
‘കേന്ദ്രത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കണം, സംസ്ഥാന സർക്കാരുകൾ ശക്തിപ്പെടണം’ : ആർ എസ് നിലാകാന്തൻ
യൂണിയൻ സർക്കാർ കൊണ്ട് വന്ന മണ്ഡലപുനർനിർണ്ണയ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടെങ്കിലും, ഇന്ത്യയുടെ ഫെഡറൽ സന്തുലിതാവസ്ഥയെ കുറിച്ച് ഈ നീക്കം ഉയർത്തിയ ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
യൂണിയൻ സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ അജണ്ടകൾ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യുകയാണ് ‘സൗത്ത് വേഴ്സസ് നോർത്ത്’ (South vs North) എന്ന പുസ്തകത്തിന്റെ രചയിതാവായ നീലാകാന്തൻ ആർ.എസ്. ഹിന്ദി ബെൽറ്റിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യത, ബിജെപിക്ക് വേരോട്ടം ഇല്ലാത്ത സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന്റെ തൊട്ട് മുമ്പ് ഈ നീക്കം നടത്തിയതിന് പിന്നിലെ ഉദ്ദേശം, ഇന്ത്യയുടെ ഫെഡറൽ മാതൃകയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കകൾ എന്നീ വിഷയങ്ങൾ നിലാകാന്തൻ ഉന്നയിക്കുന്നു. കേന്ദ്രസർക്കാരിന്റെ അധികാരങ്ങൾ ഗണ്യമായി കുറയ്ക്കുന്നതും, ആഴത്തിലുള്ള അധികാര വികേന്ദ്രീകരണവും മാത്രമാണ് മുന്നോട്ടുള്ള ഏക മാർഗ്ഗമെന്ന് അദ്ദേഹം പറയുന്നു.
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. അതിന് തൊട്ടു മുമ്പായി തിരക്ക് പിടിച്ച് ഈ ബില്ലുകൾ അവതരിപ്പിച്ചതിനെ എങ്ങനെയാണ് കാണുന്നത്?
തീർച്ചയായും ഇത് ദുരുദ്ദേശ്യപരമാണ്. ബി.ജെ.പി കുറച്ചുകാലമായി ഇതാണല്ലോ ചെയ്യുന്നത്. അതീവ രഹസ്യമായാണ് അവർ ബില്ലുകൾ സഭയിൽ കൊണ്ട് വരുന്നത്. ഈ ബില്ലുകൾക്ക് മേൽ വോട്ട് ചെയ്യേണ്ട എം.പിമാർക്ക് ബില്ലിലെ കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ പോലും മതിയായ സമയം നൽകാറില്ല. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തന്നെ മാറ്റി പണിയാൻ പോകുന്ന ഒരു ബില്ലിനെക്കുറിച്ച് പഠിക്കാൻ വെറും 24 മണിക്കൂർ സമയമാണ് നൽകിയത്. അതും വളരെ പെട്ടെന്ന് ഒരു സമ്മേളനം വിളിച്ചു കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഇതൊക്കെ അവരുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്.
നിങ്ങൾ സൂചിപ്പിച്ച പോലെ, പ്രധാനപ്പെട്ട തെരെഞ്ഞെടുപ്പുകൾ നടക്കുന്നതിനിടെ ഇത് ചെയ്യാൻ ശ്രമിച്ചതും സംശയാസ്പദമാണ്. പെട്ടെന്ന് ഒരു ദിവസം രാവിലെ ഉറക്കമുണർപ്പോൾ ബോധോദയം ഉണ്ടായ പോലെയാണ് അവർ പെരുമാറിയത്.
എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് അടുത്ത ആഴ്ചയായിക്കൂടാ? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ എനിക്ക് കഴിയില്ല. പക്ഷെ എന്തുകൊണ്ട് 2026 എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. 2026ലെ സെൻസസ് ഡാറ്റ ഒരു വർഷത്തിനകം ലഭ്യമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. ആ വിവരങ്ങൾ ലഭ്യമാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ‘ഭാവിയിൽ’ ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുമെന്ന് പറയുകയും ചെയ്യും. ഡിലിമിറ്റേഷൻ കമ്മീഷൻ പുതിയ സെൻസസാണ് ഉപയോഗിക്കുന്നതെങ്കിൽ, ദക്ഷിണേന്ത്യയെ സംബന്ധിച്ച് അത് വലിയൊരു ദുരന്തമായിരിക്കും. 2029 ലെ തിരഞ്ഞെടുപ്പിന് മുൻപ് ആവശ്യത്തിന് സമയം ലഭിക്കാനായിരിക്കും അവർ ഇപ്പോൾത്തന്നെ ഇത് ചെയ്യാൻ ശ്രമിച്ചത്.
