്ച നേടാൻ ഇന്ത്യക്ക് സാധിക്കുമെന്നാണ്. എന്നാൽ നിലവിൽ, വിദ്യാഭ്യാസമുള്ള ദശലക്ഷക്കണക്കിന് യുവതികൾ തൊഴിലില്ലായ്മയിലോ വേതനമില്ലാത്ത ഗാർഹിക-കാർഷിക ജോലികളിലോ വീട്ടകങ്ങളിലോ ഒതുങ്ങിപ്പോകുകയാണ് ചെയ്യുന്നത്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top