അമിതമായ ചൂട്; നവജാത ശിശുക്കളും ഗർഭിണികളും നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾ 

അമിതമായ ചൂട്; നവജാത ശിശുക്കളും ഗർഭിണികളും നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾ 

എൽനിനോ മൂലം ചൂട് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പഠനം. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ഇത് മൂലം വലിയ ആരോഗ്യ പ്രതിസന്ധി ഉണ്ടാകുന്നുണ്ട്. മനുഷ്യരിൽ പൊതുവെ പകർച്ചാ വ്യാധികളുടെ സാധ്യത കൂട്ടുന്നുമുണ്ട്.

ഈ വര്‍ഷത്തെ എല്‍ നിനോ, കൂടുതല്‍ ശക്തിപ്പെടുമെന്നും  ആഗോള താപനിലയിലും മഴയുടെ വിതരണത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നുമാണ് ലോക കാലാവസ്ഥ സംഘടന മുന്നറിയിപ്പ് നൽകുന്നത്. സെപ്റ്റംബർ – നവംബർ മാസങ്ങളിൽ ഭൂമിയിലെ മിക്കവാറും  കരപ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ശക്തമായ എൽ നിനോ വരൾച്ച, അതിതീവ്ര ചൂട്, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്കുമുള്ള സാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ സംഘടന പറയുന്നു. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്നതിന്റെ ഫലമായി രൂപപ്പെടുന്ന പ്രതിഭാസമാണ് എൽ നിനോ. 

കാർഷിക മേഖലയെയും പൊതു ജനാരോഗ്യ മേഖലയെയും ഇത് ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് കാലാവസ്ഥാകേന്ദ്രങ്ങൾ നിരീക്ഷിക്കുന്നത്. ക്ഷീരോത്പാദനത്തെയും കോഴി വളർത്തലിനെയും ബാധിക്കുന്നതോടൊപ്പം മനുഷ്യരിൽ പകർച്ച വ്യാധി ഭീഷണിയും വർധിക്കുന്നു. അമിതമായി ചൂട് കൂടുന്നത് ഗർഭിണികളെയും നവജാത ശിശുക്കളെയും  നേരിട്ട് ബാധിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ സയന്റിഫിക് ഫണ്ടിംഗ് സ്ഥാപനങ്ങളിലൊന്നായ Wellcome, മിഡ്‌വൈഫുമാർ, ഗൈനക്കോളജിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ സർവേയിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗർഭിണികളിൽ ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടിയെന്നാണ് സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും വ്യക്തമാക്കിയത്.

ജനന വൈകല്യങ്ങൾക്ക് വരെ കാരണമാകുന്ന ചൂട്

ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, യുകെ, സിംബാബ്‌വെ എന്നിവിടങ്ങളിലെ 1,000 ആരോഗ്യ വിദഗ്ധർക്കിടയിൽ കഴിഞ്ഞ മാസം നടത്തിയ സർവേയിൽ, കടുത്ത ചൂട്, ജനനവൈകല്യങ്ങൾ, ശിശുമരണം, മാസം തികയാത്ത  പ്രസവം (Preterm births), ഗർഭിണികളിൽ ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ടെന്നു കണ്ടെത്തി. താപനില കൂടുന്നത്, പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങൾക്കും  നവജാതശിശുക്കളിലെ ശാരീരിക വൈകല്യങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തൽ. 

ഇന്ത്യ,ഓസ്‌ട്രേലിയ, ബ്രസീൽ, ബ്രിട്ടൻ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ 73 ശതമാനം ആരോഗ്യപ്രവർത്തകരും ഗർഭധാരണത്തിലും പ്രസവത്തിലും ചൂടുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ വർദ്ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

/wellcome.org

ഉയർന്ന താപനില, ശരീരത്തിന്റെ ഉപരിതലത്തിലുള്ള രക്തധമനികൾ വികസിക്കാൻ കാരണമാകുന്നു. ഇത് ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം കുറക്കുകയും ഗർഭസ്ഥ ശിശുവിലേക്ക് എത്തുന്ന ഓക്സിജന്റെയും പോഷകങ്ങളുടെയും അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. കടുത്ത ചൂട് കാരണം, ത്വക്ക് വളരെ മൃദുലമായത് കൊണ്ട്  നവജാതശിശുക്കൾക്ക് ശരീരതാപനില ക്രമീകരിക്കാൻ കഴിയാതെ വരുന്നു. ഇത് കുഞ്ഞുങ്ങളുടെ ശ്വസനപ്രക്രിയയെ തന്നെ ബാധിക്കും. 

