കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ നിന്ന് വീണ്ടും വ്യാജവാർത്ത: ഇത്തവണ എം സ്വരാജിനെതിരെ 

കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ നിന്ന് വീണ്ടും വ്യാജവാർത്ത: ഇത്തവണ എം സ്വരാജിനെതിരെ 

സ്ത്രീകൾക്ക് കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിയ പദ്ധതി ഇപ്പോഴും വാർത്തകളിൽ നിന്നൊഴിഞ്ഞിട്ടില്ല. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി മുതൽ പുരുഷാവകാശക്കാരുടെ പ്രതിഷേധം വരെ ദിനേനയെന്നോണം ഈ വിഷയത്തെ സജീവമാക്കി നിര്‍ത്തുന്നു.

ഇതിനിടെ വ്യാജവാർത്തകളും ഒട്ടും കുറവല്ല. പദ്ധതിയെ തങ്ങൾ എതിർക്കുമെന്ന് സിപിഎം നേതാവ് എ എ റഹിം പറഞ്ഞതായി ഒരു വാർത്താ കാർഡ് നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.കോൺഗ്രസ്സ് അനുകൂല അക്കൗണ്ടുകളാണ് ഇത് പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമപരമായി നീങ്ങുമെന്ന് എ എ റഹിം പ്രസ്താവിച്ചിരുന്നു.

ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എയുമായ എം സ്വരാജിൻ്റെ പേരിൽ ഒരു കാർഡ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സി പി എമ്മിൻ്റെ അധ്വാനം കൊണ്ടാണ് കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പായത് എന്ന് സ്വരാജ്  അവകാശപ്പെടുന്നുവെന്നാണ് കാർഡിലെ ഉള്ളടക്കം. കോൺഗ്രസ് അനുകൂല പേജുകളിലാണ് ഇത് കൂടുതൽ പ്രചരിക്കുന്നതായി കണ്ടത്. സിപിഎം ജില്ലാകമ്മിറ്റി ഈ വാർത്ത നിഷേധിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ആരാണ് ഈ വ്യാജ വാർത്തകൾക്ക് പിന്നിൽ? എവിടെ നിന്നാണ് ഇത്തരം വ്യാജ നിർമിതികളുണ്ടാവുന്നത്? ഞങ്ങൾ പരിശോധിച്ചു. 

പ്രചരിക്കുന്ന കാർഡ്

വനിതകൾക്ക് KSRTC യിൽ സൗജന്യ യാത്ര; സിപിഎം പോരാടി നേടിത്തന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. സ്വരാജിൻ്റെ പടത്തോട് കൂടിയുള്ള ഈ പോസ്റ്റർ നെട്ടയം വി ഷിബു കുമാർ എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം പോസ്റ്റ് ചെയ്തതായി കണ്ടത്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

ജൂൺ 19 ന് ആണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ ഈ പോസ്റ്റിന് 63 ലൈക്കുകളും ലഭിച്ചതായി കാണുന്നു. കോൺഗ്രസ് അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ഈ അക്കൗണ്ടിന് 11000 ഫോളോവേഴ്സുണ്ട്. 

27,000 ൽ അധികം (27.6K) അംഗങ്ങളുള്ള കോൺഗ്രസ് രണഭേരി CRB എന്ന പബ്ലിക്ക് ഗ്രൂപ്പിലും ഈ ഫോട്ടോ പ്രചരിക്കുന്നു. Vishnu M Kannan എന്ന അക്കൗണ്ട് ആണ് ഈ പോസ്റ്റ് ഗ്രൂപ്പിൽ പങ്കുവച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള Basic Media എന്ന യൂട്യൂബ് ചാനലിലും ഈ കാർഡ് പ്രചരിക്കുന്നു എന്ന് ഒബിസിയുടെ അന്വേഷണത്തിൽ മനസിലായി. 


യൂ ട്യൂബ് ചാനലില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

സിനിമ, രാഷ്ട്രീയ കണ്ടൻ്റുകൾ സ്ഥിരമായി പങ്കുവയ്ക്കുന്ന ഒരു പേജ് ആണിത്. 443 പേരാണ് ഇതുവരെ (23/6/26) ഈ പോസ്റ്റ് കണ്ടിട്ടുള്ളത്.

പേജിലെ സിനിമ – രാഷ്ട്രീയ കണ്ടന്റുകള്‍, സ്ക്രീന്‍ഷോട്ട്

വസ്തുതയെന്ത്?

പ്രചരിക്കുന്ന പോസ്റ്റ്‌ വസ്തുതാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി സി പി ഐ എം ജില്ലാ നേതൃത്വം രംഗത്ത്‌ വന്നിട്ടുണ്ട്. സിപിഐ(എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ് അനുകൂല പേജുകള്‍ ചെയ്യുന്നതെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യമെന്ന കോൺഗ്രസ് വാദത്തെ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും ചോദ്യം ചെയ്തിരുന്നു. കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാതെ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിലെ അപ്രായോഗികതയും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്നത് പോലെ ഒരു അവകാശവാദം സിപിഎം നടത്തിയിട്ടില്ല.

രാഷ്ട്രീയപോരാട്ടത്തിന് വ്യാജവാർത്ത ആയുധമായി ഉപയോഗിക്കുന്നത് ഒട്ടും ആശാസ്യമായ പ്രവണതയല്ല.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top