മണ്ഡലങ്ങളുടെ എണ്ണം കൂട്ടിയാലും ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യത്തിന്റെ പങ്ക് (percentage share) കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക് സഭയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ മാത്രമെടുക്കുമ്പോൾ തന്നെ ഭൂരിപക്ഷത്തിലേക്കെത്തുന്ന സ്ഥിതി വരെ ഉണ്ടായേക്കാം.
ദക്ഷിണേന്ത്യയെ സംബന്ധിച്ച് ഇതൊരു ദുരന്തമായിരിക്കില്ലേ?
നിലവിൽ ലോക്സഭയിൽ ദക്ഷിണേന്ത്യയ്ക്ക് ഏകദേശം 24 ശതമാനം സീറ്റുകളാണുള്ളത്. ഉത്തരേന്ത്യയ്ക്ക് 37 ശതമാനവും. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാൽ ഉത്തരേന്ത്യയുടെ വിഹിതം 44% ആയി ഉയരുകയും ദക്ഷിണേന്ത്യയുടേത് 20% ആയി കുറയുകയും ചെയ്യും. 2026 ലെ കണക്കുകൾ പ്രകാരം ഇത് പിന്നെയും മോശമാകും; ഉത്തരേന്ത്യ 43 മുതൽ 45 വരെ ശതമാനത്തിലേക്ക് ഉയരുമ്പോൾ ദക്ഷിണേന്ത്യ 19-20 ശതമാനത്തിലേക്ക് കൂപ്പുകുത്തും. 2011ലെ ഡാറ്റയാണോ 2026ലെ ഡാറ്റയാണോ അവർ സ്വീകരിക്കുക എന്നതാണ് നമുക്കറിയാത്തത്. ഒരു ലിബറൽ ജനാധിപത്യത്തിൽ ഒരിക്കലും ഇത്തരം രഹസ്യസ്വഭാവം വച്ചു പുലർത്താൻ പാടില്ല.

ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ ആവശ്യമായ സമയം നൽകാതെ, സുതാര്യതയില്ലാതെ, അവർക്ക് തോന്നുന്നത് പോലെ നിയമങ്ങൾ കൊണ്ടുവരാൻ പാടില്ല. അതു പോലെ പ്രധാന മന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ അപ്പോൾ തോന്നുന്ന പോലെ വാഗ്ദാനങ്ങൾ നൽകാനും കഴിയില്ല. ബില്ലിൽ ഇല്ലാത്ത ഉറപ്പുകൾക്ക് എന്ത് വിലയാണുള്ളത്?
പാർലമെന്റിൽ പാസ്സാവുന്നതാണ് നിയമം. അല്ലാതെ പ്രധാന മന്ത്രിയോ ആഭ്യന്തര മന്ത്രിയോ വാക്കാൽ പറയുന്നതല്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ് അമിത് ഷാ കോയമ്പത്തൂർ സന്ദർശിച്ചപ്പോൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മണ്ഡലപുനർനിർണ്ണയം സംസ്ഥാനങ്ങൾക്ക് ആനുപാതികമായി (pro-rata basis) നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. ആ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു?
ആദ്യഘട്ടത്തിൽ അങ്ങനെ തന്നെയായിരിക്കാം നടപ്പാക്കുന്നത്. കാരണം ആ ഘട്ടത്തിൽ മണ്ഡല പുനർ നിർണ്ണയ കമ്മീഷനോ മറ്റ് തുടർ നടപടികളോ ഉണ്ടാവില്ല.