അത്യുഷ്ണം ഗർഭിണികളുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരത്തെ തണുപ്പിച്ചു നിർത്താൻ ഹൃദയത്തിന് കൂടുതൽ വേഗത്തിൽ രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഇത് ഗർഭിണികളുടെ ഹൃദയമിടിപ്പിലും രക്തചംക്രമണ വ്യവസ്ഥയിലും വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. തൽഫലമായി ഗർഭകാല പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ ഏറെക്കാലം താമസിച്ച സ്ത്രീകളെ അപേക്ഷിച്ച്, വേഗത്തിൽ ചൂട് വർദ്ധിച്ച പ്രദേശങ്ങളിൽ ജീവിക്കുന്ന സ്ത്രീകളിലാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്.

വികസ്വര രാജ്യങ്ങളിൽ കൂടുതൽ ഗുരുതരം

താങ്ങാനാവാത്ത ചൂട് ഗർഭകാലത്ത് സ്ത്രീകൾക്ക്  അടിയന്തിര ചികിത്സ ലഭിക്കുന്നതിനും വലിയ തടസ്സമാകുന്നുണ്ട്. ചൂട് കൂടുമ്പോൾ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് നേരിട്ട് കണ്ടതായി വെൽകം സർവേയിൽ പങ്കെടുത്ത നാലിലൊന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. പ്രത്യേകിച്ച്, ദശലക്ഷക്കണക്കിന് ആളുകൾ നടന്ന് ആശുപത്രികളിൽ എത്തുന്ന വികസ്വര രാജ്യങ്ങളിലാണ് ഈ പ്രശ്നം രൂക്ഷമായി അനുഭവപ്പെടുന്നത്.

wmo.int/

അമിത ചൂട് കാരണം ആരോഗ്യം മോശമായ അമ്മമാരെയോ കുഞ്ഞുങ്ങളെയോ നേരിട്ട് പരിചരിച്ച അനുഭവമുണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 98 ശതമാനം പേരും സാക്ഷ്യപ്പെടുത്തിയത്. കൃത്യമായ പ്രതിരോധ നടപടികൾ എടുത്തില്ലെങ്കിൽ വരും വർഷങ്ങളിൽ അത്യുഷ്ണം മാതൃ-ശിശു ആരോഗ്യത്തിന് വലിയ ഭീഷണിയാകുമെന്നാണ് ആരോഗ്യപ്രവർത്തകരിൽ 81 ശതമാനം പേർ ആശങ്ക പ്രകടിപ്പിച്ചത്.

കൂടാതെ, കടുത്ത ചൂടുകാലത്ത് ഗർഭിണികളെ സംരക്ഷിക്കുന്നതിനായി കൂടുതൽ പരിശീലനവും വിഭവങ്ങളും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമാണെന്ന് 92 ശതമാനം ആരോഗ്യപ്രവർത്തകരും അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ വർഷം ആഗസ്ത് മാസത്തിൽ രേഖപ്പെടുത്തിയത്. ഭൂമിയുടെ ശരാശരി താപനില 16.96 ഡിഗ്രി സെൽഷ്യസിലാണ് എത്തിയത്. COP31 ഉച്ചകോടിക്ക് മുന്നോടിയായി, മാതൃ – നവജാത ശിശു സംരക്ഷണം അന്താരാഷ്ട്ര കാലാവസ്ഥാ – ആരോഗ്യ ആസൂത്രണങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ് സര്‍വേ നടത്തിയ Wellcome ആഹ്വാനം ചെയ്യുന്നത്. 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top