എന്നാൽ രണ്ടാമത്തെ ഘട്ടം അങ്ങനെയാവില്ല എന്നത് പലരും മറന്നുപോകുന്നു. ആ ഘട്ടത്തിൽ മണ്ഡല പുനർ നിർണ്ണയ കമ്മീഷന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ സാധിക്കും. കാരണം കമ്മീഷന്റെ സ്വഭാവം അങ്ങനെയാണ്; കോടതിയിൽ പോലും ചോദ്യം ചെയ്യാൻ സാധിക്കില്ല. കമ്മീഷൻ എന്ത് പറയുന്നോ അത് നടപ്പിലാകും. 540 സീറ്റുകളെ അതേ അനുപാതത്തിൽ 850 ആയി ഉയർത്തുകയാണെന്ന് അവർക്ക് പറയാം. വേണെമെങ്കിൽ 2028ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2026ലെ ഡാറ്റയാണ് ഉപയോഗിക്കാൻ പോകുന്നതെന്നും അവർക്ക് പ്രഖ്യാപിക്കാം.
ഹിന്ദി ബെൽറ്റിലേക്ക് അധികാര കേന്ദ്രീകരണം നടത്തുന്ന തരം നീക്കമല്ലേ ഇത്? അത് പകൽ പോലെ വ്യക്തമാണല്ലോ.
അതെ, തീർച്ചയായും. ദക്ഷിണേന്ത്യ ഇപ്പോൾത്തന്നെ പ്രതികൂലമായ ഒരവസ്ഥയിലാണ്. ഇന്ത്യൻ യൂണിയൻ പ്രവർത്തിക്കുന്ന രീതികൾ കാരണം, ആവശ്യമായ സാമ്പത്തിക സഹായം ദക്ഷിണേന്ത്യയ്ക്ക് ലഭിക്കാറില്ല. എങ്കിലും, പ്രതിശീർഷ അടിസ്ഥാനത്തിൽ (per capita) മെച്ചപ്പെട്ട രാഷ്ട്രീയ പ്രാതിനിധ്യം ദക്ഷിണേന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഓരോ വോട്ടർക്കും മെച്ചപ്പെട്ട പ്രാതിനിധ്യം എന്ന ന്യായമെങ്കിലും പറയാമായിരുന്നു.
എന്നാൽ പുതിയ നീക്കത്തിലൂടെ രാഷ്ട്രീയ പ്രാതിനിധ്യവും സാമ്പത്തിക സഹായവും, രണ്ടും ഇല്ലാതാകുന്ന അവസ്ഥയാണ് വരുന്നത്.
ദക്ഷിണേന്ത്യയുടെ വോട്ടുകൾ ഇല്ലാതെ തന്നെ ബില്ലുകൾ പാസാക്കാൻ കഴിയുന്ന ഒരു പാർലമെന്റ് ആണോ സർക്കാർ ഈ ഭേദഗതിയിലൂടെ മുന്നോട്ട് വച്ചത്?
അതെ, ഇപ്പോൾ ഏറിയ പങ്കും അങ്ങനെ തന്നെയാണ്. പക്ഷേ ബിൽ പാസ്സായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമായിരുന്നു.
ഈ സാഹചര്യത്തിൽ, രാജ്യത്തിന്റെ ഫെഡറൽ സന്തുലിതാവസ്ഥ സംരക്ഷിക്കാൻ ഭരണഘടനാപരവും രാഷ്ട്രീയപരവുമായ എന്ത് സുരക്ഷാ മാർഗ്ഗങ്ങളാണ് നമ്മൾ ആവശ്യപ്പെടുന്നത്? എന്താണ് ഇതിനുള്ള പരിഹാരം?
പരിഹാരമോ? മണ്ഡല പുനർ നിർണയം ഒരിക്കലും ഒരു പരിഹാരമാകില്ല. യഥാർത്ഥ പരിഹാരം ഇതിനെല്ലാം അപ്പുറത്താണ്. കേന്ദ്ര സർക്കാർ എന്ന സ്ഥാപനത്തെ ഗണ്യമായി ദുർബലപ്പെടുത്തേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണം (Decentralization) നടക്കണം. ഫണ്ടിംഗ്, ഭരണം, ദൈനം ദിന പ്രവർത്തനം എന്നിങ്ങനെ എല്ലാ മേഖലകളിലും സംസ്ഥാന-പ്രാദേശിക സർക്കാരുകൾ കേന്ദ്രത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സാഹചര്യം ഉണ്ടാകണം. യൂണിയൻ സർക്കാർ യൂറോപ്യൻ യൂണിയനെപ്പോലെ വളരെ പരിമിതമായ അധികാരങ്ങളുള്ള ഒന്നായി മാറണം. യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ ദേശീയ സർക്കാരുകളെപ്പോലെ നമ്മുടെ സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണം. സൈന്യം, പ്രതിരോധം, വിദേശനയം, റിസർവ് ബാങ്കിന്റെ മാക്രോ ഇക്കണോമിക് പോളിസി എന്നിവയിൽ മാത്രം കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനപ്പുറം മറ്റൊന്നിലും ഇടപെടരുത്.
“ഒരാൾക്ക് ഒരു വോട്ട്” എന്ന ആശയം ഉയർത്തിപ്പിടിക്കാനാണ് മണ്ഡല പുനർ നിർണയം നടപ്പാക്കുന്നത് എന്നാണല്ലോ വാദം. “ഒരാൾക്കു ഒരു വോട്ട്” എന്ന ആശയത്തെ അടിസ്ഥാനപരമായി നിങ്ങൾ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഒരു തരത്തിൽ പറഞ്ഞാൽ അത് ഉത്തരേന്ത്യയിലെ ജനങ്ങളോട് കാണിക്കേണ്ട നീതിയുടെ പ്രശ്നം കൂടിയാണല്ലോ.
അധികാര വികേന്ദ്രീകരണം തന്നെയാണ് വഴി. തമിഴ്‌നാട്ടിലോ കേരളത്തിലോ ഉള്ള ആരും ഉത്തർപ്രദേശിലോ ബീഹാറിലോ ഉള്ള ഒരാളുടെ വോട്ടിന് മൂല്യം കുറയണമെന്ന് ആഗ്രഹിക്കില്ലല്ലോ.
നിങ്ങളുടെ വോട്ടിന് മുഴുവൻ മൂല്യവും നൽകിക്കോളൂ, പക്ഷേ ആ വോട്ട് ഞങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കരുത് എന്നത് മാത്രമാണ് ഞങ്ങൾ ഉന്നയിക്കുന്ന ആവശ്യം.
543 എംപിമാരായാലും 850 ആയാലും, എംപിയുടെ ജോലി പാർലമെന്റിൽ വോട്ട് ചെയ്യുക എന്നതാണ്. അതിനാൽ ആ വോട്ടിനുള്ള ‘അധികാരം’ കുറയ്ക്കുക എന്നതാണ് വഴി. യൂണിയൻ സർക്കാരിന് പരിമിതമായ അധികാരം മാത്രമുള്ളപ്പോൾ “ഒരാൾക്ക് ഒരു വോട്ട്” എന്നത് ഒരു പ്രശ്നമേ ആകില്ല.
കഴിഞ്ഞ 50 വർഷത്തിനിടയിൽ കേരളത്തിലെ ജനസംഖ്യ 55-60% വർദ്ധിച്ചപ്പോൾ രാജസ്ഥാനിൽ അത് 180% ആണ് വർദ്ധിച്ചത്. ഇത്രയും വലിയ ജനസംഖ്യാ വ്യത്യാസമുള്ള രണ്ട് സംസ്ഥാനങ്ങൾക്ക് ഒരേ യൂണിയനു കീഴിൽ, അല്ലെങ്കിൽ ഒരേ നയരൂപീകരണ സംവിധാനത്തിനും കീഴിൽ ഒരുമിച്ച് തുടരാനാകില്ല.

അതുകൊണ്ട് അധികാരം സംസ്ഥാനങ്ങൾക്ക് നൽകുക, അവരെ പരമാവധി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക എന്നതാണ് പരിഹാരം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൂട്ടായി സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രം എന്താണ്?
നിർമ്മല സീതാരാമൻ അവതരിപ്പിച്ച കഴിഞ്ഞ നാലോ അഞ്ചോ ബജറ്റുകൾ നോക്കിയാൽ, മൊത്തം ചിലവിന്റെ 80-90 ശതമാനവും അനുവദിച്ചിട്ടുള്ളത് സ്റ്റേറ്റ് ലിസ്റ്റിലോ കൺകറന്റ് ലിസ്റ്റിലോ ഉള്ള വിഷയങ്ങൾക്ക് മേലാണ്. ഈ ഫണ്ടുകൾ സംസ്ഥാനങ്ങൾക്ക് നൽകി അവരെ തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കണം. എന്നാൽ ഇപ്പോൾ ഡൽഹിയിൽ നിന്നാണ് ഈ തീരുമാനങ്ങൾ എല്ലാം ഉണ്ടാകുന്നത്.
കേന്ദ്ര സർക്കാർ നടത്തുന്ന നൂറുകണക്കിന് പദ്ധതികൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും ആ തുക നേരിട്ട് സംസ്ഥാനങ്ങൾക്ക് കൈമാറാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടണം. ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ച അതേ സമവാക്യം പിന്തുടർന്ന് കൊണ്ട് തന്നെ ഇത് ചെയ്യണം. ആ സമവാക്യം പൂർണ്ണമായും നീതിയുക്തമാണ് എന്നൊന്നും പറയാൻ കഴിയില്ല. പക്ഷെ ചെലവാക്കുന്നതിൽ തീരുമാനങ്ങളെടുക്കാൻ സംസ്ഥാനത്തിന് അധികാരം ലഭിക്കും.
നികുതി പിരിവ് ഘടനയിലും മാറ്റം വരണം. നിലവിൽ നികുതിയുടെ മൂന്നിൽ രണ്ട് ഭാഗം കേന്ദ്രം പിരിക്കുകയും, ചെലവുകളുടെ മൂന്നിൽ ഒരു ഭാഗം വഹിക്കുകയും ചെയ്യുന്നു. എന്നാൽ സംസ്ഥാനങ്ങൾ നേരെ മറിച്ച്, നികുതിയുടെ മൂന്നിലൊന്ന് പിരിക്കുകയും, ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗം വഹിക്കുകയും ചെയ്യുന്നു. ഈ രീതി മാറണം, കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ ഗണ്യമായി കുറയണം.
സൈദ്ധാന്തികമായി നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷെ ഇത് വിഘടനവാദമായി (Separatism) കണക്കാക്കപ്പെടില്ലേ?
സോവിയറ്റ് യൂണിയൻ തകരാൻ ഒരു കാരണം റഷ്യൻ മേധാവിത്വത്തിനെതിരായ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടായിരുന്നു. ഇന്ന് ദക്ഷിണേന്ത്യയോട് കേന്ദ്രം കാണിക്കുന്നത് എന്താണോ, അതായിരുന്നു അന്നത്തെ അവരുടെ അവസ്ഥ. സോവിയറ്റ് യൂണിയന്റെ പതനം നമ്മളെ ആശങ്കപ്പെടുത്തേണ്ടതാണ്.
ഇതെല്ലാം പരിഗണിക്കുമ്പോൾ, അധികാര വികേന്ദ്രീകരണം ആവശ്യപ്പെടുന്നത് വിഘടനവാദമല്ല. അത് ഇപ്പോൾ ആവശ്യപ്പെട്ടില്ലെങ്കിൽ, രാജ്യം തകർച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടാകും. നിങ്ങൾക്ക് വേണ്ടത് അധികാര വികേന്ദ്രീകരണമാണോ അതോ രാജ്യം ചിന്നിച്ചിതറുന്നതാണോ?
വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർ നിർണ്ണയവുമായി ബന്ധിപ്പിച്ചതിനെ നിങ്ങൾ എങ്ങനെ കാണുന്നു?
ഇവ രണ്ടും എന്തിനാണ് ബന്ധിപ്പിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
പുരുഷന്മാരായ നേതാക്കൾക്ക് അവരുടെ സീറ്റുകൾ നഷ്ടപ്പെടാൻ താൽപ്പര്യമില്ല, അത്രേയുള്ളൂ. ഒട്ടും ബന്ധമില്ലാത്ത രണ്ട് കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് തികച്ചും അസംബന്ധമാണ്.

നിലാകാന്തൻ ആർ എസ്
'സൗത്ത് വേഴ്സസ് നോർത്ത്: ഇന്ത്യാസ് ഗ്രേറ്റ് ഡിവൈഡ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ് നിലാകാന്തൻ ആർ എസ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക